മൈ സൂർ രാജാവായിരുന്ന ചാമരാജേന്ദ്ര വോഡയാർ 1894-ൽ കൊൽക്കൊത്തയിൽ മരിക്കുന്നത് ക്ഷയം ബാധിച്ചാണ്. ഒരുപാട് പ്രഭുക്കളും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമെല്ലാം ക്ഷയരോഗബാധിതരായി മരിച്ചിട്ടുണ്ട്. അക്കാലത്ത് രാജാക്കൻമാരെപ്പോലും കൊല്ലാൻ 'കെൽപുള്ള' മഹാരോഗമായിരുന്നു രാജയക്ഷ്മാവ് (ക്ഷയം). എന്നാൽ ഇന്ന് കുറച്ചു ദിവസങ്ങൾ ചികിത്സിച്ചാൽ പൂർണമായും മാറും. പണ്ടത്തെ 'മാരക'രോഗങ്ങൾ പലതും ഇന്ന് ഒന്നോ രണ്ടോ ഗുളികകൾകൊണ്ട് മാറുന്നു. മനുഷ്യവംശത്തിന്റെ നിലനിൽപിന് തന്നെ ഭീഷണിയായിരുന്ന വസൂരിയടക്കമുള്ള രോഗങ്ങൾ ഇന്ന് ഭൂമിയിലേ ഇല്ല. ഇതുകൊണ്ടൊക്കെയാണ് സഹോദരൻ അയ്യപ്പൻ തന്റെ 'സയൻസ് ദശക'ത്തിൽ ‘പിഴയ്ക്കാതെ നയിക്കുന്ന സയൻസിന് തൊഴുന്നു ഞാൻ’ എന്നുപാടിയത്. എന്നാൽ പിഴവില്ലാത്ത ഈ ശാസ്ത്രീയനേട്ടങ്ങൾക്ക് പിന്നിൽ അറിയപ്പെടാത്ത കുറേ ബലിദാനങ്ങളുടെ കഥകൾകൂടിയുണ്ട്. മരുന്നു കണ്ടെത്താനും കണ്ടെത്തിയവ പരീക്ഷിക്കാനുമെല്ലാം സ്വന്തം ശരീരം പരീക്ഷണശാലയാക്കിയവർ. അവരുടെയൊക്കെ ജീവന്റെ കൂടി വിലയുണ്ട് ഇന്ന് നമ്മൾ ഉപയോഗിക്കുന്ന പല ഔഷധങ്ങൾക്കും. To advertise here, ബാക്ടീരിയ കുടിച്ച ബാരിമാർഷൽ… 1980 വരെ വൈദ്യലോകം കരുതിയിരുന്നത്, അൾസർ ഉണ്ടാകുന്നത് വയറ്റിലെ ആസിഡ് കൊണ്ടും മാനസികസമ്മർദം കൊണ്ടും ഭക്ഷണരീതിയിലെ തകരാറുകൊണ്ടുമെല്ലാമാണ് എന്നാണ്. അതൊരു തെറ്റിദ്ധാരണയാണെന്നും അതിന് പിന്നിൽ ഒരു ബാക്ടീരിയയാണെന്നും കണ്ടെത്തിയത് ഓസ്ട്രേലിയൻ ഗവേഷകനായ ബാരിമാർഷലും സഹപ്രവർത്തകനായ രോബിൻ വാറനും ചേർന്നാണ്. എന്നാൽ, അത് ശാസ്ത്രലോകം വിശ്വസിച്ചില്ല. അത് തെളിയിക്കാനായി മാർഷൽ തന്റെ ലാബിൽ ഒരു ദ്രാവകത്തിൽ എച്ച് പൈലോറി എന്ന ബാക്ടീരിയയെ വളർത്തി. അതിനെ സ്വയം കുടിച്ചു. കുറച്ചുദിവസത്തിനുള്ളിൽത്തന്നെ മാർഷലിന് ഛർദ്ദിയും വയറുവേദനയും തുടങ്ങി. എൻഡോസ്‌കോപ്പി നടത്തി വയറ്റിനുള്ളിലെ അണുബാധ സ്ഥിരീകരിച്ചു. ഇനിയാണ് അടുത്ത ഘട്ടം, ഈ രോഗത്തിനെതിരായി അദ്ദേഹം ആന്റിബയോട്ടിക് മരുന്ന് കഴിച്ചു. വൈകാതെ അസുഖം പൂർണമായി മാറുകയും ചെയ്തു. അങ്ങനെയാണ് രോഗകാരി ബാക്ടീരിയയാണെന്ന് ഉറപ്പിക്കുന്നത്. 2005-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് ബാരി മാർഷലാണ്. അതോടെ അൾസർ ചികിത്സാരംഗം അടിമുടി മാറുകയായിരുന്നു. ഹൃദയത്തിൽ കുഴൽകടത്തി പരീക്ഷണം അസാമാന്യമായ ധൈര്യം വേണ്ട ഒരു പരീക്ഷണമായിരുന്നു അത്. 1929-ലാണ് ജർമനിയിലെ ബെർലിൻ സ്വദേശിയായ വെർണർ ഫോസ്മാൻ എന്ന യുവ ഡോക്ടർ ഈ അപകടകരമായ പരീക്ഷണം നടത്തിയത്. ഹൃദയത്തിലേക്ക് നേരിട്ട് എന്തെങ്കിലും ഉപകരണം കടത്താൻ സാധ്യമല്ലെന്ന് കരുതിയിരുന്ന കാലത്താണ് 'കാർഡിയാക് കത്തീറ്ററൈസേഷൻ' എന്ന പ്രക്രിയയുടെ പ്രഥമ പരീക്ഷണം വെർണർ നടത്തിയത്. അക്കാലത്ത് ആരും അത് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. അഗസ്‌റ്റെ വിക്ടോറിയ ഹോസ്പിറ്റലിൽ തന്റെ കൂടെയുള്ള ഒരു നഴ്‌സിനെ ഈ പരീക്ഷണത്തിന് സമീപിച്ചെങ്കിലും അവർ സമ്മതിച്ചില്ല. അങ്ങനെയാണ് ഔദ്യോഗികമായ അനുമതിയില്ലാതെ, പരിമിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് സ്വയം പരീക്ഷണം നടത്താൻ തീരുമാനിച്ചത്. തന്റെ ഇടംകൈയിലെ മണിബന്ധത്തിലെ സിര ചെറുതായി മുറിച്ച് അതിലൂടെ 60 സെമി നീളമുള്ള കത്തീറ്റർ (ചെറുകുഴൽ) അകത്തേയ്ക്ക് കടത്തി. അതിനെ തള്ളിത്തള്ളി ഹൃദയത്തിലെത്തിച്ചു. കത്തീറ്റർ ഹൃദയത്തിൽത്തന്നെ എത്തിയെന്ന് ഉറപ്പിക്കാൻ എക്‌സ്‌റേയും എടുത്തു. എക്‌സ്‌റേ എടുക്കാനായി കത്തീറ്റർ കയറ്റിയ അവസ്ഥയിൽ തന്നെ എക്‌സ്‌റേ മുറിയിലേക്ക് നടന്നുപോവുകയായിരുന്നത്രെ. ചരിത്രപരമെങ്കിലും അപകടകരമായ ഒരു പരീക്ഷണമായിരുന്നു അത്. കാരണം കത്തീറ്ററിന് ചെറിയ സ്ഥാനചലനമുണ്ടായാൽ പോലും ഗുരുതരമായിരിക്കും ഫലം. എക്‌സ്‌റേയിൽ വലത്തേ ആട്രിയത്തിൽ കത്തീറ്റർ എത്തിയതായി കാണാൻ കഴിഞ്ഞു. എന്നാൽ, ആ സാഹസത്തിന് വെർണറിന് നഷ്ടപ്പെട്ടത് തന്റെ ജോലിയായിരുന്നു. സീനിർ ഡോക്ടർമാരുടെ വിമർശനം നേരിടേണ്ടി വന്നു. കാരണം എപ്പോൾ വേണമെങ്കിലും ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായി മരണത്തിലെത്താവുന്നതായിരുന്നു ആ പരീക്ഷണം. വേണ്ടത്ര മുൻകരുതലില്ലാതെ അത്തരമൊരു പരീക്ഷണം നടത്തിയതിൽ അധികൃതരെല്ലാം എതിരായി. പക്ഷേ, അധികം വൈകാതെ ആ പരീക്ഷണത്തിന്റെ പ്രാധാന്യം വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞു. ആന്ദ്രെ കോർനാഡ്, ഡിക്കിൻസൺ റിച്ചാഡ്‌സ് എന്നിവർ വെർണറുടെ പരീക്ഷണത്തിൽ കൂടുതൽ പഠനം നടത്തി. അങ്ങനെ അത് സുരക്ഷിതമായ ചികിത്സാരീതിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഹൃദയത്തിലേക്കുള്ള ബ്ലോക്കുകൾ നീക്കാനും സ്‌റ്റെന്റ് ഇടാനുമെല്ലാം ഈ തന്ത്രം പ്രയോജനപ്പെട്ടു. 1956 ലെ വൈദ്യശാസ്ത്ര നോബൽസമ്മാനം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. മെഡിക്കൽ വിദ്യാർഥിയുടെ ജീവത്യാഗം ഒരു രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കാനുള്ള പരീക്ഷണത്തിനിടയിൽ സ്വന്തം ജീവൻ ബലികൊടുക്കേണ്ടിവന്ന മെഡിക്കൽ വിദ്യാർഥിയുടെ കഥയാണിത്. 19-ാം നൂറ്റാണ്ടിൽ പെറുവിൽ പടർന്നുപിടിച്ച രണ്ട് രോഗങ്ങളായിരുന്നു ഒറോയ ഫീവറും വെറുഗ പെരുണയും. ആദ്യത്തേതിൽ കടുത്ത പനിയും വിളർച്ചയുമാണ് ലക്ഷണം. രണ്ടാമത്തേതിൽ തൊലിയിൽ ചുവന്ന മുറിവുകളുണ്ടാവും. ഇതുരണ്ടും രണ്ട് രോഗമാണോ, അതോ ഒരേ രോഗത്തിന്റെ രണ്ട് ഘട്ടങ്ങളാണോ എന്ന് ഡോക്ടർമാർക്ക് സംശയമായി. എന്നാൽ തെളിയിക്കാൻ കഴിയുന്നുമില്ല. അപ്പോഴാണ് അവസാന വർഷ വിദ്യാർഥിയായിരുന്ന ഡാനിയൽ അൾസൈഡസ് കാരിയോൺ സ്വയം പരീക്ഷണവസ്തുവാവാൻ തയ്യാറായി വന്നത്. ഒരു വെറുഗ രോഗിയിലുണ്ടായിരുന്ന മുറിവിലെ ദ്രവമെടുത്ത് സ്വന്തം ശരീരത്തിൽ കുത്തിവെച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്ക് അദ്ദേഹത്തിന് കടുത്ത പനിതുടങ്ങി. രക്തമില്ലായ്മയും ക്ഷീണവും വർധിച്ചു. ഇതെല്ലാം ഒറോയാ ഫീവറിന്റെ ലക്ഷണമായിരുന്നു. അങ്ങനെ തുടർ പരീക്ഷണങ്ങളിൽ ഒരേ രോഗകാരിതന്നെ ശരീരത്തിൽ വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്തമായി പെരുമാറുമെന്ന് വ്യക്തമായി. 'ബാർട്ടോണെല്ല ബാസിലിഫോമിസ്' എന്ന ബാക്ടീരിയയാണ് രോഗകാരിയെന്നും 'സാൻഡ് ഫ്‌ളൈ' എന്ന കീടം വഴിയാണ് ഇത് പകരുന്നതെന്നും തിരിച്ചറിഞ്ഞു. എന്നാൽ അപ്പോഴേക്കും രോഗം വഷളായി കാരിയോൺ മരിച്ചിരുന്നു. പിന്നീട് ഈ രോഗത്തിന് 'കാരിയോൺ ഡിസീസ്' എന്നും വിളിക്കാൻ തുടങ്ങി. പെറുവിലെ ഒരു രക്തസാക്ഷിയുടെ പരിവേഷം കാരിയോണിനുണ്ടായിരുന്നു. കൊതുകിനെക്കൊണ്ട് കടിപ്പിച്ച് മരണത്തിലേക്ക് ഒരു രോഗം പകരാൻ കാരണം കൊതുകാണോ എന്ന സംശയം തീർക്കാൻ കൊതുകിനെക്കൊണ്ട് സ്വയം കടിപ്പിക്കുകയും അങ്ങനെ രോഗം വന്ന് മരിക്കുകയും ചെയ്ത ഒരു ഗവേഷകന്റെ കഥയാണിത്. അമേരിക്കയിലും ക്യൂബയിലുമെല്ലാം 19-ാം നൂറ്റാണ്ടിൽ പടർന്നുപിടിച്ച 'യെല്ലോ ഫീവർ' ആണ് വില്ലൻ. രോഗം ക്ഷണംകൊണ്ട് വ്യാപകമായി. അതിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതുകൊണ്ടുതന്നെ ചികിത്സിക്കാനും കഴിയുന്നില്ല. കടുത്തപനിയോടൊപ്പം രക്തസ്രാവവുമുണ്ടാവും. കരൾ രോഗം വന്ന് രോഗി മരിക്കും. അമേരിക്കൻ സൈന്യത്തിലും ഇത് പടർന്നുപിടിച്ചു. അങ്ങനെ അമേരിക്ക 'യു.എസ് ആർമി യെല്ലോ ഫീവർ കമ്മിഷൻ' എന്നൊരു കമ്മിഷനെ നിശ്ചയിച്ച് രോഗത്തെക്കുറിച്ചു പഠിക്കാൻ നിർദ്ദേശിച്ചു. വാൾട്ടർ റീഡ് ആയിരുന്നു സംഘത്തിന്റെ തലവൻ. രോഗിയുമായുള്ള സഹവാസം മൂലമാണോ വായുവഴിയാണോ കൊതുകുവഴിയാണോ രോഗം പകരുന്നത് എന്ന് സംശയമായി. പലതരം പരീക്ഷണങ്ങൾ നടത്തിനോക്കി. എന്നാൽ അത് തെളിയിക്കാൻ അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ല. അപ്പോഴാണ് സംഘത്തിലെ ജെസ്സി വില്യം ലേസിയർ എന്ന മറ്റൊരു ഗവേഷകൻ അതിനായി മുന്നോട്ടുവരുന്നത്. യെല്ലോഫീവർ ബാധിച്ച രോഗിയുടെ രക്തംകുടിച്ച കൊതുകിനെക്കൊണ്ട് തന്റെ ശരീരത്തിൽ കടിപ്പിച്ചു. വൈകാതെ അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ തുടങ്ങി. അങ്ങനെ യെല്ലോഫീവറിന് പിന്നിൽ ഒരു ആർ.എൻ.എ. വൈറസ് ആണെന്നും അത് പരത്തുന്നത് ഈഡിസ് ഈജിപ്തി വിഭാഗത്തിൽപെട്ട കൊതുകുകളാണെന്നും തെളിഞ്ഞു. പക്ഷേ അപ്പോഴേക്കും ലേസിയറിന്റെ അവസ്ഥ ഗുരുതരമായിരുന്നു. വൈകാതെ അദ്ദേഹം മരിക്കുകയും ചെയ്തു. ഒരുപാടുപേരുടെ ജീവൻ സുരക്ഷിതമാക്കിയ അറിവിന് പകരം സ്വന്തം ജീവനാണ് ലേസിയർ നൽകിയത്. കോളറ അണുക്കളെ കുടിച്ച് കോഫ ർ 19-ാം നൂറ്റാണ്ടിൽ ലോകമെമ്പാടും ഒട്ടേറേ ആളുകളെ കൊന്ന രോഗമാണ് കോളറ. കുറേക്കാലം ഈ രോഗമെങ്ങനെ ഉണ്ടാകുന്നു, പടരുന്നു എന്നൊന്നും ആർക്കും അറിയുമായിരുന്നില്ല. ജർമ്മൻ ഡോക്ടറും ഗവേഷകനുമായ റോബർട്ട് കോച്ച് ഇത് ഒരു ബാക്ടീരിയമൂലമാണ് ഉണ്ടാകുന്നത് എന്ന് പറഞ്ഞെങ്കിലും അത് തെളിയിക്കാനായില്ല. അതുമാത്രമല്ല, പെറ്റൻകോഫർ എന്ന ഗവേഷകൻ അതിനെ എതിർത്തു. രോഗാണുകാരണമാകുന്നുണ്ടെങ്കിൽപ്പോലും രോഗിയുടെ ശരീരാവസ്ഥയും പരിസ്ഥിതിയുമെല്ലാം അതിലും പ്രധാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അത് തെളിയിക്കാനാണ് കോളറ രോഗാണുക്കളുണ്ടെന്ന് റോബർട്ട് കോച്ച് സ്ഥിരീകരിച്ച ദ്രാവകം കോഫർ കുടിച്ചത്. എന്തോ ഭാഗ്യത്തിന് അദ്ദേഹത്തിന് ചെറിയ വയറിളക്കം മാത്രമേ ഉണ്ടായുള്ളൂ. അതുകൊണ്ടുതന്നെ തന്റെ വാദം ശരിയാണെന്ന് അദ്ദേഹം ആഘോഷിച്ചു. പക്ഷേ ശാസ്ത്രം പിന്നീട് കണ്ടെത്തിയത് റോബർട്ട് കോച്ച് തന്നെയാണ് ശരിയെന്നായിരുന്നു. കോളറയുണ്ടാക്കുന്നത് 'വിബ്രിയോ കോളറി' എന്ന ബാക്ടീരിയയാണെന്ന് പിൽക്കാലത്ത് തെളിയിക്കപ്പെട്ടു. മാത്രമല്ല, ടി.ബിയുടേയും ആന്ത്രാക്‌സിന്റേയുമെല്ലാം പിന്നിൽ ബാക്ടീരിയയാണെന്ന് കോച്ച് കണ്ടെത്തി. 1905-ലെ നോബൽസമ്മാനം നേടുകയും ചെയ്തു. അപ്പോൾ കോഫർ എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഒന്നുകിൽ കുറഞ്ഞ അളവിൽ മാത്രം ബാക്ടീരിയയുള്ള ദ്രാവകമായിരിക്കും കോഫർ കുടിച്ചത് എന്ന് ഗവേഷകർ പറയുന്നു. അല്ലെങ്കിൽ പരീക്ഷണത്തിലെ മറ്റെന്തെങ്കിലും പാളിച്ചയാവാം. അദ്ദേഹത്തിന്റെ പ്രതിരോധശേഷിയും ഇതിന് കാരണമാവാം എന്നും വാദമുണ്ട്. കോഫറിന്റെ സിദ്ധാന്തം മുഴുവനും തെറ്റാണെന്ന് പറയാനാവില്ല. രോഗാവസ്ഥയെ ശാരീരികാവസ്ഥയും പാരിസ്ഥിതികാവസ്ഥയുമെല്ലാം സ്വാധീനിക്കുന്നുണ്ടെന്ന് ഇന്ന് നമുക്കറിയാമല്ലോ. രക്തഗ്രൂപ്പ് കണ്ടെത്തിയ പരീക്ഷണം… നമ്മളെല്ലാം ഒരേ ചോരയല്ലേ.. എന്നൊക്കെ ഒരു ഭംഗിക്ക് ചോദിക്കാമെങ്കിലും അതിൽ വസ്തുതാപരമായി ചില കുഴപ്പങ്ങളുണ്ട്. കാരണം നമ്മളെല്ലാം ഒരേ ചോരയല്ല, പലതരം ചോരയാണ്. രക്തത്തിന് ഗ്രൂപ്പുകളുണ്ടെന്ന് കണ്ടെത്തിയത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. അതിന്റെ കഥയാണിത്. ആ കാലഘട്ടത്തിൽ ഒരാൾക്ക് മറ്റൊരാളുടെ രക്തം നൽകുമ്പോൾ പലപ്പോഴും രോഗികൾക്ക് മരണം സംഭവിച്ചിരുന്നു. അതിന്റെ കാരണമാണെങ്കിൽ വ്യക്തമാവുമല്ല. ആ സാഹചര്യത്തിലാണ് ഓസ്ട്രിയയിലെ വിയന്നയിലെ ഡോക്ടറായിരുന്ന ലാൻഡ്‌സ്‌റ്റെയിനർ ഒരു പരീക്ഷണം നടത്തിയത്. ആളുകളുടെ രക്തത്തിൽ നിന്ന് റെഡ് ബ്ലഡ് സെല്ലുകളും (ആർ.ബി.സി) സിറവും വേർതിരിച്ചു. എന്നിട്ട് ഒരാളുടെ ആർ.ബി.സി. മറ്റൊരാളുടെ സിറവുമായി കലർത്തിനോക്കി. ചില പരീക്ഷണത്തിൽ രക്തകോശങ്ങൾ കൂട്ടംചേർന്ന് കട്ടപിടിച്ചു. ചിലതിൽ പ്രശ്‌നമൊന്നും കണ്ടതുമില്ല. അങ്ങനെയാണ് മനുഷ്യരക്തത്തിലും ചില വ്യത്യാസങ്ങളുണ്ടെന്ന് അദ്ദേഹം കണ്ടെത്തുന്നത്. അത് രക്തദാനരംഗത്ത് വലിയ വിപ്ലവമാണ് ഉണ്ടാക്കിയത്. ഇന്ന് രക്തദാനം മാത്രമല്ല, ചെറു ശസ്ത്രക്രിയകൾപോലും രക്തഗ്രൂപ്പ് നിർണയംകൊണ്ടുമാത്രമാണ് വിജയിക്കുന്നത്. എന്നാൽ അക്കാലത്ത് രക്തം വേർതിരിക്കുന്നതും ശരീരത്തിലേക്ക് കയറ്റുന്നതുമെല്ലാം അപകടംപിടിച്ച പണിയായിരുന്നു. എപ്പോൾ വേണമെങ്കിലും അണുബാധയുണ്ടാവാം. എന്തായാലും ലക്ഷങ്ങളുടെ ജീവൻ നിലനിർത്തിയ ഈ പരീക്ഷണവിജയത്തിന് അദ്ദേഹത്തിന് 1930 ലെ നോബൽ സമ്മാനം ലഭിച്ചു. പോളിയോ വൈറസ് തിരിച്ചറിഞ്ഞ ഗവേഷണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. ഇങ്ങനെ രോഗചികിത്സാരംഗത്തും മരുന്നുഗവേഷണരംഗത്തും സ്വയം ഗിനിപ്പന്നികളായ ഒരുപാട് ഗവേഷകരുണ്ട്. മരിച്ചുപോയവരും ആജീവനാന്തം ദുരിതമനുഭവിച്ചവരുമുണ്ട്. ആരോപണവും പരിഹാസവും കേട്ടവരുണ്ട്. ഇന്നത്തെ കാലത്ത് ഇത്തരം പരീക്ഷണങ്ങളൊന്നും ധാർമികമായോ നിയമപരമായോ അനുവദനീയമല്ലെങ്കിലും അത്തരം ഗവേഷണങ്ങളുടെ ഫലംകൂടിയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ആരോഗ്യസുരക്ഷ എന്നു മറന്നുകൂടാ.

സ്വന്തം ഹൃദയത്തിൽ കുഴൽ കടത്തി, ബാക്ടീരിയയെ കുടിച്ചു...!! സ്വയം പരീക്ഷണവസ്തുക്കളായവർ
M
MathrubhumiSource Link
21 days ago