കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ടാഴ്ചമാത്രംശേഷിക്കേ, കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം സ്‌കൂളിൽ വോട്ടിങ്യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലെ മുറി തുറന്നതിനെച്ചൊല്ലി വൻവിവാദം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോർ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ (ആർ.ഒ.) നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തുറന്നത്. To advertise here, കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് ഈ കേന്ദ്രത്തിലുള്ളത്. ഈ മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാർഥികൾ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ കേൽക്കർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ സ്‌നേഹിൽകുമാർ സിങ് എന്നിവർക്ക് പരാതിനൽകി. തിരഞ്ഞെടുപ്പ് ജോലികളിൽനിന്ന് റിട്ടേണിങ് ഓഫീസറെ മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കളക്ടറോട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. ജെ.ഡി.ടി. സ്‌കൂളിലെ പ്രധാന കവാടത്തിന് സമീപം എല്ലാ സ്ട്രോങ് റൂമുകളും കാണാനായി 'പബ്ലിക് വ്യൂയിങ് സെന്റർ' സ്ഥാപിച്ചിരുന്നു. സ്േട്രാങ് റൂം നിരീക്ഷണത്തിനായി ഇവിടെയുണ്ടായിരുന്ന യു.ഡി.എഫ്. പ്രവർത്തകരാണ് ഉദ്യോഗസ്ഥർ മുറിതുറക്കുന്നത് ആദ്യം സ്‌ക്രീനിൽ കണ്ടത്. അവർ വിവരം യു.ഡി.എഫ്. ജില്ലാ നേതാക്കളെ അറിയിച്ചു. കളക്ടറോട് അന്വേഷിച്ചപ്പോൾ പേരാമ്പ്ര മണ്ഡലത്തിന്റെ വരണാധികാരിക്ക് അനുമതിനൽകിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതോടെയാണ് മുറിതുറന്ന സംഭവം വിവാദമായത്. ജില്ലാ ലേബർ ഓഫീസറായ സി. വിനോദ് കുമാറാണ് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ. 1. തുറന്നത് ഏതുമുറി? :പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് തുറന്നതെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ. വോട്ടിങ് യന്ത്രങ്ങേളാ തപാൽ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല തുറന്നതെന്നും അദ്ദേഹം പറയുന്നു. 2. തുറക്കാനുള്ള കാരണം :എൻകോർ സോഫ്റ്റ്വേർ അപ്ഡേറ്റ് ചെയ്യുന്നതിനായാണ് സീൽ ചെയ്യാത്ത മുറി തുറന്നതെന്നാണ് പേരാമ്പ്ര റിട്ടേണിങ് ഓഫീസറായ സി. വിനോദ് കുമാർ വിശദീകരിച്ചത്. നാമനിർദേശപത്രികാ സമർപ്പണംമുതൽ ഫലപ്രഖ്യാപനംവരെയുള്ള ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സോഫ്റ്റ്വേറാണ് എൻകോർ. എന്നാൽ, ഇതിനുവിരുദ്ധമാണ് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ വി. സുപിൻ നൽകുന്ന വിശദീകരണം. വോട്ടെടുപ്പ് നാളിലെ വിവരം രേഖപ്പെടുത്തിയ പ്രിസൈഡിങ് ഓഫീസറുടെ ഡയറിയിലെ വിവരങ്ങൾ ഒത്തുനോക്കാനാണ് റിട്ടേണിങ് ഓഫീസർ ഈ മുറി തുറന്നതെന്ന് ഡെപ്യൂട്ടി കളക്ടർ പറയുന്നു. പോളിങ് വിവരങ്ങൾ ശരിയാണെന്ന് 20-നകം ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമുണ്ടായിരുന്നു. സാധാരണമായി പ്രിസൈഡിങ് ഓഫീസറുടെ ഡയറിയുടെ ഒരു പകർപ്പ് റിട്ടേണിങ് ഓഫീസറുടെ പക്കലുണ്ടാവാറുണ്ട്. പേരാമ്പ്ര ആർ.ഒ. ആ പകർപ്പുകൂടി സ്റ്റോർമുറിയിലേക്ക് അയച്ചതിനാലാണ് ഒത്തുനോട്ടത്തിനായി ഈ മുറി തുറക്കേണ്ടിവന്നതെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. 3. അറിയിക്കാതെ തുറന്നോ? :സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് തുറന്നതെന്ന് റിട്ടേണിങ് ഓഫീസർ വിശദീകരിക്കുന്നു. യു.ഡി.എഫ്, എൽ.ഡി.എഫ്. പാർട്ടി പ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നെന്നും വന്നവരുടെ മൊബൈൽ ഫോണുകൾ വാങ്ങിച്ചുവെച്ചിരുന്നെന്നും സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞു. എന്നാൽ, സ്ഥാനാർഥികളുടെയോ ചീഫ് ഇലക്ഷൻ ഏജന്റിന്റെയോ സാന്നിധ്യത്തിലല്ല മുറി തുറന്നതെന്നാണ് യു.ഡി.എഫ്. നേതാക്കളുടെ വാദം. മുറി തുറക്കുന്ന കാര്യം റിട്ടേണിങ് ഓഫീസർ രാവിലെ അറിയിച്ചിരുന്നെന്നും എന്നാൽ, താൻ എത്തുംമുൻപേ മുറി തുറന്നിരുന്നെന്നും പേരാമ്പ്രയിലെ യു.ഡി.എഫ്. സ്ഥാനാർഥി ഫാത്തിമ തഹിലിയ പറഞ്ഞു. തുറന്നത് ചട്ടപ്രകാരമല്ലാതെ -യു.ഡി.എഫ്. പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂമിനോട് അനുബന്ധിച്ചുള്ള ആർ.ഒ.യുടെ റെക്കാഡ് റൂം സ്ഥാനാർഥിക്കോ ചീഫ് ഇലക്ഷൻ ഏജന്റിനോ കൃത്യമായ അറിയിപ്പു നൽകാതെ തുറക്കുകയാണ് ചെയ്തതെന്ന് യു.ഡി.എഫ്. പേരാമ്പ്ര നിയോജക മണ്ഡലം തെരഞ്ഞടുപ്പ് കമ്മിറ്റി വ്യക്തമാക്കി. പേരാമ്പ്ര ആർ.ഒ.യുടെ ഓഫീസിൽനിന്ന് രാവിലെ 9.30-ന് മെറ്റീരിയൽ റൂം തുറക്കണമെന്നും യു.ഡി.എഫ്. പ്രതിനിധി അവിടെ ഉണ്ടാവണമെന്നും അറിയിക്കുകയായിരുന്നു. ചട്ടപ്രകാരം അറിയിപ്പ് നൽകണമെന്നും തീരുമാനമെടുക്കാനുള്ള സമയം അനുവദിക്കണമെന്നും സ്ഥാനാർഥി ഫാത്തിമ തഹിലിയ തന്നെ റിട്ടേണിങ് ഓഫീസർക്ക് മറുപടി നൽകി. എന്നാൽ, ഇത് പരിഗണിക്കാതെ റിട്ടേണിങ് ഓഫീസർ മെറ്റീരിയൽ റൂം തുറക്കാൻ തിടുക്കം കാണിക്കുകയായിരുന്നു. ഇതോടെ സ്ഥാനാർഥിയുടെ പ്രതിനിധി എന്നനിലയിൽ തഹിലിയയുടെ ഭർത്താവ് അഡ്വ. ഷഹസാദ് സ്ഥലത്തെത്തുകയാണുണ്ടായത്. സ്ഥാനാർഥി എത്തിയപ്പോൾ ആദ്യഘട്ടത്തിൽ സ്‌ട്രോങ്ങ് റൂമിനടത്തുള്ള മെറ്റീരിയൽ റൂമിന് അകത്തേക്ക് കടത്തിവിടാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. പ്രതിഷേധത്തിനൊടുവിലാണ് അനുമതി നൽകിയത്. മെറ്റീരിയൽ റൂമിൽ എത്തി ആശങ്ക അറിയിച്ചതിനെത്തുടർന്ന് ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെ സ്ഥലത്തെത്തി. ലാപ്‌ടോപ്പിന്റെ സഹായത്തോടെ മെയിൽ, ഫീ മെയിൽ, ഓവർസീ വേട്ടർമാരുടെ വേരിഫിക്കേഷൻ നടപടി, സ്ഥാനാർഥി ആവശ്യപ്പെട്ട പ്രകാരം നിർത്തിവെക്കുകയും മെറ്റീരിയൽ റൂം പൂട്ടുകയും ചെയ്തു. ജെ.ഡി.ടി.യിലെ സ്‌ട്രോങ്ങ് റൂം 24 മണിക്കൂറും നിരീക്ഷിക്കുന്നതിന് യു.ഡി.എഫ്. ഒരു പ്രത്യേകസംഘം ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥാനാർഥി ഫാത്തിമ തഹിലിയ, ഇലക്ഷൻ ഏജന്റ്, കല്ലൂർ മുഹമ്മദലി, തെരഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ കെ. ബാലനാരായണൻ, കൺവീനർ ആർ.കെ. മുനീർ എന്നിവർ അറിയിച്ചു. സ്ട്രോങ് റൂം തുറക്കൽ കർശന നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ്. സ്ഥാനാർഥികൾ പരാതിനൽകി കോഴിക്കോട്: വെള്ളിമാടുകുന്ന് ജെ.ഡി.ടി. സ്‌കൂളിലെ സ്ട്രോങ് റൂം അനധികൃതമായി തുറന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാർഥികൾ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ സ്‌നേഹിൽകുമാർ സിങ്ങിനും പരാതിനൽകി. തിരഞ്ഞെടുപ്പ് ജോലികളിൽനിന്ന് റിട്ടേണിങ് ഓഫീസറെ മാറ്റിനിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലെ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും പരാതിയിൽ പറഞ്ഞു. സുതാര്യത ഉറപ്പുവരുത്തണം. സ്ഥാനാർഥികളെയോ അവരുടെ ചീഫ് ഏജന്റുമാരെയോ അറിയിക്കാതെയാണ് മുറി തുറന്നത്. സ്ട്രോങ് റൂം നിരീക്ഷിക്കാനായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അനുവദിച്ച സ്‌കൂളിലുള്ള കേന്ദ്രത്തിൽ യു.ഡി.എഫ്. പ്രവർത്തകർ ഇരിക്കുന്നുണ്ടായിരുന്നു. ഇവരാണ് മുറി തുറക്കുന്ന വിവരം തങ്ങളെ അറിയിച്ചത്. പേരാമ്പ്ര നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട മെറ്റീരിയൽ റൂമാണ് തുറന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, കോഴിക്കോട് സൗത്ത് നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട മുറി തുറക്കുന്നതാണ് ക്യാമറയിൽ കണ്ടത്. മുറിയിൽ ലാപ്ടോപ്പുമായി ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. പ്രവാസി വോട്ടർമാരുടെ കണക്കുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് വന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണമെന്നും സ്ഥാനാർഥികൾ പരാതിയിൽ പറഞ്ഞു. കൊയിലാണ്ടിയിലെ കെ. പ്രവീൺകുമാർ, കുന്ദമംഗലത്തെ എം.എ. റസാഖ്, കോഴിക്കോട് നോർത്തിലെ കെ. ജയന്ത്, കോഴിക്കോട് സൗത്തിലെ ഫൈസൽ ബാബു, പേരാമ്പ്രയിലെ ഫാത്തിമ തഹിലിയ, ബാലുശ്ശേരിയിലെ വി.ടി. സൂരജ് എന്നിവർ സംയുക്തമായാണ് പരാതിനൽകിയത്. മുറിതുറന്നത് വിവാദമായതോടെ സ്‌കൂളിലേക്ക് ജില്ലയിലെ യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് പുറമെ എം.കെ. രാഘവൻ എം.പി.യും എത്തിയിരുന്നു. എലത്തൂർ, കുന്ദമംഗലം, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, ബാലുശ്ശേരി, കൊയിലാണ്ടി, പേരാമ്പ്ര എന്നിങ്ങനെ എട്ട് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്.

സ്‌ട്രോങ് റൂമിന് തൊട്ടടുത്ത മുറി എന്തിന് തുറന്നു? തീരാതെ വിവാദം; തുറക്കുന്നത് കണ്ടത് UDF പ്രവർത്തകർ
M
MathrubhumiSource Link
19 days ago