ദമ്മാം: മലയാള സാഹിത്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കുട്ടനാടിന്റെ ഇതിഹാസം തകഴിയുടെ ഓർമകളുമായി സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. To advertise here, മലയാളി സമാജം ദേശീയ സമിതി പ്രസിഡന്റ് മാലിക് മഖ്ബൂലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ അധ്യാപികയും, സാഹിത്യ, സാംസ്‌കാരിക പ്രവർത്തകയുമായ ഷജീല ജോഷി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കാൽപനികതകളിൽ മുങ്ങികുളിച്ച ആവിഷ്‌കാരങ്ങളെ മാത്രം ശീലിച്ചുപോന്ന മലയാള സാഹിത്യത്തെ ജീവിതത്തിന്റെ പച്ചയായ വഴികളിലൂടെ കൈപിടിച്ചു നടത്തിയ എഴുത്തുകാരിൽ മുൻപന്തിയിലാണ് തകഴി എന്ന നാമത്തിൽ അറിയപ്പെട്ട തകഴി ശിവശങ്കരപ്പിള്ളയെന്ന് അവർ അഭിപ്രായപെട്ടു. അറുനൂറിലേറെ കഥകൾ, മുപ്പതിലേറെ നോവലുകൾ, ആത്മകഥാപരമായ മൂന്നു കൃതികൾ, ഒരു ജീവചരിത്രം, രണ്ടു നാടകങ്ങൾ, ഒരു യാത്രാവിവരണം എന്നിവയെല്ലാമാണ് തകഴിയുടെ സാഹിത്യസംഭാവനകൾ. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രങ്ങളാണ് തകഴിയുടെ രചനകളിൽ കൂടുതലായി തെളിഞ്ഞു വരാറുള്ളതെന്ന് അവർ കൂട്ടിച്ചേർത്തു. കടപ്പുറത്തിന്റെ പശ്ചാത്തലത്തിൽ ഇതൾ വിരിഞ്ഞ നിത്യപ്രണയത്തിന്റെ മായാത്ത സ്മാരകമെന്നപോലെ 'ചെമ്മീൻ', കർഷകത്തൊഴിലാളികളുടെ ആത്മരോദനങ്ങൾ വരച്ചിട്ട 'രണ്ടിടങ്ങഴി', ജാതിവ്യവസ്ഥയ്ക്ക് നേരെ ചോദ്യങ്ങളുയർത്തിയ 'തോട്ടിയുടെ മകൻ', 'ഫ്യൂഡലിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്കുള്ള മാറ്റത്തിന്റെ, കാലവും അധഃസ്ഥിതന്റെ ഉണർവ്വും അടയാളപെടുത്തിയ 'കയർ', ബ്യൂറോക്രസിയുടെ കഥ പറയുന്ന ഏണിപ്പടികൾ എന്നിങ്ങനെ തനിക്ക് പരിചിതമായ ജനവിഭാഗങ്ങളുടെ ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു അദ്ദേഹത്തിന്റെ ഓരോ കൃതിയുമെന്ന് ഷജീല ജോഷി അനുസ്മരിച്ചു. തകഴിയുടെ അനശ്വര രചനകളായ ചെമ്മീൻ, രണ്ടിടങ്ങഴി, ഏണിപ്പടികൾ, ഒരു പെണ്ണും രണ്ടാണും തുടങ്ങിയ പല കൃതികളും പിൽകാലത്ത് ചലചിത്രമായി രൂപാന്തരപെട്ടിട്ടുണ്ട്. നാട്യങ്ങളോ കെട്ടുകാഴ്ചകളോ ഇല്ലാതെ നാടിന്റെ നന്മകളിലേക്ക് ഓരോ മലയാളിയേയും കൂട്ടിക്കൊണ്ടുപോയി കഥ പറഞ്ഞുറക്കിയ വിശ്വസാഹിത്യകാരന് മലയാളീ സമാജം പ്രണാമമർപ്പിച്ചു. പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മുഹമ്മദ് നജാത്തി, സോഫിയ ഷാജഹാൻ, അഷ്റഫ് ആലുവ, ഡോ. രശ്മി ചന്ദ്രൻ, പി.ടി അലവി, ഷിജു കലയപുരം, മുസ്തഫ ഹസൻ, ജ്യോത്സ്‌ന രഞ്ജിത്ത്, സമദ് റഹ്‌മാൻ, ഫാത്തിമ ഷാന, സജിത്ത് രാമകൃഷ്ണൻ, ലീനാ ഉണ്ണികൃഷ്ണൻ, ജോയ് തോമസ്, എന്നിവർ സംസാരിച്ചു. മലയാളി സമാജം ഭാരവാഹികളായ മുരളീധരൻ, ഹുസൈൻ ചമ്പോളിൽ, നജ്മുസമാൻ, വിനോദ് കുഞ്ഞ്, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി നസീർ പുന്നപ്ര, ഹമീദ് കാണിച്ചാട്ടിൽ, ഉണ്ണികൃഷ്ണൻ, നിഖിൽ മുരളീധരൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. ചടങ്ങിൽ ഷനീബ് അബൂബക്കർ സ്വാഗതവും ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.

സൗദി മലയാളീ സമാജം തകഴി അനുസ്മരണം സംഘടിപ്പിച്ചു
M
MathrubhumiSource Link
about 4 hours ago
