ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുമാസം To advertise here, വൈക്കം : ഉദ്ഘാടനം കഴിഞ്ഞ് രണ്ട്് മാസം പിന്നിട്ടിട്ടും വൈക്കത്തെ മൂന്ന് സൗരബോട്ടുകളിൽ രണ്ടെണ്ണം ഒാടുന്നില്ല. സർവേ റിപ്പോർട്ട് ലഭ്യമാകാത്തതാണ് കാരണം. ജലഗതാഗതവകുപ്പിലെ സർവേയർ ബോട്ട് ഓടിച്ചുനോക്കിയശേഷം സർവീസിന് അനുയോജ്യമാണെന്ന് നൽകുന്നതാണ് സർവേ റിപ്പോർട്ട്. വൈക്കം-തവണക്കടവ് ജലപാതയിൽ നാല് ആദിത്യ സൗരബോട്ടാണുള്ളത്. രണ്ട് സൗരബോട്ടും രണ്ട് ഡീസൽ ബോട്ടുകളുമുൾപ്പെടെ നാല് ബോട്ടാണ് വൈക്കം-തവണക്കടവ് റൂട്ടിൽ നിലവിൽ സർവീസ് നടത്തുന്നത്. 2017-ലാണ് ഇന്ത്യയിലെ ആദ്യ സൗരബോട്ടായ ആദിത്യ വൈക്കത്ത് സർവീസ് തുടങ്ങിയത്. ഇത് വിജയകരമായതോടെയാണ് പുതിയ മൂന്ന് ആദിത്യ സൗരബോട്ടുകൾ കൂടി അനുവദിച്ചത്. ഫെബ്രുവരി 20-നാണ് വൈക്കത്തിന് അനുവദിച്ച മൂന്ന് സൗരബോട്ടുകളുടെ ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിർവഹിച്ചത്. ഇതിൽ രണ്ടെണ്ണമാണ് കാഴ്ചവസ്തുവായി കായലിന്റെ തീരത്ത് കിടക്കുന്നത്. സൗരബോട്ടുകൾക്ക് അന്തരീക്ഷ-ശബ്ദമലിനീകരണമില്ലാതെ സർവീസ് നടത്താനാകുമെന്നതാണ് പ്രത്യേകത. സൗരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ധനച്ചെലവും ഇല്ല. കുലുക്കവും അറ്റകുറ്റപ്പണിയും മറ്റ് ബോട്ടുകളെയപേക്ഷിച്ച് കുറവുമാണ്. പ്രതിദിനം 4000 മുതൽ 5000 വരെ ആളുകൾ യാത്രചെയ്യുന്ന ബോട്ട് സർവീസാണ് വൈക്കം-തവണക്കടവ്. പ്രയോജനപ്പെടുത്തണം ഉദ്ഘാടന മാമാങ്കം നടത്താൻ വേണ്ടിയാണ് ധൃതിപിടിച്ച് സൗരബോട്ടുകളെത്തിച്ചത്. അത് ഓടിക്കണമെന്നോ ജനങ്ങൾക്ക് പ്രയോജനപ്പെടണമെന്നോ അധികൃതർക്ക് അറിയേണ്ട. എല്ലാം പ്രഹസനം. സൗരബോട്ട് ഓടിയാൽ യാത്രക്കാർക്കും ജലഗതാഗതവകുപ്പിനും പ്രയോജനപ്രദമായിരുന്നു. വിശ്രമിക്കുന്ന ബോട്ടുകൾകൂടി സർവീസ് തുടങ്ങാനുള്ള നടപടി വേഗത്തിലാക്കണം. - എൻ.കെ. ഷാജി, നികർത്തിൽ, പോളശേരി ഈമാസം സർവീസ് തുടങ്ങും നിലവിൽ ബോട്ടുജെട്ടിക്കുസമീപം കെട്ടിയിട്ടിരിക്കുന്ന രണ്ട് സൗരബോട്ടുകളിൽ ഒന്നിന്റെ ഇൻഷുറൻസ് രേഖയും സർവേ റിപ്പോർട്ടും ശരിയായിട്ടുണ്ട്. ഈ ബോട്ട് ഒരാഴ്ചയ്ക്കകം സർവീസ് ആരംഭിക്കും. രണ്ടാമത്തെ സൗരബോട്ടും ഈ മാസം അവസാനത്തോടെ സർവീസ് വടത്താനുള്ള നടപടി പൂർത്തിയായിവരുന്നു. ഇതും സർവീസ് ആരംഭിക്കുന്നതോടെ വൈക്കത്തെ നാലുബോട്ടും സൗരോർജത്തിൽ പ്രവർത്തിക്കുന്നതാകും. നിലവിലുള്ള രണ്ട് ഡീസൽ ബോട്ടിൽ ഒരെണ്ണം ആലപ്പുഴ യാർഡിലേക്ക് മാറ്റും. ഒരെണ്ണം അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനായി ഇവിടെ സൂക്ഷിക്കും. -വി.എ. സലിം, സ്‌റ്റേഷൻ മാസ്റ്റർ, ജലഗതാഗതവകുപ്പ്, വൈക്കം Published: 23 Apr 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
