മദീന: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായുള്ള ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം പുണ്യഭൂമിയായ മദീനയിലെത്തി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മുംബൈയിൽ നിന്നുള്ള 402 തീർത്ഥാടകരാണ് ആദ്യ വിമാനത്തിൽ ശനിയാഴ്ച പുലർച്ചെ എത്തിയത്. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഹാജിമാർക്ക് ഉജ്ജ്വലമായ വരവേൽപ്പാണ് ലഭിച്ചത്. To advertise here, ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി, ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് തീർത്ഥാടകരെ സ്വീകരിച്ചു. സൗദി ഹജ്ജ്-ഉംറ മന്ത്രാലയ ഡെപ്യൂട്ടി മന്ത്രിമാരായ പ്രഫ. അബ്ദുൽ അസീസ് എ. വസ്സാൻ, എൻജി. അയാദ് അബ്ദുറഹ്മാൻ റഹ്‌ബിനി എന്നിവരും മറ്റ് മുതിർന്ന സൗദി ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരമ്പരാഗത സ്വാഗത ഗാനങ്ങൾ ആലപിച്ചും, സംസം തീർത്ഥ ജലവും ഈത്തപ്പഴവും നൽകിയുമാണ് സൗദി അധികൃതർ ഹാജിമാരെ വരവേറ്റത്. ആദ്യ ദിവസമായ ശനിയാഴ്ച ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ നിന്നായി മൊത്തം 10 വിമാനങ്ങളിലായി 3860 തീർത്ഥാടകർ മദീനയിലെത്തും. ഇതിൽ കൊൽക്കത്തയിൽ നിന്ന് 700 പേരും, ഡൽഹിയിൽ നിന്ന് 810 പേരും, ഗുവാഹത്തിയിൽ നിന്ന് 326 പേരും ഇതിനോടകം എത്തിക്കഴിഞ്ഞു. വിജയവാഡ, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ രാത്രിയോടെ മദീനയിൽ എത്തും. എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം ഹാജിമാർ മക്കയിലേക്ക് തിരിക്കും. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം ജിദ്ദ വിമാനത്താവളം വഴിയായിരിക്കും ഇവരുടെ മടക്കയാത്ര. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യസംഘം ഏപ്രിൽ 30-ന് കൊച്ചിയിൽ നിന്നും പുറപ്പെടും. ജിദ്ദ വിമാനത്താവളം വഴി ഇവർ നേരിട്ട് മക്കയിലേക്കാണ് എത്തുക.

ഹജ്ജ് പുണ്യം തേടി ഇന്ത്യൻ ഹാജിമാർ പുണ്യഭൂമിയിൽ എത്തിത്തുടങ്ങി
M
MathrubhumiSource Link
21 days ago