പയ്യോളി : പെരുമാൾപുരം അടിപ്പാതയ്ക്ക് സമീപത്തെ ഹമ്പിൽ ഇരുചക്രവാഹനം കയറി മറിഞ്ഞുവീണ് പരിക്ക്. വിമുക്തഭടനായ ചിങ്ങപുരം തയ്യുള്ളതിൽ ഉണ്ണികൃഷ്ണനാണ് (50) പരിക്കേറ്റത്. To advertise here, വലതുകാലിന് താഴെ എല്ലുപൊട്ടി പുറത്തുവന്നനിലയിലാണ്. വീണിടത്തുനിന്ന് അനങ്ങാൻപറ്റാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്കുപോകുന്ന സർവീസ് റോഡിലാണ് അപകടം. കഴിഞ്ഞദിവസം ഈ സർവീസ് റോഡിൽ തിക്കോടി അടിപ്പാതയ്ക്ക് സമീപത്തെ ഹമ്പിൽ കയറി ഇരുചക്രവാഹനം മറിഞ്ഞ് അപകടമുണ്ടായി. പെരുമാൾപുരം ഉരൂക്കര നിർമലയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. മെഡിക്കൽ കോളേജിലാണുള്ളത്. സർവീസ് റോഡിലെ ഹമ്പുകൾ അപകടക്കെണി : ആറുവരിപ്പാതയുടെ ഭാഗമായി സർവീസ്റോഡിൽ നിർമിച്ച ഹമ്പുകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടക്കെണിയായി. ഹമ്പ് ഉണ്ടെന്ന സൂചനാബോർഡോ ഹമ്പുകളിൽ തിരിച്ചറിയാനുള്ള അടയാളമോ ചെയ്യാത്തതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. നന്തിമുതൽ മൂരാട് വരെയുള്ള ഓരോ അടിപ്പാതയ്ക്ക് സമീപത്തും ഇരുഭാഗത്തുമുള്ള സർവീസ് റോഡിൽ കൂറ്റൻഹമ്പുകളാണ് ഒരാഴ്ചമുൻപ് നിർമിച്ചത്. ഹമ്പുകളിൽ കയറി ഇരുചക്രവാഹനങ്ങൾ മറിഞ്ഞുവീഴുന്നതും ഹമ്പിന് തൊട്ടുമുന്നിൽ പെട്ടെന്ന് ബ്രേക്കിടുന്നതിനാൽ വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും പതിവാണ്. പാലൂർ, തിക്കോടി, പെരുമാൾപുരം, അയനിക്കാട്, ഇരിങ്ങൽ, മൂരാട് ഓയിൽമിൽ എന്നീ അടിപ്പാതകൾക്ക് സമീപവും പയ്യോളി ടൗണിലെ ഉയരപ്പാതയ്ക്ക് സമീപവുമാണ് ഹമ്പുകൾ നിർമിച്ചത്. അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ സർവീസ് റോഡിലേക്ക് എടുക്കുമ്പോൾ അപകടങ്ങൾ വർധിച്ചതോടെയാണ് അതിനുപരിഹാരമായി റോഡ് നിർമാണകമ്പനി സർവീസ് റോഡിൽ ഹമ്പ് നിർമിച്ചത്. അടിപ്പാതയും സർവീസ് റോഡും തൊട്ടുരുമ്മി നിൽക്കുന്നതിനാൽ അടിപ്പാതയിലൂടെ വരുന്ന വാഹനഡ്രൈവർമാർ സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണില്ല. സർവീസ്റോഡിലൂടെ വരുന്ന വാഹന ഡ്രൈവർമാർ അടിപ്പാതയിലൂടെ വരുന്നവരെയും കാണില്ല. അടിപ്പാതയിൽനിന്ന് സർവീസ്റോഡിൽ വാഹനം കയറുമ്പോഴാണ് ഇരുവരും കാണുക. അതാണ് അപകടം വരുത്തിവെക്കുന്നത്. അപകടം ഒഴിവാക്കാനാണ് ഓരോ അടിപ്പാതയ്ക്ക് സമീപവും സർവീസ്റോഡിൽ ഇരുഭാഗത്തും ഹമ്പ് നിർമിച്ചത്. സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങളുടെ വേഗംകുറയ്ക്കാനാണിത്. പക്ഷേ, ഇതോടെ അപകടം വർധിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഹമ്പിൽ അടയാളമിട്ട് നാട്ടുകാർ പയ്യോളി : സർവീസ് റോഡിലെ ഹമ്പിൽ വാഹനം കയറി അപകടം വർധിച്ചതോടെ അധികൃതരെ കാക്കാതെ നാട്ടുകാർ. കഴിഞ്ഞദിവസം പെരുമാൾപുരം അടിപ്പാതയ്ക്കു സമീപം വടകര ഭാഗത്ത് പോകുന്ന ഹമ്പിൽ അപകടമുണ്ടായിരുന്നു. ഹമ്പിനു മുന്നിൽ ബ്രേക്കിട്ട ഫോർച്ചൂൺ കാറിനു പിറകിൽ പിന്നാലെ വന്ന മറ്റൊരു കാറിടിച്ചായിരുന്നു അപകടം. രണ്ടരലക്ഷംരൂപ നൽകിയാണ് പരിഹാരമായത്. നാട്ടുകാരും പങ്കാളികളായി. അതിനെത്തുടർന്ന് ആ ഹമ്പിൽ തിങ്കളാഴ്ച രാത്രി നാട്ടുകാർ അടയാളം വരയ്ക്കുമ്പോഴാണ് മറുഭാഗത്ത് കോഴിക്കോട് ഭാഗത്ത് പോകുന്ന ഹമ്പിൽ അപകടമുണ്ടായത്. പരിക്കേറ്റ ഉണ്ണികൃഷ്ണനെ ഇവരാണ് രക്ഷിച്ചത്. തുടർന്ന് ആ ഹമ്പിലും അടയാളമിട്ടു. കുന്നുമ്മൽ നാസർ, ഒ.ടി. മുസ്തഫ, കെ. നജുമുദ്ദീൻ, കെ. ഇർഫൽ, എൻ. ഷബീർ, അനസ് എന്നിവരാണ് രക്ഷകരായത്.

ഹമ്പിൽ തട്ടി സ്കൂട്ടർ മറിഞ്ഞു യാത്രക്കാരന്റെ എല്ലൊടിഞ്ഞു
M
MathrubhumiSource Link
19 days ago