ഹീമോഫീലിയ: പേടിച്ച് വ്യായാമം ഒഴിവാക്കണോ, അതോ കരുതലോടെ നീങ്ങണോ?

ഹീമോഫീലിയ: പേടിച്ച് വ്യായാമം ഒഴിവാക്കണോ, അതോ കരുതലോടെ നീങ്ങണോ?

ഡോ. കേശവന്‍ എം.ആര്‍ Last Updated: 17 April 2026, 12:26 PM IST ഹീമോഫീലിയ ചികിത്സയില്‍ ഇന്ന് ലോകം കൈവരിച്ചിരിക്കുന്നത് സമാനതകളില്ലാത്ത മുന്നേറ്റങ്ങളാണ്. ഇന്ന് വേള്‍ഡ് ഹീമോഫീലിയ ഡേ. പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്. ഹീ മോഫീലിയ ബാധിച്ചവരെ സംബന്ധിച്ചിടത്തോളം വീഴുന്നതും മുറിവേൽക്കുന്നതുമാണ് ഏറ്റവും വലിയ പേടി സ്വപ്‌നങ്ങൾ 'ഓടരുത്, ചാടരുത്, അനങ്ങാതെ ഒരിടത്ത് ഇരിക്കൂ' എന്ന കർശന നിർദ്ദേശങ്ങൾക്കിടയിൽ പലപ്പോഴും കുട്ടികളുടെ ബാല്യവും കൗമാരവും വീടിനുള്ളിലെ കസേരകളിലേക്ക് ചുരുങ്ങിപ്പോകാറുണ്ട്. എന്നാൽ മുതിർന്നവരിൽ മുറിവുകൾ ഏൽക്കാതിരിക്കാനുള്ള അസാധാരണമായ ജാഗ്രതയാണ് കാണുന്നത്. എന്നാൽ വ്യായാമമില്ലാത്ത ഈ ജീവിതശൈലി പേശികൾ ബലഹീനമാകാനും സന്ധികൾക്ക് ഉറപ്പില്ലാതാകാനും കാരണമാകുന്നു. ഇത് ഹീമോഫീലിയ ബാധിതരെ പിൽക്കാലത്ത് കൂടുതൽ അപകടങ്ങളിലേക്ക് എത്തിച്ചേക്കാം. To advertise here, ഇക്കാര്യത്തിൽ ആധുനിക വൈദ്യശാസ്ത്രം പറയുന്നത് എന്താണ്? ഹീമോഫീലിയ ഉണ്ടെന്നു കരുതി കായിക വിനോദങ്ങളിൽ നിന്നും വ്യായാമത്തിൽ നിന്നും മാറിനിൽക്കുന്നത് സന്ധികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്നാണ് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നൽകുന്നത്. സന്ധികൾക്ക് ചുറ്റുമുള്ള പേശികൾക്ക് നല്ല ബലമുണ്ടെങ്കിൽ ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യത കുറയുമെന്നതാണ് വാസ്തവം. അതിനാൽ പേടിയല്ല, മറിച്ച് ശരിയായ കരുതലോടെയുള്ള വ്യായാമങ്ങളാണ് ആവശ്യം. കരുത്തുറ്റ ഒരു ജീവിതത്തിലേക്ക് ഹീമോഫീലിയ ബാധിതരെ നയിക്കാൻ വ്യായാമത്തിന് സാധിക്കും. എന്തിന് വ്യായാമം ചെയ്യണം? പേശികൾക്ക് ബലം കുറയുമ്പോൾ സന്ധികളിൽ ഭാരം അനുഭവപ്പെടുകയും ഇത് സന്ധികൾക്കുള്ളിൽ രക്തസ്രാവമുണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. വ്യായാമത്തിലൂടെ പേശികൾ ശക്തമാകുമ്പോൾ അവ സന്ധികൾക്കുണ്ടാകുന്ന സമ്മർദം കുറച്ച് പേശികൾക്ക് സംരക്ഷണം നൽകുന്നു. അത്കൂടാതെ, അമിതവണ്ണം കുറയ്ക്കുന്നത് പേശികൾക്ക് ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഹീമോഫീലിയ ഉള്ളവരിൽ അമിതഭാരം മുട്ടുകൾക്കും കണങ്കാലിനും അധിക സമ്മർദ്ദം നൽകുകയും വേഗത്തിൽ സന്ധീരോഗങ്ങൾ (Arthropathy) ഉണ്ടാക്കുകയും ചെയ്യും. സുരക്ഷിതമായ വ്യായാമങ്ങൾ തിരഞ്ഞെടുക്കാം എല്ലാ കായിക ഇനങ്ങളും എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല അതിനാൽ ആഘാതം കുറഞ്ഞ വ്യായാമങ്ങൾ വേണം തിരഞ്ഞെടുക്കാൻ. നീന്തൽ: ഹീമോഫീലിയ ബാധിതർക്ക് ഏറ്റവും അനുയോജ്യമായ വ്യായാമമാണ് നീന്തൽ. വെള്ളത്തിൽ ഭാരമില്ലാതെ ചലിക്കാൻ കഴിയുന്നതുകൊണ്ട് സന്ധികൾക്ക് ഒട്ടും സമ്മർദ്ദം ഏൽക്കാതെ പേശികൾക്ക് നല്ല കരുത്ത് ലഭിക്കും. നടത്തം: കൃത്യമായ ഷൂസുകൾ ധരിച്ചുകൊണ്ടുള്ള നടത്തം സന്ധികളുടെ ചലനശേഷി നിലനിർത്താൻ സഹായിക്കും. സൈക്ലിംഗ്: നിരപ്പായ സ്ഥലങ്ങളിലൂടെ ഹെൽമറ്റും മുട്ടുകളിൽ സംരക്ഷണ കവചങ്ങളും (Pads) ധരിച്ചുള്ള സൈക്ലിംഗ് ശീലിക്കാം. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്: മറ്റുള്ളവരുമായി ശാരീരിക സമ്പർക്കം ഇല്ലാത്ത ഇത്തരം കളികൾ മിതമായ രീതിയിൽ പരിശീലിക്കുന്നത് ശാരീരികവും മാനസികവുമായ ഉന്മേഷവും നൽകും. ഫുട്‌ബോൾ, ഗുസ്തി, ബോക്‌സിംഗ് തുടങ്ങിയ പരിക്കേൽക്കാൻ സാധ്യതയുള്ള കായിക ഇനങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഉചിതം. ഫിസിയോതെറാപ്പിയുടെ പങ്ക് ഹീമോഫീലിയ ചികിത്സയുടെ അവിഭാജ്യ ഘടകമാണ് ഫിസിയോതെറാപ്പി. സന്ധികളിൽ രക്തസ്രാവം ഉണ്ടായതിനുശേഷം അവ പഴയ പടിയാക്കാനും സന്ധികളുടെ ചലനശേഷി നഷ്ടപ്പെടാതെ നോക്കാനും ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായം തേടണം. ഓരോ വ്യക്തിയുടെയും സന്ധികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി അവർക്ക് അനുയോജ്യമായ വ്യായാമമുറകൾ ക്രമീകരിച്ചു നൽകാൻ വിദഗ്ധർക്ക് സാധിക്കും. വ്യായാമം തുടങ്ങുന്നതിന് മുൻപും ശേഷവും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം: പ്രൊഫിലാക്‌സിസ് ശ്രദ്ധിക്കുക: കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിന് മുൻപ് നിർദ്ദേശിച്ച ഫാക്ടർ കുത്തിവെപ്പുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ലക്ഷണങ്ങൾ തിരിച്ചറിയുക: സന്ധികളിൽ ചെറിയൊരു തരിപ്പോ അമിതമായ ചൂടോ അനുഭവപ്പെട്ടാൽ വ്യായാമം ഉടൻ നിർത്തുകയും വിശ്രമിക്കുകയും വേണം. കൃത്യമായ സുരക്ഷാ ഉപകരണം: നല്ല ഗുണനിലവാരമുള്ള സ്‌പോർട്‌സ് ഷൂസുകളും സംരക്ഷണ കവചങ്ങളും ധരിക്കാൻ ശ്രദ്ധിക്കുക. ഹീമോഫീലിയ ചികിത്സയിൽ ഇന്ന് ലോകം കൈവരിച്ചിരിക്കുന്നത് സമാനതകളില്ലാത്ത മുന്നേറ്റങ്ങളാണ്. രക്തസ്രാവം ഉണ്ടായതിന് ശേഷം മാത്രം ചികിത്സിക്കുന്ന 'ഓൺ ഡിമാൻഡ്' രീതിയിൽ നിന്ന്, ആധുനിക 'പ്രൊഫിലാക്‌സിസ്' (Prophylaxis) രീതിയിലേക്കുള്ള മാറ്റം സന്ധികളുടെ വൈകല്യങ്ങളെയും ആന്തരിക രക്തസ്രാവത്തെയും വലിയൊരു പരിധി വരെ ഇല്ലാതാക്കാൻ സഹായിച്ചിട്ടുണ്ട്. പണ്ട് ആഴ്ചയിൽ പലതവണ എടുക്കേണ്ടിയിരുന്ന ഫാക്ടർ കുത്തിവെപ്പുകൾക്ക് പകരം, കൂടുതൽ കാലം ശരീരത്തിൽ പ്രവർത്തിക്കുന്ന 'എക്‌സ്റ്റെൻഡഡ് ഹാഫ്-ലൈഫ്' (Extended Half-life) മരുന്നുകളും, തൊലിക്കടിയിൽ എടുക്കാവുന്ന ഇൻജക്ഷനുകളും രോഗികളുടെ ജീവിതം സുഗമമാക്കി. ഇതിനെല്ലാം പുറമെ, ജീൻ തെറാപ്പിയിലൂടെ രോഗത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കാനുള്ള പരീക്ഷണങ്ങളും വിജയകരമായി തുടരുന്നു. ഭയമല്ല, മറിച്ച് കൃത്യമായ അവബോധമാണ് ഹീമോഫീലിയയെ നേരിടാനുള്ള ഏറ്റവും വലിയ ആയുധം. മുറിവുകൾ സംഭവിക്കാതെ നോക്കുന്നതിനൊപ്പം തന്നെ സന്ധികളെയും പേശികളെയും വ്യായാമത്തിലൂടെ ബലപ്പെടുത്തേണ്ടത് അനിവാര്യമാണ്. സർക്കാർ തലത്തിൽ ലഭിക്കുന്ന ചികിത്സാ സഹായങ്ങളെക്കുറിച്ചും പുതിയ മരുന്നുകളെക്കുറിച്ചും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കാൻ രോഗികളും രക്ഷിതാക്കളും മടിക്കരുത്. ശാസ്ത്രീയമായ ചികിത്സയും ചിട്ടയായ ജീവിതക്രമവും പിന്തുടർന്നാൽ ഹീമോഫീലിയ ബാധിതർക്ക് ആയുർദൈർഘ്യം കുറയുമെന്ന പഴയ ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് തികച്ചും സാധാരണമായ ഒരു ജീവിതം നയിക്കാൻ ഇന്ന് സാധിക്കുമെന്നതാണ് വസ്തുത. (കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ഹെമറ്റോ ഓൺകോളജിസ്റ്റാണ് ലേഖകൻ) Content Highlights: Regular exercise strengthens muscles, reducing joint pressure and internal bleeding risks., Avoid sedentary lifestyles which lead to muscle weakness and joint instability., Prioritize low-impact activities like swimming, walking, and cycling with safety gear., Maintain a healthy weight to prevent excessive stress on knees and ankles., Avoid high-contact sports like boxing or football to prevent injury. Published: 17 Apr 2026, 12:26 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹീമോഫീലിയ: പേടിച്ച് വ്യായാമം ഒഴിവാക്കണോ, അതോ കരുതലോടെ നീങ്ങ… | Boolokam