ദുബായ് : എമിറേറ്റിലെ ഗതാഗതശൃംഖലയുടെ കാര്യക്ഷമത ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഹെസ സ്ട്രീറ്റ് വികസനപദ്ധതി പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. To advertise here, ഇതോടെ ഏറെക്കാലമായുള്ള ഗതാഗതത്തിരക്കിന് പരിഹാരമായി. ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനുമിടയിൽ നാലര കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി പൂർത്തിയാക്കിയത്. ഇതോടെ യാത്രാസമയം 15 മിനിറ്റിൽനിന്ന് നാല് മിനിറ്റായി കുറയുകയും വാഹനശേഷി 8000-ത്തിൽനിന്ന് 16,000 ആയി കുത്തനെ ഉയരുകയുംചെയ്യും. അൽ ബർഷ, അൽ സുഫൂഹ് രണ്ട്, ജുമൈറ വില്ലേജ് സർക്കിൾ എന്നിവയിലൂടെ സഞ്ചരിക്കുന്നവർക്ക് പദ്ധതി ഗുണകരമാകും. ഹെസ സ്ട്രീറ്റിന്റെ ഓരോദിശയിലും ഇപ്പോൾ നാല് പാതകളുണ്ട്. നഗരവികസനത്തിനും ജനസംഖ്യാവളർച്ചയ്ക്കും അനുസൃതമായി അടിസ്ഥാന ഗതാഗതസൗകര്യങ്ങൾ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള ഒട്ടേറെ പ്രദേശങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും. 2030-ഓടെ സ്ട്രീറ്റിന് ചുറ്റുമുള്ള ജനസംഖ്യ 6,40,000 കവിയും. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഇടനാഴിയാണിത്. പദ്ധതിയുടെ ഭാഗമായി ശൈഖ് സായിദ് റോഡ്, അൽ അസയേൽ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിവയുൾപ്പെടെ സുപ്രധാന ഇന്റർസെക്‌ഷനുകൾ വീതികൂട്ടുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖ് സായിദ് റോഡ് ഇന്റർചേഞ്ചിൽ പുതിയ രണ്ട് ലെയ്ൻ റാമ്പ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലെയും അൽ അസയേൽ സ്ട്രീറ്റിലെയും നിലവിലെ പാലങ്ങളുടെ വീതികൂട്ടൽ, അൽ ഖൈൽ റോഡ്, ദേര എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിന് പുതിയപാലങ്ങൾ, റാമ്പുകൾ എന്നിവയുടെ നിർമാണവും പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയിട്ടുണ്ട്. ജുമൈറ വില്ലേജ് സർക്കിൾ, അർജാൻ, ദുബായ് സയൻസ് പാർക്ക്, അൽ ബർഷ സൗത്ത്, ജുമൈറ ലേക്ക്‌സ് ടവേഴ്സ്, ജുമൈറ ഐലൻഡ്സ്, ബർഷ ഹൈറ്റ്‌സ്, ദ ഗ്രീൻസ്, എമിറേറ്റ്‌സ് ഹിൽസ് എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട ഒട്ടേറെ താമസ, വാണിജ്യ പ്രദേശങ്ങളിലെ ഗതാഗതം പദ്ധതിയിലൂടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൽ തായർ വിശദീകരിച്ചു. രണ്ടാംഘട്ടം പുരോഗമിക്കുന്നു അൽ ഖൈൽ റോഡ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെയായി മൂന്നു കിലോമീറ്റർ നീളത്തിൽ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. 8835 മീറ്റർ നീളത്തിൽ പാലങ്ങൾ, 480 മീറ്റർ നീളമുള്ള തുരങ്കങ്ങൾ, മൂന്ന് പ്രധാന ഇന്റർസെക്‌ഷനുകളുടെ നവീകരണം, എക്സിറ്റ് പോയിന്റുകളുടെ നവീകരണം, 10.4 കിലോമീറ്ററിൽ ഇ-സ്കൂട്ടർ, സൈക്ലിങ് പാതകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. തിരക്കേറിയ സമയങ്ങളിൽ ഇവിടെ പലപ്പോഴും ഗതാഗത ക്കുരുക്ക് അനുഭവപ്പെടാറുണ്ട്. ഓരോദിശകളിലെയും പാതകളുടെ എണ്ണം രണ്ടിൽനിന്ന് നാലായി വർധിപ്പിക്കുന്നതോടെ വാഹനശേഷി 4000-ത്തിൽനിന്ന് 8000-ആയി ഉയരും. അൽ ഖൈൽ റോഡ്, ഹെസ സ്ട്രീറ്റ് ജങ്ഷൻ എന്നിവയുൾപ്പെടെ മൂന്ന് പ്രധാന ഇന്റർസെക്‌ഷനുകളെ മൾട്ടിലെവൽ ഇന്റർചേഞ്ചുകളാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രണ്ടാംഘട്ട വികസന പദ്ധതിയിലൂടെ 6,50,000 താമസക്കാർക്ക് പ്രയോജനമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സൈക്ലിങ് ഉൾപ്പടെയുള്ള സുസ്ഥിര ഗതാഗതമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വികസനപദ്ധതിയാണ് രൂപകല്പനചെയ്തത്. ഓരോദിശയിലും നാലുപാതകൾ യാത്രാസമയം കുറയും വാഹനശേഷി ഉയരും
