ഹോട്ടലുകളിലെ അടുപ്പണയുമ്പോൾ

ഹോട്ടലുകളിലെ അടുപ്പണയുമ്പോൾ

M
MathrubhumiSource Link
Last Updated: 04 April 2026, 11:08 PM IST പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടായേ തീരൂ. ഹോട്ടല്‍ മേഖലയക്ക് ഗ്യാസ് വിതരണത്തില്‍ അര്‍ഹമായ പരിഗണന നല്‍കണം. To advertise here, പാചക വാതകക്ഷാമം മൂലം സംസ്ഥാനത്തെ ഹോട്ടലുകൾ അടയുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു. അവശേഷിക്കുന്നവയിൽ തന്നെ ഭക്ഷണവിഭവങ്ങളും വിതരണസമയവും വെട്ടിക്കുറച്ചിരിക്കുകയാണ്.മെട്രോ നഗരങ്ങളിലടക്കം രാജ്യത്താകമാനം ഇതാണ് സ്ഥിതി.വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി.വിതരണം 66 ശതമായി ഉയർത്തിയിട്ടും ഹോട്ടലുകളിലേക്ക് സിലിണ്ടർ എത്തുന്നില്ലെന്ന് പരാതിയുണ്ട്.വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന സൂചനകൾ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനാളുകളെ ആശങ്കയിലാക്കുന്നു.ഇതിൽ ഹോട്ടൽ തൊഴിലാളികൾ മാത്രമല്ല, ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാരടക്കം വലിയൊരു വിഭാഗമുണ്ട്. തൊഴിലിനും പഠനത്തിനും മറ്റും വീടുവിട്ടിറങ്ങുന്നവരാണ് ഇതിൽ ഏറിയ പങ്കും. കോവിഡ് കാലത്തെ ആഘാതത്തിൽ നിന്നും പ്രളയക്കെടുതികളിൽ നിന്നും കരകയറി വരുന്ന നമ്മുടെ ഹോട്ടൽ മേഖല വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയിലാണ്. ഹോട്ടലുകൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വൻതുക വാടക നൽകുന്ന കെട്ടിടങ്ങളിലാണ്. ഇതിനുപുറമെ ബാങ്ക് വായ്പകളുടെ തിരിച്ചടവ്, വൈദ്യുതി ബില്ല്, വിവിധയിനം നികുതികൾ,തൊഴിലാളികളുടെ വേതനം എന്നിവയടക്കമുള്ള വലിയ സാമ്പത്തിക ബാധ്യതകൾ ഓരോ സ്ഥാപനത്തിന്റെയും ചുമലിലുണ്ട് .ഗ്യാസ് ലഭ്യത കുറയുന്നതോടെ പാചകം പരിമിതപ്പെടുത്തേണ്ടി വരുന്നത് വരുമാനത്തിൽ വൻ ഇടിവുണ്ടാക്കുന്നു. കടക്കെണിയിലായ പല ഉടമകൾക്കും ഹോട്ടലുകൾ പൂട്ടുകയല്ലാതെ പോംവഴിയില്ല. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങളിലൊന്നായ ടൂറിസം മേഖലയും ഹോട്ടലുകളെയും റസ്റ്ററന്റുകളെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഹോട്ടലുകൾ പൂട്ടുന്നത് വിദേശ-ആഭ്യന്തര സഞ്ചാരികളുടെ വരവിനെ ബാധിക്കും.ഗ്രാമീണ മേഖലയിലും ആഘാതം ചെറുതല്ല.കുടുംബശ്രീ യൂണിറ്റുകളുടേതടക്കം ചെറുകിട സ്ഥാപനങ്ങളും തട്ടുകടകളുമൊക്കെ പ്രതിസന്ധിയിലാണ്.ചായയും ചെറുപലഹാരങ്ങളും മിക്ക റസ്റ്ററന്റുകളും ഒഴിവാക്കിക്കഴിഞ്ഞു.ആശുപത്രികൾ ,വ്യവസായസ്ഥാപനങ്ങൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ഹോസ്റ്റലുകൾ എന്നിവയോടനുബന്ധിച്ചുള്ള കാന്റീനുകൾ പൂട്ടുന്നത്് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഹോട്ടൽ തൊഴിലാളികളുടെ സ്ഥിതി ദയനീയമാണ്. ഹോട്ടലുകൾ അടച്ചിടുകയോ പ്രവർത്തന സമയം കുറയ്ക്കുകയോ ചെയ്യുമ്പോൾ ആദ്യം ബാധിക്കുന്നത് ഇവരുടെ തൊഴിലിനെയും കൂലിയെയുമാണ്. ഒട്ടേറെ കുടുംബങ്ങൾ പട്ടിണിയിലാകാൻ ഈ സാഹചര്യം കാരണമാകും. ഈ മേഖലയിൽ ജോലിചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ നല്ലൊരു പങ്ക് നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു.ചെറുനഗരങ്ങളിൽ പോലും വ്യാപകമായിമാറിയ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം തൊഴിലാളികൾ ഇതിനുപുറമേയാണ്.യുവതീയുവാക്കളാണ് ഇതിൽ ഏറിയപങ്കും.ഇവരുടെ തൊഴിലും പ്രതിസന്ധിയിലാണ്. ഗ്യാസ് ക്ഷാമം മൂലം ഉത്പാദനച്ചെലവ് വർദ്ധിക്കുന്നത് ഹോട്ടലുകളിലെ ഭക്ഷണവില ഉയരാനും കാരണമാകും. പാചകവാതകത്തിന് ഇന്നത്തെ സാഹചര്യത്തിൽ ഒരു ബദൽ കണ്ടെത്തുക അത്ര എളുപ്പമല്ല. വൈദ്യുതി അടുപ്പുകളോ വിറകടുപ്പുകളോ ഉപയോഗിക്കാൻ എല്ലാ ഹോട്ടലുകൾക്കും സാധിക്കില്ല.പ്രത്യേകിച്ച് നഗരങ്ങളിൽ. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടായേ തീരൂ. ഹോട്ടൽ മേഖലയക്ക് ഗ്യാസ് വിതരണത്തിൽ അർഹമായ പരിഗണന നൽകണം. ലഭ്യമായ സിലിണ്ടറുകൾ കരിഞ്ചന്തയിലേക്ക് പോകാതെ ഗുണഭോക്താക്കൾക്ക് യഥാസമയം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം.ഹോട്ടലുകളോടുളള ഗ്യാസ് ഏജൻസികളുടെ നിസ്സംഗ മനോഭാവത്തിൽ കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.പശ്ചിമേഷ്യയിലെ തീ അണയുന്നതുവരെ കാത്തിരിക്കാതെ, ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കി ഹോട്ടൽ മേഖലയെ സംരക്ഷിക്കാനുള്ള വിവേകപൂർണ്ണമായ നീക്കങ്ങളാണ് ഇപ്പോൾ ആവശ്യം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!