വിടവാങ്ങിയത് പരിസ്ഥിതിസൗഹൃദ ഹോട്ടൽ സേവനരംഗത്തെ പ്രമുഖൻ To advertise here, മുംബൈ : ഇന്ത്യൻ ഹോട്ടൽ വ്യവസായ രംഗത്തെ പ്രമുഖനും കൺസപ്റ്റ് ഹോസ്പിറ്റാലിറ്റി ചെയർമാനുമായ പരം കണ്ണംപിള്ളി (76) അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ വീട്ടിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഏഷ്യയിലെ ആദ്യ ഇകോടെലായ (പരിസ്ഥിതി സൗഹൃദ ഹോട്ടൽ) മുംബൈയിലെ ‘ദ ഓർക്കിഡി’ന് തുടക്കമിട്ടത് പരം കണ്ണംപിള്ളിയായിരുന്നു. പരിസ്ഥിതിയോട് ഉത്തരവാദിത്വപൂർണമായ ഹോസ്പിറ്റാലിറ്റി വ്യവസായമെന്ന ആശയം അവതരിപ്പിച്ച് ഈ രംഗത്ത് വേറിട്ട പാത തുറന്നെടുത്ത അതികായനാണ് അദ്ദേഹം. 1951 മാർച്ച് 23-ന് റങ്കൂണിൽ കരുണാകരൻ എം. കണ്ണംപിള്ളിയുടെയും മാധവി അമ്മയുടെയും മകനായി ജനിച്ചു. മ്യാൻമാർ, ചൈന, ഇൻഡൊനീഷ്യ, ഡെൻമാർക്ക് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡറായിരുന്നു കരുണാകരൻ എം. കണ്ണംപിള്ളി. 1974-75 കാലത്ത് മുംബൈ ഐ.എച്ച്.എമ്മിൽനിന്ന് പരം കണ്ണംപിള്ളി ബിരുദം പൂർത്തിയാക്കി. താജ് ഗ്രൂപ്പിലായിരുന്നു കരിയറിന് തുടക്കമിട്ടത്. പിന്നീട് സ്പെൻസർ ഇന്റർനാഷണൽ ഹോട്ടൽസ്, ദ ഫരിയാസ് ഹോട്ടൽസ്, ദ ലീല ഗ്രൂപ്പ്, റഹേജ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കാമത്ത് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എന്നിവയിലും പ്രവർത്തിച്ചു. 1996-ൽ കൺസപ്റ്റ് ഹോസ്പിറ്റാലിറ്റിക്ക് തുടക്കമിട്ടു. പരിസ്ഥിതിസൗഹൃദമായി, ആഡംബര സൗകര്യങ്ങളോടുകൂടിയ ഹോട്ടൽ സേവനങ്ങളുമായി ‘ദ ഫേൺ ഹോട്ടൽസ് ആൻഡ് റിസോർട്‌സ്’ ശൃംഖലയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്ത്യക്കു പുറമെ നേപ്പാൾ, സീഷെൽസ് എന്നിവിടങ്ങളിലും ദ ഫേൺസ് ശൃംഖല വിപുലമാക്കി. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വം ചുമതലയായി കണ്ട്, മികച്ച സേവനം ഉറപ്പാക്കുന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. ഊർജക്ഷമത, ജലസംരക്ഷണം, മാലിന്യസംസ്കരണം എന്നിവയ്ക്ക് ഊന്നൽ നൽകി ആഡംബര ഹോസ്പിറ്റാലിറ്റി സേവനങ്ങൾ അവതരിപ്പിക്കുന്ന പുതിയ മാതൃകയാണ് അദ്ദേഹം വാർത്തെടുത്തത്. എഴുപത്തഞ്ചാം ജന്മദിനം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് മരണം. ഭാര്യ: സബ്രീന. മക്കൾ: നന്ദിത, സുഹേൽ, കരുൺ. മരുമക്കൾ: ഫോട്ടിസ്, മൃണാളിനി, നദീൻ. മൃതദേഹം കൂപ്പർ മെഡിക്കൽ കോളേജിനായി വിട്ടുകൊടുത്തു.

ഹോട്ടൽ വ്യവസായി പരം കണ്ണംപിള്ളി അന്തരിച്ചു
M
MathrubhumiSource Link
about 1 month ago