ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസം ഇന്ത്യയുടെ ഇറക്കുമതിയെ ബാധിച്ചപ്പോൾ, പെട്രോളിനേക്കാളും ഡീസലിനേക്കാളും വേഗത്തിൽ പ്രതിസന്ധി അനുഭവപ്പെട്ടത് പാചകവാതകത്തിനാണ്. പെട്രോൾ, ഡീസൽ വിതരണം സാധാരണ നിലയിലായിരിക്കുമ്പോഴും പാചകവാതകത്തിന് രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നതിന് പിന്നിൽ ചില പ്രത്യേക കാരണങ്ങളുണ്ട് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. To advertise here, റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ലഭിക്കുന്നതിനാലും അവയ്ക്ക് വലിയ സംഭരണശേഖരം ഉള്ളതിനാലുമാണ് പെട്രോൾ, ഡീസൽ വിതരണം തടസ്സമില്ലാതെ തുടരുന്നത്. അതേസമയം, ഇന്ത്യക്കാവശ്യമായ എൽപിജിയുടെ പകുതിയിലധികവും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത് എന്നതും ഇവ സൂക്ഷിച്ചുവെക്കാൻ മതിയായ സംഭരണ സൗകര്യങ്ങൾ ഇല്ലായെന്നതുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകിക്കൊണ്ട് ഈ സാഹചര്യം മറികടക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ആഗോള സംഘർഷങ്ങൾ സാധാരണക്കാരുടെ അടുക്കളയെ നേരിട്ട് ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഭ്യന്തര ഉൽപ്പാദനം കുറവായതും കഴിഞ്ഞ ദശകത്തിൽ പാചകവാതക ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നതായും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എൽപിജി ക്ഷാമം ഗാർഹിക, വാണിജ്യ മേഖലകളെ ഒരുപോലെ ബാധിച്ചിട്ടുണ്ട്. പാചകവാതക ഏജൻസികൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരകൾ പ്രത്യക്ഷപ്പെടുകയും സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിനായി വാണിജ്യ സിലിണ്ടറുകളുടെ വിൽപ്പന സർക്കാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി കരിഞ്ചന്തയിൽ സിലിണ്ടറുകളുടെ വില വർദ്ധിച്ചു. മാത്രമല്ല, ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാതെ വന്നതോടെ ഡസൻ കണക്കിന് ഹോട്ടലുകളും ഭക്ഷ്യ ഉത്പാദനകേന്ദ്രങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. ഇന്ത്യ പ്രതിവർഷം 31 ദശലക്ഷം ടണ്ണിലധികം എൽപിജി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ പകുതിയിലധികവും ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്. ഇതിൽ 80-90 ശതമാനം എൽപിജി കാർഗോകളും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. യുഎഇ (40%), ഖത്തർ (22%), സൗദി അറേബ്യ (15%), കുവൈത്ത് (15%) തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 92 ശതമാനവും വരുന്നത്. അതുകൊണ്ടുതന്നെ ഈ പാതയിലുണ്ടാകുന്ന ഏത് തടസ്സവും നേരിട്ട് ഇന്ത്യയിലെ 'അടുക്കളകളെ' ബാധിക്കുന്നു. ഉജ്ജ്വല യോജന പോലുള്ള പദ്ധതികളിലൂടെ ഗ്രാമീണ മേഖലയിലടക്കം എൽപിജി കണക്ഷനുകൾ വൻതോതിൽ വർദ്ധിച്ചു എന്നതും മറ്റൊരു കാരണമാണ്. 2016-ൽ 16.6 കോടിയായിരുന്ന കണക്ഷനുകൾ 2025-ഓടെ 33 കോടിയായി ഉയർന്നു. വിറകിൽ നിന്നും മറ്റും പാചകവാതകത്തിലേക്കുള്ള ഈ മാറ്റം ജനങ്ങളുടെ ആശ്രിതത്വം വർദ്ധിപ്പിക്കുകയും വിതരണ തടസ്സങ്ങൾ പെട്ടെന്ന് വലിയ പ്രതിസന്ധിയായി മാറാൻ കാരണമാവുകയും ചെയ്തിട്ടുണ്ട് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ എങ്ങനെ ഇന്ത്യൻ അടുക്കളകളെ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് നിലവിലെ എൽപിജി പ്രതിസന്ധി. പെട്രോളിനും ഡീസലിനും എൽപിജിയുടെ അത്രയും ആഘാതം ഏൽക്കാത്തതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. വിതരണത്തിലെ വൈവിധ്യമാണ് അതിൽ ഒന്ന്. ഇന്ത്യ 40-ലധികം രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിച്ചതോടെ, ക്രൂഡ് ഓയിലിന്റെ 70 ശതമാനവും ഹോർമുസ് കടലിടുക്കിന് പുറത്തുള്ള പാതകളിലൂടെയാണ് ഇന്ത്യയിലെത്തുന്നത്. കരുതൽ ശേഖരമാണ് മറ്റൊരു കാരണം. വിശാഖപട്ടണം, മംഗലാപുരം, പാടൂർ എന്നിവിടങ്ങളിൽ ക്രൂഡ് ഓയിൽ ശേഖരിക്കാനായി ഇന്ത്യക്ക് തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരം (Strategic Petroleum Reserves) ഉണ്ട്. ഇത് ആഴ്ചകളോളം ഉപയോഗിക്കാനുള്ള ഇന്ധനം ഉറപ്പാക്കുന്നു. എന്നാൽ എൽപിജി ശേഖരിക്കാൻ ഇത്തരത്തിൽ വലിയ സംവിധാനങ്ങൾ ഇന്ത്യക്കില്ല. നിലവിലെ എൽപിജി സംഭരണശേഷി രണ്ട് ദിവസത്തെ ഉപയോഗത്തിന് പോലും തികയില്ല. ഭാവിയിൽ എൽപിജി സുരക്ഷ ഉറപ്പാക്കാൻ ഭൂഗർഭ ഗ്യാസ് സംഭരണ പദ്ധതി സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. ഏകദേശം 4 ബില്യൺ ക്യൂബിക് മീറ്റർ (bcm) ശേഷിയുള്ള സംഭരണശാലകളാണ് സർക്കാർ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നത്. ഇതിനായി 1-2 ബില്യൺ ഡോളർ ചിലവും 3-4 വർഷത്തെ നിർമ്മാണ സമയവും ആവശ്യമാണ്. നിലവിൽ വിശാഖപട്ടണത്തും മംഗളൂരുവിലും ചെറിയ തോതിലുള്ള എൽപിജി സംഭരണ അറകൾ (LPG caverns) ഉണ്ടെങ്കിലും പുതിയ പദ്ധതികൾ സാധ്യതാ പഠന ഘട്ടത്തിലാണ്. പ്രതിസന്ധി നേരിടാൻ സർക്കാർ നിലവിൽ പല അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ട്. റിഫൈനറികളോട് പരമാവധി എൽപിജി ഉൽപ്പാദിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പെട്രോകെമിക്കൽ ആവശ്യങ്ങൾക്കുള്ള പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവ പാചകവാതക നിർമ്മാണത്തിനായി തിരിച്ചുവിട്ടു. ഇതുമാത്രമല്ല, അമേരിക്ക (US), പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാനുള്ള ശ്രമവും സർക്കാർ തുടങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗികവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇവ ഇന്ത്യയിലെത്താൻ കൂടുതൽ സമയമെടുക്കും എന്നതും ചെലവ് കൂടും എന്നതുമാണ് മറ്റൊരു വെല്ലുവിളി.

ഹോർമുസിലെ പ്രതിസന്ധി; പെട്രോളിനും ഡീസലിനുമില്ലാത്ത ക്ഷാമം എൽപിജിക്ക് മാത്രം എന്തുകൊണ്ട്?
M
MathrubhumiSource Link
about 2 months ago