അ മേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമനേയി അടക്കം നാൽപ്പതോളംപേരെ വധിച്ചുകൊണ്ടാരംഭിച്ച യുദ്ധം മൂന്നാംവാരത്തിലും അതിശക്തമായി തുടരുകയാണ്. അമേരിക്ക- ഇസ്രയേൽ സഖ്യത്തിന്റെയും ഇറാന്റെയും ഇച്ഛാശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയ യുദ്ധം ഹോർമുസ് കടലിടുക്ക് അടച്ചതോടെ മധ്യപൂർവേഷ്യയെ മാത്രമല്ല, ലോകത്തെയാകെ ബാധിച്ചിരിക്കുന്നു. ലോകത്തിലെ മൊത്തം ഇന്ധനത്തിന്റെ അഞ്ചിലൊന്നും കടന്നു പോകുന്ന ഈ കടലിടുക്കിനു ചുറ്റും നൂറുകണക്കിന് ടാങ്കറുകൾ വെറുതെ കിടക്കുകയാണ്, എണ്ണവില ബാരലിന് 100 ഡോളർ കടന്നു. To advertise here, മധ്യപൂർവേഷ്യയിൽ പരിഭ്രാന്തി തുടരുകയാണ്. ദുബായ് വിമാനത്താവളം താത്കാലികമായി അടച്ചിട്ടു (പിന്നീട് പരിമിതമായ രീതിയിൽ പ്രവർത്തനം ആരംഭിച്ചു). സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് വന്ന നിരവധി ഡ്രോണുകൾ അന്തരീക്ഷത്തിൽവെച്ചുതന്നെ നിർവീര്യമാക്കി. ഗാസയിലും ലെബനോനിലും ഇസ്രയേൽ സൈനികനടപടി തുടരുന്നു. ഹൂത്തികളും ഹിസ്ബുള്ളയും ഇറാനെ പിന്തുണച്ച് പടക്കളത്തിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഇതിനകം ആയിരക്കണക്കിന് വിമാനസർവീസുകളാണ് മുടങ്ങിയത്. പ്രവാസികൾ കുടുംബങ്ങളെ നാട്ടിലേക്കയക്കുന്ന കാഴ്ചയാണ് പലയിടത്തും. ഇന്ത്യയിൽനിന്ന് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഗൾഫും ഇറാനും ഒഴിവാക്കി പറക്കുന്നതിനാൽ ഒന്നരമുതൽ മൂന്നുമണിക്കൂർ വരെ അധികസമയമെടുക്കുന്നു. ഇന്ധനവിലക്കയറ്റം കാരണം വിമാനടിക്കറ്റ് നിരക്കുകളും വർധിച്ചിരിക്കുന്നു. അതിവേഗം യുദ്ധമവസാനിപ്പിക്കുകയും ഇറാനിൽ ഭരണമാറ്റം കൊണ്ടുവരികയും ജനാധിപത്യം പുനഃസ്ഥാപിക്കുകയും ചെയ്യുമെന്ന് വീമ്പിളക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും രാഗം മാറ്റിയിരിക്കുന്നു. ഹോർമുസ് കടലിടുക്ക് കൈവശപ്പെടുത്താനും ഗതാഗതത്തിന് തുറന്നുകൊടുക്കാനും സഹായിച്ചില്ലെങ്കിൽ വളരെ മോശം ഭാവിയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ട്രംപ് നേറ്റോ അംഗങ്ങളെ ഭീഷണിപ്പെടുത്തി. അതുപോലെ, മധ്യപൂർവദേശത്തുനിന്ന് ഹോർമുസ് വഴി എണ്ണ വലിയതോതിൽ ഇറക്കുമതി ചെയ്തിരുന്ന രാജ്യങ്ങളും കടലിടുക്ക് സംരക്ഷിക്കാൻ തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങൾക്ക് തനിച്ച് പ്രശ്നം കൈകാര്യം ചെയ്യാൻ പറ്റുന്നില്ല എന്നർഥം. ഇറാന്റെ 90% എണ്ണയും വാങ്ങിയിരുന്ന ചൈന ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുമായും 'ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുക'യാണ്. നാറ്റോ രാജ്യങ്ങൾക്കും വലിയ താത്പ്പര്യമില്ല. നോർഡിക് രാജ്യങ്ങളല്ല യുദ്ധം തുടങ്ങിവെച്ചതെങ്കിലും തങ്ങൾക്ക് അതിന്റെ ആഗോളതലത്തിലെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയാണെന്ന് നോർവേ പ്രധാനമന്ത്രി യോനാസ് ഗെഹർ സ്റ്റോർ കുറ്റപ്പെടുത്തി. ഇപ്പോൾ ചൈനയ്ക്കുമേലുള്ള സമ്മർദ്ദങ്ങൾ ശക്തിപ്പെടുത്തുന്ന തിരക്കിലാണ് ട്രംപ്. മാർച്ച് അവസാനത്തോടെ ബെയ്ജിങ് സന്ദർശിക്കാനിരുന്ന ട്രംപ് ഹോർമുസ് വീണ്ടും തുറക്കാൻ സഹായിക്കാമെന്ന് ചൈന സമ്മതിക്കുന്നതുവരെ യാത്ര വൈകിപ്പിച്ചേക്കുമെന്ന് സൂചിപ്പിച്ചു കഴിഞ്ഞു. തന്റെ ആവശ്യത്തിന് കാര്യമായ പ്രതികരണമില്ലാതെ വന്നപ്പോൾ ട്രംപ് ദേഷ്യപ്പെട്ടു. 'അവർ സ്വന്തം പ്രദേശങ്ങൾ (താത്പ്പര്യമേഖലകൾ) സംരക്ഷിക്കാൻ മുന്നോട്ടു വരണമെന്നാണ് ഞാനാവശ്യപ്പെട്ടത്. ഒരുപക്ഷേ, ഞങ്ങൾ അവിടെ പോകണ്ടിയിരുന്നില്ല എന്നും പറയാം. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. ഞങ്ങൾക്ക് വേണ്ടതിലധികം എണ്ണയുണ്ട്,' ട്രംപ് പറഞ്ഞു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഏറെക്കുറെ പൂർണമായും അപ്രത്യക്ഷമായ ഇറാനിയൻ ആകാശത്ത് ഇഷ്ടമുള്ള ലക്ഷ്യങ്ങളെ മണ്ണോടുമണ്ണാക്കുന്ന തിരക്കിലാണ് യുഎസ്, ഇസ്രയേൽ വിമാനങ്ങൾ. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ മിക്കവാറും നശിപ്പിച്ചു കഴിഞ്ഞുവെങ്കിലും മിസൈൽശേഖരം വേണ്ടത്ര ബാക്കിയുണ്ടെന്ന് ഇറാൻ അധികൃതർ അവകാശപ്പെടുന്നു. ഇതുവരെ ഉപയോഗിച്ചതൊക്കെ പഴയകാലത്തെ മിസൈലുകളാണ്, പുതിയതും കൂടുതൽ പ്രഹരശേഷിയുള്ളതുമായ മിസൈലുകൾ തൊടുക്കാനിരിക്കുന്നേയുള്ളൂവത്രേ. കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് തൊടുത്ത സെജ്ജിൽ മിസൈലിനെ അവർ ഉദാഹരിക്കുന്നു. 2,500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെവരെ തകർക്കാൻ കഴിയുന്ന ഈ 'ഡാൻസിങ് മിസൈലി'ന് വ്യോമപ്രതിരോധ സംവിധാനങ്ങളെ ഒഴിഞ്ഞുമുന്നേറാൻ കഴിയും. ടെൽ അവീവിൽ ഈ മിസൈൽ വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ടുണ്ട്. ഏറ്റവും രസകരമായി തോന്നിയത് നിർമിതബുദ്ധി ഉപയോഗിച്ച് മാധ്യമങ്ങളിൽ കുപ്രചാരണം നടത്തുന്നതിൽ ഇറാൻ മാസ്റ്ററാണന്നെ ട്രംപിന്റെ ആരോപണമാണ്. പറയുന്നത് ലോകമാധ്യമങ്ങൾ കൈവെള്ളയിലുള്ള, പ്രതീതി നിർമാണത്തിൽ എതിരാളികളില്ലാത്ത അമേരിക്ക! ആരോപണം സത്യമാണെങ്കിൽ അമേരിക്കയ്ക്ക് ഇതിനെക്കാൾ അപമാനകരമായി മറ്റൊന്നുമില്ല. അല്ലെങ്കിൽ യുദ്ധത്തിൽ അമേരിക്കയുടെ നില അത്രയ്ക്ക് സന്തോഷകരമല്ലെന്നും. നിരവധി വിദഗ്ധർ ചൂണ്ടിക്കാട്ടിയതു പോലെ, വേണ്ടത്ര ആലോചിച്ചുറച്ചല്ല ട്രംപ് ഇറാനെ ആക്രമിക്കാൻ ഇറങ്ങിയത്. ഉദ്ദേശിച്ച സമയത്ത് യുദ്ധം അവസാനിപ്പിക്കാനോ, അതിനുള്ള കാരണം കണ്ടുപിടിക്കാനോ അദ്ദേഹത്തിന് ഉടനെയെങ്ങും കഴിയുമെന്ന് തോന്നുന്നില്ല. Photo: Screengrab/ x.com/netanyahu/ അതുപോലെ, ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനിയൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. ചില വീഡിയോ ക്ലിപ്പുകൾ വഴി ഇസ്രയേൽ പ്രധാനമന്ത്രി പ്രതികരിച്ചിട്ടുണ്ട്, അതിൽ ഒരെണ്ണം ഒരു കഫെയിൽ വച്ചാണ്. എക്സിന്റെ നിർമിതബുദ്ധി ആയ ഗ്രോക്ക്, നെതന്യാഹുവിന്റെ കഫെ വീഡിയോ നിർമിതബുദ്ധിയുടെ സൃഷ്ടിയാണെന്ന് പറഞ്ഞത് വിവാദത്തിന് ശക്തി പകർന്നു. ഇസ്രയേലിന്റെ ആത്മവീര്യം തകർക്കാനായി ഇറാൻ ഇറക്കുന്ന കെട്ടുകഥകളാണ് ഇവയെന്നാണ് ഇസ്രയേൽ അധികൃതർ പറയുന്നത്. ട്രംപിന്റെ കാര്യത്തിലെന്ന പോലെ ഈ ആരോപണവും പ്രൊപ്പഗാൻഡ യുദ്ധത്തിൽ ഇറാന് മേൽക്കൈയുണ്ടെന്ന സർട്ടിഫിക്കറ്റാണ്. സന്ധിയോ, സർവനാശമോ? ഇറാന്റെ വിദേശമന്ത്രി അബ്ബാദ് അരാഗ്ചി കഴിഞ്ഞദിവസം ഒരു അമേരിക്കൻ ചാനലിന് കൊടുത്ത അഭിമുഖത്തിൽ അമേരിക്കക്കാരോട് 'എന്തിനു സംസാരിക്കണം എന്ന ചോദ്യത്തിന് ഒരുത്തരവും ഞങ്ങൾ കാണുന്നില്ല. അവരോട് സംസാരിച്ചുകൊണ്ടിരുന്ന സമയത്താണ് ഞങ്ങളെ ആക്രമിക്കാൻ അവർ തീരുമാനിച്ചത്. ഞങ്ങൾ ഒരിക്കലും വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നില്ല, മധ്യസ്ഥചർച്ചകൾ പോലും ആവശ്യപ്പെട്ടിരുന്നില്ല' എന്ന് വ്യക്തമാക്കി. ഇറാൻ പറയാതെ പറയുന്നത് തങ്ങളുടെ രാജ്യം സ്ഥിരവും ശക്തവുമായി നിലനിൽക്കുന്നുവെന്നും തങ്ങളുടെ ജനങ്ങളെ പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ്. ഹോർമുസ് കടലിടുക്ക് അടച്ചത് എല്ലാവർക്കും ബാധകമല്ല, പ്രത്യേകിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും. അമേരിക്കക്കും സഖ്യകക്ഷികൾക്കും മാത്രമേയുള്ളൂ അതുവഴിയുള്ള യാത്രയ്ക്ക് തടസ്സം. ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഇപ്പോഴും ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നുണ്ട്. ഇസ്രയേലിലേക്ക് റോക്കറ്റ് അയക്കുന്നത് തുടരുന്നു. ഇറാന്റെ ലക്ഷ്യവും വളരെ വ്യക്തമാണ്- അമേരിക്കയുടെ വ്യോമാക്രമണം സഹിക്കുക, കഴിയുന്നത്ര ആൾനാശമുണ്ടാക്കുക, അമേരിക്കയുടെ സഖ്യകക്ഷികളായ അറബിരാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥകളെ കൃത്യമായ ആക്രമണങ്ങളിലൂടെ സ്തംഭിപ്പിക്കുക, ഹോർമുസ് അടച്ചിട്ട് പാശ്ചാത്യരാജ്യങ്ങൾക്കുമേൽ കടുത്ത സാമ്പത്തികവേദന അടിച്ചേൽപ്പിക്കുക, വിലക്കയറ്റം കാരണം അമേരിക്കയിൽ കടുത്ത ആഭ്യന്തരസമ്മർദ്ദം ഉണ്ടാകുംവരെയോ സഖ്യകക്ഷികൾ പിന്തുണയ്ക്കാൻ മടിക്കുന്നതുവരെയോ കാത്തിരിക്കുക, അങ്ങനെ വിയറ്റ്‌നാമിൽനിന്നും അഫ്ഗാനിസ്താനിൽനിന്നുമൊക്കെ പിന്തിരിഞ്ഞോടിയതു പോലെ ഇറാനിൽനിന്നും പിന്തിരിയാൻ അമേരിക്കയെ നിർബന്ധിതമാക്കുക. ഹോർമുസിലെ പ്രശ്നത്തെ ഊർജനീക്കത്തിലെ ദീർഘകാല നേട്ടത്തിനു വേണ്ടിയുള്ള ഹ്രസ്വകാല തടസമായാണ് അമേരിക്കയുടെ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വിവരിച്ചത്. അമേരിക്കൻ സൈന്യത്തിന്റെ മുൻഗണന ഇറാന്റെ ആക്രമണശേഷിയും അതിനുസഹായിക്കുന്ന ഉത്പാദന വ്യവസായവും തകർക്കുന്നതിനാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം ടാങ്കറുകൾക്ക് നാവികസേനാ അകമ്പടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തീർച്ചയായും നമ്മൾ അവിടേക്കെത്തും. എണ്ണവിതരണത്തിൽ കുതിച്ചുചാട്ടവും അതിനുശേഷം വിലകുറയുന്നതും അപ്പോൾ നമുക്ക് കാണാം.' ഇറാനിയൻ ഭരണകൂടത്തിന്റെ പല്ലും നഖവും പറിക്കാനുള്ള ഓപ്പറേഷൻ ദശകങ്ങളായി തുടരുന്ന ബ്ലാക്ക്മെയിൽ തടയുന്നതിന് അത്യാവശ്യമാണെന്നും റൈറ്റ് പറഞ്ഞു. റൈറ്റിന്റെ 'ഏതാനും ആഴ്ചകളിൽ' യുദ്ധം തീരുമെന്ന പ്രതീക്ഷയ്ക്ക് പിൻബലം നൽകുന്നത് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) മാർച്ച് 13-ന് ഇറാന്റെ ഖാർഗ് ദ്വീപിൽ നടത്തിയ വലിയ ആക്രമണമാവണം. ഈ ചെറിയ ദ്വീപിൽനിന്നാണ് ഇറാന്റെ മൊത്തം ക്രൂഡോയിൽ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും നടക്കുന്നത്. എണ്ണകയറ്റുമതിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ മനഃപൂർവം ഒഴിവാക്കിയ ആക്രമണം മിസൈൽ ബങ്കറുകൾ, റഡാറുകൾ, വ്യോമപ്രതിരോധം, വിമാനത്താവളം എന്നിവയെല്ലാം നശിപ്പിച്ചു. തുടർന്ന് ഹോർമുസിലെ കപ്പൽ ഗതാഗതം തടസപ്പെടുത്തിയാൽ ഖാർഗിലെ എണ്ണകയറ്റുമതി സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതു സംഭവിച്ചാൽ ഇറാന്റെ പ്രധാനവരുമാന സ്രോതസ്സ് അടയും. ആ ഭീഷണി ഉപയോഗിച്ച് ഹോർമുസ് തുറക്കാനാണ് ട്രംപിന്റെ ശ്രമം. പക്ഷേ, ഗൾഫിലെ യുഎസ് ബന്ധിത എണ്ണശാലകൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കുന്നു. ക്രിസ് റൈറ്റ് | Photo: AFP ഇന്ത്യയുടെ നയതന്ത്രവിജയം ഇന്ത്യൻ പതാകയേന്തിയ രണ്ട് എൽപിജി ടാങ്കറുകളെ ഹോർമുസ് കടത്തിവിടാൻ ഇറാൻ അനുമതി നൽകിയത് ശ്രദ്ധേയമായ നയതന്ത്രവിജയമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കോർപ്പറേഷൻ ഇന്ത്യയുടെ ശിവാലിക്കും നന്ദാദേവിയും ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെയാണ് ഹോർമുസ് കടലിടുക്ക് കടന്നത്. ഇത് ഒട്ടും യാദൃച്ഛികമല്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി മാർച്ച് 13-ന് സംസാരിച്ചിരുന്നു. വിദേശമന്ത്രി ഡോ. എസ്. ജയശങ്കർ അരാഗ്ചിയുമായി പലതവണ ചർച്ച നടത്തി. നേരിട്ടുള്ള ചർച്ചകളാണ് ചില ഗുണഫലങ്ങളുണ്ടാക്കിയതെന്ന് വിദേശമന്ത്രി പറഞ്ഞു. അമേരിക്കയുടെ ഊർജസെക്രട്ടറി ഇന്ത്യയുടെ നയതന്ത്രവിജയത്തെ അംഗീകരിച്ചു. സൈനികസമ്മർദ്ദത്തിന് സാധിക്കാത്തത് ചർച്ചകൾ വഴി സാധിച്ചെന്ന് റൈറ്റ് പറഞ്ഞു. സംഘർഷത്തിൽപെട്ടുപോയ ഇറാനിയൻ കപ്പലുകളിലെ 183 നാവികർക്ക് ഇന്ത്യ അഭയം നൽകിയതും സഹായകമായിരിക്കണം. ദശകങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പാചകവാതകക്ഷാമമാണ് ഇന്ത്യ നേരിടുന്നത്. ആവശ്യമുള്ളതിന്റെ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതിലെ 90 ശതമാനം വരുന്നത് മധ്യപൂർവേഷ്യയിൽ നിന്നും. വൻശക്തികൾ തമ്മിലുള്ള സംഘർഷത്തിൽപോലും ആരുടെയും പക്ഷത്തു നിൽക്കാതെ തന്നെ രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പുവരുത്താനുള്ള കഴിവിനെ കാണിക്കുന്നതാണ് ഈ സംഭവം. യുദ്ധം കത്തിനിൽക്കുന്ന സമയത്തുപോലും മൂന്നാംകക്ഷികൾ മുഖേന സംഘർഷം കുറയ്ക്കാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ മാതൃക. തിരഞ്ഞെടുത്ത ഇത്തരം ഇളവുകൾക്ക് സുപ്രധാനമായ വിതരണശൃംഖലകളെ സജീവമായി നിലനിർത്താൻ കഴിയും. സമാധാനചർച്ചകളിൽ ഇന്ത്യ സജീവമാകാനുള്ള മുറവിളികൾക്ക് ഈ സംഭവം കരുത്തുപകരും. (ഒരുപക്ഷേ, ഇപ്പോൾ തന്നെ പിൻവാതിൽ ചർച്ചകൾ നടക്കുന്നുണ്ടാവാം.) ശിവാലിക് മുന്ദ്ര തുറമുഖത്ത് | Photo: PTI സമാധാനസാധ്യതകൾ ഇരുഭാഗത്തും ആയുധശേഖരം അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണ്. മധ്യപൂർവേഷ്യയിൽ അമേരിക്കൻ സഖ്യകക്ഷികളുടെ വ്യോമപ്രതിരോധവും റഡാർ സംവിധാനങ്ങളുമൊക്കെ ശോഷിച്ചു. ഇറാന്റെ ഡ്രോണുകളെ ചെറുക്കാൻ യുക്രൈന്റെ സഹായം തേടിയിരിക്കുകയാണ് അമേരിക്കയും ഗൾഫ് രാജ്യങ്ങളും. ഇറാൻ പോലെ വിശാലവും ദുർഘടവുമായ രാജ്യത്ത് ബോംബിങ് കൊണ്ടുമാത്രം വിജയം നേടാനും ഭരണകൂടത്തെ അട്ടിമറിക്കാനും കഴിയില്ലെന്ന് അമേരിക്കയും ഇസ്രയേലും മനസ്സിലാക്കുന്നു. മാതൃ (പിതൃ) രാജ്യത്തിനു വേണ്ടി പൊരുതുകയാണെന്ന ബോധ്യത്തിനും ആവേശത്തിനും ചങ്ങലയിടുക എളുപ്പമല്ല. ഭരണമാറ്റം നടത്തുമെന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ അതുകൊണ്ട് പ്രശ്നങ്ങൾ തീരില്ലെന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നു. മാത്രമല്ല, 80% ആക്രമണസംവിധാനങ്ങളും തകർന്നിട്ടും ഇറാൻ ധീരമായി പൊരുതുകയുമാണ്. ഡീൽമേക്കറാണ് ട്രംപ്. ശക്തമായ ആക്രമണത്തിലൂടെയും മധ്യസ്ഥർ വഴിക്കുള്ള പിൻവാതിൽ ചർച്ചകളിലൂടെയും ഹോർമുസ് തുറന്നുകൊടുക്കാൻ ഇറാനെ നിർബന്ധിതമാക്കാൻ അദ്ദേഹം ശ്രമിക്കുമെന്ന് ഉറപ്പാണ്. അതിന്, ഇറാനും തടിയൂരാനുള്ള അവസരമുണ്ടാവണം. ജന്മനാട്ടിന്റെ പ്രതിരോധത്തിന് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന ആഖ്യാനം അംഗീകരിക്കപ്പെടുകയും ആഭ്യന്തരസമ്മർദ്ദം കുറയുകയും ചെയ്യുന്ന മുറയ്ക്ക് അവർ കൂടുതൽ ഗതാഗതം നിശബ്ദമായി അനുവദിച്ചേക്കാം. മിഡ്ടേം തിരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ ട്രംപിന് അമേരിക്കയിൽ വിലക്കയറ്റവും പെട്രോൾ വിലയും കുറയ്ക്കേണ്ടതുണ്ട്! പക്ഷേ, അത്തരം ഒത്തുതീർപ്പുകൾ ഇറാന് സ്വീകാര്യമാവുമോയെന്ന് കണ്ടറിയണം. പ്രത്യേകിച്ചും പരമോന്നത നേതാവ് അലി ഖമനേയി വധിക്കപ്പെട്ട പശ്ചാത്തലത്തിൽ.

ഹോർമുസ് തുറക്കാൻ കൂട്ടില്ലാതെ ട്രംപ്, വഴങ്ങാതെ ഇറാൻ; വിലക്കയറ്റത്തിൽ വലഞ്ഞ് ലോകം
M
MathrubhumiSource Link
about 2 months ago