ഒ രു വാട്ടി മുടിവ് പണ്ണിട്ടാ ഏൻ പേച്ച് നാനെ കേക്കമാട്ടേൻ... ബോക്‌സ് ഓഫീസിൽ തകർപ്പൻ വിജയം നേടിയ വിജയിന്റെ പോക്കിരി എന്ന സിനിമയിലെ ഡയലോഗാണിത്. ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽപിന്നെ ഞാൻ പറയുന്നത് പോലും താൻ ചെവിക്കൊള്ളില്ല എന്നാണ് ഇതിന്റെ ഏകദേശ മലയാളം പരിഭാഷ. സിനിമാജീവിതത്തിന്റെ പീക്കിൽ നിൽക്കുമ്പോൾ രാഷ്ട്രീയപാർട്ടി ആരംഭിക്കുക. പാർട്ടി രൂപവത്കരിച്ച് ശൈശവദിശ പിന്നിടും മുൻപ് രണ്ടാകൊല്ലംതന്നെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കുക. പ്രചാരണവേളയിൽ ഭരണപക്ഷത്തെയും മുഖ്യപ്രതിപക്ഷത്തെയും സിനിമാസ്റ്റൈലിൽ ആക്രമിക്കുക. വോട്ടെണ്ണൽ വേളയിൽ സകലരെയും ഞെട്ടിച്ച് നേടുക. വിജയ് സ്റ്റാറാണ്, സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും എന്ന് വ്യക്തമാക്കുകയാണ് തമിഴ്‌നാട് നിയമസഭാഫലം. To advertise here, 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 108 സീറ്റുകളിലാണ് ടിവികെ ലീഡ് ചെയ്യുന്നത്. ഡിഎംകെ സഖ്യം കേവലഭൂരിപക്ഷമായ 118 സീറ്റ് നേടാൻ ടിവികെയ്ക്ക് സാധിക്കുമോ എന്ന കാര്യം നിലവിൽ വ്യക്തമല്ലെങ്കിലും തമിഴ്മണ്ണിലെ പുത്തൻ രാഷ്ട്രീയതാരത്തിന്റെ കുതിച്ചുപായലിനാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സാക്ഷ്യംവഹിച്ചത്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നിങ്ങനെ രണ്ടു മണ്ഡലങ്ങളിൽനിന്നാണ് വിജയ് ജനവിധി നേടിയത്. നിലവിൽ രണ്ടിടത്തും അദ്ദേഹം ലീഡ് ചെയ്യുകയാണ്. വിജയിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നു. | Photo: ANI രാഷ്ട്രീയത്തിനും സിനിമയ്ക്കും തമ്മിൽ അത്ര കടുത്ത അതിർവരമ്പില്ല തമിഴകത്ത്. എംജിആർ, ജയലളിത, വിജയകാന്ത് എന്നിങ്ങനെ സിനിമാതാരങ്ങൾ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ ചരിത്രമുണ്ട് അവിടെ. മാത്രമല്ല, താരങ്ങൾ രാഷ്ട്രീയപ്പാർട്ടികളിലേക്ക് ചേരുകയും പിണങ്ങിപ്പിരിഞ്ഞ് വേറെ പാർട്ടികളിലേക്ക് ചേക്കേറുന്നതൊന്നും പുതുമയല്ല. ഡിഎംകെ വഴി കോൺഗ്രസിലെത്തി ബിജെപിയിലേക്ക് കുടിയേറിയ നടി ഖുഷ്ബുതന്നെ ഇതിന് ഉദാഹരണമാണ്. ശരത്കുമാർ, നെപ്പോളിയൻ, സീമാൻ, കരുണാസ് അങ്ങനെ പല നടന്മാരും രാഷ്ട്രീയത്തിലിറങ്ങിയവരാണ്. അത്തരമൊരിടത്തേക്കാണ് സ്വന്തം പാർട്ടിയുമായി 2024 ഫെബ്രുവരി രണ്ടാംതീയതി വിജയ് എത്തുന്നത്. അതിനും നാലുകൊല്ലം മുൻപ് 2018-ൽ നടൻ കമൽഹാസൻ മക്കൾ നീതി മയ്യം എന്നൊരു രാഷ്ട്രീയപാർട്ടി രൂപവത്കരിക്കുകയും സജീവരാഷ്ട്രീയത്തിലിറങ്ങുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്‌തെങ്കിലും വലിയ ചലനം സൃഷ്ടിക്കാനായിരുന്നില്ല. തമിഴ് ത്രില്ലർ സിനിമ പോലെ തന്നെയായിരുന്നു വിജയിന്റെ രാഷ്ട്രീയപ്രവേശം. 'നായകന്റെ' പാർട്ടി പ്രഖ്യാപനം പിന്നാലെ ആദ്യപൊതുയോഗത്തിൽ വൻ ജനപങ്കാളിത്തം. സിനിമാസ്റ്റൈൽ ഡയലോഗുകൾ. ഡിഎംകെയെ കടന്നാക്രമിക്കാത്ത നിലപാടിനെതിരേ വിമർശനം ഉയർന്നതോടെ സ്റ്റാലിനെ തന്നെ ഉന്നമിട്ട് വിമർശനശരങ്ങൾ. ഡിഎംകെ രാഷ്ട്രീയ എതിരാളിയാണെന്നും ബിജെപി ആശയപരമായ എതിരാളിയാണെന്നും നിലപാട് പ്രഖ്യാപനം. ജനങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തിയ യോഗങ്ങൾ. ഒടുവിൽ വൻ തിരിച്ചടിയായി കരൂർ ദുരന്തം. അന്ന് ജീവൻ നഷ്ടമായത് 41 പേർക്ക്. തുടർന്ന് ഏറെ വിമർശനങ്ങൾ ഉയർന്നു വിജയ്ക്ക് നേർക്ക്. പിന്നാലെ ഭാര്യ നൽകിയ വിവാഹമോചന ഹർജിയും വിജയ്‌ക്കെതിരേയുള്ള ചർച്ചകൾ സൃഷ്ടിക്കാൻ കാരണമായി. അദ്ദേഹം അഭിനയിച്ച അവസാനത്തെ സിനിമയായ ജനനായകനുമായി ബന്ധപ്പെട്ട വിവാദങ്ങൾ മറുവഴിക്കും. എന്നാൽ വിവാദങ്ങളോ അനാവശ്യ ചർച്ചകളോ വിജയിനെയോ അദ്ദേഹത്തിന്റെ പാർട്ടിയെയോ ഏശിയില്ലെന്നാണ് തമിഴ്നാട്ടിലെ ബാലറ്റ് ബോക്സുകൾ വ്യക്തമാക്കുന്നത്. വിജയിന്റെ അടുത്തനീക്കമെന്ത്? ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നപക്ഷം എന്ത് നിലപാടായിരിക്കും വിജയ് സ്വീകരിക്കുക എന്നാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തമിഴ്‌നാട്ടിൽ സജീവമാകുന്നത്. എഐഎഡിഎഎംകെ നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുമായോ സഖ്യം രൂപവത്കരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും എന്നാൽ തനിച്ച് ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം മറ്റ് പാർട്ടികളുടെ പിന്തുണ ആവശ്യമായി വരുമെന്നുറപ്പാണ്. ഇനി അറിയേണ്ടത്, എഐഎഡിഎംകെയുമായി വിജയ് കൈകോർക്കുമോ എന്നാണ്. തിരഞ്ഞെടുപ്പിന് മുൻപ് എഐഎഡിഎംകെ സഖ്യതാൽപര്യവുമായി വിജയിയെ സമീപിച്ചിരുന്നു. എന്നാൽ പാതി സീറ്റിൽ മത്സരിക്കണമെന്നും വിജയിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി അവതരിപ്പിക്കണമെന്നുമുള്ള ആവശ്യത്തിൽ ടിവികെ ഉറച്ചുനിന്നതോടെ ചർച്ച അലസിപ്പിരിയുകയായിരുന്നു. എന്നാൽ വോട്ടെണ്ണലിന് ശേഷം സാഹചര്യം മാറിയതോടെ എഐഎഡിഎംകെ വിജയ്ക്ക് കൈകൊടുക്കാൻ തയ്യാറായേക്കാം. അതേസമയം, ഡിഎംകെയ്ക്കും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമെതിരേ കടുത്ത വിമർശനം തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ ഉയർത്തിയ പശ്ചാത്തലത്തിൽ ഡിഎംകെ-വിജയ് സഖ്യത്തിന് സാധ്യതയില്ല. ഇനി എഐഎഡിഎംകെ സഖ്യത്തിന് താൽപര്യം പ്രകടിപ്പിക്കുകയാണെങ്കിൽ തന്റെ ആശയപരമായ ശത്രുവായ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ വിജയ് ആവശ്യപ്പെടാനിടയുണ്ട്. ബിജെപിയുള്ള സഖ്യത്തിന്റെ ഭാഗമാകാതിരിക്കാൻ വിജയ്ക്ക് വ്യക്തമായ കാരണമുണ്ട്. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത്രയേറെ വിമർശനങ്ങളാണ് ബിജെപി വിജയ്‌ക്കെതിരേ ഉന്നയച്ചിരുന്നത്. രാഷ്ട്രീയശത്രുവായി പ്രഖ്യാപിച്ച ഡിഎംകെയുമായും ആശയപരമായ ശത്രുവായ ബിജെപിയുടെ സഖ്യകക്ഷിയായ എഐഡിഎംകെയുമായും സഹകരിക്കാതെയും ചിലപ്പോൾ വിജയ് നീങ്ങിയേക്കാം. എഐഎഡിഎംകെയുടെയും ഡിഎംകെയുടെയും ചെറുസഖ്യകക്ഷികളായ പിഎംകെ, ഡിഎംഡികെ, വിസികെ പോലുള്ള പാർട്ടികളുടെ പിന്തുണ സ്വീകരിച്ചേക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. Content Highlights: Thalapathy Vijay's TVK emerges as a major force in the 2026 TN Assembly elections., TVK leads in 108 seats, challenging established parties like DMK and AIADMK., Vijay contested from two constituencies: Perambur and Tiruchirappalli East., Potential coalition scenarios involving AIADMK, DMK, and smaller regional parties are being analyzed., Ideological stances against DMK and BJP define Vijay's current political trajectory. Published: 04 May 2026, 07:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘അണ്ണൻ യാര് തലപതി’, ബ്ലഡി സ്വീറ്റ് വിജയത്തിലേക്ക് വിജയ്; കൊണ്ടാടി ആരാധകർ, തലൈവർ മുഖ്യമന്ത്രിയാകുമോ?
M
MathrubhumiSource Link
about 2 hours ago
