ആ ദ്യ കൂടിക്കാഴ്ച ഇപ്പോഴും എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്. മെലിഞ്ഞ, അല്പം ഉയരംകുറഞ്ഞ ഒരു കൗമാരക്കാരൻ. മനസ്സ് കീഴടക്കുന്ന പുഞ്ചിരി. അവന്റെ കൈയുടെതന്നെ തുടർച്ചയെന്ന് തോന്നുംവിധമുള്ള ബാറ്റ്, ഒപ്പം അവനെ വേറിട്ടുനിർത്തുന്ന ബാലൻസും ടൈമിങ്ങും. To advertise here, ആ പ്രതിഭയ്ക്ക് ഏറെ മുന്നോട്ടുപോകാൻ കഴിയുമെന്ന കാര്യം വ്യക്തമായിരുന്നു. അവന് ആകെ വേണ്ടിയിരുന്നത്, ഓരോ യുവ അത്‌ലറ്റിനും അർഹതപ്പെട്ട, എന്നാൽ പലപ്പോഴും ലഭിക്കാത്ത പ്രോത്സാഹനപരവും നീതിപൂർവവുമായ ഒരന്തരീക്ഷമായിരുന്നു അല്പം അധികാരം കലർന്ന ഉപദേശഭാവത്തിൽ ഞാൻ അന്ന് അവനോട് പറഞ്ഞു, ‘നീ അടുത്ത ധോണിയായി മാറും. അവന്റെ മുഖം തെളിഞ്ഞു. (2009-ലായിരുന്നു അത്. അന്ന് ഒരു ചെറുപ്പക്കാരന് ഇതിലും വലിയ പ്രശംസ ഒന്നും കിട്ടാനില്ലായിരുന്നു). വർഷങ്ങൾക്കുശേഷം ഞാൻ ആ പരാമർശം ഓർത്തുപറഞ്ഞപ്പോൾ, എന്റെ സുഹൃത്ത് ഗൗതം ഗംഭീർ ശരിയായ രീതിയിൽ എന്നെ തിരുത്തി, ‘സഞ്ജുവിന് മറ്റാരുടെയെങ്കിലും അടുത്ത പതിപ്പാകേണ്ടതില്ല. അവൻ ഒരേയൊരു സഞ്ജു സാംസണായിരിക്കും’ ഈ വർഷങ്ങൾക്കിടെ, സഞ്ജു വളരുന്നത് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഒരു ക്രിക്കറ്ററെന്നനിലയിൽ മാത്രമല്ല, അച്ചടക്കം, വിനയം, പ്രതിസന്ധികളെ അതിജീവിക്കുന്ന മനോഭാവം എന്നിവയാൽ രൂപപ്പെട്ട ഒരു മനുഷ്യനെന്ന നിലയിൽക്കൂടി. അവന്റെ യാത്ര സുഗമമായ പാതയിലൂടെയായിരുന്നില്ല. അത് വിജയങ്ങളും തിരിച്ചടികളുംകൊണ്ട് അടയാളപ്പെടുത്തപ്പെട്ട ഒന്നായിരുന്നു; കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുടെ നിമിഷങ്ങളും, ചിലപ്പോൾ ന്യായമായതും ചിലപ്പോൾ വിശദീകരിക്കാൻ പറ്റാത്തതുമായ ഒഴിവാക്കലുകളുടെ കാലഘട്ടങ്ങളും അതിലുണ്ടായിരുന്നു. ഈ ഉയർച്ചതാഴ്ചകളിലെല്ലാം സഞ്ജു അവന്റെ സ്വതഃസിദ്ധമായ സൗമ്യഭാവം നിലനിർത്തി. അത് അദ്ദേഹത്തോടുള്ള എന്റെ ആരാധന കൂടുതൽ ശക്തമാക്കി. അവന്റെ അച്ഛൻ, പോരാട്ടവീര്യമുള്ള സാംസൺ വിശ്വനാഥ്, അതിയായ അഭിമാനവും സംരക്ഷണബോധവുമുള്ള ഒരു മനുഷ്യനാണ്. അദ്ദേഹത്തോടൊപ്പമുണ്ടായ വേദനയും വ്യഥയും നിറഞ്ഞ ചില സംഭാഷണങ്ങൾ എനിക്ക് ഓർമ്മവരുന്നു. സെലക്‌ഷനിലെ അനീതിയോടുള്ള ദേഷ്യം, ചിലപ്പോൾ കായികജീവിതത്തെ നിയന്ത്രിക്കുന്ന അനിശ്ചിതത്വങ്ങൾ, അർഹതയുള്ള ഒരു യുവാവിനെ വീണ്ടും വീണ്ടും അവഗണിക്കപ്പെടുന്നത് കാണുമ്പോഴുള്ള ഹൃദയവേദന എന്നിവയൊക്കെ നിറഞ്ഞ വർത്തമാനങ്ങളായിരുന്നു അവ. എന്നാൽ, സഞ്ജുവാകട്ടെ ശാന്തനായി തുടരുകയും വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുമെന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോവുകയും ചെയ്തു. വളരെ കഠിനമായ നിമിഷങ്ങളായിരുന്നു അത്. സാംസൺ കുടുംബത്തിന്റെ വേദന ഞാനും പങ്കുവെച്ചു. ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയപ്പോൾ അദ്ദേഹത്തിനുവേണ്ടി ഞാൻ സ്വകാര്യമായും പരസ്യമായും സംസാരിച്ചിട്ടുണ്ട്. ക്രിക്കറ്റ് മൈതാനത്തിനുപുറത്ത് എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന മറ്റൊരു സംഭവമുണ്ട്. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ, എസ്.എസ്.എൽ.സി. പരീക്ഷയെഴുതാൻ ആവശ്യമായ ക്ലാസ് ഹാജർ സഞ്ജുവിനുണ്ടായിരുന്നില്ല. ക്രിക്കറ്റ് അവനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി. അവന്റെ പ്രകടനങ്ങൾ അതിനോടകംതന്നെ ശ്രദ്ധനേടാനും തുടങ്ങിയിരുന്നു. പക്ഷേ, നിയമം നിയമമാണല്ലോ. വിദ്യാഭ്യാസകാലഘട്ടത്തിലെ ഒരു നിർണായകപരീക്ഷ അവന് നഷ്ടപ്പെടുമെന്ന അവസ്ഥവന്നു. ഞാൻ ഇടപെട്ടു. പ്രിയപ്പെട്ട ഒരാൾക്കുവേണ്ടി. നിയമങ്ങൾ വളച്ചൊടിക്കാനല്ല. മറിച്ച് എല്ലാതരത്തിലുള്ള മികവിനെയും നമ്മുടെ സംവിധാനം അംഗീകരിക്കുമെന്ന് ഉറപ്പാക്കുന്നതിനുവേണ്ടി. മൈതാനത്തെ അവന്റെ നേട്ടങ്ങൾ ന്യായമായും ക്ലാസ് മുറിയിലെ നേട്ടങ്ങളെക്കാൾ ഒട്ടും കുറവല്ലായിരുന്നു. അവസാനം ഇളവ് അനുവദിക്കപ്പെട്ടു. സഞ്ജു പരീക്ഷ പാസായി. അതൊരു ചെറിയ വിജയമായിരുന്നു. പക്ഷേ, അതിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. സഞ്ജു രാത്രിയുടെ ആകാശത്തേക്ക് ഉയർത്തിയടിച്ച സിക്സുകളോ മൃദുലവും സുന്ദരവുമായ കവർ ഡ്രൈവുകളോ അല്ല എന്നെ കൂടുതൽ ആകർഷിച്ചത്. മറിച്ച് സെലക്‌ഷനിലെ അനിശ്ചിതത്വത്തെയും ആരാധകരുടെ നിരന്തര നിരീക്ഷണങ്ങളെയും നേതൃനിരയിൽ നിന്നുള്ള സമ്മർദത്തെയും ശാന്തമായി കൈകാര്യംചെയ്ത അവന്റെ ആത്മധൈര്യമാണ്. അവൻ ഒരിക്കലും പരാതി പറഞ്ഞില്ല, പൊട്ടിത്തെറിച്ചില്ല, തന്റെ മനോധൈര്യത്തെ തല്ലിക്കെടുത്താൻ കയ്‌പ്പേറിയ അനുഭവങ്ങളെ അനുവദിച്ചില്ല. പകരം അവൻ കഠിനമായി പരിശ്രമിച്ചു, നീണ്ടനാൾ കാത്തിരുന്നു, അടിയുറച്ച് വിശ്വസിച്ചു. സഞ്ജുവിന്റെ യാത്ര ഇപ്പോഴും തുടരുകയാണ്. തന്റെ ഏറ്റവും മികച്ച വർഷങ്ങളുടെ കവാടത്തിലാണ് അവൻ എത്തിനിൽക്കുന്നത്. ടി-20 സ്പെഷ്യലിസ്റ്റ് എന്ന ഒറ്റപ്പേരിൽ ഒതുക്കപ്പെടാതെ ഏകദിനത്തിന്റെയും ടെസ്റ്റ് ക്രിക്കറ്റിന്റെയും വേദികളിൽ തന്റെ കഴിവുകൾ തെളിയിക്കാൻ സഞ്ജുവിന് അർഹതയുണ്ട്. ഭാവിയിൽ എന്തുസംഭവിച്ചാലും സഞ്ജു എന്ന ക്രിക്കറ്ററിലും മനുഷ്യനിലും ഞാൻ അഭിമാനിക്കും Content Highlights: shashi tharoor on Sanju Samson's evolution from a young prodigy to a mature athlete., Highlights the mental toughness required to handle selection setbacks., Personal anecdote regarding academic support during his early cricket career., Emphasis on his unique identity beyond comparisons with other legends., Insight into the supportive role of family and mentors. Published: 15 Mar 2026, 10:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘അന്ന് ഞാനത് പറഞ്ഞപ്പോൾ ഗംഭീർ എന്നെ തിരുത്തി;ആ സിക്സറുകളല്ല, അവന്റെ ആത്മധൈര്യമാണ് കൂടുതൽ ആകർഷിച്ചത്’
M
MathrubhumiSource Link
about 2 months ago