ബ്രി ട്ടീഷ് ഇന്ത്യയിൽ, ഇംഗ്ലീഷ് പ്രഭുക്കളുടെ വേനൽക്കാല താവളമായിരുന്നു ഡാർജിലിങ് കുന്നുകൾ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വിനോദസഞ്ചാരികളുടെ പറുദീസ. നേപ്പാളി ഗൂർഖകളും ലെപ്‌ച, ബൂട്ടിയ പോലുള്ള വിഭാഗങ്ങളുമാണ് ഇവിടത്തെ ജനതതി. പ്രത്യേക ഗൂർഖലാൻഡ് സംസ്ഥാനത്തിനായി ഗൂർഖജനവിഭാഗങ്ങൾ വർഷങ്ങളായി വാദിക്കുന്നു. ഗൂർഖാലാൻഡിനായി വാദിച്ച് ഗൂർഖകളുടെ നേതൃസ്ഥാനമുറപ്പിക്കാനായി പല To advertise here, കൈവഴികളായി പിരിഞ്ഞ് നിൽക്കുന്ന ഗൂർഖസംഘടനകൾ. പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 'ഗൂർഖാലാൻഡി'നെ ചൂടുപിടിപ്പിക്കുന്നതും ഈ സംഘടനകളുടെ കിടമത്സരം. പ്രത്യേക നിയമനിർമാണത്തിലൂടെ 2012ൽ മമത ബാനർജി സർക്കാർ രൂപീകരിച്ച ഗൂർഖ ടെറിട്ടോറിയൽ അഡ്‌മിനിസ്‌ട്രേഷന്റെ (ജി.ടി.എ) ഭരണം കൈയാളുന്ന ഭാരതീയ ഗൂർഖ പ്രജാതാന്ത്രിക് മോർച്ചയ്‌ക്കാണ് ഇതിൽ പ്രമുഖസ്ഥാനം. അതിന്റെ നേതാവ് അനിത് ഥാപ്പയാണിപ്പോൾ ടെറിട്ടോറിയൽ അഡ്‌മിനിസ്‌ട്രേഷന്റെ അധ്യക്ഷൻ. ഇദ്ദേഹത്തിന്റെ ഗുരുവായിരുന്ന ബിമൽ ഗുരുങ് നയിക്കുന്ന ഗൂർഖ ജൻമുക്തി മോർച്ച ബി.ജെ.പിയെ തുണയ്‌ക്കുന്നു. 2017ൽ 11 പേരുടെ മരണത്തിനിടയാക്കിയ ഗൂർഖലാൻഡ് പ്രക്ഷോഭത്തെ നയിച്ചയാളാണ് ബിമൽ ഗുരുങ്. അന്ന് ബിമലിനൊപ്പമുണ്ടായിരുന്ന അനിത് ഥാപ്പ പിന്നീട് തെറ്റിപ്പിരിഞ്ഞാണ് 2021ൽ ഭാരതീയ ഗൂർഖ പ്രജാതാന്ത്രിക് മോർച്ച രൂപീകരിച്ചത്. ജി.ടി.എയെ നയിക്കുന്നവർക്ക് മേഖലയിലുള്ള സ്വാധീനം തിരിച്ചറിഞ്ഞ്, മമത ബാനർജി ഇക്കുറി അവരെ കൂടെക്കൂട്ടി. ബംഗാളിലെ 294 നിയമസഭാമണ്ഡലങ്ങളിൽ മൂന്നിടത്ത് തൃണമൂൽ സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നില്ല. ഡാർജിലിങ്, കർസ്യുവോങ്, കാലിപോങ് മണ്ഡലങ്ങളിൽ. ജി.ടി.എ അധീനപ്രദേശങ്ങളായ ഈ മണ്ഡലങ്ങളിൽ മമതയുടെ പിന്തുണ അനിത് ഥാപ്പയുടെ പാർട്ടിക്ക്. മറ്റൊരു ഗൂർഖനേതാവ് അജയ് എഡ്വേർഡ് നയിക്കുന്ന ഇന്ത്യൻ ഗൂർഖ ജൻശക്തി ഫ്രണ്ട് ആരെയും പിന്തുണയ്‌ക്കാതെ സ്വതന്ത്രമായി മത്സരിക്കുന്നു. ഫലത്തിൽ ഗൂർഖ പാർട്ടികൾ തമ്മിലെ ത്രികോണ മത്സരം.ഡാർജിലിങ്-ടെരായ് തേയിലത്തോട്ടം മേഖലയിലും സിലിഗുരി, ഡുവാർസ് മേഖലകളിലും നിർണായകമാണ് ഗൂർഖകളുടെ സ്വാധീനം. ഗൂർഖ സംഘടനകൾ എല്ലാവരും നിൽക്കുന്നത് ഇപ്പോഴും പ്രത്യേക ഗൂർഖ സംസ്ഥാനത്തിന് വേണ്ടി. പക്ഷേ, ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ അജയ് എഡ്വേർഡിന്റെ പാർട്ടിയൊഴിച്ചുള്ളവർ പ്രത്യേകസംസ്ഥാന വിഷയം തൽക്കാലം അരികിലേക്ക് മാറ്റിവച്ചിരിക്കുന്നു. അതുപേക്ഷിച്ചിട്ടില്ലെന്നാണവർ പറയുന്നത്. പക്ഷേ, ഈ തിരഞ്ഞെടുപ്പിൽ അതല്ല പ്രധാനം, മറിച്ച് മേഖലയുടെ വികസനമാണെന്നാണ് വാദം. ഭാരതീയ ഗോർഖ പ്രജാതാന്ത്രിക് പാർട്ടിയുടെ സ്ഥാനാർഥി അമർ ലാമ പ്രവർത്തകർക്കൊപ്പം | ഫോട്ടോ: സാബു സ്കറിയാച്ചൻ ഗൂർഖലാൻഡ് സംസ്ഥാനവാദത്തിന് തടയിടാനാണ് ജി.ടി.എ ഉണ്ടാക്കിയത്. 80കളിലും 90കളിലും ശക്തമായിരുന്ന ഗൂർഖ നാഷണൽ ലിബറേഷൻ ഫ്രണ്ടുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ധാരണയിലെത്തി രൂപീകരിച്ചിരുന്ന ഡാർജിലിങ് ഗൂർഖ ഹിൽ കൗൺസിലിന് പകരമായിരുന്നു ഇത്. എന്നാൽ, പ്രത്യേകസംസ്ഥാനത്തെ ചൊല്ലിയല്ല തർക്കമെന്നതാണ് ഇത്തവണത്തെ ഡാർജിലിങ് രാഷ്ട്രീയത്തെ രസകരമാക്കുന്നത്. പകരം ഡാർജിലിങ് കുന്നുകളെ ആര് ഭരിക്കുമെന്നതിലാണ്. സംസ്ഥാന നിയന്ത്രണത്തിലുള്ള നിലവിലെ സംവിധാനമോ, അതോ കേന്ദ്ര നിയന്ത്രണത്തിലുള്ള പുതിയ സംവിധാനമോ? ജി.ടി.എയുടെ മേൽക്കോയ്‌മ തകർക്കാൻ കേന്ദ്രം ഭരണഘടനാ പരിരക്ഷയോടെ ബോഡോലാൻഡ് മാതൃകയിലുള്ള സംവിധാനമുണ്ടാക്കാമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി അമിത്‌ഷാ നേരിട്ട് നൽകിയെന്ന് ബിമൽ ഗുരുങ് മാതൃഭൂമിയോട് വെളിപ്പെടുത്തി. ബി.ജെ.പിയെ അദ്ദേഹത്തിന്റെ പാർട്ടി പിന്തുണയ്‌ക്കുന്നത് ഈ ഉറപ്പിന്മേൽ. മൂന്നിടത്തും ബിമലിന്റെ ജി.ജെ.എം മത്സരിക്കുന്നത് താമര ചിഹ്നത്തിലുമാണെന്നത് ശ്രദ്ധേയം. എന്നാൽ, ഇതൊരിക്കലും നടക്കാത്ത മനോഹരസ്വപ്‌നമെന്ന് പരിഹസിക്കുകയാണ് അനിത് ഥാപ്പയുടെ ബി.ജി.പി.എം പാർട്ടി. കർസ്യുവോങ് മണ്ഡലത്തിൽ ടോർച്ച് ചിഹ്നത്തിൽ മത്സരിക്കുന്ന ബി.ജി.പി.എം സ്ഥാനാർഥി അമർ ലാമ മാതൃഭൂമിയോട് പറഞ്ഞു: "ഇത് തീർത്തും തെറ്റായ പ്രചരണമാണ്. എല്ലാ തിരഞ്ഞെടുപ്പ്‌കാലത്തും അദ്ദേഹം (ബിമൽ ഗുരുങ്) ഇങ്ങനെ പറയും. ഒരുറപ്പുമുണ്ടായിട്ടില്ല. ഞങ്ങൾക്ക് തന്നെയാണിവിടെ സ്വാധീനം." ബി.ജി.പി.എമ്മിലൂടെ ഡാർജിലിങ് മലനിരകളിൽ തൃണമൂൽ സ്വാധീനമുറപ്പിക്കുമോ, അതോ ബി.ജെ.പി പിടിച്ചെടുക്കുമോ എന്നതാണ് ഈ മാസം 23ന് പോളിങിലേക്ക് കടക്കുമ്പോൾ ഗൂർഖാലാൻഡ് കൗതുകത്തോടെ ഉറ്റുനോക്കുന്നത്. 2009ൽ ജസ്വന്ത് സിങിലൂടെ ആദ്യമായി ബി.ജെ.പി ബംഗാളിൽ നേടിയ ലോക്‌സഭാസീറ്റാണ് ഡാർജിലിങ്. ഇപ്പോഴും ഇവിടത്തെ എം.പി ബി.ജെ.പിയിലെ രാജു ബിസ്‌തയാണ്. പക്ഷേ, നിലവിൽ സ്ഥലത്തെ പ്രധാന ദിവ്യനായ അനിത് ഥാപ്പ മമതയ്‌ക്കൊപ്പമായത് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സമവാക്യത്തെ സങ്കീർണമാക്കിയിരിക്കുന്നു. എന്താണ് ജി.ടി.എ? അർധ സ്വയംഭരണ സംവിധാനമാണ് ഗൂർഖലാൻഡ് ടെറിട്ടോറിയൽ അഡ്‌മിനിസ്‌ട്രേഷൻ. ഡാർജിലിങ്, കർസ്യുവോങ്, കാലിപോങ് സബ്‌ഡിവിഷനുകളുടെയും സിലിഗുരി സബ്‌ഡിവിഷന്റെ ചില ഭാഗങ്ങളുടെയും ഭരണ, സാമ്പത്തിക അധികാരമുള്ള സംവിധാനം. നിയമനിർമാണാധികാരമില്ല. 2012ൽ രൂപീകൃതമായ ശേഷം ആദ്യ അധ്യക്ഷൻ ബിമൽ ഗുരുങ് ആയിരുന്നു. ബിമൽ ഗുരുങ് ഇടയ്‌ക്ക് ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ മമത അദ്ദേഹത്തിനെതിരെ കരുക്കൾ നീക്കി. ജി.ജെ.എമ്മിലെ തന്നെ വിമതനേതാവായ ബിനയ് തമാങ് ജി.ടി.എ തലപ്പത്തെത്തി. 2017ലെ കലാപത്തിന് ശേഷമുണ്ടായ സംഭവവികാസങ്ങളിൽ ബിമലുമായി തെറ്റിപ്പിരിഞ്ഞ അനിത് ഥാപ്പ, 2021ൽ പുതുതായി രൂപീകരിച്ച പാർട്ടിയുമായി 2022ൽ ജി.ടി.എയിലേക്ക് മത്സരിച്ച് ഭരണം പിടിച്ചു. 1980കളിൽ തുടങ്ങിയ സമരം ഗൂർഖലാൻഡ് പ്രത്യേക സംസ്ഥാനത്തിനായി 1980കളിലാണ് ഗൂർഖലാൻഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രക്ഷോഭമാരംഭിച്ചത്. നേപ്പാളി ഭാഷ സംസാരിക്കുന്ന ഇന്ത്യക്കാർക്കായി പ്രത്യേക സംസ്ഥാനമെന്നായിരുന്നു ആവശ്യം. നേപ്പാളി സംസാരിക്കുന്നവർ നേപ്പാളിൽ പോകണമെന്ന മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പരാമർശമൊക്കെ പ്രക്ഷോഭകർക്ക് എരിവേറ്റി. 1985- 86 കാലത്തായിരുന്നു പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടത്. ഡാർജിലിംഗിലേക്കുള്ള പ്രധാന പാതയിൽ സുക്ന താഴ്വരയിൽ ഗോർഖ ലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷന്‍റെ കവാടം | ഫോട്ടോ: സാബു സ്കറിയാച്ചൻ 1988ൽ സർക്കാരുകൾ മുൻകൈയെടുത്ത് നടത്തിയ ചർച്ചയെ തുടർന്ന് ജി.എൻ.എൽ.എഫ് ഡാർജിലിങ് ഉടമ്പടിക്ക് തയാറായി. അങ്ങനെയാണ് ഡാർജിലിങ് ഗൂർഖ ഹിൽസ് കൗൺസിൽ വരുന്നത്. ജി.എൻ.എൽ.എഫ് നേതാവ് സുഭാഷ് ഘിസിങ് ഇതിന്റെ അധ്യക്ഷനായി. പക്ഷേ പ്രത്യേക സംസ്ഥാന ആവശ്യം ഉപേക്ഷിച്ചില്ല. 1991ലെ നിയമസഭാ തിരഞ്ഞെടുപ്പ് ജി.എൻ.എൽ.എഫ് ബഹിഷ്‌കരിച്ചു. 1996ലും 2001ലും 2006ലും തങ്ങളുടെ അപ്രമാദിത്വം തെളിയിച്ച് മൂന്ന് സീറ്റുകളും (ഡാർജിലിങ്, കാലിംപോങ്, കർസ്വിവോങ്) അവർ പിടിച്ചു. സി.പി.എമ്മിന്റെ പ്രതാപകാലമായിരുന്ന 1996ലും 98ലും 99ലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ജി.എൻ.എൽ.എഫ് ബഹിഷ്‌കരിക്കുകയുണ്ടായി. അപ്പോഴെല്ലാം ജയിച്ചത് സി.പി.എമ്മാണ്. 2005ൽ ഗൂർഖാ ഹിൽസ് കൗൺസിൽ എന്ന പേരിൽ പ്രത്യേക ട്രൈബൽ കൗൺസിൽ രൂപീകരിക്കാൻ കേന്ദ്ര, സംസ്ഥാനസർക്കാരുകളും ജി.എൻ.എൽ.എഫും തമ്മിൽ ഒപ്പുവച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് യാഥാർഥ്യമായില്ല. 88ൽവന്ന ഡാർജിലിങ് ഗൂർഖ ഹിൽസ് കൗൺസിലിന്റെ അധ്യക്ഷസ്ഥാനത്ത് സുഭാഷ് ഘിസിങ് 2004 വരെയും തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. 2005 മുതൽ തിരഞ്ഞെടുപ്പ് നടക്കാതിരുന്നതോടെ, കെയർടേക്കറായി ഇദ്ദേഹം തുടർന്നു. ക്രമേണ സംഘടനയ്‌ക്കകത്ത് ഭിന്നത ശക്തിപ്പെട്ടു. ഘിസിങിന്റെ വലംകൈയായിരുന്ന ബിമൽ ഗുരുങിന്റെ നേതൃത്വത്തിൽ സംഘടന പിളർത്തി. ഗൂർഖാ ജൻമുക്തി മോർച്ച രൂപീകരിക്കുന്നത് അങ്ങനെ. പെട്ടെന്ന് ഇത് ജനപ്രീതിയാർജിച്ച സംഘടനയായി. ഘിസിങ് അപ്രസക്തനായി. അദ്ദേഹം ജൽപായ്‌ഗുരിയിലേക്ക് പലായനം ചെയ്‌തു. മൂന്ന് വർഷത്തിന് ശേഷം മടങ്ങിയെത്തിയെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാനായില്ല. ബിമൽ ഗുരുങിന്റെ കാലമായിരുന്നു. ബംഗാളി ഭാഷ നിർബന്ധമാക്കാനുള്ള 2016ലെ സംസ്ഥാനസർക്കാർ തീരുമാനത്തിനെതിരെയും പ്രത്യേക നേപ്പാളി സംസ്ഥാനത്തിനായും തുടങ്ങിയ പ്രക്ഷോഭമാണ് 2017ൽ വൻകലാപമായത്. നായകൻ ബിമൽ ഗുരുങ്. അതിൽബിമലിനൊപ്പമുണ്ടായിരുന്ന അനിത് ഥാപ്പ, ആ പ്രക്ഷോഭം പരാജയമെന്ന് പറഞ്ഞാണ് തെറ്റിപ്പിരിഞ്ഞ് പുതിയ സംഘടനയുണ്ടാക്കിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കർസ്വിവോങിൽ നിന്ന് ബി.ജി.പി.എം സ്ഥാനാർഥിയായി മത്സരിക്കുന്ന അമർലാമ മാതൃഭൂമിയോട് സംസാരിച്ചു: ? തൃണമൂൽ കോൺഗ്രസ് ഇത്തവണ ഡാർജിലിങിലെ മൂന്ന് മണ്ഡലങ്ങളിലും ഭാരതീയ ഗൂർഖ പ്രജാതാന്ത്രിക് മോർച്ചയെ പിന്തുണയ്‌ക്കുകയാണ്. എന്താണ് പ്രതീക്ഷ - നമ്മളാണ് ഈ മേഖലയിലെ പ്രധാന രാഷ്ട്രീയപാർട്ടി. നമുക്ക് തൃണമൂൽ അധ്യക്ഷ മമത ബാനർജിയുമായി വളരെ നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് ഇത്തവണ അവരുടെ പാർട്ടിയിൽ നിന്ന് ആരെയും ഈ മൂന്ന് സീറ്റുകളിൽ മത്സരിപ്പിക്കേണ്ടെന്ന് മമത തീരുമാനിച്ചു. ? ഗൂർഖലാൻഡ് ടെറിട്ടോറിയൽ അഡ്‌മിനിസ്‌ട്രേഷൻ ഭരിക്കുന്നത് ഇപ്പോൾ ബി.ജി.പി.എമ്മാണല്ലോ - അതെ, നമ്മുടെ പാർട്ടിയാണിവിടെ അധികാരത്തിൽ. ഇതൊരു തദ്ദേശഭരണസ്ഥാപന സംവിധാനമാണ്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണ് ജി.ടി.എ. അതുകൊണ്ട് ഈ മൂന്ന് സീറ്റുകളിലും നമ്മൾ തന്നെയാണ് മുഖ്യ കക്ഷി. മറ്റ് പാർട്ടികളേക്കാളെല്ലാം ബഹുദൂരം മുന്നിലാണ് നമ്മൾ. ? താങ്കളുടെ നേതാവ് അനിത് ഥാപ്പ 2017ലെ പ്രക്ഷോഭസമയത്ത് ബിമൽ ഗുരുങിനൊപ്പമായിരുന്നു… - അതെ. 2017ലെ ഗൂർഖാലാൻഡ് പ്രക്ഷോഭം ഒരു പരാജയത്തിലാണ് കലാശിച്ചത്. അതിന് ശേഷം അനിത് ഥാപ്പ ബിമൽ ഗുരുങുമായി വേർപിരിയാൻ തീരുമാനിച്ചു. 2021ലാണ് നമ്മുടെ പ്രസ്ഥാനം രൂപീകൃതമാകുന്നത്. അഞ്ച് വർഷമേ ആയുള്ളൂ. ഇതാദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബിമൽ ഗുരുങിന്റേതും അജയ് എഡ്വേർഡിന്റേതുമടക്കമുള്ള പാർട്ടികളെയെല്ലാം തോൽപ്പിച്ചാണ് ജി.ടി.എയുടെ ഭരണം ഞങ്ങൾ നേടിയത്. അവരെല്ലാം അതിനാൽ പ്രതിപക്ഷത്താണ്. ? ബിമൽ ഗുരുങിന്റെ ജി.ജെ.എം ഇത്തവണ ബി.ജെ.പിക്കൊപ്പം പോയത് ജി.ടി.എയ്‌ക്ക് പകരമായി കേന്ദ്ര അധീനതയിൽ ഭരണഘടനാ പരിരക്ഷയുള്ള പ്രത്യേക അതോറിറ്റിക്കായുള്ള ഉറപ്പ് കിട്ടിയതിനാലാണെന്ന് പറയുന്നു. - അത് തികച്ചും തെറ്റായ പ്രചരണമാണ്. അവർ കഴിഞ്ഞ തവണയും ഇത് പറഞ്ഞല്ലോ. എപ്പോഴും പറയും. അതൊന്നും നടക്കില്ല. ബിമൽ ഗുരുങിന്റേത് അതിജീവന രാഷ്ട്രീയം മാത്രമാണ്. ചിലപ്പോൾ ബി.ജെ.പിക്കൊപ്പം പോകും, ചിലപ്പോൾ ടി.എം.സിക്കൊപ്പം. ? ഗൂർഖലാൻഡ് പ്രത്യേക സംസ്ഥാനത്തിനയാണോ ഇപ്പോഴും നിലകൊള്ളുന്നത് - അതെ, ഞങ്ങളടക്കം അതാണ് ആവശ്യപ്പെടുന്നത്. ബംഗാളിൽ നിന്ന് വേർപെട്ട് പോകുന്നതിലുള്ള പ്രതീക്ഷ ഞങ്ങളിപ്പോഴും പുലർത്തുന്നു. ഡാർജിലിങ് കുന്നുകളിലുള്ള എല്ലാവരും അതാണാഗ്രഹിക്കുന്നത്. പക്ഷേ, ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം കണക്കിലെടുക്കുമ്പോൾ ഇതൊരു പ്രക്ഷോഭത്തിന്റെ സമയമല്ലെന്നാണ് ഞങ്ങൾ കാണുന്നത്. നമുക്ക് സാധാരണരീതിയിലുള്ള വികസനം സാധ്യമാകണം. അത് സംസ്ഥാനസർക്കാരുമായി നല്ല ബന്ധത്തിലൂടെയേ സാധിക്കൂ. ? മമത ബാനർജി പ്രത്യേക സംസ്ഥാന വാദത്തെ പിന്തുണയ്‌ക്കുന്നില്ലല്ലോ - ഇല്ല. അവർക്കെങ്ങനെ അതിന് കഴിയും. മമത മാത്രമല്ല, ബി.ജെ.പിയും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം ഇവിടെ വന്ന് പറഞ്ഞത്, ബംഗാളിന്റെ വിഭജനം ആഗ്രഹിക്കുന്നില്ലെന്നാണ്. ബി.ജെ.പി അതിശക്തമായ നിലപാടാണ് ഇക്കാര്യത്തിൽ. ഗൂർഖലാൻഡ് സംസ്ഥാനമെന്ന വാദത്തിൽ ഞങ്ങൾ വെള്ളം ചേർത്തെന്ന് എതിരാളികൾ ആരോപിക്കുന്നുണ്ട്. മമതയുമായുള്ള നമ്മുടെ ബന്ധം വച്ചാണ് ഈ ആരോപണം. അത് തെറ്റായ വ്യാഖ്യാനമാണ്. നമ്മൾ നമ്മുടെ ജനങ്ങൾക്കൊപ്പമാണ്. നമുക്ക് വികസനം വേണം. സർക്കാരുമായി സംഘർഷത്തിനില്ല. ? തിരഞ്ഞെടുപ്പിന് ശേഷം മമതയിൽ നിന്ന് കിട്ടിയിരിക്കുന്ന ഉറപ്പുകളെന്തെല്ലാമാണ് - ദീർഘകാലമായുള്ള ആവശ്യങ്ങൾ പലതുമുണ്ട്. വികസനാവശ്യങ്ങൾ. വനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കണം.2006ൽ കേന്ദ്രം കൊണ്ടുവന്ന നിയമം ഇതുവരേക്കും ശരിയായ വിധത്തിൽ ഇവിടെ നടപ്പാക്കിയിട്ടില്ല. സാങ്കേതികകാരണങ്ങളാലാണത്. ഇത് നമ്മൾ വരുന്ന സർക്കാരുമായി ചർച്ച ചെയ്യും. ടീഗാർഡൻ പ്രധാന വിഷയമാണ്. മിനിമം വേജസ് ഇതുവരെ നടപ്പാക്കിയിട്ടില്ല. നമ്മുടേത് തേയിലത്തോട്ടം മേഖലയാണ്. മമത തേയിലമേഖലയ്‌ക്കായി പലതും ചെയ്‌തു. മിനിമം വേജസ് പ്രശ്‌നവും പരിഹരിക്കുമെന്നാണ് കരുതുന്നത്. ? തൃണമൂൽ അധികാരത്തിലെത്തിയാൽ ഗൂർഖലാൻഡ് സംസ്ഥാനവാദം വീണ്ടും ശക്തമാക്കുമോ - അല്ല, ഇത് സംസ്ഥാന വിഷയമല്ല. കേന്ദ്രവിഷയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് അതിനാൽ ഇത് ചർച്ചാവിഷയമാകേണ്ടത്. ബി.ജെ.പി പോലും ഇത്തവണ ഈ വിഷയത്തിലേക്ക് കടക്കുന്നില്ല. ? തൃണമൂൽ അധികാരത്തിൽ വന്നാൽ മന്ത്രിസഭയിൽ ചേരുമോ - അക്കാര്യമൊന്നും തീരുമാനിച്ചിട്ടില്ല. നമുക്ക് മൂന്ന് സീറ്റുകൾ തന്നിരിക്കുന്നതിനാൽ ഞങ്ങൾ ട്രഷറി ബെഞ്ചിലുണ്ടാവും എന്ന ഉറപ്പ് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. ബിമൽ ഗുരുങ മാതൃഭൂമിയോട്: ? അനിത് ഥാപ്പയുടെ നേതൃത്വത്തിൽ ജി.ടി.എ. ഭരിക്കുന്ന ബി.ജി.പി.എമ്മിന് മമത മൂന്ന് സീറ്റുകൾ വിട്ടുനൽകിയിരിക്കുകയാണ് ഇത്തവണ. എന്ത് സംഭവിക്കും - അവർ സീറ്റിന് വേണ്ടി മമതയ്‌ക്കൊപ്പം പോയതാണ്. സ്വന്തം കസേര സംരക്ഷിക്കണം. ഇവിടെയുള്ള പാവങ്ങൾക്ക് വേണ്ടിയോ ഗൂർഖലാൻഡിന് വേണ്ടിയോ ഒന്നും അവർ ചെയ്യുന്നില്ല. മാത്രമല്ല, ഗൂർഖാലാൻഡ് വാദത്തെ ദുർബലപ്പെടുത്തുകയുമാണ്. ? ബി.ജെ.പി എന്തെങ്കിലും സഹായിക്കുമോ - ബി.ജെ.പി ഞങ്ങൾക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്. അമിത്‌ഷായുമായി ഞാൻ ചർച്ച നടത്തി. ബോഡോലാൻഡ് ടെറിട്ടോറിയൽ അതോറിറ്റി പോലെ ഭരണഘടനാ പരിരക്ഷയുള്ള സംവിധാനം ഇപ്പോഴത്തെ ജി.ടി.എയ്‌ക്ക് പകരമായി കേന്ദ്രസർക്കാരിന് കീഴിൽ കൊണ്ടുവരുമെന്ന ഉറപ്പ് ലഭിച്ചു. അതോടെ ജി.ടി.എയ്‌ക്ക് പ്രസക്തിയില്ലാതാകും. ഇതിനാലാണ് ഞങ്ങൾ ബി.ജെ.പിയെ തുണയ്‌ക്കുന്നത്. ? ആ ഉറപ്പിന്റെ പേരിൽ ഗൂർഖാലാൻഡ് സംസ്ഥാനവാദത്തിൽ നിന്ന് പിന്നോട്ട് പോയോ - ഇല്ല. അതിന് വേണ്ടി തന്നെയാണ് നമ്മൾ നിലകൊള്ളുന്നത്. പക്ഷേ നമ്മുടെ ദേശീയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കേണ്ടേ. ബംഗ്ലാദേശ്, പാക്കിസ്‌താൻ, ചൈന എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. ചിക്കൻനെക്ക് ഇവിടെയാണ്. അതിനാൽ രാജ്യതാൽപ്പര്യത്തിനാണ് ഇപ്പോൾ പ്രാമുഖ്യം നൽകേണ്ടത്.

‘അമിത് ഷാ ഉറപ്പു തന്നിട്ടുണ്ട്’; മമതയെ തുരത്താൻ ബി.ജെ.പിയുടെ ഗൂർഖാ തുറുപ്പുചീട്ട്
M
MathrubhumiSource Link
22 days ago