‘ആ കാശത്ത് പിറന്നുവീണ പാട്ടാണത്. അതുകൊണ്ടാവാം നമ്മളൊന്നും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് അത് പറന്നുയർന്നത്..’ - ബിച്ചു തിരുമലയുടെ വാക്കുകൾ. ജാതിമതഭേദമന്യേ, വർണവർഗ ഭേദമന്യേ മലയാളികൾ ഏറ്റെടുത്ത ഗാനം. നാലരപ്പതിറ്റാണ്ടിനിപ്പുറവും ചുണ്ടിലും മനസ്സിലുമുണ്ട് ആ വരികൾ: ‘പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക് ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്...’ പാട്ടെഴുതിയ ബിച്ചുവും പാടി അഭിനയിച്ച കുതിരവട്ടം പപ്പുവും ചിത്രീകരിച്ച ഐ.വി. ശശിയുമെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗം. നവതിയുടെ പടിവാതിൽക്കലെത്തിയിട്ടും ഒളിമങ്ങാത്ത ഓർമ്മകളുമായി ചെന്നൈയിൽ കഴിയുന്നു പാട്ട് ചിട്ടപ്പെടുത്തിയ ശ്യാം. ‘എല്ലാവരും യാത്രയായി മോനേ. കൂട്ടിന് ഇപ്പോൾ ആ പഴയ പാട്ടുകൾ മാത്രമേ ഉള്ളൂ.’ - ശ്യാമിന്റെ വാക്കുകൾ. കഴിഞ്ഞ മാർച്ച് 19-നായിരുന്നു ശ്യാമിന്റെ എൺപത്തൊമ്പതാം പിറന്നാൾ. To advertise here, ‘അങ്ങാടി’ (1980)ക്ക് വേണ്ടി മാപ്പിളപ്പാട്ട് ശൈലിയിലുള്ള ഗാനമാണ് ചിട്ടപ്പെടുത്തേണ്ടതെന്ന് ബിച്ചു തിരുമല വന്നു പറഞ്ഞപ്പോൾ ശ്യാം ഒന്നു ഞെട്ടി. അത്ര പരിചിതമായ മേഖലയല്ല. മുൻപ് ലക്ഷണമൊത്ത മാപ്പിളപ്പാട്ടുകളൊന്നും ചിട്ടപ്പെടുത്തേണ്ടി വന്നിട്ടുമില്ല. എങ്കിലും തോൽവി സമ്മതിച്ചു പിന്മാറുന്നതെങ്ങനെ? ‘ആദ്യം നല്ല കുറച്ചു മാപ്പിളപ്പാട്ടുകൾ കേൾക്കട്ടെ എന്നായി ഞാൻ.’ - ശ്യാം ഓർക്കുന്നു. ബിച്ചുവിനുമില്ല വിരോധം. പക്ഷേ ഒരു പ്രശ്നം. അന്ന് എറണാകുളം നഗരത്തിൽ ഹർത്താലാണ്. കടകളൊന്നും തുറന്നിട്ടില്ല. പാട്ടാണെങ്കിൽ വൈകുന്നേരത്തോടെ തയ്യാറായേ പറ്റൂ. പിറ്റേന്ന് റെക്കോർഡ് ചെയ്യേണ്ടതാണ്. ‘ഒടുവിൽ എന്തും വരട്ടെ എന്നുറച്ച് ഞാനും ബിച്ചുവും റോഡിലേക്കിറങ്ങുന്നു. വിജനമാണ് നിരത്തുകൾ. ഒരു കടയും തുറന്നുവെച്ചിട്ടില്ല. വെയിലത്ത് കുറെ നടന്നപ്പോൾ അടച്ചിട്ട ഒരു കാസറ്റ് കടയ്ക്കു മുന്നിൽ അതിന്റെ ഉടമ നിൽക്കുന്നു. ഞങ്ങളെ അയാൾക്ക് മനസ്സിലായോ എന്തോ. വേറെ വഴിയില്ലാത്തതുകൊണ്ട് എങ്ങനെയെങ്കിലും കട തുറന്ന് ഒരു മാപ്പിളപ്പാട്ട് കാസറ്റ് എടുത്തുതരണം എന്ന് അപേക്ഷിച്ചു ഞങ്ങൾ. ആദ്യം മടിച്ചെങ്കിലും ഒടുവിൽ അയാൾ വഴങ്ങി. എനിക്കും ബിച്ചുവിനും ശ്വാസം നേരെ വീണത് കാസറ്റ് കയ്യിൽ കിട്ടിയപ്പോഴാണ്.’ ഗാനരചയിതാവും സംഗീതസംവിധായകനും തിരിച്ച് ഹോട്ടൽ മുറിയിലേക്ക്. ‘അവിടെയിരുന്ന് കാസറ്റ് തിരിച്ചും മറിച്ചുമിട്ട് ആവർത്തിച്ചു കേട്ടു ഞങ്ങൾ. പരമ്പരാഗത ശൈലിയിലുള്ള മാപ്പിളപ്പാട്ടുകളാണ്. അനുകരണം വേണ്ട, നിന്റെ കയ്യൊപ്പുള്ള പാട്ടാണ് വേണ്ടത് എന്ന് ആരോ മനസ്സിലിരുന്ന് മന്ത്രിച്ച പോലെ.’ - ശ്യാം. അന്ന് വൈകീട്ട് ബിച്ചുവിനൊപ്പം ചെന്നൈയിലേക്കുള്ള വിമാനത്തിൽ കയറുമ്പോഴേക്കും ശ്യാമിന്റെ മനസ്സിൽ ഒരു മാപ്പിളപ്പാട്ടിന്റെ ഈണം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നെയെല്ലാം എളുപ്പം നടന്നു. ‘വിമാനത്തിലിരുന്ന് ശ്യാം ഈണം മൂളി. ഞാൻ വരികളും. രസകരമായിരുന്നു ആ യാത്ര.’ - ബിച്ചുവിന്റെ ഓർമ്മ. ‘ചെന്നൈയിൽ ലാൻഡ് ചെയ്യുമ്പോഴേക്കും പാട്ട് തയ്യാർ. പിറ്റേന്ന് കാലത്ത് യേശുദാസിന്റെ ശബ്ദത്തിൽ അത് റെക്കോർഡ് ചെയ്യപ്പെട്ടു.’ പിന്നീടുള്ളത് ചരിത്രമാണ്. കുതിരവട്ടം പപ്പുവിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അങ്ങാടിയിലെ അബു. പപ്പുവിന്റെ മികച്ച അഭിനയം കൂടിയുണ്ട് "പാവാട വേണം" എളുപ്പം ജനപ്രിയമായി മാറിയതിന് പിന്നിൽ. പിൽക്കാലത്ത് മാപ്പിളപ്പാട്ട് ശൈലിയിലുള്ള നിരവധി മനോഹര ഗാനങ്ങൾ മലയാളികൾക്ക് സൃഷ്ടിച്ചു നൽകി ശ്യാം. മാനത്തെ ഹൂറി പോലെ (ഈനാട്), പരിമളക്കുളിർ (നായാട്ട്), മൈലാഞ്ചി ചൊടികളിൽ (അങ്ങാടിക്കപ്പുറത്ത്), പൂന്തട്ടം പൊങ്ങുമ്പോൾ (ജോൺ ജാഫർ ജനാർദ്ദനൻ) എന്നിവ ഉദാഹരണം. ‘അങ്ങാടി’യിലെ ‘കന്നിപ്പളുങ്കേ പൊന്നും കിനാവേ’ എന്ന പാട്ടിനു പിന്നിലുമുണ്ടൊരു കഥ. ഒപ്പനപ്പാട്ടാണ്. അത്തരം പാട്ടുകൾ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളുടെ കാര്യത്തിൽ സൂക്ഷ്മത വേണം. അറബിമലയാളത്തെക്കുറിച്ച് നല്ല ധാരണയുണ്ടെങ്കിലേ ആ ദൗത്യം വിജയിപ്പിക്കാനാകൂ. ‘അക്കാര്യത്തിൽ എന്നെ സഹായിച്ചത് പ്രശസ്ത എഴുത്തുകാരൻ യു.എ.ഖാദറാണ്.’ - ബിച്ചുവിന്റെ ഓർമ്മ. ‘കൊച്ചിയിൽ വെച്ച് ഖാദർ സാഹിബിനെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ ചെന്ന് കണ്ടു. മുസ്ലിം വധുവിന്റെ ആടയാഭരണങ്ങളെക്കുറിച്ച് ഒരു ധാരണ തന്നത് അദ്ദേഹമാണ്. ആ വാക്കുകളെല്ലാം ഞാൻ ശ്രദ്ധയോടെ എഴുതിയെടുക്കുകയും ചെയ്തു. തിരിച്ചു മുറിയിൽ വന്നപ്പോഴാണ് ഒരു കാര്യം ഓർത്തത്. ആഭരണങ്ങളുടെ പേരുകൾ കിട്ടിയെങ്കിലും അതൊക്കെ എവിടെ, എങ്ങനെ അണിയണം എന്നതിനെക്കുറിച്ച് പിടിയില്ല. പിന്നെ സമയം പാഴാക്കിയില്ല. നേരെ റെയിൽവേ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു. ഖാദർ സാഹിബ് കോഴിക്കോട്ടേക്കുള്ള വണ്ടിയിൽ കയറിയിരുന്നിരുന്നു അപ്പോഴേക്കും. വണ്ടി പുറപ്പെടാൻ ഏതാനും നിമിഷങ്ങൾ മാത്രം. ഭാഗ്യവശാൽ, ഉള്ള സമയം കൊണ്ട് അദ്ദേഹത്തിൽ നിന്ന് എനിക്കാവശ്യമുള്ള വിവരങ്ങൾ സംഘടിപ്പിക്കാനായി. ഇല്ലെങ്കിൽ ശരിക്കും കുഴങ്ങിപ്പോയേനെ.’ ‘കാതിൽ തുലുങ്കിയും കുഞ്ഞിയലുക്കത്തും കയ്യിൽ കടകനും തോടയും കൊമ്പനും മിന്നിയും മാട്ടിയും നെറ്റിക്കുറിയുമിട്ടംഗനമാരുടെ ഒപ്പന കേൾക്കുവാൻ പൊന്നിൽ കുളിച്ചു നീ വന്നതല്ലേ’ എന്നൊക്കെ ധൈര്യപൂർവം എഴുതാനായത് ഖാദറിന്റെ അവസരോചിതമായ സഹായത്താലാണെന്ന് ബിച്ചു. സുശീലയും സംഘവും പാടിയ ആ ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഒപ്പനപ്പാട്ടുകളിൽ ഒന്നായി മാറി. ‘ബിച്ചുവില്ലാതെ എന്റെ സിനിമാജീവിതം പൂർണ്ണമാവില്ല.’ - ശ്യാമിന്റെ വാക്കുകൾ. എല്ലാ പിറന്നാളിനും ബിച്ചുവിനെ ഓർക്കും. ഒരിക്കലും വരാത്ത ആ ഫോൺ കോളിനായി കാത്തിരിക്കും; വെറുതെ എന്നറിഞ്ഞുകൊണ്ടുതന്നെ. അഞ്ചു വർഷം മുൻപൊരു നവംബർ 26 നായിരുന്നു ബിച്ചുവിന്റെ വിയോഗം. Content Highlights: On the occasion of legendary composer Shyam's 90th birthday, he reminisces about the challenging yet magical creation of the evergreen song "Pavada Venam" from the movie Angadi alongside lyricist Bichu Thirumala. Published: 21 Mar 2026, 10:22 am IST ABOUT THE AUTHOR Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ആകാശത്ത് പിറന്നുവീണ പാട്ടാണത്, അതുകൊണ്ടാവാം പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് അത് പറന്നുയർന്നത്’
M
MathrubhumiSource Link
about 2 months ago