ലഹോർ: യുദ്ധം അവസാനിപ്പിക്കുന്നകാര്യത്തിലുള്ള അഴിയാക്കുരുക്ക് അഴിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ബഹുതല നിർദേശം യു.എസിനുമുൻപിൽവെച്ച് ഇറാൻ. സംഘർഷം അടിയന്തരമായി പരിഹരിക്കുക, ആണവപദ്ധതി ഉൾപ്പെടെയുള്ള സങ്കീർണമായ ദീർഘകാല തർക്കങ്ങൾ പിന്നീടുപരിഗണിക്കുക എന്നതാണ് ഇറാന്റെ പുതിയ 14-ഇന സമാധാനനിർദേശത്തിലുള്ളതെന്ന് ‘പി.ടി.ഐ.’ റിപ്പോർട്ടുചെയ്തു. 30 ദിവസംകൊണ്ട് നടപ്പാക്കത്തക്ക വിധത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. To advertise here, ഹോർമുസ് കടലിടുക്കിലും സമീപത്തുമുള്ള സംഘർഷത്തിന് ഇളവുവരുത്താനുള്ള സന്നദ്ധത ഇറാൻ അറിയിച്ചിട്ടുണ്ട്. ഇതിനുപകരം ഹോർമുസിൽ യു.എസ്. ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധത്തിൽ ഇളവുണ്ടാകണം, ഇറാന്റെ എണ്ണക്കയറ്റുമതിയെ ബാധിക്കുന്ന നിയന്ത്രണങ്ങൾ നീക്കണം എന്നതാണ് ആവശ്യം. നിർണായകചർച്ചകളിലേക്കു കടക്കുംമുൻപ് ഇരുപക്ഷവും പരസ്പരവിശ്വാസം വളർത്തുകയാണ് ആദ്യഘട്ടത്തിൽ ചെയ്യേണ്ടത് എന്നാണ് ഇറാൻ കരുതുന്നതെന്നാണ് വിലയിരുത്തൽ. ഹോർമുസ് വഴിയുള്ള വ്യാപാരം, എണ്ണക്കടത്ത് എന്നിവയെ ആണവചർച്ചകളുമായി ബന്ധപ്പെടുത്തരുത് എന്നാണ് ഇറാന്റെ വാദം. സാമ്പത്തികപ്രശ്നങ്ങൾ സാധാരണനിലയിലാക്കിയശേഷം ആണവപദ്ധതിസംബന്ധിച്ച ചർച്ചയാകാം എന്നാണ് അവരുടെ പക്ഷം. അതേസമയം, സമാധാനപരമായ ആവശ്യത്തിന് ആണവോർജം ഉപയോഗിക്കാൻ അവകാശമുണ്ട് എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ. എന്നാൽ, സമ്പുഷ്ട യുറേനിയത്തിന്റെ പരിധിയെക്കുറിച്ച് ചർച്ചനടത്താൻ തയ്യാറാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ഉപരോധങ്ങൾ നീക്കും എന്ന ഉറപ്പുണ്ടെങ്കിലേ ഇതിനു തയ്യാറാകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ചട്ടക്കൂടിൽനിന്നുകൊണ്ടുള്ള തങ്ങളുടെ ആണവാവകാശങ്ങൾ ഔദ്യോഗികമായി അംഗീകരിക്കണം എന്ന ആവശ്യവും ഇറാനുണ്ട്. ഭാവിയിൽ ഇറാനുനേരേ സൈനികനടപടിയുണ്ടാവില്ല എന്ന ഉറപ്പും 14-ഇന നിർദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഇറാന്റെ നിർദേശങ്ങളിൽ തൃപ്തിയില്ലെന്നാണ് ട്രംപ് അറിയിച്ചത്. തനിക്ക് യോജിക്കാൻ പറ്റാത്തകാര്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നതെന്ന് ശനിയാഴ്ച അദ്ദേഹം പറഞ്ഞു. ഇറാൻ ആണവശക്തിയാകുന്നത് തടയുന്നതിനുള്ള വ്യക്തമായ നിർദേശങ്ങളില്ലാത്ത ഒരു കരാറും ട്രംപ് അംഗീകരിക്കാൻ സാധ്യതയില്ല എന്നാണ് കരുതുന്നത്. അതിനിടെ, മോശം കരാറിലെത്തുകയോ, ദുഷ്കരമായ സൈനികനടപടിയിൽ ഏർപ്പെടുകയോ ആണ് യു.എസിനുമുൻപിലുള്ള വഴിയെന്ന് ഇറാന്റെ റെവലൂഷണറി ഗാർഡ്സ് ഞായറാഴ്ച പറഞ്ഞു. അതേസമയം, ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാനും ആണവായുധപദ്ധതി ഉപേക്ഷിക്കാനും ജർമൻ വിദേശകാര്യമന്ത്രി യൊഹാൻ വേഡ്ഫുൾ ഇറാനോട് ആവശ്യപ്പെട്ടു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ ഞായറാഴ്ച ഫോണിൽവിളിച്ചാണ് ഈ ആവശ്യമുന്നയിച്ചത്. ഉപരോധം മറികടന്ന് ഇറാന്റെ എണ്ണക്കപ്പൽ ജക്കാർത്ത: യു.എസ്. നാവികസേനയുടെ ഉപരോധം മറികടന്ന് നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ വലിയ ഒരു എണ്ണക്കപ്പൽ (വെരി ലാർജ് ക്രൂഡ് കാരിയർ) ഏഷ്യാ-പസഫിക് മേഖലയിൽ എത്തി. ‘ഹ്യൂജ്’ എന്നു പേരുള്ള എണ്ണക്കപ്പലാണ് ഉപരോധം മറികടന്നതെന്ന് ‘ടാങ്കർട്രാക്കേഴ്സ് ഡോട് കോം’ പറഞ്ഞു. 22 കോടി ഡോളർ (2088 കോടി രൂപ) മൂല്യമുള്ള 19 ലക്ഷം വീപ്പ എണ്ണ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലാണിത്. റിയാവു ദ്വീപസമൂഹം ലക്ഷ്യമിട്ട് ഇൻഡൊനീഷ്യയിലെ ലോംബോക് കടലിടുക്കിലൂടെ പോയിക്കൊണ്ടിരിക്കുകയാണിത്. Content Highlights: Iran introduces a 14-point peace proposal to de-escalate tensions with the US., Proposed plan focuses on lifting oil export sanctions and naval blockades in Hormuz., Iran insists on separating trade/oil issues from long-term nuclear negotiations., US remains skeptical, with Trump indicating dissatisfaction with the current proposal terms., Reports confirm an Iranian crude carrier successfully bypassed US sanctions in the Asia-Pacific region. Published: 04 May 2026, 06:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ആദ്യം സാമ്പത്തികപ്രശ്നം,ശേഷംആണവ ചർച്ച’;യോജിക്കാൻ പറ്റാത്ത കാര്യമെന്ന് ട്രംപ്;അനിശ്ചിതത്വം തുടരുന്നു
M
MathrubhumiSource Link
about 3 hours ago
