കൊട്ടാരക്കര : ഉത്സവഘോഷയാത്രകളെ തീവ്ര ശബ്ദ-വെളിച്ച സംവിധാനങ്ങളാൽ പ്രകമ്പനംകൊള്ളിക്കുന്ന ഡി.ജെ. വാഹനങ്ങൾക്കെതിരേയും ശബ്ദമലിനീകരണത്തിനെതിരേയും നടപടികൾ വരുന്നു. To advertise here, ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികൾക്കു നിർദേശം നൽകി. എസെൻസ് ഗ്ലോബൽ-സൈലൻസ് ദ നോയിസ് കാംപെയ്നിന്റെ ഭാഗമായി എഴുകോൺ സ്വദേശി എ.എസ്.മനു നൽകിയ പരാതിയിലാണ് നടപടി. പരീക്ഷക്കാലത്ത് വിദ്യാർഥികളുടെ പഠനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരേ കർശന നടപടി വേണമെന്നാവശ്യപ്പെട്ടുള്ള പരാതിയിലാണ് പോലീസ് മേധാവി ഇടപെട്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർക്കും അന്വേഷണത്തിനും തുടർനടപടികൾക്കും ഡി.ജി.പി. നിർദേശം നൽകി. നിയമലംഘകരുടെ ഉച്ചഭാഷിണികളും മറ്റു ശബ്ദോപകരണങ്ങളും പിടിച്ചെടുക്കാൻ പോലീസിനും റവന്യൂ അധികാരികൾക്കും അധികാരം നൽകും. ഗുരുതരമായ നിയമലംഘനങ്ങളിൽ പരിസ്ഥിതിസംരക്ഷണ നിയമം(ഇ.പി.എ. 1986) പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. അന്യസംസ്ഥാനങ്ങളിൽനിന്ന് ഡി.ജെ. വാഹനങ്ങൾ ഉത്സവത്തിന് ഡി.ജെ. സംവിധാനമുള്ള ‘ഇടിവണ്ടി’കൾ എത്തിക്കുന്നതിൽ വലിയ മത്സരമാണു നടക്കുന്നത്. കഴിഞ്ഞ ദിവസം കൊട്ടാരക്കരയ്ക്കു സമീപം നടന്ന ക്ഷേത്രോത്സവത്തിൽ കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള ഇടിവണ്ടികളാെണത്തിയത്. എഴുകോണിൽ, ഉയർന്ന ശബ്ദസംവിധാനമുള്ള നാല് ഡി.ജെ. ലോറികൾ പിടികൂടിയെങ്കിലും പോലീസ് ഈടാക്കിയത് 1,000 രൂപ പിഴ മാത്രമാണ്. അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പുനൽകുന്ന ചട്ടം ചുമത്താത്തതിനെതിരേ ഉന്നതോദ്യോഗസ്ഥർക്കു പരാതി ലഭിച്ചിട്ടുണ്ട്. ഡി.ജെ. വാഹനങ്ങളുടെ ശബ്ദതീവ്രതയിൽ കുഴഞ്ഞുവീണ വയോധികൻ കിടപ്പിലായെന്നും പരാതിയുണ്ട്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പിനും അധികാരമുണ്ട്. എം.വി.എ. ചട്ടപ്രകാരം 10,000 രൂപ പിഴയീടാക്കാനും കഴിയും. കൊല്ലം റൂറൽ ജില്ലയിൽ ശബ്ദമലിനീകരണത്തിനെതിരേ കർശന നടപടിക്കു നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു. മഹാഗണപതി ക്ഷേത്രത്തിൽ ഡി.ജെ.യും നാസിക് ഡോളും വേണ്ടാ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രോത്സവത്തിൽ ഡി.ജെ. വാഹനങ്ങളും അപകടകരമായ ഫ്ലോട്ടുകളും അനുവദിക്കില്ലെന്ന് ഉപദേശകസമിതി തീരുമാനിച്ചു. നാസിക് ഡോൾ ഉൾപ്പെടെ അമിതശബ്ദമുണ്ടാക്കുന്ന തരത്തിലുള്ള മേളങ്ങളോ പൊതുജനങ്ങൾക്ക് ഉപദ്രവമുണ്ടാക്കുന്ന തരത്തിലുള്ള ഫ്ലോട്ടുകളോ അനുവദിക്കില്ലെന്നും ഉപദേശകസമിതി ഭാരവാഹികൾ പറഞ്ഞു.
