ബംഗാൾ പശ്ചാത്തലമാക്കി ഫാത്തി സലീം എഴുതിയ നോവലാണ് ബൊസ്തി ജീവൻ . പുസ്തകത്തെക്കുറിച്ചുള്ള ലേഖനം വായിക്കാം. To advertise here, ക ഴിഞ്ഞ ദിവസം കൽക്കട്ടയിലെ ഒരു വ്യവസായിയെ കാണാൻ പോയി. ചില ശുദ്ധഗതിക്കാരായ പൊതുപ്രവർത്തകരും പത്രപ്രവർത്തകരും തിരെഞ്ഞടുപ്പുകളെക്കുറിച്ചുള്ള 'ഇന്റലിജൻസ് റിപ്പോർട്ടുകളെ' ഗൗരവമായി എടുക്കുന്നതുപോലെ, മറ്റൊരു അന്ധവിശ്വാസമാണ് വ്യവസായികൾക്ക് കാറ്റ് ഏതു ദിക്കിലേക്കാണ് വീശുക എന്നത് പ്രവചിക്കാൻ പ്രത്യേക കഴിവ് ഉണ്ട് എന്ന്. മിക്കവരും ചെയ്യുന്നത് ചോദ്യകർത്താവ് എന്താണോ കേൾക്കുവാൻ ആഗ്രഹിക്കുന്നത് അത് തങ്ങൾക്ക് കേട് കൂടാതെ പറയുക എന്നതാണ്. ഞാൻ കണ്ട വ്യവസായി പഴയ പരിചയം കാരണം ഏകദേശം മൂന്ന് മണിക്കൂറോളം എനിക്ക് വേണ്ടി ചിലവഴിക്കാൻ കനിവ് കാണിച്ചു. അദ്ദേഹം പറഞ്ഞതിന്റെ സംക്ഷിതരൂപം: മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 294ഇൽ 250 സീറ്റും ജയിക്കും എന്നുവച്ചാൽ ഞാൻ കേൾക്കുവാൻ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം ഊഹിച്ച കാര്യം. ഇത്തരം പ്രവചനങ്ങൾ ഒരു കാതിലൂടെ കേട്ട് മറ്റേ കാതിലൂടെ പുറത്തുവിടുന്നതാണ് നല്ലത്. അദ്ദേഹം പറഞ്ഞത് ശരിയായാൽ കറക്കിക്കുത്തിയത് ശരിയായി എന്നേ അത്ഥമുള്ളൂ. അടുത്ത ശ്വാസത്തിൽ, അദ്ദേഹം മുഖ്യമന്ത്രി മമതയെ നിർദയം പരിഹസിക്കുകയും നിശിതമായി വിമർശിക്കുകയും ചെയ്തു. വളരെയധികം വായിക്കുന്ന, പല എഴുത്തുകാരുമായി സംവാദത്തിൽ ഏർപ്പെടാൻ കഴിവും താത്പ്പര്യവും ഉള്ള വ്യവസായി താൻ മതേതര വാദിയാണെന്ന് എന്നെ ഓർമിപ്പിച്ചതിനുശേഷം പ്രഖ്യാപിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല. മമതയെ പരിഹസിച്ചതും മോദിയെ ന്യായീകരിച്ചതും അദ്ദേഹത്തിന്റെ ഇൻഷുറൻസ് പോളിസി. എനിക്ക് മമതയെയോ മോദിയെയോ അവരുടെ ദ്വാരപാലകരെ പരിചയം ഇല്ലെങ്കിലും, വ്യവസായിയുടെ അഭിപ്രായം പൊടിപ്പും തൊങ്ങലും വച്ച് ആരെങ്കിലും അധികാര കേന്ദ്രങ്ങളിൽ അറിയിച്ചാൽ നേരിടാനുള്ള ഒരു സമീകരണ പൊടിക്കൈ ആണ് അദ്ദേഹം പ്രയോഗിച്ചത്. പുസ്തകത്തിന്റെ കവർ പേജ് സൂര്യന് താഴെയുള്ള മിക്ക കാര്യങ്ങളുടെയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേട്ട് ഹർഷപുളകിതനായി വീട്ടിൽ തിരിച്ചെത്തിയ എന്നെ കാത്തിരുന്നത് 'ബൊസ്തി ജീവൻ' (ചേരിയിലെ ജീവിതം) എന്ന മലയാള പുസ്തകമാണ്. തിരുവനന്തപുരത്തു വച്ച് പുസ്തകം കൈപ്പറ്റിയെങ്കിലും യാദൃച്ഛികമായി കാവ്യനീതി എന്നപോലെ കൽക്കട്ടയിൽ വച്ചാണ് വായിക്കുവാൻ തരപ്പെട്ടത്. ഇനി ഞാൻ പറയാൻ പോകുന്നത് പുസ്തക നിരൂപണമല്ല, അതിനുള്ള സാഹിത്യപരിചയമൊന്നും എനിക്കില്ല, മറിച്ച് എന്നെ പിടിച്ചുകുലുക്കിയ ഈ പുസ്തകത്തിലെ രാഷ്ട്രീയത്തെ കുറിച്ചാണ്. 'ബംഗാൾ പശ്ചാത്തലമാക്കി ഫാത്തി സലിം എഴുതിയ പുതിയ നോവൽ' എന്നാണ് ബൊസ്തി ജീവന്റെ പുറംചട്ട പറയുന്നത്. 'ഇത് മലയാളത്തിൽ എഴുതിയ ഒരു ബംഗാളി നോവലാണെന്നു പറയാം' എന്ന് ആമുഖത്തിൽ എൻ.എസ്. മാധവൻ വിവരിച്ചിട്ടുണ്ട്. 160 പേജുകളുള്ള ഈ നോവൽ വായിച്ചപ്പോൾ എനിക്ക് തോന്നിയത് കഥയും കഥാപാത്രങ്ങളും ഭാവനയിൽനിന്നും ഉപരിയായി വസ്തുതകളിൽ നിന്നും രൂപപ്പെട്ടു എന്നാണ്. തീർച്ചയായും ഈ നോവലിൽ ഫിക്ഷൻ ഉണ്ടാകും പക്ഷെ അതിനേക്കാൾ കൂടുതൽ വസ്തുതകളുണ്ട് എന്നൊരു തോന്നൽ വായിക്കുമ്പോഴും വായിച്ചതിനുശേഷവും എന്നെ അലട്ടിയിരുന്നു. ബൊസ്തി ജീവൻ ലൊലിതയുടെ (മലയാളത്തിലെ ലളിത എന്ന പേര് ബംഗ്ലയിൽ ഉച്ചരിക്കുമ്പോൾ ലൊലിത ആകുന്നു) കഥയാണ്. പൊരേഷ് ഹെലായുടെ കഥയാണ്. റൊജീബ് ശൈഖിന്റെയും, മീർ മുശാറഫിന്റെയും, ജെനാരാ ബൂവിന്റേയും, മലയാളിയായ സുബൈറിന്റെയും മകൾ സുഹാനയുടെയും കഥയാണ്. ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാകട്ടെ ഇവരെല്ലാം സ്റ്റീൽ ഫ്രെയിം ഓഫ് ഇന്ത്യ അല്ലെങ്കിൽ ഇന്ത്യയുടെ ഉരുക്കു ചട്ടക്കൂട് എന്ന് വിശഷിപ്പിക്കപ്പെടുന്ന ഭീമാകാരമായ ഐഎഎസ്, ഐപിഎസ് അധികാരത്തിന്റെ ബൂട്ടിനടിയിൽ ചവിട്ടിയരക്കപ്പെടുന്നു എന്നതാണ്. ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ (കേരളത്തിലെ കളക്ടറിനു തുല്യൻ) താക്കറെ ഹൗസ് ബംഗ്‌ളാവിൽ നാല് ശുചിമുറികൾ വൃത്തിയാക്കുകയാണ് പൊരേഷിന്റെ ജോലി. ശുചിമുറി എന്ന് മയപ്പെടുത്തി പറയേണ്ട ആവശ്യമില്ല. കക്കൂസിലെ മലത്തിന്റെയും മൂത്രത്തിന്റെയും കറകൾ ഉരച്ചുകഴുകി പരിസരം തുടച്ചുണക്കുക അതാണ് പൊരേഷിന്റെ ഉത്തരവാദിത്തം. സാഹചര്യങ്ങൾ ലോലിതയെയും പിന്നീട് അത്തരം ജോലിയിലേക്ക് എത്തിക്കുന്നുണ്ട്. അവരെ നേരിട്ടത് കറകളല്ല പബ്ലിക് ടോയ്ലെറ്റിലെ ഭീകരാവസ്ഥയാണ്. കക്കൂസ് കഴുകുന്ന പൊരേഷിന് കടുത്ത കറകൾ കഴുകിക്കളയാനുള്ള ആസിഡും തുണിയും ദ്രാവകങ്ങളും ഒക്കെ ആവശ്യമാണ്. പക്ഷെ ഇതിനേക്കാളൊക്കെ പ്രാധാന്യമുള്ളൊരു തൊഴിലുപകരണം പൊരേഷിന് ഒഴിവാക്കാനാകില്ല: കണ്ണുകൾ. ബംഗ്ലാവിലെ അന്തേവാസികളിൽ ആരുടേയും കണ്ണുകളിൽ പൊരേഷ് നോക്കാൻ പാടില്ല. ഇപ്പോഴും താഴെ നോക്കി നടക്കുന്നതാണ് സുരക്ഷ ഉറപ്പിക്കാനുള്ള വഴി. ഇവിടെ ബൊസ്തി ജീവൻ എന്ന നോവൽ മലയാളത്തിന്റെയും ബംഗ്ലയുടെയും അതിരുകൾ കടന്ന് സാർവത്രികമായ ഒരു സത്യം വിളിച്ചുപറയുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള വിധേയത്വത്തിന്റെ യൂണിവേഴ്‌സൽ സിംബൽ: നിഷിദ്ധമായ നേത്രസമ്പർക്കം അഥവാ കണ്ണോട്ടം അല്ലെങ്കിൽ Eye contact. അടിമത്തത്തിന്റെ കാലത്തും അതിന് ശേഷമുള്ള Jim Crow period-ലും (ഏകദേശം 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 1960-കളുവരെ), അമേരിക്കയിൽ നിലവിലുണ്ടായിരുന്ന വംശീയ ആചാരക്രമങ്ങൾ പ്രകാരം, പ്രത്യേകിച്ച് തെക്കൻ സംസ്ഥാനങ്ങളിൽ, ആഫ്രിക്കൻ അമേരിക്കക്കാർ വെള്ളക്കാരുമായി നേരിട്ട് കണ്ണോട്ടം ഒഴിവാക്കേണ്ടതുണ്ടായിരുന്നു. കറുത്തവർ നേരിട്ട് കണ്ണിൽ നോക്കുന്നത് അവമതിപ്പായും അപകടകരമായും സംശയാസ്പദമായും കണക്കാക്കിയിരുന്ന ചരിത്രപരമായ അനുസരണ പ്രതീക്ഷകളാണ് ഇത് അടയാളപ്പെടുത്തുന്നത്. ബൊസ്തി ജീവനിൽ വിവരിക്കുന്ന സംഭവങ്ങൾ നടക്കുന്നത് 1960കളിൽ അല്ല സിസിടിവിയുടെയും രേഖകൾ ഇല്ലാത്തവർക്ക് വേണ്ടി നിർമിച്ച തടങ്കൽ പാളയങ്ങൾ ഉള്ള ഇന്ത്യയിലാണ്. എല്ലാം നിരീക്ഷിക്കുന്ന സിസിടിവിയെ പൊരേഷ് വല്ലാതെ ഭയക്കുന്നുണ്ട്. നോവലിസ്റ്റ് ഫാത്തി സലിം അതിവിദഗ്ധമായി, സുഗമമായി panoptic nightmare എന്ന ആശയത്തെപറ്റി ഇവിടെ പറയാതെ പറയുകയാണ്. 'പാനോപ്റ്റിക് നൈറ്റ്മെയർ' എന്നത് വ്യക്തികൾ സ്ഥിരമായോ അല്ലെങ്കിൽ സ്ഥിരമാകാവുന്ന നിരീക്ഷണത്തിന്റെ കീഴിൽ ജീവിക്കുന്ന ഒരു ഡിസ്റ്റോപിയൻ സാഹചര്യത്തെ സൂചിപ്പിക്കുന്നു. അതീവ മാനസിക സമ്മർദവും നിയന്ത്രണം സ്വയം അന്തർലീനമാകുന്നതും ആണ് പാനോപ്റ്റിക് നൈറ്റ്മെയറിന്റെ പ്രത്യേകതകൾ. പൊരേഷ് നേരിടുന്ന വെല്ലുവിളി തന്റെ ശരീരം 'റ' പോലെ എത്രമാത്രം വളക്കാനൊക്കും എന്നതാണ്. തൊഴിൽ മാഹാത്മ്യത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരും പക്കോട വിൽക്കുന്നത് തൊഴിലാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതിനെ ശ്ലാഖിക്കുന്നവരും മറക്കുന്ന ഒരു കാര്യം ഉണ്ട്: കക്കൂസ് കഴുകുന്നവരുടെ ഉപബോധമണ്ഡലത്തിൽനിന്നും മലവും മൂത്രവും ജോലിസമയത്തിന് ശേഷം സ്വിച്ച് ഓഫാക്കിയതുപോലെ മാഞ്ഞുപോകുന്നില്ല. ചോറിൽ പരിപ്പുകറി കാണുമ്പോൾ പൊരേഷിന്റെ മനസ്സിൽ തെളിയുന്നത് ബംഗ്ലാവിലെ കുട്ടിയുടെ ഡയപ്പറിലെ മഞ്ഞ അവശിഷ്ടങ്ങൾ ആണ്. പച്ചമുളക് കടിച്ചാണ് പൊരേഷ് ഓക്കാനത്തെ നേരിടുന്നത്. അസ്തമയ സൂര്യന്റെ കിരണങ്ങൾ കാണുമ്പോൾ പൊരേഷിന്റെ പ്രേരണ സെൽഫി എടുക്കാനല്ല. മറിച്ച് തളംകെട്ടി നിന്ന മൂത്രത്തിന്റെ ഓർമയിൽ നിന്നും മോചനമില്ല എന്ന തിരിച്ചറിവാണ്. ലോലിതയുടെ സ്ഥിതി ഇതിലും പരിതാപകരമാണ്. ശരീരം വിറ്റു ജീവിക്കേണ്ടി വന്നപ്പോഴും ലോലിത ഒരു പാഠം ഓർത്തിരുന്നു: തലകുനിച്ചു നിൽക്കരുത്. നിവർന്നു നിൽക്കണം. ഒരു ഘട്ടത്തിൽ ലോലിത പൊരേഷിനെ പരിഹസിക്കുന്നുണ്ട്: 'എന്തൊരു ഭയമാണ് മനുഷ്യാ നിങ്ങൾക്ക്? നിങ്ങളവിടെ മോഷ്ടിക്കുവാനാണോ പോകുന്നത്? കക്കൂസ് കഴുകാനല്ലേ? ഇത്ര വിയർക്കാൻ എന്താണുള്ളത്? എന്നെ കണ്ട് പഠിക്ക്. സുന്ദർബന്നിലെ പെണ്ണിനെ കണ്ട് പഠിക്ക്. ജോലേർ കുമിർ, ഡാംഗാ ബാഗ്. വെള്ളത്തിൽ മുതലയും കരയിൽ കടുവയുമുള്ള നാട്ടിലെ പെണ്ണ്. പക്ഷെ കൽക്കട്ടയിലെ ചുവന്ന തെരുവായ സോനാഗാച്ചിയിൽ പരിരക്ഷിക്കപെട്ട ആ കരുത്ത് ലോലിതക്കു സബ് ഡിവിഷണൽ പോലീസ് ഓഫീസറുടെ (SDPO) ബംഗ്ലാവിൽ വച്ച് നഷ്ടപ്പെടുന്നു. ഇടനിലക്കാരൻ ലോലിതയോട് നിർദേശിക്കുന്നുണ്ട്: 'മേംസാഹിബിനെയും സാഹിബിനേയും ഒക്കെ കാണുമ്പോൾ ശരീരം ഇതുപോലെ തള്ളിപ്പിടിച്ച് നിൽക്കരുത്.... ഒന്ന് ഒതുങ്ങി മാറി നിൽക്കണം. റോഡിൽ വാഹനങ്ങൾ ഇടിക്കാതിരിക്കാൻ നമ്മൾ മാറിനിൽക്കാറില്ലേ? അതുപോലെ.' വേട്ടമൃഗങ്ങളുടെ കവചകുണ്ഡലങ്ങളാണിവ: താഴത്തേക്കു നോട്ടം, 'റ' പോലെ വളഞ്ഞുനിൽക്കൽ, ഒതുങ്ങിമാറി നടത്തം. വിധേയത്വത്തിന്റെ കൊടുമുടിയിലെത്തുമ്പോൾ അറപ്പ് ആനന്ദമായി മാറുന്ന ഭീകരാവസ്ഥയും നോവലിൽ വിഷയമാവുന്നുണ്ട്. മറ്റുചിലരെ കക്കൂസ് കഴുകുവാന് പരീക്ഷിച്ച് തൃപ്തിവരാതെ ബംഗ്ലാവിലേക്ക് പരോഷിനെ തിരിച്ചു വിളിക്കുന്നുണ്ട്. തനിക്ക് പകരക്കാരനില്ല എന്ന് തിരിച്ചറിയുമ്പോൾ, മാനുഷികമായ യാതൊരു പരിഗണനയും ലഭിക്കാതെ നിസ്സഹായതയിലേക്ക് കൂപ്പുകുത്തുകയും വഞ്ചകന്റെ പരിവേഷം അണിയുകയും ചെയ്ത പൊരേഷ് അതുവരെ അറപ്പനുഭവിച്ചരുന്ന തന്റെ തൊഴിലിൽ ആനന്ദം കണ്ടെത്തുന്നുണ്ട്. മാൻഹോളുകളും മലിനജല ചാലുകളും വൃത്തിയാക്കാൻ (പൊരേഷിന് അങ്ങനെ ഒരു പശ്ചാത്തലവും ഉണ്ട്) സ്തുത്യർഹമായ രീതിയിൽ കേരളത്തിലും മറ്റുചിലയിടങ്ങളിലും റോബോട്ടുകളെ വിന്യസിക്കപ്പെടുന്നത് മറന്നുകൊണ്ടല്ല നേരത്തെ പറഞ്ഞ കാര്യങ്ങൾ ഇവിടെ പരാമർശിച്ചത്. അധികാരകേന്ദ്രങ്ങൾക്ക് മുന്നിൽ പാറാവുകാരനും അടുക്കള ജോലിക്കാരും ഡെലിവറി നടത്തുന്നവരും മാളിലെ ക്ലീനറും എല്ലാം പോരോഷിന്റെ വകഭേദങ്ങളാണ്. റോബോട്ടുകൾക്ക് ലഭിക്കുന്ന പരിരക്ഷയും അംഗീകാരവും ബഹുമാനവും ഈ Gig workers എന്നോമനപ്പേരിട്ട് വിളിക്കുന്ന ജനാവലിക്ക് ഇന്നും അന്യമാണ്. ഈ നോവലെഴുതിയ മലയാളിയായ ഫാത്തി സലിം ബംഗാളിൽ അറിയപ്പെടുന്ന ഐഎഎസ് ഓഫീസറായ മൂവാറ്റുപുഴക്കാരനായ പി.ബി. സലീമിന്റെ ഭാര്യ കൂടി ആണ്. അതുകൊണ്ടുതന്നെ ചില സിവിൽ സർവീസ് ബംഗ്ലാവുകളിൽ നടന്നിരിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് ആധികാരികമായും കൃത്രിമം ഇല്ലാതെയും എഴുതുവാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. നേരിട്ട് കേട്ടറിഞ്ഞു വിശ്വാസയോഗ്യമാണ് എന്നുറപ്പിച്ചാൽ മാത്രമേ ഇത്ര വ്യക്തതയോടെ, ഇത്ര തീക്ഷ്ണതയോടെ എഴുതുവാൻ കഴിയുകയുള്ളൂ എന്ന് ഞാൻ കരുതുന്നു. എൻ.എസ്. മാധവൻ എഴുതിയതുപോലെ 'അയത്‌നലളിതമായി കഥ പറയാനുള്ള ഫാത്തി സലീമിന്റെ കഴിവ് വിളിച്ചുപറയുകയാണ്... ഓരോ പുറവും.' ഇതൊരു രാഷ്ട്രീയ കൃതി തന്നെയായിട്ടാണ് എനിക്കനുഭവപ്പെട്ടത്. രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, നോവലിലെ പല പേജുകളിലും ഇന്നത്തെ ഇന്ത്യ കടന്നുവരുന്ന പ്രതീതി ജനിപ്പിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ഞാൻ കണ്ട വ്യവസായിയും ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പുകളുമായി ബൊസ്തി ജീവൻ എന്ന നോവലിന് എന്താണ് ബന്ധം? മമതയോടുള്ള പരിഹാസം നിറഞ്ഞ, മോദിയുടെ ഭരണഘടനാബഹുമാനത്തെ ശ്ലാഖിച്ച, സൂര്യനുകീഴിലുള്ള മിക്ക വിഷയങ്ങളും പരാമർശിക്കപ്പെട്ട ആ സംഭാഷണത്തിൽ ലോലിതക്കോ, പൊരേഷ് ഹെലാക്കോ, റൊജീബ് ശൈഖിനോ, മീർ മുശാറഫിനോ, ജെനാരാ ബൂവിനോ, സുബൈറിനോ സുഹാനക്കോ ഒരിടവും ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ് ബന്ധം. ബംഗാളിൽ എന്ന് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് ഇവരെ ചേർത്തുപിടിക്കാൻ കഴിയുന്നത് എന്ന്, അവരത് വേണ്ട രീതിയിൽ ചെയ്യുന്നുണ്ടോ എന്നതും അവഗണിക്കാൻ പറ്റാത്ത ചോദ്യമാണ്. മമതയെ പരിഹസിക്കുന്നവർ ഓർക്കുന്നുണ്ടോ എന്നറിയില്ല.

‘ഇതൊരു രാഷ്ട്രീയ കൃതിയാണ്’; മമതയെ പരിഹസിച്ച വ്യവസായിയും ‘ബൊസ്തി ജീവനി’ലെ ലോലിതയും പോരോഷും
M
MathrubhumiSource Link
about 1 month ago