‘ഇത്രനാൾ രാഷ്ട്രീയം നോക്കി, ഇനി വികസനം നോക്കും; മരണവും കല്യാണവും കൂടുന്നതല്ല രാഷ്ട്രീയം’

‘ഇത്രനാൾ രാഷ്ട്രീയം നോക്കി, ഇനി വികസനം നോക്കും; മരണവും കല്യാണവും കൂടുന്നതല്ല രാഷ്ട്രീയം’

M
MathrubhumiSource Link
തിരുവനന്തപുരം: വോട്ടർമാരുടെ മനസ്സ് വോട്ടിങ് മെഷീനിൽ അമരാൻ ഇനി മൂന്നുനാൾ മാത്രം. ചിലർക്ക് നിലവിലെ അന്തരീക്ഷം നിലനിന്നാൽ മതി എന്നാണ്. മറ്റു ചിലർക്ക് മാറ്റം ഉണ്ടായേ പറ്റൂ എന്നാണ് നിലപാട്. ചിലർ രാഷ്ട്രീയം മാത്രം നോക്കി സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോൾ ചിലർ വികസനം നോക്കിയാണ് വോട്ട് കുത്തുക. വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ മനസ്സുതേടി മാതൃഭൂമി നടത്തിയ യാത്ര. To advertise here, അക്കരെയിക്കരെ വോട്ടുവള്ളം... തിരുവനന്തപുരം: കരമനയാറിന് ഇപ്പുറം ബി.ജെ.പി.യുടെ അഭിലാഷ് ജയിച്ച എസ്‌റ്റേറ്റ് വാർഡ്. അപ്പുറം സി.പി.എമ്മിന്റെ ഗോപകുമാറിനെ വിജയിപ്പിച്ച മുടവൻമുഗൾ വാർഡ്. രണ്ടു വാർഡുകളെയും ബന്ധിപ്പിച്ച് മലമേൽക്കുന്ന് പാലം ഉദ്ഘാടനം ചെയ്തത് കഴിഞ്ഞമാസമാണ്. കാലങ്ങളായി ഇന്നാട്ടുകാർക്ക് ആശ്രയമായിരുന്ന കടത്തുവള്ളം പെൻഷൻ പറ്റിയതുപോലെ കടവിൽ വിശ്രമിക്കുന്നു. വളഞ്ഞു ചുറ്റിയുള്ള യാത്ര ഒഴിവാക്കിയ ഈ പാലം ഇവിടത്തെ ബൂത്തുകളിൽ വോട്ടായി മാറുമോ? വളച്ചുകെട്ടാതെതന്നെ നേമത്തെ നാട്ടുകാർ പറയുന്നു- ‘ഇക്കുറി മത്സരം ടൈറ്റാണ്..!’ ''എനിക്കിപ്പോൾ 37 വയസ്സായി. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾമുതൽ കേൾക്കുന്നതാണ് ഇവിടെ പാലം വരുമെന്നും ചുറ്റിയുള്ള യാത്ര അവസാനിക്കുമെന്നും. ഇപ്പോൾ എനിക്ക് കുട്ടികളായപ്പോഴാണ് പാലം വന്നത്''- സത്യൻനഗർ സ്വദേശി ദീപു പറഞ്ഞു. 'വികസനത്തിനാണ് എന്റെ വോട്ട്'. ആദ്യമായി ബി.ജെ.പി.ക്ക്‌ നേമം മണ്ഡലത്തിൽ എം.എൽ.എ.യെ കിട്ടിയിട്ടും വികസനത്തിന് ഒന്നും ചെയ്തില്ലെന്നും ദീപുവും വിനോദും ശശിയും ഒരേ സ്വരത്തിൽ പറഞ്ഞു. പൂജപ്പുര മുടവൻമുകളിലെ മലമേൽക്കുന്നിൽ തിരഞ്ഞെടുപ്പ് ചർച്ചയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ/ മാതൃഭൂമി പക്ഷേ അങ്ങനെയല്ല, ഒ. രാജഗോപാലിന്റെ കാലത്താണ് നേമത്ത് ഏറെ വികസനങ്ങൾ ഉണ്ടായതെന്ന് മുടവൻമുഗൾ സ്വദേശി സുരേഷ് തിരിച്ചടിച്ചു. മൂന്നു മുന്നണികളും ശക്തരായ സ്ഥാനാർഥികളെ അണിനിരത്തുന്ന നേമത്ത് വികസന ചർച്ചകൾക്കൊപ്പം കടുത്ത രാഷ്ട്രീയവും വിജയഘടകമാകുമെന്ന് വോട്ടർമാർ ഉറപ്പിച്ചു പറഞ്ഞു. 'ആരു വന്നാലും ജനത്തിന് നല്ലത് ചെയ്യണമെന്നുമാത്രം'- രഘു പറയുന്നു. ‘ഇത്രനാൾ രാഷ്ട്രീയം നോക്കി; ഇനി വികസനം നോക്കും’ തിരുവനന്തപുരം: 'ഇത്രനാൾ രാഷ്ട്രീയം നോക്കി വോട്ട് ചെയ്്തു. ഇനി പക്ഷേ വികസനം നോക്കി മാത്രമേ വോട്ട് കുത്തൂ'- തിരുമല സ്വദേശി അബുവും ബീമാപള്ളി സ്വദേശി മാഹീനും ഒരേ സ്വരത്തിൽ പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടറായ രമ്യയും നേമത്ത് വോട്ടുള്ള ബീനയും പക്ഷേ മറിച്ചാണ് പറയുന്നത്- ''ഞങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അതുകൊണ്ടുതന്നെ വോട്ടും നൂറുശതമാനം രാഷ്ട്രീയം നോക്കിയാണ്''. കനകക്കുന്ന്‌ വളപ്പിലെ തണലിടത്തിൽ അവധിദിനം കൂടാനെത്തിയ ഈ കുടുംബസുഹൃത്തുക്കളുടെ സംഘത്തിൽ പലർക്കും തിരഞ്ഞെടുപ്പിനെക്കുറിച്ച് പലതാണ് കാഴ്ചപ്പാട്. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരും കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരും ബി.ജെ.പി. അനുഭാവമുള്ളവരുമുണ്ട് ഇക്കൂട്ടത്തിൽ. രാഷ്ട്രീയപാർട്ടികളുടെ ബഹളവും വോട്ടുതേടലുമൊക്കെ കാണുന്നുണ്ടെങ്കിലും ആത്മാർഥമായി മാറ്റം കൊണ്ടുവരുമെന്ന് ഉറപ്പുള്ളവർക്കേ തങ്ങൾ വോട്ടു ചെയ്യൂ എന്നാണ് ഈ സംഘത്തിലെ ഭൂരിപക്ഷ അഭിപ്രായം. ഈ നാട് എന്നും ഇങ്ങനെ കിടന്നാൽ മതിയോ? വികസനത്തിനൊപ്പം പുതുതലമുറയുടെ ജീവിതം മെച്ചപ്പെടുത്താനും പുത്തൻ അവസരങ്ങൾ എത്തിക്കാനും ജനപ്രതിനിധികൾക്ക് കഴിയണം എന്ന അഭിപ്രായം ഇവർക്ക് രാഷ്ട്രീയാതീതമായി പറയുന്നു. മരണവും കല്യാണവും കൂടുന്നതല്ല രാഷ്ട്രീയം തിരുവനന്തപുരം: വികസനത്തിനായി ഒന്നും ചെയ്യാതെ മരണവീടുകളിലും കല്യാണസ്ഥലങ്ങളിലും ഓടിയെത്തി സാന്നിധ്യമറിയിക്കുന്ന പഴയ രീതി ഇനി അംഗീകരിക്കില്ല എന്നാണ് കോവളം മണ്ഡലത്തിലെ ചില വോട്ടർമാർ അറുത്തുമുറിച്ചു പറയുന്നത്. രാകേഷ്, അനൂപ്, സുരേഷ്, നിസാർ, സുരേന്ദ്രൻ തുടങ്ങി നാട്ടുകാർ വെള്ളായണി ക്ഷേത്രത്തിനു മുന്നിലെ കളിത്തട്ടിൽ വിശ്രമിക്കുമ്പോഴും ചർച്ച രാഷ്ട്രീയംതന്നെ. തിരഞ്ഞെടുപ്പ് ദിനം അടുത്തതോടെ ഇവർ നിലപാടുകൾ തുറന്നുപറയുന്നു. നാട് നന്നാവട്ടെ. വികസനം വന്നിട്ടുണ്ടോ ഇല്ലയോ എന്ന്‌ വിലയിരുത്താൻ ജനത്തിന് ഇപ്പോൾ കൃത്യമായ വിവേകമുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയം മാത്രമാവില്ല ഈ മണ്ഡലത്തിൽ വിജയിയെ നിശ്ചയിക്കുക. 'തനിക്ക്‌ 67 വയസ്സായി. ഇപ്പോഴും ജോലി ചെയ്താണ് ജീവിക്കുന്നത്. വയോജനങ്ങൾക്കായി എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുള്ളവർക്കാണ് ഇക്കുറി വോട്ട്'- നിസാർ പറഞ്ഞു. കനകക്കുന്നിൽ തിരഞ്ഞെടുപ്പു ചർച്ചയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ/ മാതൃഭൂമി ‘ഞങ്ങളുടെ കാര്യം പോട്ടേ, പുതുതലമുറയ്ക്ക് വേണ്ടത് ചെയ്യണം’ തിരുവനന്തപുരം: 'ഞങ്ങൾ പ്രായമായവരുടെ കാര്യം വിട്ടേക്കൂ. വളർന്നുവരുന്ന ഞങ്ങളുടെ കുട്ടികളുടെ കാര്യമാണ് പ്രധാനം'- ജില്ലയിലെ കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ഒരേ സ്വരത്തിൽ പറയുന്നു. കനകക്കുന്ന് വളപ്പിൽ എല്ലാ മാസവും ഒത്തുകൂടാറുള്ള ഈ സംഘത്തിന്റെ ഇപ്പോഴത്തെ ചർച്ചാവിഷയം തിരഞ്ഞെടുപ്പാണ്. പുതുതലമുറയ്ക്ക് നന്നായി ജീവിക്കാൻ അവസരമുണ്ടാകണം. ബാങ്ക് ജീവനക്കാരായിരുന്നതിനാൽ അവരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ടിട്ടുണ്ട്. ചെറിയൊരു ലോണെടുത്താൽപോലും തിരിച്ചടയ്ക്കാൻ കഴിയാത്ത ചെറുപ്പക്കാരുടെ അവസ്ഥകണ്ട് വിഷമം തോന്നിയിട്ടുണ്ട്. ഇക്കാര്യം മനസ്സിൽ വെച്ചുകൊണ്ടായിരിക്കും പോളിങ് ബൂത്തിലേക്കു പോവുക- റിട്ടയർമെന്റ് ജീവിതത്തിലും സമൂഹത്തെ സൂക്ഷ്മമായി നോക്കിക്കാണുന്ന കൂട്ടത്തിലൊരാൾ പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ടുള്ള ഒരാൾ പറഞ്ഞു- മണ്ഡലം പ്രവചനാതീതമാണ്. ഇടതു-വലതു സ്ഥാനാർഥികൾ ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്നവരാണ്. ബി.ജെ.പി.ക്കാണെങ്കിൽ ഏറെ വിദ്യാഭ്യാസമുള്ള സ്ഥാനാർഥിയാണ് വോട്ടുതേടുന്നത്. വോട്ട് ആർക്കെന്ന് തീരുമാനിച്ചിട്ടുണ്ട്. ചെറുപ്പക്കാർ ജയിച്ചുവരണമെന്ന അഭിപ്രായമാണ് മറ്റൊരാൾ പങ്കുവെച്ചത്. വികസനം വേണമെങ്കിൽ ചെറുപ്പക്കാർ വരണം. 80 വയസ്സൊക്കെ കഴിഞ്ഞവർ മത്സരിക്കുന്നതുതന്നെ ശരിയല്ല. നമ്മുടെ പണംകൊണ്ട് അവർ വിദേശങ്ങളിൽപോയി ചികിത്സ നടത്തും. പേനയെടുത്ത് ഒപ്പിടാൻപോലും കഴിയാതെ വാർധക്യം ബാധിച്ചവർക്ക് വോട്ടില്ല. ചെറുപ്പക്കാർ വരട്ടേ- ശക്തമായ ഭാഷയിൽ ഒരാൾ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇത്രനാൾ രാഷ്ട്രീയം നോക്കി, ഇനി വികസനം നോക്കും; മരണവും കല്യ… | Boolokam