വാഷിംഗ്ടൺ: ആറാഴ്ച നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. To advertise here, ആണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ തയ്യാറായതായി ട്രംപ് അവകാശപ്പെട്ടു. ‘അവർ ന്യൂക്ലിയർ ഡസ്റ്റ് തിരികെ നൽകാൻ സമ്മതിച്ചിട്ടുണ്ട്’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികൾ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനും സൗജന്യമായി എണ്ണ നൽകാനുമുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. സമാധാന കരാർ യാഥാർഥ്യമായാൽ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് അത് ഒപ്പിട്ടേക്കുമെന്നും താൻ അതിൽ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനുള്ളിൽ തന്നെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇറാൻ ഈ കരാർ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ വിഷയത്തിന് പുറമെ, മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായതായും ട്രംപ് പ്രഖ്യാപിച്ചു. ന്യൂയോർക്ക് സമയം വൈകുന്നേരം 5 മണിക്ക് ഇത് നിലവിൽ വരുമെന്നും മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർക്ക് നിർദ്ദേശം നൽകിയതായും ട്രംപ് അറിയിച്ചു.

‘ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നു’; സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായി ട്രംപ്
M
MathrubhumiSource Link
23 days ago