കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിനെതിരേ രൂക്ഷ പ്രതികരണവുമായി അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ. ഇസ്രയേലും പാകിസ്താൻ ഭരണകൂടവും തമ്മിൽ എന്താണ് വ്യത്യാസമെന്ന് അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഇതൊരു യുദ്ധക്കുറ്റമാണെന്ന് റാഷിദ് ഖാനും ചികിത്സ തേടിയെത്തിയ യുവാക്കളെ പാകിസ്താൻ സൈനിക ഭരണകൂടം ബോംബിട്ട് കൊന്നുവെന്ന് അഫ്ഗാൻ താരം മുഹമ്മദ് നബിയും പ്രതികരിച്ചു. To advertise here, കാബൂളിലെ ലഹരിവിമുക്തി കേന്ദ്രമായ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായാണ് താലിബാൻ ഭരണകൂടം അറിയിക്കുന്നത്. ആക്രമണത്തിൽ 250 ഓളം പേർക്ക് പരിക്കേറ്റതായും ആശുപത്രി കെട്ടിടം പൂർണ്ണമായും തകർന്നതായും താലിബാൻ വക്താവ് ഹംദുള്ള ഫിത്രത്ത് വ്യക്തമാക്കി. "കാബൂളിലെ പാകിസ്താൻ വ്യോമാക്രമണത്തിൽ സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ഞാൻ അഗാധമായി ദുഃഖിതനാണ്. സാധാരണക്കാരുടെ വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയെ ലക്ഷ്യമിടുന്നത് ബോധപൂർവ്വമോ അല്ലാതെയോ ഒരു യുദ്ധക്കുറ്റമാണ്"- റാഷിദ് ഖാൻ എക്സിൽ കുറിച്ചു. പരിശുദ്ധ റമദാൻ മാസത്തിൽ പോലും മനുഷ്യജീവിതങ്ങളോടുള്ള ഈ കടുത്ത അവഗണന അതീവ ഗുരുതരമാണെന്നും ഇത് വിഭാഗീയതയും വിദ്വേഷവും വർധിപ്പിക്കുമെന്നും റാഷിദ് കുറിച്ചു. ഈ ക്രൂരതയെക്കുറിച്ച് വിശദമായി അന്വേഷിക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഐക്യരാഷ്ട്രസഭയോടും മറ്റ് മനുഷ്യാവകാശ ഏജൻസികളോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഈ വിഷമഘട്ടത്തിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങളോടൊപ്പം ഞാൻ നിൽക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ ഞങ്ങൾ ഉയിർത്തെഴുന്നേൽക്കും. - റാഷിദ് കുറിച്ചു. "ഇന്ന് രാത്രി കാബൂളിൽ, ഒരു ആശുപത്രിയിൽ പ്രതീക്ഷകൾ കെടുത്തിക്കളഞ്ഞു. ചികിത്സ തേടിയെത്തിയ യുവാക്കളെ പാകിസ്താൻ സൈനിക ഭരണകൂടം ബോംബിട്ട് കൊന്നു. അമ്മമാർ ഗേറ്റുകളിൽ കാത്തുനിന്നു, മക്കളുടെ പേരുകൾ വിളിച്ച്. റമദാനിലെ 28-ാം രാത്രിയിൽ അവരുടെ ജീവിതം അവസാനിപ്പിച്ചു."- മുൻ ക്യാപ്റ്റൻ മുഹമ്മദ് നബി പ്രതികരിച്ചു. ആക്രമണം നടക്കുമ്പോൾ ഏകദേശം 3,000 ഓളം അന്തേവാസികൾ ഈ കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്നു എന്നാണ് വിവരം. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തീ അണയ്ക്കാൻ അഗ്നിശമനസേനാംഗങ്ങൾ പണിപ്പെടുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, ആശുപത്രിയോ സിവിലിയൻ കേന്ദ്രങ്ങളോ ലക്ഷ്യം വെച്ചിട്ടില്ലെന്ന് പാകിസ്താൻ വാദിച്ചു. കാബൂളിലും നംഗർഹാറിലും നടത്തിയ ആക്രമണങ്ങളിൽ താലിബാൻ്റെയും മറ്റ് തീവ്രവാദികളുടെയും സൈനിക താവളങ്ങളും സാങ്കേതിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളും ആയുധപ്പുരകളും മാത്രമാണ് തകർത്തതെന്ന് പാകിസ്താൻ പ്രസ്താവനയിൽ അറിയിച്ചു. പാകിസ്താനിലെ നിരപരാധികൾക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന സൗകര്യങ്ങളാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നും, ആശുപത്രി ആക്രമിച്ചു എന്ന അവകാശവാദം അതിർത്തി കടന്നുള്ള ഭീകരവാദത്തിന് നൽകുന്ന പിന്തുണ മറച്ചുവെക്കാനുള്ള വ്യാജ പ്രചാരണം മാത്രമാണെന്നും പാകിസ്താൻ കുറ്റപ്പെടുത്തി. Content Highlights: Afghan cricketers condemn Pakistan's airstrike on a Kabul rehabilitation center., Rashid Khan and Mohammad Nabi demand a UN investigation into the civilian casualties., Taliban reports 400 deaths; Pakistan claims it targeted militant strongholds Published: 17 Mar 2026, 12:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ഇസ്രയേലും പാകിസ്താനും തമ്മിൽ എന്ത് വ്യത്യാസം,റമദാനിലെ 28-ാം രാത്രിയിൽ അവരുടെ ജീവിതം അവസാനിപ്പിച്ചു’
M
MathrubhumiSource Link
about 2 months ago