‘ഈ ബില്ലിന്റെ മുഖ്യവിഷയം വനിതാസംവരണമേയല്ല’

‘ഈ ബില്ലിന്റെ മുഖ്യവിഷയം വനിതാസംവരണമേയല്ല’

പി.ഡി.ടി. ആചാരി Last Updated: 17 April 2026, 03:30 PM IST വനിതാസംവരണബിൽ 2023-ൽത്തന്നെ പാസാക്കിയതാണ്. ആ ബിൽ പാസാക്കിയതോടെ വനിതാസംവരണം ഭരണഘടനയുടെ ഭാഗമായിക്കഴിഞ്ഞതാണ്. എന്നാൽ, അതു നടപ്പാക്കുന്ന സമയത്തിനെ സംബന്ധിച്ചുള്ള ഒരു ഭേദഗതിമാത്രമാണ് പാർലമെന്റ് ഇപ്പോൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ഭരണഘടനാഭേദഗതിബില്ലിലുള്ളത് പാർലമെന്റ് | Photo: AFP ഭ രണഘടനയുടെ 131-ാം ഭേദഗതിബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് ചർച്ച ആരംഭിച്ചിരിക്കുകയാണ്. ഈ ബിൽ വനിതാസംവരണം നടപ്പാക്കാനുള്ളതാണെന്ന് ഗവൺമെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ തുടക്കം പരിശോധിക്കുമ്പോൾ ലോക്‌സഭയുടെയും അസംബ്ലികളുടെയും അംഗസംഖ്യ വർധിപ്പിക്കാനും നിയോജകമണ്ഡലങ്ങളുടെ പുനർനിർണയം നടത്താനുമുള്ള ഒരു ബില്ലാണിതെന്നു കാണാം. വനിതാസംവരണബിൽ 2023-ൽത്തന്നെ പാസാക്കിയതാണ്. ആ ബിൽ പാസാക്കിയതോടെ വനിതാസംവരണം ഭരണഘടനയുടെ ഭാഗമായിക്കഴിഞ്ഞതാണ്. എന്നാൽ, അതു നടപ്പാക്കുന്ന സമയത്തിനെ സംബന്ധിച്ചുള്ള ഒരു ഭേദഗതിമാത്രമാണ് പാർലമെന്റ് ഇപ്പോൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ഭരണഘടനാ ഭേദഗതിബില്ലിലുള്ളത്. അതുകൊണ്ട് ഈ ബില്ലിന്റെ മുഖ്യവിഷയം വനിതാസംവരണമേയല്ല എന്നു മനസ്സിലാക്കേണ്ടതാണ്. ഈ ഭേദഗതി ബില്ലിന്റെ മുഖ്യവിഷയം ലോക്‌സഭയുടെയും നിയമസഭകളുടെയും അംഗസംഖ്യ വർധിപ്പിക്കുക, നിയോജകമണ്ഡലങ്ങളുടെ പുനർനിർണയത്തിനുവേണ്ടി കമ്മിഷനെ നിയമിക്കുക എന്നുള്ളതാണ്. To advertise here, ദീർഘവീക്ഷണമുള്ള നേതൃത്വം ഭരണഘടനയുടെ 81-ാം വകുപ്പിൽ ലോക്‌സഭയുടെ അംഗസംഖ്യ 545 എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. 1971-ൽ തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭയിൽ ആകെ 518 അംഗങ്ങളാണുണ്ടായിരുന്നത്. 1971-ൽ നടത്തിയ ജനഗണന അനുസരിച്ച്‌ 1974-ൽ സീറ്റുകളുടെ സംഖ്യ 545 ആയി വർധിപ്പിക്കുകയാണുണ്ടായത്. അതിനുശേഷം ഇതുവരെയും ലോക്‌സഭയുടെയോ, നിയമസഭകളുടെയോ അംഗസംഖ്യ വർധിപ്പിച്ചിട്ടില്ല. അതിനു കാരണമുണ്ട്. 1971-നുശേഷം നടത്തിയ എല്ലാ ജനഗണനകളും കാണിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനസംഖ്യയിലുള്ള ക്രമാതീതമായ വർധനയാണ്. ഭരണഘടനയുടെ 82-ാം അനുച്ഛേദമനുസരിച്ച് ഓരോ ജനഗണന കഴിയുമ്പോഴും ലോക്‌സഭയുടെ അംഗസംഖ്യയിൽ ജനസംഖ്യാവർധന അനുസരിച്ച് വർധനയുണ്ടാകണമെന്നാണ്. അങ്ങനെ ചെയ്താൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നിലവിലുള്ളതിനെക്കാൾ അനേകം ഇരട്ടി സീറ്റുകൾ നൽകേണ്ടിവരുമായിരുന്നു. അതേസമയം, ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുകയോ, അല്ലെങ്കിൽ വർധിക്കാതിരിക്കുകയോ ചെയ്യാം എന്നുള്ള നിഗമനത്തിൽ അന്നത്തെ ഇന്ദിരാഗാന്ധി ഗവൺമെന്റ് എത്തിച്ചേരുകയും ലോക്‌സഭയുടെയും നിയമസഭകളുടെയും നിലവിലുള്ള സീറ്റുകൾ 2001 വരെ വർധിപ്പിക്കേണ്ടതില്ല എന്നു തീരുമാനിക്കുകയും ചെയ്തു. അതനുസരിച്ച് 81-ാം അനുച്ഛേദത്തിലും 82-ാം അനുച്ഛേദത്തിലും നിയമസഭകളെസംബന്ധിക്കുന്ന ഒന്നാമത്‌ അനുച്ഛേദത്തിലും വേണ്ട മാറ്റം വരുത്തുകയാണുണ്ടായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിലുള്ള സീറ്റുകളുടെ കാര്യത്തിലുള്ള അസന്തുലിതാവസ്ഥ വർധിച്ചുവന്നത് ആത്യന്തികമായി രാഷ്ട്രത്തിന്റെ ഐക്യത്തിന് ഹാനികരമാകും എന്ന കാഴ്ചപ്പാടാണ് ദീർഘദൃഷ്ടിയുള്ള അന്നത്തെ രാഷ്ട്രീയനേതൃത്വത്തിനുണ്ടായിരുന്നത്. അതുകൊണ്ടാണ് 2001-വരെ സഭകളുടെ അംഗസംഖ്യ വർധിപ്പിക്കേണ്ട എന്നു തീരുമാനിച്ചത്. അടൽ ബിഹാരി വാജ്‌പേയിയുടെ ഗവൺമെന്റും സീറ്റുകൾ വർധിപ്പിക്കേണ്ട എന്നുള്ള തീരുമാനമാണെടുത്തത്. അതനുസരിച്ച് 2026വരെ ലോക്‌സഭയുടെയോ നിയമസഭകളുടെയോ അംഗസംഖ്യ മരവിപ്പിക്കാൻ പക്വമതിയായ വാജ്പേയി തീരുമാനിക്കുകയായിരുന്നു. അസാധാരണത്വമുള്ള നീക്കം ഇപ്പോൾ പാർലമെന്റിലവതരിപ്പിച്ചിരിക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ പല കാരണങ്ങളാലും അസാധാരണത്വം നിറഞ്ഞുനിൽക്കുന്നതാണ്. ഒന്നാമത്തെക്കാര്യം ലോക്‌സഭയുടെ അംഗസംഖ്യ വർധിപ്പിക്കുന്ന വ്യവസ്ഥയാണ്. നിലവിലുള്ള 543-ൽനിന്ന്‌ നേരേ 850 ആയി സഭയുടെ അംഗസംഖ്യ വർധിപ്പിക്കാനുള്ള വ്യവസ്ഥയാണിതിലുള്ളത്. പക്ഷേ, ഈ ബില്ലിന്റെ സ്റ്റേറ്റ്മെന്റ് ഓഫ് ഒബ്ജക്ട്സ് ആൻഡ് റീസൺസ് എന്ന ഭാഗത്ത് ഈ ഒരു സംഖ്യയിൽ എങ്ങനെ എത്തിച്ചേർന്നു എന്നതിനെക്കുറിച്ച് ഒരു വിവരവും നൽകിയിട്ടില്ല. ഏതെങ്കിലും വിദഗ്ധ സംഘത്തിന്റെ പഠനത്തെക്കുറിച്ചോ പാർലമെന്റിന്റെ ഏതെങ്കിലും കമ്മിറ്റിയുടെ ശുപാർശയോ ഒന്നുംതന്നെ പരാമർശിക്കപ്പെട്ടിട്ടില്ല. പെട്ടെന്ന് 81-ാം അനുച്ഛേദത്തിന്റെ ഭേദഗതിയിൽ 850 എന്ന സംഖ്യ വരുകയാണ്. പാർലമെന്റംഗങ്ങൾക്ക് ആർക്കുംതന്നെ അതിെനക്കുറിച്ച് ഒരു പിടിയുമില്ല എന്നുള്ളത് അവരുടെ പ്രസംഗങ്ങളിൽനിന്നും മനസ്സിലാക്കാം. സാധാരണയായി ജനഗണനയ്ക്കുശേഷമാണ് സഭയുടെ അംഗസംഖ്യ നിശ്ചയിക്കുന്നത്. 2026-ലെ ജനഗണനയുടെ ആദ്യഘട്ടം ഏപ്രിൽ ഒന്നുമുതൽ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണറിയാൻ കഴിഞ്ഞത്. 82-ാം അനുച്ഛേദമനുസരിച്ച് ജനഗണന പൂർത്തിയായതിനുശേഷം ഓരോ സംസ്ഥാനത്തിനും നൽകേണ്ട ലോക്‌സഭാ സീറ്റുകൾ തീരുമാനിക്കാനും നിയോജകമണ്ഡലങ്ങളെ അതനുസരിച്ച് പുനർനിർണയിക്കാനുംവേണ്ടി കമ്മിഷനെ നിയമിക്കേണ്ടതാവശ്യമാണ്. അതനുസരിച്ച് 2026 ഏപ്രിലിൽ തുടങ്ങിയ ജനഗണന പൂർത്തിയാകുമ്പോഴാണ് കമ്മിഷനെ നിയമിക്കേണ്ടത്. ഈ അനുച്ഛേദമനുസരിച്ച് ഏറ്റവും ഒടുവിലുള്ള ജനസംഖ്യയാണ് പ്രസ്തുത നടപടികൾക്ക് അടിസ്ഥാനമാകേണ്ടത്. എന്നാലിപ്പോൾ കേന്ദ്രഗവൺമെന്റ് ചെയ്തിരിക്കുന്നത് ഏതു ജനഗണനയാണ് അടിസ്ഥാനമാക്കേണ്ടത് എന്ന കാര്യം പാർലമെന്റ് നിയമംമൂലം തീരുമാനിക്കുമെന്ന് വ്യവസ്ഥ ചെയ്യുകയാണ്. അതായത് 2026-ൽ തുടങ്ങിയ ജനഗണന പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ കഴിഞ്ഞകാലങ്ങളിലുള്ള ഏതു ജനഗണനാ റിപ്പോർട്ടും സഭകളുടെ അംഗസംഖ്യ വർധിപ്പിക്കുന്നതിനും നിയോജകമണ്ഡലങ്ങളുടെ പുനർനിർണയത്തിനും സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട സീറ്റുകളുടെ നിർണയത്തിനുംവേണ്ടി കമ്മിഷനെ നിയമിക്കാനുള്ള തിരുമാനങ്ങൾക്ക് അടിസ്ഥാനമാക്കാമെന്നതാണ്. അങ്ങനെ 2026-ൽ ലോക്‌സഭയുടെ അംഗസംഖ്യ വർധിപ്പിക്കുന്നതിന് 2011-ലെ ജനഗണനാ റിപ്പോർട്ടാണ് അടിസ്ഥാനമായെടുത്തിരിക്കുന്നത്. അതായത് 15 വർഷം പഴക്കമുള്ള ഒരു ഡേറ്റയാണ് ഗവൺമെന്റ് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സീറ്റുവിതരണത്തിലെ പ്രശ്‌നങ്ങൾ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉയർന്നിരിക്കുന്നത് സംസ്ഥാനങ്ങൾക്ക് നൽകുന്ന സീറ്റുകൾ എന്തടിസ്ഥാനത്തിലാണ് തീരുമാനിക്കുക എന്നുള്ളതിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവേയുള്ള ആശങ്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ ക്രമാതീതമായി വർധിക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയുകയോ അല്ലെങ്കിൽ വർധിക്കാതിരിക്കുകയോ ചെയ്യുമെന്നൊക്കെയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം ഒരുപോലെ വർധിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞിട്ടുണ്ട് എന്നുള്ളത് സത്യമാണ്. എന്നാൽ, അതു തീരുമാനിക്കേണ്ടത് ഡിലിമിറ്റേഷൻ കമ്മിഷനാണ്. ആ കമ്മിഷനാകട്ടെ സ്വതന്ത്രമായി ഇക്കാര്യങ്ങളൊക്കെ തീരുമാനിക്കാനുള്ള അധികാരമാണുള്ളത്. കൂടാതെ 81-ാം അനുച്ഛേദമനുസരിച്ച് രാജ്യത്തെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലെയും ജനസംഖ്യ കഴിയുന്നതും ഒന്നുതന്നെയായിരിക്കണമെന്നാണ് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നത്. 1971-ലെ ജനഗണന അനുസരിച്ച് സീറ്റുകൾ നിശ്ചയിച്ചപ്പോൾ പത്തുലക്ഷം ജനങ്ങൾ ഒരു നിയോജകമണ്ഡലത്തിന് എന്ന കണക്കിനാണ് പുനർനിർണയം നടത്തിയത്. കേരളത്തിലും ഉത്തർപ്രദേശിലും എല്ലാം അങ്ങനെത്തന്നെയായിരുന്നു. എന്നാൽ, ആ അവസ്ഥ ഇന്നു പാടേ മാറിയിരിക്കുന്നു. ഉത്തർപ്രദേശിലെ ഇന്നത്തെ ജനസംഖ്യ 25 കോടിയാണ് അതനുസരിച്ച് ഏകദേശം 31 ലക്ഷം ജനങ്ങളാണ്‌ ശരാശരി ഒരു മണ്ഡലത്തിലുള്ളത്. അതുപോലെത്തന്നെ ഏറ്റവും ഒടുവിലുള്ള ജനസംഖ്യ അനുസരിച്ച് കേരളത്തിലെ ഒരു പാർലമെന്റെ് നിയോജകമണ്ഡലത്തിലെ ജനസംഖ്യ ഏകദേശം 17 ലക്ഷത്തോളം വരുന്നതാണ്. അപ്പോൾപ്പിന്നെ 81-ാം അനുച്ഛേദമനുസരിച്ചുള്ള ഫോർമുല എങ്ങനെയാണ്‌ നടപ്പാക്കാൻ കഴിയുക. 81-ാം അനുച്ഛേദത്തിന്റെ 2 എ വകുപ്പിലാണ് ഈ ഫോർമുലയുള്ളത്. പാർലമെന്റിന്റെ ചർച്ചയ്ക്ക് െവച്ചിരിക്കുന്ന ബില്ലിൽ ഈ വകുപ്പു മാറ്റുന്നുമില്ല. അപ്പോൾ ഈ വകുപ്പു നിലനിർത്തിക്കൊണ്ട് എങ്ങനെയാണ് സംസ്ഥാനങ്ങൾക്കുള്ള ലോക്‌സഭാ സീറ്റുകൾ നിശ്ചയിക്കുക? കുറെ സങ്കീർണമായ ഒരു കാര്യമാണിത്. ജനസംഖ്യയിലുണ്ടായ അസന്തുലിതാവസ്ഥയാണിതിന് കാരണം. ഇന്നു നിലവിലിരിക്കുന്ന സംസ്ഥാനങ്ങളുടെ സീറ്റുകളുടെ ശതമാനം നിലനിർത്തുമെന്ന് ഗവൺമെന്റ് പറയുന്നുണ്ടെങ്കിലും ഒരു വ്യക്തതക്കുറവ് ഇതിലൊക്കെ പ്രകടമാകുന്നു. ഭരണഘടനാവകുപ്പുകൾ കമ്മിഷന് എങ്ങനെ മറികടക്കാൻ പറ്റും? 81-ാം അനുച്ഛേദത്തിലെ ഫോർമുലയ്ക്കുള്ളിൽ നിന്നുകൊണ്ട് ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് നീതി എങ്ങനെ ലഭിക്കും? 2026-ലെ ജനഗണന പൂർത്തിയാക്കുന്നതിനുമുൻപ്‌ 2011-ലെ ജനസംഖ്യയനുസരിച്ച് സഭയുടെ അംഗസംഖ്യ വർധിപ്പിക്കാനും മറ്റുമുള്ള നടപടികൾ ധൃതിപിടിച്ച് അതും ഇത്രയധികം സങ്കീർണതകളുള്ള ഒരു പ്രശ്നത്തിൽ എന്തുകൊണ്ട് എടുക്കുന്നു എന്നുള്ള ചോദ്യം ഉത്തരം കിട്ടാതെ നിൽക്കുന്നു. വനിതാസംവരണം നടപ്പാക്കാനാണെങ്കിൽ ഏപ്രിൽ 16-ാം തീയതി അതായത് രണ്ടു വലിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു ഒരാഴ്ചമാത്രം ശേഷിക്കേ എന്തിന്‌ ഈ ബില്ലുകൊണ്ടുവന്നു എന്നുള്ള ചോദ്യം നിലനിൽക്കുന്നു. ഏതായാലും വനിതാ സംവരണം നടപ്പാക്കാൻ കഴിയുന്നത് 2029-ൽ മാത്രമാണ്. അപ്പോൾ പിന്നെ ഈ ബിൽ അടുത്ത പാർലമെന്റ്‌ സമ്മേളനത്തിൽ അവതരിപ്പിക്കാമായിരുന്നു. ഈ ഭരണഘടനാ ഭേദഗതി ബില്ലിന്റെ ഉള്ളടക്കം ലോക്‌സഭയുടെ അംഗസംഖ്യ വർധിപ്പിക്കുകയും സംസ്ഥാനങ്ങളുടെ ലോക്‌സഭാ സീറ്റുകളിൽ മാറ്റം വരുത്തുകയും ചെയ്യുക എന്നുള്ളതാണ്. സങ്കീർണമായ ഈ പ്രശ്നം കൈകാര്യം ചെയ്യുന്ന രീതി ഇതല്ല എന്നു തോന്നുന്നു. (ലോക്‌സഭ മുൻസെക്രട്ടറി ജനറലാണ് ലേഖകൻ) Content Highlights: The 2026 amendment primarily focuses on increasing Lok Sabha and assembly seat counts rather than just women's reservation., The bill proposes increasing Lok Sabha seats to 850 without clear expert study or parliamentary committee recommendations., Concerns exist regarding the use of 2011 census data instead of the ongoing 2026 census for delimitation., The potential imbalance between North and South Indian states poses a risk to national unity., The legal contradiction between Article 81 mandates and the proposed seat distribution remains a significant hurdle. Published: 17 Apr 2026, 03:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഈ ബില്ലിന്റെ മുഖ്യവിഷയം വനിതാസംവരണമേയല്ല’ — Mathrubhumi |… | Boolokam