‘ഈ ബിൽ ട്രാൻസ്‌ജെൻഡർമാരെയോ വ്യത്യസ്ത ലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കുന്നവരെയോ മനസ്സിലാക്കുന്നില്ല’

‘ഈ ബിൽ ട്രാൻസ്‌ജെൻഡർമാരെയോ വ്യത്യസ്ത ലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കുന്നവരെയോ മനസ്സിലാക്കുന്നില്ല’

M
MathrubhumiSource Link
ട്രാ ൻസ്ജെൻഡറുകൾക്ക് ലൈംഗികസ്വത്വം സ്വയം തിരിച്ചറിയാനുള്ള സ്വാതന്ത്ര്യം എടുത്തുകളയുന്നുവെന്ന ആക്ഷേപം നേരിടുന്ന ട്രാൻസ്ജെൻഡർ സംരക്ഷണ ഭേദഗതിബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുന്നു. 2019-ലെ ട്രാൻസ്ജെൻഡർ സംരക്ഷണ നിയമത്തിലാണ് നിർണായക ഭേദഗതി കേന്ദ്രം വരുത്തിയിരിക്കുന്നത്. To advertise here, ഇത് ട്രാൻസ്ജെൻഡർ സമൂഹത്തോട് ഒട്ടും നീതി പുലർത്താത്തതാണെന്നും അവരുടെ പ്രതിനിധികളടങ്ങിയ ട്രാൻസ്ജെൻഡർ നാഷണൽ കൗൺസിലിനെ പോലും ഇരുട്ടിൽ നിർത്തിയാണ് ബിൽ പാസാക്കിയതെന്നും ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. ബിൽ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ തന്നെ ആശങ്കകളറിയിച്ച് കൗൺസിൽ അംഗം കൂടിയായ കവിയും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും നടിയുമൊക്കെയായ ഡോ. കൽക്കി സുബ്രഹ്‌മണ്യം കേന്ദ്ര സാമൂഹികനീതി മന്ത്രിക്കും മന്ത്രാലയത്തിനും കത്തെഴുതി. അവർ ഗൗനിച്ചില്ല. കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ, ഉടൻ ഡൽഹിയിലെത്താനറിയിച്ചുള്ള ഫോൺകോൾ അവരെ തേടിയെത്തി. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അവർ ഞായറാഴ്ച തമിഴ്നാട്ടിൽ നിന്ന് ഡൽഹിയിലെത്തിച്ചേർന്നു. പക്ഷേ മന്ത്രിയുമായുള്ള കൂടിക്കാഴ്ച എന്തോ കാരണത്താൽ നടന്നില്ല. പിന്നീട് ആ കൂടിക്കാഴ്ചയ്ക്കായി അനുമതി തേടിയെങ്കിലും ഏപ്രിൽ ആദ്യത്തിലല്ലാതെ നടക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒടുവിൽ പാർലമെന്റിന്റെ ഇരുസഭകളും വിവാദ ബിൽ പാസാക്കിയതിന് പിന്നാലെ അവർ രാജി വച്ചു. കൗൺസിലിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയാണ് കൽക്കി പ്രതിനിധീകരിക്കുന്നത്. വടക്കുകിഴക്കൻ മേഖലയെ പ്രതിനിധീകരിക്കുന്ന അംഗം ഋതുപർണ നിയോഗും രാജിവച്ചിട്ടുണ്ട്. ഞങ്ങളെ തുടച്ചുനീക്കാനാവില്ല എന്ന സ്വന്തം കവിതാസമാഹാരത്തിലെ യുദ്ധം ( ദി വാർ ) എന്ന കവിതാശകലം ഉദ്ധരിച്ചാണ് കൽക്കി രാജിക്കത്ത് ഉപസംഹരിച്ചിരിക്കുന്നത്. ഇത് അവളുടെ അതിജീവനത്തിനായുള്ള പോരാട്ടമാണെന്ന് ഈ വരികളിലുണ്ട്. 'നിശ്ശബ്ദമാക്കപ്പെടുന്ന മുഴുവൻ ശബ്ദങ്ങൾക്കും വേണ്ടി, തുല്യതയില്ലാത്ത ലോകത്തിനെതിരെ, അവൾ സ്വപ്നം കണ്ട ലോകത്തിനായി, പ്രകാശം പരത്തുന്ന ലോകത്തിനായി' ഉള്ള പോരാട്ടമെന്ന്. രാജിക്കത്തിനുള്ള മന്ത്രാലയത്തിന്റെ മറുപടി പ്രതീക്ഷിക്കുകയാണെന്ന് കൽക്കി മാതൃഭൂമിയോട് പറഞ്ഞു. ധാർമികമായും നിയമപരമായുമുള്ള പോരാട്ടം തുടരുമെന്നും, ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. കൽക്കി, മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്: കഴിഞ്ഞ ദിവസം നാഷണൽ ട്രാൻസ്ജെൻഡർ കൗൺസിലിൽ (എൻ.സി.ടി.പി)നിന്ന് രാജിവച്ചുകൊണ്ട് അയച്ച കത്തിൽ താങ്കൾ പറഞ്ഞിരിക്കുന്നത് സ്വയം സ്വത്വം തിരിച്ചറിയാനുള്ള സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിൽ നിന്നും വ്യക്തിയുടെ അന്തസ്സിൽ നിന്നുമുള്ള പിറകോട്ട് പോക്കാണ് ഈ ബില്ലെന്നാണ്. നിലപാട് വിശദീകരിക്കാമോ? സ്വത്വം സ്വയം നിർണയിക്കുകയെന്നത് സുപ്രീംകോടതി പുറപ്പെടുവിച്ച നൽസ വിധിയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് 2019-ലെ ട്രാൻസ്ജെൻഡർ നയവും നിയമവും സർക്കാർ തയാറാക്കിയത്. ഇപ്പോഴത്തെ നിയമഭേദഗതി ട്രാൻസ്ജെൻഡർ സമൂഹത്തോടോ വ്യത്യസ്ത ലൈംഗികാഭിമുഖം പ്രകടിപ്പിക്കുന്ന വിഭാഗത്തോടോ ഒട്ടും നീതി പുലർത്തുന്നില്ലെന്നതിനാലാണ് ഞാൻ രാജി വച്ചത്. ട്രാൻസ്ജെൻഡർ സംരക്ഷണത്തിന്റെ പേരിൽ ഈ സമൂഹത്തിന് കൂടുതൽ അപകടമുണ്ടാക്കുകയാണ് ഇതിലൂടെയെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് സമൂഹത്തിന് വലിയ തിരിച്ചടി നൽകുന്നതാണ്. കിന്നർ, ഹിജ്ര, അരവാണി, ജോഗ്ത തുടങ്ങിയ പരമ്പരാഗതമായ സാമൂഹ്യ, സാംസ്‌കാരിക സ്വത്വങ്ങളെയും ജനിതകപരമായോ ശാരീരികമായോ ഉള്ള വ്യത്യാസങ്ങളുള്ളവരെയും മാത്രമേ ട്രാൻസ്ജെൻഡറായി ഇനി കണക്കാക്കൂ. തമിഴ്നാട്ടിലെ തിരുനങ്കൈ, തിരുനമ്പി, മണിപ്പൂരിലെ നുപി മാൻബി, നുപ മാൻബ പോലുള്ള വിഭാഗങ്ങളെ ഇത് പൂർണമായി അവഗണിച്ചിരിക്കുന്നു. അതുപോലെ മറ്റ് സാമൂഹിക, സാംസ്‌കാരിക സ്വത്വങ്ങളെയും. ഇത് അംഗീകരിക്കാനാവില്ല. ട്രാൻസ് വുമൻ, ട്രാൻസ്മെൻ സ്വത്വങ്ങളെ തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതിൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഈ ഭേദഗതിബിൽ പരാജയപ്പെട്ടിരിക്കുന്നു. ഈ ബിൽ ട്രാൻസ്ജെൻഡർ വ്യക്തികളെയോ വ്യത്യസ്ത ലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കുന്നവരെയോ ഒട്ടും മനസ്സിലാക്കാതെയുള്ളതാണ്. എന്നെ ഏറ്റവും നിരാശപ്പെടുത്തുന്നത്, ഈ ബിൽ ഒരിക്കലും എൻ.സി.ടി.പി അംഗങ്ങളോട് ചർച്ച ചെയ്തില്ല എന്നതാണ്. ഞങ്ങളെ പൂർണമായും ഇരുട്ടിൽ നിർത്തി. ഒരു കൂടിക്കാഴ്ചയ്ക്ക് ഞങ്ങൾ ശ്രമിച്ചിട്ടും അവർ വഴങ്ങിയില്ല. ബിൽ ആദ്യം ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ താങ്കൾ ആശങ്കയറിയിച്ച് കത്തെഴുതിയിരുന്നു. പ്രതികരണമെന്തായിരുന്നു?  കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തുമണിയോടെ മന്ത്രാലയം ജോയിന്റ് ഡയറക്ടർ ബ്രിജേഷിന്റെ ഒരു ഫോൺകാൾ വന്നു. ഞായറാഴ്ച മന്ത്രി ഞങ്ങളെ കാണാനാഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. കഴിയുന്നത്ര വേഗത്തിൽ ഡൽഹിയിലേക്കെത്താൻ പറഞ്ഞു. ടിക്കറ്റ് കിട്ടുക എളുപ്പമായിരുന്നില്ല. ഡൽഹിയിലെത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ അംബേദ്കർ സെന്ററിൽ ചെന്നു. നിർഭാഗ്യവശാൽ മന്ത്രി വന്നില്ല. കുടുംബപരമായ തിരക്കുകളാലും സുഖമില്ലാത്തതിനാലും ആണ് വരാത്തതെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. മന്ത്രിയെ കാണാൻ മാത്രമായി തമിഴ്നാട്ടിൽ നിന്ന് പ്രയാസപ്പെട്ട് ഡൽഹിയിലേക്കെത്തിയിട്ടും അത് സാധിക്കാതെ വന്നത് എന്നെ അങ്ങേയറ്റം നിരാശപ്പെടുത്തി. മന്ത്രി വളരെ അനുകമ്പയുള്ള വ്യക്തിയാണെന്നാണ് എന്റെ ഇതുവരെയുണ്ടായ അനുഭവം. അദ്ദേഹം ഞങ്ങളെ എപ്പോഴും അംഗീകരിച്ചിരുന്നു. പക്ഷേ, ദൗർഭാഗ്യവശാൽ ഈയൊരു പ്രശ്നമുണ്ടായപ്പോൾ ഞങ്ങൾക്ക് അദ്ദേഹത്തെ കാണാനേ സാധിച്ചില്ല. ഞങ്ങളെ കാണാൻ തുടർച്ചയായി അദ്ദേഹം വിസമ്മതിച്ചതും മന്ത്രാലയം ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കൂടിയാലോചനയ്ക്ക് ഉത്തരവാദിത്വത്തോടെ കൂടിയാലോചനായോഗം വിളിക്കാതിരുന്നതും വേദനാജനകമായി. ഞങ്ങൾ ഡൽഹിയിലുണ്ടായിട്ടും അത് നടന്നില്ല. ഇത്രയും സുപ്രധാനമായ ഒരു ഭേദഗതി കൊണ്ടുവരുമ്പോൾ അത് ബാധിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുമായി കൂടിയാലോചന നടത്തേണ്ടതായിരുന്നു. അവർ കൂടിയാലോചന നടത്തിയത് ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിയാത്തവർക്കിടയിലായിരുന്നു. അത്തരക്കാർക്ക് ഞങ്ങളുടെ ജീവിതമോ മൂല്യമോ അറിയില്ലായിരുന്നു. അന്ന് മന്ത്രാലയത്തിലെ മറ്റാരുമായും സംസാരിക്കാൻ സാധിച്ചില്ലേ?  മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന യോഗിദാസ് ബാരു എന്ന ഉദ്യോഗസ്ഥയെ ഞങ്ങൾ കണ്ടു. അവർക്ക് ഞങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാവില്ലെന്ന് അവരുമായി സംസാരിച്ചപ്പോൾ വ്യക്തമായി. ഞങ്ങളുടെ സമൂഹത്തെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് ധാരണകൾ മാത്രമാണ് അവരെ നയിക്കുന്നത്. ഒരു ട്രാൻസ് വുമൻ മാനഭംഗത്തിനിരയായാലോ അല്ലെങ്കിൽ അവർ വേദനയനുഭവിക്കേണ്ടി വന്നാലോ അതിനെയെങ്ങനെയാണിവർ കാണുന്നതെന്ന് ഞാൻ ചോദിച്ചു. അതൊരു അതിക്രമമായി കണക്കാക്കപ്പെടുമോ. സാധാരണ സ്ത്രീകൾ മാനഭംഗം പോലുള്ള അക്രമത്തിനിരയായാൽ പ്രതികൾക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ കിട്ടുമ്പോൾ ട്രാൻസ് വുമന് അങ്ങനെയൊന്ന് സംഭവിച്ചാൽ അതിലെ പ്രതികൾക്ക് വെറും രണ്ട് വർഷത്തെ തടവുശിക്ഷ മാത്രമായതെന്തുകൊണ്ടാണ്? എന്റെ ചോദ്യങ്ങൾക്ക് അവരുടെ ഉത്തരം, ട്രാൻസ് വുമൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായ വിഭാഗമാണെന്നാണ്. അവരുടെ അനാട്ടമി വ്യത്യസ്തമാണെന്നാണ്. ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു, ഇവർ ഒട്ടും അനുകമ്പയോ അറിവോ ഇല്ലാത്തവരാണെന്ന്. ചില ട്രാൻസ്ജെൻഡർ വ്യക്തികൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി മാറ്റിയെടുക്കുന്നുവെന്നവർ പറഞ്ഞു. ആ ഉദ്യോഗസ്ഥയുടെ പെരുമാറ്റവും സംഭാഷണവുമെല്ലാം തീർത്തും അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. വളരെ ദുഃഖകരമായിപ്പോയി ആ കൂടിക്കാഴ്ച. തമിഴ്നാട്ടിലെയും മണിപ്പൂരിലെയും മറ്റും പ്രാദേശിക സ്വത്വഭേദങ്ങളെ ട്രാൻസ്ജെൻഡർ നിർവചനത്തിൽ പെടുത്താത്തതിനെക്കുറിച്ചും ഞാൻ സംസാരിച്ചു. അവർക്ക് അതിനുത്തരമില്ലായിരുന്നു. അതിന് ശേഷവും മന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നോ?  തീർച്ചയായും. എനിക്ക് പുറമേ എൻ.സി.ടി.പിയിൽ സഹ അംഗങ്ങളായ ദിവ്യ, രവീണ ബരീഹ എന്നിവരും ചേർന്ന് അപ്പോൾതന്നെ മന്ത്രിയുടെ വീട്ടിലേക്ക് കാണാൻ ചെന്നു. പക്ഷേ, അദ്ദേഹത്തിന് സുഖമില്ലാത്തതിനാൽ കാണാനാവില്ലെന്ന മറുപടിയാണ് അവിടെ നിന്ന് ലഭിച്ചത്. അതിനടുത്ത ദിവസവോ അതിന്റെ അടുത്ത ദിവസമോ ആണെന്ന് തോന്നുന്നു, ഞാൻ മന്ത്രിയുടെ പി.എയെ വിളിച്ചു. മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തരണമെന്ന് അഭ്യർഥിച്ചു. തിരഞ്ഞെടുപ്പിന്റെ തിരക്കായതിനാൽ ഏപ്രിൽ ആദ്യവാരം മാത്രമേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭ്യമാക്കാനാവൂ എന്നായിരുന്നു മറുപടി. അതിനിടയിൽ ബില്ല് പാസാകും. ഫലത്തിൽ, എൻ.സി.ടി.പി അംഗങ്ങൾക്ക് മന്ത്രിയെ ഒന്നു കാണാനുള്ള അവസരം പോലും ലഭിക്കാതെ പോയി. അതുകൊണ്ടാണ് ഞാൻ രാജി വെച്ചത്. കൗൺസിലിൽ ഞങ്ങൾ അഞ്ച് ട്രാൻസ്ജെൻഡർ പ്രതിനിധികളാണ് ഈ സമൂഹത്തിന്റെ അവിടത്തെ ശബ്ദം. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളെ ഞാനാണ് കൗൺസിലിൽ പ്രതിനിധീകരിക്കുന്നത്. ലക്ഷക്കണക്കിന് പേരുടെ ആശങ്കകളും ആവലാതികളും ഞാനാണ് മന്ത്രാലയം മുമ്പാകെ എത്തിക്കുന്നത്. അങ്ങനെയുള്ള എനിക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചത് തീർത്തും സങ്കടകരമാണ്. എൻ.സി.ടി.പിയിലെ ട്രാൻസ്ജെൻഡർ പ്രതിനിധികളിൽ താങ്കളും വടക്കുകിഴക്കൻ മേഖലാ പ്രതിനിധിയായ റിതുപർണയും മാത്രമാണ് രാജി വച്ചത്. ബാക്കിയുള്ളവരുടെ നിലപാടെന്താണ് ? അവർ തുടരും. അവർ തുടർന്നുകൊണ്ടുതന്നെ ഞങ്ങളുടെ അവകാശസംരക്ഷണത്തിനായി പോരാടും. ഞങ്ങളുടെ കുറച്ചുപേർ അവിടെ ആവശ്യമാണ്. അവരെല്ലാം നല്ല ആളുകളാണ്. അവരാരും ഈ ഭേദഗതിയെ പിന്തുണയ്ക്കുന്നില്ല. എൻ.സി.ടി.പിയുടെ പങ്കും അതെങ്ങനെ ട്രാൻസ്ജെൻഡർ വിഭാഗത്തെ സഹായിക്കുന്നു എന്നും ചുരുക്കിപ്പറയാമോ?  കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ നിയമിതമാകുന്ന സംവിധാനമാണിത്. നയപരമായ കാര്യങ്ങളിലും പദ്ധതി ആസൂത്രണങ്ങളിലുമുൾപ്പെടെ കേന്ദ്രസർക്കാരിനെ ഉപദേശിക്കുന്നത് കൗൺസിലാണ്. മുൻകാലങ്ങളിൽ നയതീരുമാനങ്ങളിൽ കൗൺസിലിനെ പൂർണമായും കേട്ടിരുന്നോ? തീർച്ചയായും. ഇതിൽ മാത്രം അങ്ങനെ ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്നാണ് കരുതുന്നത്.? എനിക്ക് ഊഹിക്കാനാവില്ല. ആർക്കും അതറിയില്ല. അതാണ് സത്യം. മന്ത്രിക്ക് മേൽ എന്തെങ്കിലും സമ്മർദ്ദമുണ്ടെന്ന് കരുതുന്നുണ്ടോ? ഞങ്ങൾക്ക് അതേക്കുറിച്ചൊന്നും അറിവില്ല. ഞങ്ങൾ ഇതേപ്പറ്റി അറിയുന്നത് തന്നെ മന്ത്രി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോഴാണ്. ബിൽ അവതരിപ്പിച്ചപ്പോൾ മന്ത്രി പറഞ്ഞത്, ജീവശാസ്ത്രപരമായ കാരണങ്ങളാൽ അകറ്റിനിർത്തപ്പെട്ട വിഭാഗത്തിന്റെ സംരക്ഷണമുറപ്പാക്കാനാണ് ബില്ലെന്നാണ്. നേരെ മറിച്ച് പ്രതിപക്ഷം പറഞ്ഞത് ജീവശാസ്ത്രപരമായ കാരണം കൊണ്ടുമാത്രം ട്രാൻസ്ജെൻഡർ സ്വത്വം തീരുമാനിക്കാനാവില്ലെന്നും. ട്രാൻസ്ജെൻഡർ നിർവചനം എന്താകണമെന്നാണ് താങ്കൾ കരുതുന്നത്? എല്ലാ ജെൻഡർ സ്വത്വങ്ങളും സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്നീ രണ്ട് രൂപങ്ങളിൽ മാത്രം നിർവചിക്കപ്പെടേണ്ടതല്ലെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്റെ നിർവചനത്തിന് മാത്രമായി പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ട്രാൻസ്ജെൻഡർ സമൂഹത്തിനായി സുപ്രീംകോടതിയിൽ വരെ പോരാടുകയും അവർക്കായി സ്വന്തമായി മാട്രിമോണിയൽ പോർട്ടൽ വരെ ആരംഭിക്കുകയും ചെയ്തവരാണ് താങ്കൾ. ഈ നിമിഷത്തെ താങ്കളുടെ വികാരമെന്താണ് ? ഞാൻ തീർത്തും നിരാശയാണ്, സങ്കടമുണ്ട്. പക്ഷേ തകർന്നിട്ടില്ല. ഈ സർക്കാരിൽ ഇനി പ്രതീക്ഷയുണ്ടാവില്ലെന്നറിയാം. സമൂഹത്തിന്റെ അവകാശങ്ങൾക്കായി തെരുവിലേക്കിറങ്ങും. ധാർമികമായും നിയമപരമായും ഞങ്ങൾക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ഇതിന് അഭ്യുദയകാംക്ഷികളുടെയെല്ലാം പിന്തുണ ആവശ്യമുണ്ട്. ഞങ്ങൾ സുപ്രീംകോടതിയിലേക്ക് പോകും. പൊതുതാൽപ്പര്യ ഹർജി നൽകും. ഭാവി നടപടികൾ? ഞാൻ രാജിവച്ചുകഴിഞ്ഞു. എന്റെ രാജിക്കത്തിനുള്ള മന്ത്രാലയത്തിന്റെ മറുപടിക്കായി കാത്തിരിക്കുന്നു. എന്റെ സാമൂഹ്യപ്രവർത്തനവും കലാ, സാംസ്‌കാരികപ്രവർത്തനവുമായി ഞാൻ തുടർന്നും സജീവമായുണ്ടാകും. ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് വിദ്യാഭ്യാസസഹായമെത്തിക്കുന്നതും ട്രാൻസ്ജെൻഡർ സംരംഭകർക്ക് സഹായം നൽകലുമടക്കമുള്ള പരിപാടികൾ തുടരും. കവിതയെഴുത്ത് തുടരും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഈ ബിൽ ട്രാൻസ്‌ജെൻഡർമാരെയോ വ്യത്യസ്ത ലൈംഗികാഭിമുഖ്യം പ്രകടി… | Boolokam