മി ക്ക ഓഫിസുകളിലും ആചാരപരമായ ഒരു ഏർപ്പാടുണ്ട്. പബ്ലിക് എന്നോ പ്രൈവറ്റ് എന്നോ പൊതു എന്നോ സ്വകാര്യമെന്നോ ഒരു വ്യത്യാസവുമില്ല. ഫയലുകളുടെ ജനനവും മരണവും ആണ് അത്. പണ്ടൊക്കെ ഓഫിസുകളിലെ ഫയൽ യാത്ര എന്നു പറഞ്ഞാൽ അത് ഒരു ഒന്നൊന്നര യാത്രയായിരുന്നു. നോട്ട് എന്ന മഹത്തായ ചടങ്ങോടെയാണ് ഒരു ഫയലിന്റെ ജനനം ആരംഭിക്കുക. ഒരാൾ ഒരു വരി എഴുതും. അടുത്തയാൾ അതിന് താഴെ രണ്ട് വരി ചേർക്കും. മൂന്നാമത്തെയാൾ “മുകളിൽ പറഞ്ഞതുപോലെ” എന്ന് കുറിച്ച് ഫയൽ അടുത്ത മേശയിലേക്ക് തള്ളും. അവസാനം ഫയൽ പുറപ്പെട്ട അതേ മേശയിലേക്ക് തിരികെ വരും. മണിക്കൂറുകളോ ദിവസങ്ങളോ ആഴ്ചകളോ എടുക്കും പുറപ്പെട്ടയിടത്തുതന്നെ ഈ ഫയലുകൾ തിരികെ എത്താൻ. To advertise here, കാലം മാറി. പേപ്പർ ഫയലുകളുടെ കൂമ്പാരം മേശപ്പുറത്ത് കിടന്നിരുന്ന കാലം മാറി. ഓഫീസുകളിലേക്ക് ആദ്യം കമ്പ്യൂട്ടർ കടന്നുവന്നു. പിന്നീട് ഇമെയിൽ. അതിനു പിന്നാലെ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമുകൾ. ഒടുവിൽ സൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് പോലുള്ള പേരുകൾ നമ്മുടെ ഓഫിസ് ജീവിത്തിലെ സന്തത സഹചാരികളായി മാറി. അന്ന് എല്ലാവർക്കും വലിയ പ്രതീക്ഷയായിരുന്നു-സാങ്കേതികവിദ്യ വന്നാൽ ജോലി വേഗത്തിലാകും, തീരുമാനങ്ങൾ പെട്ടെന്ന് ഉണ്ടാകും, ഓഫിസ് കാര്യങ്ങൾ സുതാര്യവും കാര്യക്ഷമവുമായി മാറും. “ഡിജിറ്റൽ” എന്ന വാക്ക് തന്നെ ഒരു അത്ഭുതമന്ത്രം പോലെ തലങ്ങും വിലങ്ങും വാരിവലിച്ചുപയോഗിച്ചു. പക്ഷേ കുറച്ച് വർഷങ്ങൾക്കുശേഷം നമുക്ക് തന്നെ ചിലതൊക്കെ തോന്നിത്തുടങ്ങി. സാങ്കേതികവിദ്യ വന്നിട്ടും ജോലി അത്ര വേഗത്തിലായിട്ടില്ല. മറിച്ച് പലപ്പോഴും സംഭവിച്ചത് മറ്റൊന്നാണ്. ജോലികൾ വേഗത്തിൽ തീരുന്നില്ല. ജോലി കൂടുന്നൊന്നുമില്ല. പക്ഷേ, ജോലി പോലെ തോന്നിപ്പിക്കുന്ന പലതും പുതുതായി വന്നു. മുൻപ് ഒരു ഫയൽ ഒരു മേശയിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ ദിവസങ്ങൾ എടുത്തിരുന്നു. ഇന്ന് ഒരു ഇമെയിൽ ഒരു സെക്കൻഡിനുള്ളിൽ പത്ത് പേരിലേക്ക് പോകും. എന്നാൽ അതുകൊണ്ട് തീരുമാനം ഉടൻ ഉണ്ടാകുന്നുണ്ടോ? പലപ്പോഴും ഇല്ല. മറിച്ച് ആ ഇമെയിലിന് മറുപടി ആയി പത്ത് ഇമെയിലുകൾ കൂടി വരും. പിന്നെ അതിനെക്കുറിച്ച് ഒരു ഓൺലൈൻ മീറ്റിംഗ് വിളിക്കും. മീറ്റിംഗ് കഴിഞ്ഞാൽ അതിന്റെ മിനിറ്റ്സ് എഴുതും. പിന്നെ അതിനെ റിവ്യൂ ചെയ്യാൻ മറ്റൊരു മീറ്റിംഗ്. അങ്ങനെ നോക്കുമ്പോൾ ഒരു ചെറിയ കാര്യത്തിന് പോലും ഇപ്പോൾ പല ഘട്ടങ്ങളുണ്ട്-ഇമെയിൽ, ഗ്രൂപ്പ് മെസേജ്, ഓൺലൈൻ മീറ്റിംഗ്, പ്രസന്റേഷൻ, റിവ്യൂ. എല്ലാം നടക്കുന്നു. പക്ഷേ അതിന്റെ അവസാനം എന്തെങ്കിലും ഫലമുണ്ടാകുന്നുണ്ടോ എന്നു ചോദിച്ചാൽ അങ്ങനെയൊന്നും ചോദിക്കേണ്ടായിരുന്നു എന്നു തോന്നും. ഇത് നമ്മെ ഒരു വിചിത്രമായ സത്യത്തിലേക്ക് എത്തിക്കുന്നു. സാങ്കേതികവിദ്യ ജോലി എളുപ്പമാക്കേണ്ടതായിരുന്നു; പക്ഷേ ചിലപ്പോൾ അത് ജോലി പോലെ തോന്നുന്ന പ്രവർത്തനങ്ങളെ മാത്രം പെരുപ്പിച്ചു.. മുൻപ് ഓഫിസുകളുടെ ആത്മാവ് ഫയലുകളിലായിരുന്നു. ഓരോ കാര്യത്തിനും ഒരു ഫയൽ. ആ ഫയലിനുള്ളിൽ കുറിപ്പുകൾ. ആ കുറിപ്പുകളുടെ ഇടയിൽ അഭിപ്രായങ്ങൾ. ഫയൽ ഒരു മേശയിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുമ്പോൾ അതിന്റെ ഭാരം കൂടിക്കൊണ്ടിരിക്കും. ഒരു ഉദ്യോഗസ്ഥൻ ഒരു വരി എഴുതും. അടുത്തവൻ അതിന് താഴെ രണ്ട് വരി കൂടി ചേർക്കും. മൂന്നാമൻ “മുകളിൽ പറഞ്ഞതുപോലെ” എന്ന് കുറിച്ച് ഒപ്പിടും. ഇങ്ങനെ ഒരു ഫയൽ ഒട്ടേറെ കൈകളിലൂടെ സഞ്ചരിക്കുമ്പോൾ അത് ഒരു ചെറിയ പുസ്തകമാവും. എന്നാൽ, പലപ്പോഴും ആ പുസ്തകത്തിന്റെ അവസാനം ഒരു തീരുമാനം ഉണ്ടാകുമെന്നുറപ്പില്ല. ഇന്ന് ആ സംസ്കാരം രൂപംമാറി. ഫയൽ നോട്ടുകളുടെ കാലം പതുക്കെ മാറി. അതിന്റെ സ്ഥാനത്ത് മറ്റൊന്ന് വന്നു-മീറ്റിംഗ് നോട്ടുകൾ. മുൻപ് ഫയലിലാണ് കുറിപ്പുകൾ എഴുതിയിരുന്നത്. ഇപ്പോൾ ഒരു മീറ്റിംഗിൽ ചർച്ചകൾ നടക്കുന്നു. മുൻപ് കുറിപ്പുകൾ പേപ്പറിൽ ആയിരുന്നു. ഇപ്പോൾ അത് സ്ക്രീനിലാണ്. മുൻപ് “നോട്ടിംഗ് ഷീറ്റ്” ഉണ്ടായിരുന്നു. ഇന്ന് “മീറ്റിംഗ് മിനിറ്റ്സ്” ഉണ്ട്. പക്ഷേ, ആന്തരികമായ സത്യം ഒരുപോലെ തന്നെയാണ്. ഒരു മീറ്റിംഗ് നടക്കും. അതിൽ പലരും സംസാരിക്കും. ഓരോരുത്തരും തങ്ങളുടെ അഭിപ്രായങ്ങൾ പറയും. ഒടുവിൽ ഒരാൾ “മീറ്റിംഗ് നോട്ടുകൾ” തയ്യാറാക്കും. ആ നോട്ടുകൾ വീണ്ടും എല്ലാവർക്കും ഇമെയിൽ ചെയ്യും. അവ വായിച്ചശേഷം പലരും മറുപടി നൽകും - “Noted.” “Agreed.” “Will review.” അത് കഴിഞ്ഞാൽ എന്താണ് നടക്കുന്നത്? പലപ്പോഴും മറ്റൊരു മീറ്റിംഗ് വിളിക്കും. അതുകൊണ്ടാണ് പലർക്കും ഇപ്പോൾ ഇങ്ങനെ തോന്നുന്നത്… മുമ്പ് പേപ്പർ പെരുകിയിരുന്നു. ഇപ്പോൾ സ്ക്രീൻ പെരുകുന്നു. പഴയകാലത്ത് ഫയലുകളുടെ കൂമ്പാരം അലമാരയിൽ നിറഞ്ഞിരുന്നു. ഇപ്പോൾ സൂം മീറ്റിംഗുകളുടെ ലിങ്കുകൾ, ഇമെയിൽ ത്രെഡുകൾ, പവർ പോയിന്റ് സ്ലൈഡുകൾ-ഇവയാണ് ഡിജിറ്റൽ അലമാരകളിൽ നിറയുന്നത്. വ്യത്യാസം രൂപത്തിൽ മാത്രമാണ്. സ്വഭാവത്തിൽ അത്ര മാറ്റമില്ല. ജോലി നടക്കുന്നതുപോലെ തോന്നിക്കുന്ന കുറിപ്പുകളും ചർച്ചകളും ഇന്നും തുടരുന്നു-പേപ്പറിൽ നിന്നു സ്ക്രീനിലേക്ക് മാറിയതല്ലാതെ. മീറ്റിംഗുകളുടെ മഹാസമുദ്രം ഒരു സാധാരണ ഓഫിസിലെ ഒരു ദിവസം നോക്കൂ. രാവിലെ 10 മണിക്ക് “ടീം കോർഡിനേഷൻ മീറ്റിംഗ്”. 11 മണിക്ക് “റിവ്യൂ മീറ്റിംഗ്”. ഉച്ചയ്ക്ക് 12.30ന് “സ്റ്റാറ്റസ് അപ്ഡേറ്റ് മീറ്റിംഗ്”. വൈകിട്ട് “ഫോളോ-അപ്പ് മീറ്റിംഗ്”. ഈ മീറ്റിംഗുകളുടെ അവസാനത്തിൽ എന്താണ് സംഭവിക്കുന്നത്? പുതിയൊരു മീറ്റിംഗ് തീരുമാനിക്കുന്നു. ഇന്നത്തെ പല ഓഫിസുകളിലും മീറ്റിംഗ് തന്നെയാണ് പ്രധാന ജോലി. ജോലി ചെയ്യുന്നതിന് മുമ്പ് മീറ്റിംഗ് വേണം. ജോലി നടക്കുന്നതിനിടയിൽ മീറ്റിംഗ് വേണം. ജോലി കഴിഞ്ഞാലും അതിന്റെ റിവ്യൂ മീറ്റിംഗ് വേണം. പലപ്പോഴും ഈ മീറ്റിംഗുകൾക്ക് ഒരു പ്രത്യേക ഗുണമുണ്ട് - എല്ലാവരും സംസാരിക്കും, ആരും ഒന്നും തീരുമാനിക്കില്ല. പണ്ടൊക്കെ ഒരു ഫയൽ ഒരു മേശയിൽ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യുമായിരുന്നു. ഓരോരുത്തരും തങ്ങളുടെ അഭിപ്രായം എഴുതും. ഫയൽ ഭാരം കൂടും. പക്ഷേ കാര്യങ്ങൾ മുന്നോട്ട് പോകുമെന്നുറപ്പില്ല. ഇപ്പോൾ അതേ രീതിയിലാണ് ഡിജിറ്റൽ ലോകവും. ഒരു സൂം മീറ്റിംഗിൽ 20 പേർ ഇരിക്കും. ഒരാൾ പവർ പോയിന്റ് അവതരിപ്പിക്കും. മറ്റൊരാൾ “I fully agree” എന്ന് പറയും. മൂന്നാമൻ “Let us review this again” എന്ന് പറയും. അവസാനം എല്ലാവരും ഒരേ അഭിപ്രായത്തിൽ എത്തും - “ഇത് അടുത്ത മീറ്റിംഗിൽ വീണ്ടും ചർച്ച ചെയ്യാം.” അങ്ങനെ ഒരു പ്രശ്നം പല മീറ്റിംഗുകളിലൂടെ കടന്നുപോകും. പക്ഷേ പ്രശ്നം അവിടെത്തന്നെ തുടരും. ഇന്നത്തെ ഓഫിസ് സംസ്കാരത്തിൽ ഒരു പുതിയ കല രൂപപ്പെട്ടുവരുന്നുണ്ട്. ജോലിചെയ്യുന്നതുപോലെ അഭിനയിക്കലാണത്. നടക്കുമ്പോഴും ലാപ് ടോപ് കയ്യിലെടുത്ത് നടക്കുക. ഒരു ആളെ നോക്കൂ. ലാപ്ടോപ്പിന് മുന്നിൽ ഇരിക്കുന്നു. ഹെഡ്ഫോൺ ധരിച്ചിരിക്കുന്നു. സൂം മീറ്റിംഗിൽ തല കുലുക്കുന്നു. ചാറ്റ് ബോക്സിൽ “Noted” എന്ന് ടൈപ്പ് ചെയ്യുന്നു. പുറത്ത് നിന്ന് നോക്കുമ്പോൾ വലിയ ജോലി നടക്കുന്നതുപോലെ തോന്നും. പക്ഷേ മീറ്റിംഗ് കഴിഞ്ഞാൽ അയാൾ മറ്റാരൊടെങ്കിലും ചോദിക്കും “എന്താണ് തീരുമാനമായത്?” പലപ്പോഴും മറുപടി ഇങ്ങനെയാകും: “ഇനിയും അതേക്കുറിച്ച് കൂടുതൽ പഠിക്കാം എന്നു തീരുമാനിച്ചു.” ഇപ്പോൾ ഓരോ ചെറിയ കാര്യത്തിനും ചുരുങ്ങിയത് അഞ്ചു മീറ്റിംഗുകൾ എങ്കിലും വേണം. ഉദാഹരണത്തിന് ഒരു പ്രോജക്ട് ആരംഭിക്കണമെങ്കിൽ: ആദ്യം Concept Meeting, പിന്നെ Planning Meeting, പിന്നീട് Review Meeting, ഒടുവിൽ Final Approval Meeting. ഇന്നത്തെ ഓഫിസുകളിൽ ഒരു പ്രത്യേക ഭാഷയും രൂപപ്പെട്ടിട്ടുണ്ട്. പവ്വർ പോയ്ന്റ് ഭാഷ. ഏതു ചെറിയ കാര്യവും പറയുന്നത് സ്ലൈഡിലൂടെയാണ് എങ്കിൽ അതിന് ഒരു പ്രത്യേക ഗൗരവം ലഭിക്കുന്നു. സാധാരണമായി പറഞ്ഞാൽ ഒരാൾ ചോദിച്ചേക്കാം-“ഇത് ഇത്ര വലിയ കാര്യമാണോ?” എന്നാൽ അതേ കാര്യം പവ്വർ പോയ്ന്റ് സ്ലൈഡിൽ നിറങ്ങളോടെയും ഗ്രാഫുകളോടെയും ബുള്ളറ്റ് പോയിന്റുകളോടെയും അവതരിപ്പിച്ചാൽ അത് ഒരു വലിയ പദ്ധതിപോലെ തോന്നിത്തുടങ്ങും. ഇന്ന് പല ഓഫിസുകളിലും ഒരു വിചിത്രമായ സംസ്കാരം രൂപപ്പെട്ടു കഴിഞ്ഞു-സ്ലൈഡുകൾ ഉണ്ടെങ്കിൽ പദ്ധതി ഉണ്ടെന്നു തോന്നും. ഉദാഹരണത്തിന്, “പാത വൃത്തിയാക്കണം” എന്നത് വളരെ ലളിതമായ ഒരു കാര്യമാണ്. രണ്ട് തൊഴിലാളികൾ ഇറങ്ങി വൃത്തിയാക്കിയാൽ മതി. പക്ഷേ അതിനെ ഒരു സ്ലൈഡാക്കി മാറ്റിയാൽ അത് ഒരു വലിയ പദ്ധതിയായി മാറും. അത് ഇങ്ങനെ എഴുതാം: “Strategic Sanitation Enhancement Initiative.” താഴെ കുറെ ബുള്ളറ്റ് പോയിന്റുകൾ: Stakeholder engagement Operational framework Implementation roadmap കൂടാതെ രണ്ട് ഗ്രാഫുകളും മൂന്ന് ഫോട്ടോകളും ചേർത്താൽ അവതരണം പൂർണമാകും. അത് കണ്ടാൽ മീറ്റിംഗിൽ ഇരിക്കുന്നവർ തലകുലുക്കും. “Very good initiative” എന്ന് പറയും. ചിലർ “Excellent presentation” എന്നും പറയും. പക്ഷേ അതിനിടയിൽ ആരും ചോദിക്കാത്ത ഒരു ലളിതമായ ചോദ്യം അവിടെ കാത്തിരിക്കും-“പാത വൃത്തിയാക്കുന്നത് എപ്പോഴാണ്?” കാരണം പലപ്പോഴും സ്ലൈഡുകൾ ഒരുക്കുന്നതിൽ തന്നെ മുഴുവൻ ഊർജവും ചെലവായി പോകും. അവതരണം അതിമനോഹരമാകും. പദ്ധതി വലിയതായിരിക്കും. എന്നാൽ യാഥാർഥ്യത്തിൽ ആ പദ്ധതി നടപ്പാകുന്ന ഘട്ടം പലപ്പോഴും പിന്നിലാകും. ഇത് കേൾക്കുമ്പോൾ ഒരു പഴയ ഓഫിസ് നോട്ട് ഓർമ വരുന്നു. ഒരു ഫയലിൽ വലിയ വാക്കുകളിൽ എഴുതിയിരിക്കും: “Comprehensive action plan may be prepared.” അത് വായിച്ചാൽ കാര്യങ്ങൾ ഉടൻ നടക്കുമെന്നു തോന്നും. പക്ഷേ പലപ്പോഴും ആ “action plan” തന്നെയാണ് അവസാന ലക്ഷ്യമായി മാറുന്നത്. ഇന്നത്തെ പവ്വർ പോയ്ന്റ് സംസ്കാരവും അതിൽ നിന്നും വളരെ വ്യത്യസ്തമല്ല. വ്യത്യാസം ഇത്ര മാത്രം-മുൻപ് വാക്കുകൾ പേപ്പറിൽ എഴുതിയിരുന്നു. ഇന്ന് അവ സ്ലൈഡുകളിൽ തെളിയുന്നു. പക്ഷേ സ്ലൈഡുകൾ എത്ര മനോഹരമായാലും ഒരു സത്യം മാറുന്നില്ല. പ്രവർത്തനം നടക്കുമ്പോഴാണ് പദ്ധതി യാഥാർഥ്യമാകുന്നത്; സ്ലൈഡുകൾ കൊണ്ട് മാത്രം ലോകം മാറില്ല. എന്തുകൊണ്ടാണ് ഈ മീറ്റിംഗ് സംസ്കാരം ഇങ്ങനെ വളരുന്നത്? കാരണം വളരെ ലളിതമാണ്. ഒരു മീറ്റിംഗിൽ പങ്കെടുത്താൽ ജോലി ചെയ്തതായി തോന്നും. പക്ഷേ ഒരു തീരുമാനമെടുത്താൽ ഉത്തരവാദിത്തം വരും. അതുകൊണ്ടാണ് പലരും തീരുമാനങ്ങളെ ഒഴിവാക്കി ചർച്ചകളെ തിരഞ്ഞെടുക്കുന്നത്. ചർച്ചകൾക്ക് അവസാനം ഇല്ല. പക്ഷേ തീരുമാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. മീറ്റിംഗ് അവസാനിക്കുമ്പോൾ സാധാരണയായി ഒരു വാക്ക് കേൾക്കും. Action Points. മീറ്റിംഗിന്റെ അവസാനത്തിൽ ഒരാൾ അത് വായിക്കും. എല്ലാവരും തലകുലുക്കും. പക്ഷേ അടുത്ത മീറ്റിംഗിൽ വീണ്ടും ചോദിക്കും: “Action Points എവിടെയെത്തി?” അപ്പോൾ വീണ്ടും ചർച്ച തുടങ്ങും. പുതിയ Action Points ഉണ്ടാകും. ഇത് കേൾക്കുമ്പോൾ പഴയ ഓഫിസ് നോട്ടിലെ ഒരു വരി ഓർമ്മ വരും-“Necessary action may be taken.” ആ “necessary action” പലപ്പോഴും ഒരിക്കലും സംഭവിക്കാറില്ല. യഥാർഥ ജോലി എവിടെയാണ്? ഈ മുഴുവൻ മീറ്റിംഗുകളുടെ തിരക്കിനിടയിൽ നമ്മൾ പലപ്പോഴും മറക്കുന്ന ഒരു ലളിതമായ സത്യമുണ്ട്. ജോലി മീറ്റിംഗുകളിൽ നടക്കില്ല. മീറ്റിംഗുകൾ ചർച്ചകൾക്കായി വേണ്ടിവരും. ആശയങ്ങൾ പങ്കിടാൻ വേണ്ടിവരും. ചിലപ്പോൾ തീരുമാനങ്ങൾ എടുക്കാനും അതിന് സഹായകരമാകും. പക്ഷേ, യഥാർത്ഥ ജോലി നടക്കുന്നത് മറ്റെവിടെയോ ആണ്. ചരിത്രത്തിലെ പല വലിയ കണ്ടുപിടിത്തങ്ങളും മീറ്റിംഗ് മുറികളിൽ ഉണ്ടായതല്ല. അത് പലപ്പോഴും ഒരാളുടെ ഏകാന്ത ചിന്തയിൽ നിന്നാണ് പിറന്നത്. ഒരു ശാസ്ത്രജ്ഞൻ തന്റെ ലാബിൽ മണിക്കൂറുകൾ ചെലവഴിച്ചപ്പോൾ, ഒരു എഞ്ചിനീയർ ഒരു ഡിസൈൻ വീണ്ടും വീണ്ടും തിരുത്തിയപ്പോൾ, ഒരു എഴുത്തുകാരൻ തന്റെ കസേരയിൽ ഇരുന്നു വാക്കുകൾ തേടിയപ്പോൾ-അവിടെയാണ് യഥാർഥ സൃഷ്ടികൾ പിറന്നത്. പക്ഷേ, ഇന്നത്തെ ജോലി സംസ്കാരത്തിൽ ആ ശാന്തമായ സമയം പലർക്കും അപൂർവമായി മാറിയിരിക്കുന്നു. ഒരു ദിവസത്തെ ജോലി തുടങ്ങുന്നതിന് മുമ്പേ മീറ്റിംഗുകളുടെ പട്ടിക തയ്യാറായിരിക്കും. ഒരു മീറ്റിംഗ് കഴിഞ്ഞാൽ ഉടനെ മറ്റൊന്നിന്റെ ലിങ്ക് തുറക്കും. ലാപ്ടോപ്പിന്റെ സ്ക്രീനിൽ ഒരു മീറ്റിംഗ് അവസാനിക്കുന്നതിനു മുമ്പേ അടുത്ത മീറ്റിംഗിന്റെ നോട്ടിഫിക്കേഷൻ തെളിയും. ഇങ്ങനെ ദിവസം മുഴുവൻ സ്ക്രീനുകൾക്കിടയിൽ സഞ്ചരിച്ചാൽ ഒരാൾക്ക് ശാന്തമായി ഇരുന്ന് ഒരു കാര്യത്തെ ആഴത്തിൽ ചിന്തിക്കാൻ സമയം എവിടെ കിട്ടും? ചിന്തിക്കാൻ സമയം കിട്ടാതെ പോകുമ്പോൾ സൃഷ്ടിപരമായ ആശയങ്ങൾ എങ്ങനെ ഉണ്ടാകും? തുടർച്ചയായി മീറ്റിംഗുകളിൽ ഇരിക്കുമ്പോൾ ഒരു പ്രശ്നത്തെ ആഴത്തിൽ വിശകലനം ചെയ്യാൻ എങ്ങനെ സാധിക്കും? ഇത് പലർക്കും അനുഭവപ്പെടുന്ന ഒരു നിശ്ശബ്ദ പ്രതിസന്ധിയാണ്. പുറത്ത് നോക്കുമ്പോൾ എല്ലാവരും തിരക്കിലാണ്. സ്ക്രീനുകളിൽ മീറ്റിംഗുകൾ നടക്കുന്നു. കലണ്ടറുകൾ നിറഞ്ഞിരിക്കുന്നു. പക്ഷേ യഥാർഥത്തിൽ ജോലി മുന്നോട്ട് പോകേണ്ട സമയമാണ് പലപ്പോഴും നഷ്ടപ്പെടുന്നത്. കാരണം യഥാർഥ ജോലി നടക്കുന്നത് പലപ്പോഴും നിശബ്ദതയിൽ ആണ്. ഒരു മീറ്റിംഗ് മുറിയിലെ ശബ്ദത്തിൽ അല്ല, ഒരു സ്ക്രീനിലെ ചർച്ചകളിൽ അല്ല. ഒരു വ്യക്തിക്ക് ചിന്തിക്കാൻ, വിശകലനം ചെയ്യാൻ, സൃഷ്ടിക്കാൻ സമയം ലഭിക്കുമ്പോഴാണ് യഥാർഥ പ്രവർത്തനം ആരംഭിക്കുന്നത്. അതിനാൽ ഒരുപക്ഷേ ഇന്നത്തെ കാലത്ത് ഏറ്റവും വിലപിടിപ്പുള്ള ഒരു വിഭവം പണമോ സാങ്കേതിക വിദ്യയോ അല്ല. ശാന്തമായി ചിന്തിക്കാൻ കിട്ടുന്ന സമയം തന്നെയാണ്. അതില്ലെങ്കിൽ മീറ്റിംഗുകൾ നിറഞ്ഞ ഒരു ദിവസത്തിന്റെ അവസാനം നമ്മൾക്ക് തോന്നുക ഒരു കാര്യം മാത്രമായിരിക്കും-ദിവസം മുഴുവൻ തിരക്കിലായിരുന്നു. പക്ഷേ യഥാർഥ ജോലി എപ്പോഴാണ് ചെയ്തത്? ഇതിന് പരിഹാരം സാങ്കേതിക വിദ്യയെ കുറ്റപ്പെടുത്തുന്നതല്ല. കമ്പ്യൂട്ടറും ഇമെയിലും മീറ്റിംഗ് പ്ലാറ്റ്‌ഫോമുകളും എല്ലാം ഉപകരണങ്ങൾ മാത്രമാണ്. പ്രശ്നം ഉപകരണങ്ങളിൽ അല്ല - നമ്മുടെ ജോലി സംസ്കാരത്തിലാണ്. മീറ്റിംഗുകൾ കുറയണം. തീരുമാനങ്ങൾ വേഗത്തിലാകണം. ഉത്തരവാദിത്തം വ്യക്തമായിരിക്കണം. ഓരോ മീറ്റിംഗിനും മുമ്പ് ഒരു ലളിതമായ ചോദ്യം ചോദിച്ചാൽ മതി: “ഈ മീറ്റിംഗ് ഇല്ലാതെ ജോലി മുന്നോട്ട് പോകില്ലേ?” ഉത്തരം “പോകും” എന്നാണെങ്കിൽ-ആ മീറ്റിംഗ് വേണ്ടതില്ല

‘ഈ മീറ്റിംഗ് ഇല്ലാതെ ജോലി മുന്നോട്ട് പോകില്ലേ?’ ‘പോകും’ എന്നാണ് ഉത്തരമെങ്കിൽ ആ മീറ്റിംഗ് വേണ്ടതില്ല!
M
MathrubhumiSource Link
about 2 months ago