ക ണ്ണൂരിൽ മത്സരിക്കണമെന്ന ആഗ്രഹവുമായി ഡൽഹിയിൽ തമ്പടിച്ച് കോൺഗ്രസ് നേതൃത്വത്തെ രണ്ടുമൂന്നു ദിവസം മുൾമുനയിൽനിർത്താൻ കെ. സുധാകരന് സാധിച്ചുവെന്നത് യാഥാർഥ്യമാണ്. സുധാകരൻ പത്രസമ്മേളനം നടത്തി പാർട്ടിവിടുമെന്ന അഭ്യൂഹം പലതവണ ഉണ്ടായി. പക്ഷേ, ആ പത്രസമ്മേളനം നടന്നില്ല. മറിച്ച് വെള്ളിയാഴ്ച കാലത്ത് കണ്ണൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി ടി.ഒ. മോഹനനെ ചേർത്തുപിടിച്ച് കെ. സുധാകരൻ എം.പി. പറഞ്ഞു: ‘‘ഞാൻ എന്റെ വാക്ക് പാലിച്ചിരിക്കുന്നു’’. എന്തായിരുന്നു ആ വാക്ക്? ആരും അത് ചോദിച്ചില്ല. സുധാകരൻ വിശദീകരിച്ചുമില്ല. കണ്ണൂരിൽ ഇത്തവണ കോൺഗ്രസ് നേതൃത്വം കണ്ടുവെച്ച പേര് ടി.ഒ. മോഹനൻ ഒരിക്കലും സുധാകരന്റെ ചോയ്‌സ് ആയിരുന്നില്ലെന്ന് കണ്ണൂർ കോൺഗ്രസിലെ പരസ്യമായ രഹസ്യമാണ്. To advertise here, എന്നാൽ, മുപ്പത് വർഷംമുൻപ്, കൃത്യമായി പറഞ്ഞാൽ 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുനടന്ന ഒരു പത്രസമ്മേളനമാണ് ഈ സാഹചര്യത്തിൽ ഓർമ്മവരുന്നത്. ആ പത്രസമ്മേളനം വിളിച്ചത് ഒരുകാലത്ത് കണ്ണൂർ കോൺഗ്രസിലെ മുടിചൂടാമന്നനായിരുന്ന എൻ.ആർ. എന്ന എൻ. രാമകൃഷ്ണനായിരുന്നു. അതിന് കാരണക്കാരനായത് രാമകൃഷ്ണന്റെ പിൻഗാമിയായ കെ. സുധാകരനും. അന്ന് പ്രതിഷേധിക്കാനും പടക്കംപൊട്ടിക്കാനുമൊന്നും എൻ.ആറിനൊപ്പം ആളുണ്ടായില്ല. ഇന്നും ഓർമ്മയിലുണ്ട് ആ ദിവസങ്ങൾ. ഒരുദിവസം രാവിലെത്തന്നെ എൻ. രാമകൃഷ്ണന്റെ ഫോൺ. വീടുവരെ വരാമോ? അവിടെയെത്തുമ്പോൾ നാലഞ്ച് അടുത്ത സഹപ്രവർത്തകർ മാത്രം. വലിഞ്ഞുമുറുകിയ മുഖവുമായി എൻ.ആർ. ഇരിക്കുന്നു. അല്പനേരത്തെ മൗനത്തിനുശേഷം അദ്ദേഹം സംസാരിച്ചുതുടങ്ങി. ‘‘ഞാൻ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ പോകുന്നു. ഇടതുമുന്നണി പിന്തുണയ്ക്കും. പത്തുമണിക്ക് പത്രസമ്മേളത്തിൽ ഇത് പറയും’’. കണ്ണൂരിൽ കെ. സുധാകരനായിരിക്കും കോൺഗ്രസ് സ്ഥാനാർഥി എന്നത് അതിനുമുൻപുതന്നെ ഉറപ്പിച്ചിരുന്നു. അതും പറഞ്ഞ് എൻ.ആർ. കസേരയിലേക്ക് ചാഞ്ഞിരുന്നു. അടുത്തവരെല്ലാം അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ചാനലുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും ബഹളമില്ലാത്ത കാലം. അതിനാൽ ബ്രേക്കിങ് ന്യൂസുകളില്ലാത്ത ശാന്തത എല്ലായിടത്തും. പതിനെട്ടു വർഷത്തോളം കണ്ണൂർ ഡി.സി.സി. പ്രസിഡന്റായിരുന്നു എൻ. രാമകൃഷ്ണൻ. സി.പി.എമ്മിനോട് നിരന്തരം ഏറ്റുമുട്ടി കണ്ണൂരിലെ കോൺഗ്രസുകാരുടെ ഹീറോ ആയിരുന്നു എൻ.ആർ. അടിയന്തരാവസ്ഥക്കാലത്ത് ലീഡർ കെ. കരുണാകരന്റെ വിശ്വസ്തൻ. പക്ഷേ, ഇതിനിടയിൽ കണ്ണൂരിലെ കോൺഗ്രസിൽ അദ്ദേഹത്തിന്റെ പിടി അയഞ്ഞുതുടങ്ങിയിരുന്നു. ജനതാപാർട്ടി വഴി എൺപതുകളിൽ കെ. സുധാകരൻ കോൺഗ്രസിലെത്തിയതോടെയായിരുന്നു ഈ ഇറക്കം. 1992-ലെ സംഘടനാ തിരഞ്ഞെടുപ്പിൽ സുധാകരൻ ഡി.സി.സി. പ്രസിഡന്റ്‌പദത്തിൽ എത്തിയതോടെ പാർട്ടിയും അനുയായിവൃന്ദവുമെല്ലാം സുധാകരനുചുറ്റും കറങ്ങുന്നതായി കണ്ണൂരിലെ സ്ഥിതി. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെകൂടി പിന്തുണയോടെയാണ് അന്ന് സുധാകരൻ ഡി.സി.സി. അധ്യക്ഷനായെത്തുന്നത്. ‘‘സുധാകരന് സീറ്റ് കൊടുത്തതിലല്ല എന്റെ പ്രയാസം. ലീഡർക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു. മാറിനിൽക്കണമെന്ന് ലീഡർ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊരു തീരുമാനം എടുക്കില്ലായിരുന്നു, അതാണ് എന്നെ സങ്കടപ്പെടുത്തുന്നത്. അദ്ദേഹത്തിനൊപ്പമായിരുന്നില്ലേ ഞാൻ ഇക്കാലമത്രയും?’’ -കണ്ണിൽ ഊറിക്കൂടിയ നനവ് തുടച്ചുകൊണ്ട് എൻ.ആർ. പറഞ്ഞു. വേദനിച്ച എൻ.ആർ. എന്ന എൻ. രാമകൃഷ്ണൻ ആശ്വാസംകണ്ടത് ഇടതുപാളയത്തിലാണ്. ഒരുകാലത്ത് മുഖ്യശത്രുവായിരുന്ന എൻ. രാമകൃഷ്ണനെ സി.പി.എമ്മും ഇടതുമുന്നണിയും ഇരുകൈയും നീട്ടി സ്വീകരിച്ച് സ്വന്തം സ്ഥാനാർഥിയാക്കി സുധാകരനെതിരേ നിർത്തി. ജയം സുധാകരനായിരുന്നു. നാളുകൾ കഴിഞ്ഞപ്പോൾ എൻ. രാമകൃഷ്ണനും സംഘവും കോൺഗ്രസിൽ തിരിച്ചെത്തി. പക്ഷേ, അപ്പോഴേക്കും കണ്ണൂരിലെ കോൺഗ്രസിൽ കെ. സുധാകരന്റെ അപ്രമാദിത്വമായിരുന്നു. Content Highlights: Analysis of K. Sudhakaran's influence over Kannur Congress candidate selection., Historical comparison with N. Ramakrishnan's 1996 political rebellion., Insight into the shift of power dynamics within the Kerala Congress unit., Examination of the relationship between veteran leaders and party discipline. Published: 21 Mar 2026, 09:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘എന്തായിരുന്നു ആ വാക്ക്?’; സുധാകരന് ചുറ്റും കറങ്ങിയ കണ്ണൂർ കോൺഗ്രസ്, എൻ.ആറിന്റെ ദുഃഖം
M
MathrubhumiSource Link
about 2 months ago