കടുത്തുരുത്തി:'ചാച്ചാ' എന്നും 'അമ്മേ' എന്നും വിളിക്കാൻ കുട്ടുവില്ലെങ്കിലും മറ്റൊരു ലോകത്തേക്ക് മറഞ്ഞ അവളെ അവരെന്നും ഉള്ളിൽ കാണുന്നു. അവളുടെ ഡോക്ടർ കോട്ടും സ്റ്റെതസ്‌കോപ്പും ഒരു സ്വപ്നത്തിന്റെ ഓർമ്മയായി ബാക്കിയുണ്ട്. മുറ്റത്തെ സ്മൃതിമണ്ഡപത്തിൽ എന്നും വിളക്കുകൊളുത്തും. അവൾക്കിഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി മുറിക്കുള്ളിലെ പാത്രത്തിൽ വെക്കും. ഇതാണ് ഡോ.വന്ദനാദാസിന്റെ, മുട്ടുചിറ നമ്പിച്ചിറക്കാലായിൽ വീട്ടിലെ ഇപ്പോഴത്തെ പതിവുകൾ. മലയാളി ഒരിക്കലും മറക്കില്ല ഡോ. വന്ദനാദാസിനെ. ശുശ്രൂഷിക്കാൻ കൊണ്ടുവന്നവന്റെ ആയുധത്താൽ ജീവൻ നഷ്ടപ്പെട്ട ഡോക്ടർ. To advertise here, ''മോളു പോയി... നീതി കിട്ടിയോന്ന് ചോദിച്ചാൽ ആശ്വാസകരമായ വിധിയെന്നേ പറയാനാകൂ.'' ഇത് പറഞ്ഞപ്പോൾ മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ശബ്ദം ഇടറി. സങ്കടം അടക്കാനായില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് പോലീസെത്തിച്ച പ്രതി സന്ദീപ് സർജിക്കൽ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ഡോ. വന്ദനദാസിന്റെ മാതാപാതാക്കളാണവർ. സന്തോഷം തളം നിറഞ്ഞുനിന്നിരുന്ന നമ്പിച്ചിറക്കാലായിലെ വീട്ടിൽ സങ്കടം നിറഞ്ഞിട്ട് രണ്ട് വർഷവും 10 മാസവും 11 ദിവസവും ആയി. ചാച്ചനെയും അമ്മയെയും തനിച്ചാക്കി അവരുടെ കുട്ടുവെന്ന ഡോക്ടർമോളെ, കുടവട്ടൂർ എൽ.പി. സ്‌കൂളിലെ അധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപ് എന്തിന് കൊലപ്പെടുത്തിയെന്നാണ് ചോദ്യം. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന. കൊല്ലം അസീസിയ കോളേജിലെ എം.ബി.ബി.എസ്. പഠനത്തിനുശേഷം ഹൗസ് സർജനായി ജോലിചെയ്യുന്നതിനിടെ 2023 മേയ് 10-ന് പുലർച്ചെ നാലേകാലോടെയാണ് വന്ദനയ്ക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തൽ കുത്തേറ്റത്. 27 തവണ കുത്തേറ്റ വന്ദന രാവിലെ 8.45-ഓടെ തിരുവനന്തുപരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. പിന്നീടിങ്ങോട്ട് നീതിക്കായുള്ള നിയമപോരാട്ടമായിരുന്നു മാതാപിതാക്കളുടെ ജീവിതം. ബന്ധുക്കൾക്കും, 23-ാം വയസ്സിൽ കൊഴിഞ്ഞുവീണ വന്ദനയെന്ന മിടുക്കിയെക്കുറിച്ച് പറയാൻ നല്ലതുമാത്രമേയുള്ളൂ. രണ്ടര വയസ്സുള്ളപ്പോൾ പ്ലേസ്‌കൂളിൽ കളിപ്പാട്ടങ്ങളില്ലാതിരുന്നിട്ട് അച്ഛനെക്കൊണ്ട് അവ വാങ്ങിപ്പിച്ച് സ്‌കൂളിലെത്തിയതിനെക്കുറിച്ച് പറഞ്ഞപ്പോൾ അമ്മ വസന്തകുമാരിയുടെ കണ്ണുകൾ നിറഞ്ഞു. പഠനത്തിനൊപ്പം ഡാൻസ് അടക്കമുള്ള കലാപ്രവർത്തനങ്ങളിലും വന്ദന മുന്നിലായിരുന്നു. എം.ബി.ബി.എസിന് പഠിക്കുന്നസമയത്ത് മാതാപിതാക്കളുടെ വിവാഹവാർഷിക ദിനത്തിൽ വർക്കല ബീച്ചിൽ പോയി ആഘോഷിച്ചതും ആദ്യ സ്‌റ്റൈപെൻഡ് കിട്ടിയപ്പോൾ അവർക്ക് പുത്തൻവസ്ത്രം വാങ്ങി നൽകിയതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ മോഹൻദാസും വസന്തകുമാരിയും ഓർക്കുന്നു. പൊന്നു പോലെയാണ് അവർ വന്ദനയെ ലാളിച്ചിരുന്നതും സ്നേഹിച്ചിരുന്നതും. എന്നും അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു വന്ദനയുടെ യാത്രകളും. പക്ഷേ, 2023 മേയ് 10-ന് അവൾ ഒറ്റയ്‌ക്കൊരു യാത്ര പോയി. ലക്ഷ്യങ്ങളുടെ ഉയരം കണ്ടെത്തിയശേഷം എന്നും ചിരിക്കുന്നൊരു നക്ഷത്രമായി ഉയരേക്ക്. ആ നക്ഷത്രമാണിനി നമ്പിച്ചിറക്കാലായിൽ വീടിന്റെ വഴികാട്ടി. Content Highlights: Parents share emotional memories of Dr. Vandana Das, Reflecting on the tragic incident at Kottarakkara Taluk Hospital, The ongoing pursuit of justice for the late doctor, Highlights of Dr. Vandana's personal life and achievements Published: 22 Mar 2026, 04:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘എന്നും അവൾക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി മുറിയിൽവെക്കും’; ഓർമകളുമായി വന്ദനാദാസിന്റെ മാതാപിതാക്കൾ
M
MathrubhumiSource Link
about 2 months ago