‘എന്റെ ജമാഅത്തിനെ നിങ്ങളെടുത്തല്ലോ എന്ന പരാതിയേ ഇപ്പോൾ സിപിഎമ്മിനും കോൺഗ്രസിനുമിടയിലുള്ളൂ’

‘എന്റെ ജമാഅത്തിനെ നിങ്ങളെടുത്തല്ലോ എന്ന പരാതിയേ ഇപ്പോൾ സിപിഎമ്മിനും കോൺഗ്രസിനുമിടയിലുള്ളൂ’

M
MathrubhumiSource Link
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ നിർണായകമാണ് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറയുന്നു. 'സി.പി.എമ്മോ കോൺഗ്രസോ നയിക്കുന്ന മുന്നണികൾക്ക് ഒറ്റയ്ക്ക് ഭരിയ്ക്കാനുള്ള ഭൂരിപക്ഷം കേരളത്തിലെ ജനം നൽകില്ലെന്നുറപ്പാണ്. കേരളം ഏതുദിശയിൽ പോകണമെന്നു തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്. അതുകൊണ്ടാണ് ഞങ്ങൾക്ക് ക്ലീൻ മജോറിറ്റി തരൂ എന്നു പറയുന്നത്. നമുക്കുവേണം വികസിത കേരളം, നമുക്കുവേണം വിശ്വാസസംരക്ഷണം, നമുക്കുവേണം സുരക്ഷിതകേരളം-ഇതാണ് ബി.ജെ.പിയ്ക്ക് പറയാനുള്ളത്. ഈ തിരഞ്ഞെടുപ്പ് വെറുമൊരു പോരാട്ടം മാത്രമായിരിക്കില്ല, അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രതീക്ഷയും നിലപാടും മാതൃഭൂമി പ്രതിനിധി എം.കെ. സുരേഷുമായി രാജീവ് ചന്ദ്രശേഖർ പങ്കുവെയ്ക്കുന്നു. To advertise here, ? നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രതീക്ഷയെങ്ങനെ. എത്രസീറ്റിൽ ജയിക്കാനാകും. =സീറ്റിനെക്കുറിച്ച് പറയാൻ താത്പര്യമില്ല. ഞങ്ങൾ സീറോയിൽനിന്ന് തുടങ്ങുകയാണ്. ഒരുസീറ്റ്, രണ്ടുസീറ്റ് ലക്ഷ്യമിടുക, മാധ്യമങ്ങളുടെ അഭിപ്രായ സർവേ കാണിക്കുക-അതിലൊന്നും താത്പര്യമില്ല. 140 സീറ്റിലും എൻ.ഡി.എയായി, ബി.ജെ.പി, ബി.ഡി.ജെ.എസ്, ട്വന്റി 20 എന്നിവരേയും ചെറുകക്ഷികളേയും ചേർത്ത് ഒറ്റക്കെട്ടായി മത്സരിക്കും. വെറുമൊരു പോരാട്ടം മാത്രമല്ലിത്. കേരളത്തിലെ വികസനമില്ലായ്മ, പ്രശ്‌നങ്ങൾ പരിഹരിക്കാത്ത ഭരണശൈലി, ആത്മാർഥതയില്ലാത്ത സർക്കാർ-ഇതൊക്കെയാണണ് ഞങ്ങൾ പറയുന്നതും അതിനുള്ള പരിഹാരമാണ് ആഗ്രഹിക്കുന്നതും. ? ഈ സമീപനത്തോട് ജനങ്ങളുടെ പ്രതികരണം വിലയിരുത്തിയിട്ടുണ്ടോ =എൻ.ഡി.എ.യെ നയിക്കുന്ന മോദി സർക്കാരിന്റെ സാമ്പത്തികമുന്നേറ്റം, ഗവേണൻസ് എന്നിവ ഇവിടേയും കൊണ്ടുവരാൻ ശ്രമിക്കും. ഈ ലക്ഷ്യത്തോട് ജനങ്ങളിൽനിന്ന് നല്ല പ്രതികരണം കിട്ടുന്നുണ്ട്. ഈ സർക്കാർ ജനങ്ങൾക്ക് മതിയായെന്നു എവിടെച്ചെന്നാലും കേൾക്കാം. ഞങ്ങളുടെ കമ്യൂണിക്കേഷൻ വിഭാഗത്തോട് ഞാൻ ചോദിച്ചു- നിങ്ങളെന്തിനാ വലിയ മുദ്രാവാക്യമുണ്ടാക്കുന്നത്? ജനങ്ങൾ പറയുന്നതുതന്നെ അങ്ങോട്ട് പറഞ്ഞാൽ പോരേ? ഒരുപരിപാടിക്കെത്തിയപ്പോൾ ഒരുകുടുംബം പറഞ്ഞത് 'ഇവരെക്കൊണ്ടു മതിയായി സാറേ' എന്നാണ്. ഇതാണ് ജനമനസിലെ വികാരം. മതിയായി എം.എൽഎ. എന്നത് പൊതുവികാരമാണ്. പ്രശ്‌നങ്ങൾ പരിഹരിക്കും എന്നുവിശ്വസിച്ചാണല്ലോ ജനങ്ങൾ വോട്ടുചെയ്ത് എം.എൽഎയാക്കുന്നത്. മുഖ്യമന്ത്രിയായ നേതാവിന്റെ ധർമടം മണ്ഡലത്തിൽ എത്തിയപ്പോൾ എത്രയെത്രയാളുകൾ പരാതിയുമായെത്തി. ഇതുതന്നെ നേമത്തും പേരാവൂരിലും കാണുന്നു. മാറണമെന്ന് ജനങ്ങൾക്കാഗ്രഹമുണ്ട് .ആ മാറ്റമാണ് ഞങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്. ?വികസിത ഭാരത് പ്രധാനമന്ത്രി മോദിയുടെ മുദ്രാവാക്യം. കേരളത്തിലിത് വികസിത കേരളം. വികസനം മാത്രമാണോ കേരളത്തിൽ ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡ. =രാഷ്ടീയ അഡജൻഡയായി മൂന്നുകാര്യങ്ങളാണ് പറയുന്നത്. ഒന്ന്-നമുക്കുവേണം വികസിത കേരളം. തൊഴിൽ, ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വികസനം,കുട്ടികൾക്ക് നല്ല ഭാവി,വിദ്യാഭ്യാസം സ്‌കിൽ എന്നിവയെല്ലാം സൃഷ്ടിക്കുന്ന വികസനം. മറ്റുസംസ്ഥാനങ്ങളിൽ ബി.ജെ.പി.അത് ചെയ്തുകാണിച്ചിട്ടുണ്ട്. അതിവിടെയും കൊണ്ടുവരണം. രണ്ട്-വിശ്വാസസംരക്ഷണം. ശബരിമല കൊള്ള,യുവതീപ്രവേശനം-ആചാരലംഘനം എന്നിവയൊക്കെ കണക്കിലെടുത്താണിത്. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലിമായാലും അവരുടെ വിശ്വാസം സംരക്ഷിക്കാൻ ബി.ജെ.പിയ്‌ക്കേ കഴിയൂ. അതൊരു ഉറപ്പും ഞങ്ങളുടെ കാഴ്ചപ്പാടുമാണ്. മൂന്ന്-വികസിത കേരളം സൃഷ്ടിക്കാൻ സുരക്ഷിത കേരളം ആവശ്യമാണ്. ഭരണഘടന കൈയിലുയർത്തി നടക്കുന്ന കോൺഗ്രസ്, ജമാഅത്തെ ഇസ്ലാമിയ്‌ക്കൊപ്പം രാഷ്ട്രീയം കളിക്കുന്നത് നാടിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും സമാധാനത്തിനും അപകടമാണ്. ജമാ അത്തെ ഇസ്ലാമി നയിക്കുന്ന ഏതുരാജ്യത്തെ അവസ്ഥ നോക്കിയാലും ഇതുമനസിലാകും. ഇവർ ഭരണത്തെ നിയന്ത്രിക്കാൻ തുടങ്ങിയാൽ നാട് നശിക്കും. ? തൃശ്ശൂരിൽ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ജയം രാഷ്ട്രീയവിജയമല്ലെന്നാണ് അടുത്തിടെനടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ ജയത്തിന്റെ ആവർത്തനവും ആവേശവും തൃശ്ശൂരിൽ തദ്ദേശതിരഞ്ഞെടുപ്പിൽ ഉണ്ടായില്ലല്ലോ =ശരിയാണ്. തൃശ്ശൂരിൽ ലോക്‌സഭയിൽ കിട്ടിയതിന്റെ പകുതിവോട്ടാണ് തദ്ദേശതിരഞ്ഞെടുപ്പിൽ കിട്ടിയത്. അതിനുകുറേകാരണങ്ങളുണ്ട്. സുരേഷ് ഗോപിക്കു കിട്ടിയ സ്‌നേഹവും പിന്തുണയും പിന്നീട് പാർട്ടിയ്ക്ക് കിട്ടിയില്ലെന്നത് സത്യമാണ്. സ്ഥാനാർഥി നിർണയത്തിലൊക്കെ പോരായ്മയുണ്ടായി. സുരേഷ് ഗോപി മന്ത്രിയായശേഷം കിട്ടേണ്ടതെല്ലാം കിട്ടിയില്ല എന്നൊരു പ്രചാരണം കോൺഗ്രസും സി.പി.എമ്മും തൃശ്ശൂരിൽ നടത്തി. സുരേഷ്‌ഗോപിയെ അവിടെ കിട്ടാനില്ല എന്നതായിരുന്നു മറ്റൊരു പ്രചാരണം. സുരേഷ് ഗോപി എം.പി. മാത്രമല്ല, രാജ്യത്തെ മന്ത്രിയുമാണ്. ചുമതലകൾ ഒരുപാടുണ്ട്. തൃശ്ശൂരിന്റെ എം.പി. ഇന്ത്യയ്ക്കുവേണ്ടി പ്രവർത്തിക്കണമല്ലോ. കോൺഗ്രസും സി.പി.എമ്മും ജനശ്രദ്ധ തിരിച്ചു എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ?പൊതുഇടങ്ങളിൽ സുരേഷ് ഗോപിയുടെ പെരുമാറ്റരീതിയോട് യോജിപ്പുണ്ടോ. അദ്ദേഹം തിരുത്തണമെന്നു തോന്നിയിട്ടുണ്ടോ = ഓരോരുത്തരുടേയും പെരുമാറ്റത്തിൽ ഒരോരോ പ്രത്യേകതകളുണ്ട്. കടക്കുപുറത്ത് എന്നു പറഞ്ഞ മുഖ്യമന്ത്രിയില്ലേ ഇവിടെ? ഇത്തരം പ്രത്യേകതയുടെ പേരിൽ പ്രശ്‌നം ഉണ്ടാക്കേണ്ടതില്ല. കോമാളിത്തരത്തിന്റെ വലിയ ഉദാഹരണമല്ലേ രാഹുൽഗാന്ധി? ഇതൊക്കെമാത്രം പറഞ്ഞുനടന്നാൽ വേറൊന്നിനും സമയം കിട്ടില്ല. മുഖ്യമന്ത്രി അതുപറഞ്ഞു, ഇതുപറഞ്ഞു എന്നുപറഞ്ഞുനടക്കാൻ ഞാനില്ല. സുരേഷ് ഗോപി ആത്മാർഥതയുള്ളയാളാണ്, കഠിനാധ്വാനിയാണ്, പ്രശസ്തനാണ്. പാർട്ടിയും ജനങ്ങളും എന്തുപറഞ്ഞാലും ചെയ്യും. അടുത്തതവണ മത്സരിച്ചാൽ ലോക്സഭയിൽ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടുകിട്ടുമെന്നതിൽ ഒരുസംശയവുമില്ല. നാടിന്റെ പ്രധാന പ്രശ്‌നങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ബാക്കിക്കാര്യങ്ങൾ ഹോളിവുഡ്,ബോളിവുഡ് ഗോസിപ്പുകാർ ചെയ്യട്ടെ. ?താങ്കൾ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം പാർട്ടിയിലുണ്ടായ മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നു. മുൻ എം.എൽ.എമാരും പാർട്ടികളും ബി.ജെ.പി.യിൽ എത്തിക്കൊണ്ടിരിക്കുന്നു. =അങ്ങനെയൊരു മാറ്റമൊന്നും എനിയ്ക്കുതോന്നുന്നില്ല. ഇതുവരെ ബി.ജെ.പി.യെ വർഗീയപാർട്ടിയെന്നു മുദ്രകുത്തി പിന്നിലേയ്ക്ക് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ആ നറേറ്റീവുണ്ടാക്കിയത് കോൺഗ്രസും സി.പി.എമ്മുമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ട് ബി.ജെ.പിയ്ക്കു കിട്ടിയതോടെ ആ പ്രചാരണം പൊളിഞ്ഞു. നുണകളെ ഞങ്ങൾ പ്രതിരോധിക്കാനും നേരിടാനും തുടങ്ങി. ഒരിടത്തും ജയിക്കില്ലെന്ന പ്രചാരണവും പൊളിഞ്ഞില്ലേ. ശരിയ്ക്കും ആരാണ് വർഗീയവാദിപ്പാർട്ടി? ജമാഅത്തെ ഇസ്ലാമിക്കൊപ്പം രാഷ്ട്രീയം കളിച്ചവരോ കളിക്കുന്നവരോ. അതോ മുസ്ലിംലീഗിനെ കൂടെനിർത്തുന്നവരാണോ. മോദി സർക്കാരിന്റെ ഭാഗത്തുനിന്ന് വിവേചനമുണ്ടെന്നതിന്റെ പേരിൽ എന്തെങ്കിലും കേസ് ചൂണ്ടിക്കാട്ടിയാൽ ഞാൻ രാഷ്ട്രീയം വിടാൻ തയ്യാറാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം എത്രയോകൊല്ലമായി ചവിട്ടിയൊതുക്കി വെച്ചിരുന്നത് സ.പി.എം. ആയിരുന്നു. ഭരിക്കുന്ന സർക്കാരിൽനിന്ന്, കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത് ബി.ജെ.പി.യ്ക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ജനങ്ങൾ ഞങ്ങളെ വിശ്വസിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ രണ്ടുകുടുംബയോഗത്തിൽ രണ്ട് അമ്മമാർ പറഞ്ഞത്-'മോനേ ഞങ്ങളെല്ലാം എത്രകൊല്ലമായി നിങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണ്. പക്ഷേ, നിങ്ങൾ ജയിക്കില്ല. അതുകൊണ്ട് വോട്ടു ചെയ്തിരുന്നില്ല.' അവരുടെ വികാരമാണിത്. ഒരാളെ തോൽപ്പിക്കാൻ മറ്റൊരാൾക്ക് വോട്ടു ചെയ്യുന്നു. ? ഈ നിലപാടിന് മാറ്റമുണ്ടായോ =മാറി. ധർമടത്ത് ഇടതുകോട്ടയായതിനാൽ പരാതികേൾക്കാൻ അവിടെ പോകേണ്ടെന്നാണ് പാർട്ടിക്കാർ പറഞ്ഞത്. പക്ഷേ ഞാൻ പോയി. രാജാവിന്റെ കോട്ടയൊന്നുമല്ലല്ലോ ധർമടം. എത്രപേരാണ് പരാതിയുമായി എത്തിയത്. 'സി.പി.എം. എപ്പോഴും ഇറാനും ഗാസയും മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു. ഇറാനും ഗാസയുമൊന്നുമല്ലല്ലോ ഇവർക്ക് വോട്ടുകൊടുത്തത്'-അടുത്തിടെ വിമാനത്താവളത്തിൽകണ്ട ഒരുകുടുംബത്തിന്റെ വാക്കുകളാണിത്. എല്ലാത്തിലും വലിയ ബൗദ്ധികരാഷ്ട്രീയം കളിയ്ക്കുന്ന കാലം കഴിഞ്ഞു. ?കേരളത്തിൽ ബി.ജെ.പി. എന്ന് അധികാരത്തിലെത്തും = ഈതിരഞ്ഞെടുപ്പിലത് നടക്കും. പൊളിറ്റിക്‌സ് ഓഫ് പെർഫോമൻസിന്റെ കാലമാണിത്. ഞാൻ എവിടേയും പോകില്ല. ഇവിടെത്തന്നെകാണും. പ്രധാനമന്ത്രിയും പാർട്ടിയും എന്നെ ഏൽപ്പിച്ച ദൗത്യമുണ്ട്-കേരളത്തിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക. അത് പൂർത്തീകരിക്കും. ഇയാൾ(ഞാൻ) കളഞ്ഞിട്ടുപോകുമെന്നുവരെ ചാനലുകളിൽ വാർത്തവന്നില്ലേ. പ്രധാനമന്ത്രി ഒരുദൗത്യം തന്നു. അതു പൂർത്തിയാക്കണം. ? സാധ്യമാകുമോ =കേരള രാഷ്ട്രീയത്തിൽ വലിയമാറ്റം വരും. യു.ഡി.എഫ്.-എൽ.ഡി.എഫ് സംയുക്ത സർക്കാർ വന്നേക്കാം. ക്ലീൻമെജോറിറ്റി ആർക്കും ഇന്നത്തെനിലയിൽ കിട്ടാനിടയില്ല. ഞങ്ങൾക്ക് നല്ല സീറ്റുകിട്ടും, നമ്പരൊന്നും പറയുന്നില്ല. രണ്ടാളെയും ഞങ്ങൾ സഹായിക്കില്ല. ശബരിമലകൊള്ളക്കാരെ, ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചവരെ ഞങ്ങൾക്കെങ്ങനെ സഹായിക്കാനാകും. ജനങ്ങൾ ഞങ്ങളെ തല്ലില്ലേ. ? കേരളാസ്റ്റോറി സിനിമ വിവാദമായല്ലോ. താങ്കൾ സിനിമ കാണില്ലെന്നു പറഞ്ഞിരുന്നു,കണ്ടിട്ടില്ലെന്നു കരുതുന്നു. വർഗീയ ചേരിതിരിവ് മറ്റേതുസംസ്ഥാനത്തേക്കാളും തടഞ്ഞുനിർത്തുന്ന സംസ്‌കാരമുള്ള ഇടമാണ് കേരളം. എന്നിട്ടും ചേരിതിരിവുണ്ടാക്കുന്ന, കേരളത്തിന് അവമതിപ്പുണ്ടാക്കുന്ന ഇത്തരം നടപടികളെ ബി.ജെ.പി. എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത് പാർട്ടിയുടെ വളർച്ചയെ ബാധിക്കില്ലേ = സിനിമ കണ്ടില്ല. കേരളത്തിന്റെ സ്റ്റോറി തീരുമാനിക്കേണ്ടത് മലയാളികളാണ്. പുറത്തുനിന്നൊരാൾ പറയേണ്ടതല്ല. കേരളീയർ തങ്ങൾക്കുവേണ്ട കേരളാ സ്റ്റോറി എന്താണെന്നു തീരുമാനിക്കണം. നന്മ, സമാധാനം ഒപ്പം എല്ലാവരും ഒന്നിച്ചുപോവുക എന്നതാണ് കേരളാ സ്റ്റോറി. ഇതുവരെ നടന്നത് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും കേരളാസ്റ്റോറിയാണ്. ഇനി സത്യസന്ധമായ കേരളാ സ്റ്റോറി ഉണ്ടാകണം. സിനിമയെ ഞാൻ എതിർക്കുന്നുണ്ടെങ്കിലും സംവിധായകന്റെ അഭിപ്രായസ്വാതന്ത്ര്യം പ്രധാനമാണ്,അവകാശമാണ്. ഇഷ്ടമില്ലെങ്കിൽ സിനിമ കാണണ്ട. മോഹൻലാലിന്റെ ആരാധകനായിട്ടും ഭക്തനായിട്ടും 'എമ്പുരാൻ' കാണാൻ താത്പര്യമില്ലെന്നു പറഞ്ഞു. പക്ഷേ,സിനിമ കാണരുതെന്നു പറയാൻ ആർക്കും അധികാരമില്ല. ഇഷ്ടമില്ലെന്നു പറയാൻ അവകാശവുമുണ്ട്. ലവ് ജിഹാദ് ഇവിടെയൊരു പ്രശ്‌നമാണ്. അതുചർച്ച ചെയ്യണം. പത്രസമ്മേളനത്തിലല്ല, മൂന്നുപാർട്ടിയും ഒരേവേദിയിലെത്തി ജനങ്ങൾക്കുമുമ്പിലാണ് ചർച്ചചെയ്യേണ്ടത്. അതിനു ഞങ്ങൾ തയ്യാറാണ്. പക്ഷേ ഒരു സിനിമയുടെപേരിൽ പ്രശ്‌നത്തെ തള്ളിമാറ്റുന്നത് ശരിയല്ല. ? തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കും ശബരിമല മുഖ്യവിഷയമാണ്. പക്ഷേ, ശബരിമലക്ഷേത്രം ഉൾപ്പെട്ട പത്തനംതിട്ട റാന്നിപെരുന്നാട് പഞ്ചായത്തിലെ വാർഡിൽ ബി.ജെ.പി. ജയിച്ചില്ല. പന്തളം നഗരസഭാഭരണവും നഷ്ടപ്പെട്ടു. ഇതു തിരിച്ചടിയല്ലേ. = ശബരിമല 100 ശതമാനവും മുഖ്യവിഷയമാണ്. ശബരിമല സ്വർണക്കൊള്ള നടന്നപ്പോൾ നിങ്ങൾ എവിടെയായിരുന്നെന്ന് എല്ലാ എം.എൽ.എമാരോടും ജനം ചോദിക്കും. നിയമസഭയിൽ നിങ്ങളെന്തെങ്കിലുംം പറഞ്ഞോ-ജനം ചോദിക്കും. ഒരുതെറ്റുനടക്കുമ്പോൾ ആരാണ് ചോദ്യം ചെയ്തത്,ആരാണ് മൗനം പാലിച്ചത് എന്നതൊക്കെ രാഷ്ട്രീയചരിത്രത്തിൽ പ്രധാനമാണ്. നോക്കൂ, ഭരണവിരുദ്ധവികാരം ഉണ്ടാകുമ്പോൾ അതിന്റെ ഗുണം പ്രധാന പ്രതിപക്ഷപാർട്ടിയ്ക്ക് കിട്ടുക സ്വാഭാവികം. ഞങ്ങൾ ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളിൽ ഇത്രയധികം വാർഡുകളിൽ മത്സരിച്ചത്. സി.പി.എം. വിരുദ്ധവികാരത്തിന്റെ ഗുണം സിറ്റിങ് പ്രതിപക്ഷമായ കോൺഗ്രസിന്കിട്ടി. ? തദ്ദേശതിരഞ്ഞെടുപ്പിൽ കേരളത്തിൽ 25 ശതമാനം വോട്ടുവിഹിതമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ലക്ഷ്യം. എന്നാൽ ലോക്‌സഭയിലെ നേട്ടത്തേക്കാൾ പിന്നിലായി. = അഞ്ഞൂറോളം വാർഡുകളിൽ നേരിയ വോട്ടിനാണ് ബി.ജെ.പി. തോറ്റത്. തൃശ്ശൂരിൽ വോട്ടുവിഹിതം പകുതിയായി-40 ശതമാനത്തിൽൽനിന്ന് 21 ആയി. അത് സംസ്ഥാന ശരാശരിയെ ബാധിച്ചു. പക്ഷേ രണ്ടുമുന്നണികളുടെയും കോട്ടകളിൽ ഞങ്ങൾക്കിപ്പോൾ പ്രതിനിധികളുണ്ട്. എൻ.ഡി.എയുടെ പതാക കേരളം മുഴുവനുമുണ്ട്. ലോക്‌സഭയിൽ ഞാൻ മത്സരിച്ചപ്പോൾ കോൺഗ്രസിന് വോട്ടുമറിച്ചത് സി.പി.എം ആണെന്നു എല്ലാവർക്കുമറിയാം. 40 ശതമാനം വോട്ടുപിടിച്ച എൻ.ഡി.എ. എന്തുകൊണ്ട് കൊടുങ്ങല്ലൂർ നഗരസഭ ഭരിക്കുന്നില്ല. കോൺഗ്രസ് വോട്ടുമറിച്ച് സി.പി.എമ്മിനു കൊടുത്തു. ? തിരുവനന്തപുരം കോർപ്പറേഷനിലെ ജയവും തലസ്ഥാനജില്ലയിലെ മുന്നേറ്റവും എടുത്തുപറയാവുന്നതാണ്. പക്ഷേ ബി.ജെ.പി. വളരുന്നു എന്നു പറയുമ്പോഴും തദ്ദേശതിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടായെന്നു അവകാശപ്പെടുന്നതെങ്ങനെ =തദ്ദേശതിരഞ്ഞെടുപ്പിൽ ഞങ്ങൾ ലക്ഷ്യമിട്ടത് സി.പി.എമ്മിനെയാണ്, കോൺഗ്രസിനെയല്ല. ശബരിമലയ്ക്കുവേണ്ടി മഴയത്തും സമരമിരുന്നത് എൻ.ഡി.എയാണ്. ശബരിമലയുടെ ഗുണം കോൺഗ്രസിനും കിട്ടി,ഞങ്ങൾക്കും കിട്ടി. ഇപ്പോൾ കോൺഗ്രസും സി.പി.എമ്മും ഒന്നാണ്. സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെങ്ങനെ സോണിയയുടെ വീട്ടിലെത്തി. എല്ലാവർക്കും സോണിയയെ കാണാനാകുമോ. കൊള്ളയിൽ രണ്ടുപാർട്ടികളും പങ്കാളിയാണ്. കൊല്ലങ്ങളായി ജമാ അത്തെ ഇസ്ലാമി സി.പി.എമ്മിനൊപ്പമായിരുന്നില്ലേ. എന്റെ ജമാഅത്തിനെ നിങ്ങളെടുത്തല്ലോ എന്ന പരാതിയേ ഇപ്പോൾ അവർക്കിടയിലുള്ളൂ. ? കോൺഗ്രസ് ആരോപിക്കുന്നു സി.പി.എം.-ബി.ജെ.പി. ധാരണയെന്ന്. ബി.ജെ.പി. പറയുന്നത് കോൺഗ്രസ്-സി.പി.എം ധാരണയെന്നും. =എന്തു പൊട്ടത്തരമാണവർ പറയുന്നത്. ഇവർ രണ്ടുപേരും മറ്റുസംസ്ഥാനങ്ങളിൽ രാഷ്ട്രീയസഖ്യത്തിൽ അല്ലേ. എന്നിട്ടാണോ അന്തർധാരയെപ്പറ്റിപറയുന്നത്. ഓരോന്നുപറഞ്ഞ് ജനങ്ങളെ വിഡ്ഢിയാക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. ജനങ്ങൾ നിങ്ങളെ ജയിപ്പിക്കുന്നെങ്കിൽ ജയിച്ചോളൂ. പക്ഷേ ഞങ്ങൾ നിശബ്ദരായിരിക്കില്ല. ? പാർട്ടിയുടെ ചുമതലക്കാരിൽ പ്രധാനികൾ ക്രിസ്ത്യൻ സമുദായത്തിൽനിന്നുണ്ട്. എന്നിട്ടും ക്രിസ്ത്യൻ ഔട്ട് റീച്ച് അത്രകണ്ട് ഗുണപ്പെട്ടില്ലെന്നു തോന്നുന്നു. എവിടെയാണ് പിഴച്ചത്. =ഞങ്ങൾ തുടങ്ങിയത് ക്രിസ്ത്യാനി ഔട്ട് റീച്ചല്ല, മലയാളി ഔട്ട് റീച്ചാണ്. അതിന്റെ ഭാഗമായി ഹിന്ദു, ക്രിസ്ത്യൻ,മുസ്ലിം ഔട്ട് റീച്ച് ഉണ്ടായെന്നേയുള്ളൂ. അവരുടെയെല്ലാം വീടുകയറി ആശയവിനിമയം നടത്തി. അതിന്റെ നേട്ടം ഉണ്ടായെന്നു 100 ശതമാനവും ഉറപ്പുണ്ട്. ബി.ജെ.പി. ഇടുങ്ങിയ പാർട്ടിയാണെന്നു പറഞ്ഞു കയറ്റിവെച്ച വിഷം എടുത്തുകളയാനായി. അതിന്റെ ഫലമാണ് തിരഞ്ഞെടുപ്പുകളിലെ ജയം. ? കേരളത്തിൽ ക്രിസ്ത്യാനികളെ ചേർത്തുനിർത്തുന്നു. അതേസമയം വടക്കേയിന്ത്യയിൽ അവർക്കെതിരേ അതിക്രമങ്ങളും നടക്കുന്നു. ക്രിസ്ത്യാനികളോടുള്ള ബി.ജെപിയുടെ സമീപനത്തിൽ ആർ.എസ്.എസ്. പൂർണമായി യോജിക്കുന്നുമില്ല. ഇതിലൊരു വൈരുദ്ധ്യമില്ലേ =ചില സംസ്ഥാനങ്ങളിൽ മതപരിവർത്തനത്തിനെതിരേ നിയമമുണ്ട്. മതപരിവർത്തനം വിഷയമായതിനാണിത്. ചിലേടത്ത് തെറ്റിദ്ധാരണയുടെ പേരിലും പ്രശ്‌നമുണ്ട്. മലയാളി എവിടെയാണെങ്കിലും അവരെ സംരക്ഷിക്കുകയെന്ന നയത്തിൽ വിട്ടുവീഴ്ചയില്ല. ഛത്തിസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ ജയിലിനുമുമ്പിൽ കേരളത്തിലെ എം.പിമാർ വന്ന് നാടകം കളിച്ചു. പക്ഷേ ഛത്തിസ്ഗഢിലെ കോൺഗ്രസ് എം.പി.മാരെ അവിടെ കണ്ടില്ല. അതൊരു കാപട്യമല്ലേ. ഭരതനാട്യമല്ല, ഭരണനാട്യമാണ് നടന്നതും നടക്കുന്നതും. കോൺഗ്രസും സിപിഎമ്മും ചെയ്യുന്നത് ഭരണത്തിനുവേണ്ടിയുള്ള രാഷ്ട്രീയനാട്യമാണ്. ലക്ഷ്യം വോട്ടുമാത്രം. ? മുൻ ഡി.ജി.പി. ആർ. ശ്രീലേഖ ഒടുവിൽ മത്സരത്തിന് തയ്യാറായി. പിണക്കം തീർത്തതെങ്ങനെ =ശ്രീലേഖ സിൻസിയർ ലേഡിയാണ്, മത്സരിക്കും. അവർ മുൻ ഡി.ജി.പിയല്ലേ-എന്തിനവരെ കേസ് കൊടുത്ത് ഉപദ്രവിക്കുന്നു. മന്ത്രി വീണാജോർജ് നാടകം കളിച്ചെന്നോ ഇല്ലെന്നോ ഞാൻ പറയുന്നില്ല. വനിതാമന്ത്രിക്കെതിരേ അടുത്തിടെയുണ്ടായ സംഭവം പാടില്ലാത്തതായിരുന്നു. ഇന്നത്തെ രീതി കാണുമ്പോൾ രാഷ്ട്രീയത്തിലിറങ്ങാൻ അവരുടെ മാതാപിതാക്കൾ അനുവദിക്കുമോ. അവർ മോശപ്പെട്ട ആരോഗ്യമന്ത്രി ആണെന്നഭിപ്രായമുണ്ട്. പക്ഷേ ഭീഷണി സംസ്‌കാരം ശരിയല്ല. പ്രത്യേകിച്ചും 30 ശതമാനം സ്ത്രീസംവരണമൊക്കെയുള്ള ഇക്കാലത്ത്. നമുക്കുവേണ്ടത് പുതിയ വനിതാ യുവതലമുറയാണ്. രാഷ്ട്രീയത്തിൽ അതിർ വരമ്പുകൾ മുറിച്ചുകടക്കുന്നത് ശരിയല്ല. ? ചുരുങ്ങിയ കാലംകൊണ്ട് ആളുകളെ മെരുക്കുന്ന പ്രായോഗിക രാഷ്ട്രീയം എങ്ങനെ വശത്താക്കി. =എനിയ്‌ക്കൊരു ചാലഞ്ച് തന്നു, ഏറ്റെടുത്തു. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കണമെന്നു ആത്മാർഥമായി തോന്നി. ഞങ്ങളുടെ ഹെൽപ്പ് ഡെസ്‌കിലൂടെ ഒരുലക്ഷത്തോളംപേരെ സഹായിച്ചു. ഇതു പറയുന്നതിൽ അഭിമാനമുണ്ട്. ? കേരള വികസനത്തിന് വലിയ പ്രഖ്യാപനം പ്രധാനമന്ത്രിയിൽനിന്ന് ഇനിയുണ്ടാകുമോ = തിരഞ്ഞെടുപ്പിനുവേണ്ടി പ്രഖ്യാപനംനടത്തുക എൻ.ഡി.എ.യുടെ നയമല്ല. ?താങ്കളെ കൂടുതൽ സമയവും നീല ഉടുപ്പിട്ടാണ് കാണുന്നത്. എന്തുകൊണ്ടാണ് നീലയോടിത്ര ഭ്രമം =പണ്ടേയുള്ള ശീലംമാണിത്. നീല ഷർട്ടും ബ്രൗൺ പാന്റ്‌സുമായിരുന്നു ഇഷ്ടം. ടെക്കിയായപ്പോൾ തുടങ്ങിയ ശീലമാണ്. പത്തുവീതം പാന്റ്‌സും ഷർട്ടുമുണ്ടാകും. ഇപ്പോൾ കൂടുതലും നീല ഉടുപ്പാണ്. നീലയാണ് ഇഷ്ടനിറം. പിന്നെ എയർഫോഴ്‌സിന്റെ നിറവും നീല. സേനയിലായിരുന്ന അച്ഛന്റെ യൂണിഫോമിന്റെ നിറവും നീല. ഉടുപ്പിന്റെ പോക്കറ്റിൽ കുത്തിയ എംബ്ലത്തിനും കഥയുണ്ട്. ശൗര്യചക്രയുടെ മെഡലിന്റെ, അശോകചക്രയുടെ ഓർമയ്ക്കായാണിത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘എന്റെ ജമാഅത്തിനെ നിങ്ങളെടുത്തല്ലോ എന്ന പരാതിയേ ഇപ്പോൾ സിപി… | Boolokam