ബ്രസീലിയൻ എഴുത്തുകാരി ക്ലാരിസ് ലിസ്‌പെക്ടറുടെ ‘ദ അവർ ഓഫ് ദ സ്റ്റാർ’ എന്ന പുസ്തകത്തെക്കുറിച്ച് ജോജോ ആന്റണി എഴുതുന്നു. To advertise here, റ ഷ്യൻ വിപ്ലവത്തിന്റെ നാളുകളിൽ- പറയുന്നത് 1917 മുതൽ 1922 വരെയുള്ള കാലഘട്ടത്തെ പറ്റിയാണ്- റഷ്യയും സമീപദേശങ്ങളും മറ്റൊരു കലാപത്തിന്റെ കൂടി പിടിയിലായിരുന്നു. പോഗ്രോം (Pogrom- വംശഹത്യ ) എന്ന് പൊതുവെ വിവക്ഷിക്കപ്പെടുന്ന ഈ ക്രൂരത ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകൾ അധികാരത്തിലേക്ക് കയറുന്നതിന് മൂന്നര പതിറ്റാണ്ടു മുമ്പേ, അലക്‌സാണ്ടർ രണ്ടാമൻ എന്ന സാർ ചക്രവർത്തിയുടെ വധം മുതൽ, റഷ്യൻ സാമ്രാജ്യത്തിലെ ഒരു ക്രൂരവിനോദമായിരുന്നു. ജൂതവംശജരെ ആക്രമിക്കുക, കൊല്ലുക, അവരുടെ വീടുകളും സ്ഥാപനങ്ങളും തകർക്കുക, സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുക തുടങ്ങിയവയായിരുന്നു അക്രമികളുടെ വിനോദോപാധികളിൽ ചിലത്. കൂടുതൽ അറിയാൻ 1881 ലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി, യുക്രെയ്‌നിലെ യെലിസാവെറ്റ്ഗ്രാഡ് നഗരത്തിലെ ഒരു മദ്യശാലയിലേക്ക്. ഓർത്തഡോക്‌സ് സഭ 'പാഷ്‌ക' (ഉയിർപ്പ്) ആഘോഷിക്കുന്നതിന്റെ തലേന്ന്. മദ്യ ലഹരിയിൽ തുടങ്ങിയ വാഗ്വാദം വളർന്നത് മൂന്ന് ദിവസം നീണ്ടുനിന്ന കലാപത്തിലേക്കാണ്. നഗരത്തിലെ ജൂത കുടുംബങ്ങൾ മുഴുവൻ അക്രമങ്ങൾക്ക് ഇരയായി. ജൂത ഗൃഹങ്ങളിലെ ഉപകരണങ്ങളും മറ്റ് വസ്തുക്കളും നശിപ്പിക്കപ്പെട്ടു, കീറി മുറിക്കപ്പെട്ട കിടക്കകളിൽ നിന്നുള്ള പഞ്ഞിയും തൂവലുകളും നഗരത്തെ പൊതിഞ്ഞു, വീടുകൾ കത്തിയെരിഞ്ഞു തീർന്നു, പലയിടങ്ങളിലും ജൂതന്മാർക്ക് മുന്നിൽ രണ്ട് വഴികൾ മാത്രം ശേഷിച്ചു - ഒന്നുകിൽ കത്തുന്ന വീടിനുള്ളിൽ ജീവനോടെ കത്തിത്തീരുക അല്ലെങ്കിൽ ജനൽ വഴി പുറത്തേക്ക് ചാടി അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ പീഡനങ്ങൾ ഏറ്റുവാങ്ങുക. മോർദെച്ചായ് എന്നൊരു ധനാഢ്യനായ കച്ചവടക്കാരനെ കലാപകാരികൾ നിരത്തിൽ കൊണ്ടിരുത്തി, വർഷങ്ങളായി സ്വരുക്കൂട്ടിയ അയാളുടെ സ്വത്തുവകകൾ ഒന്നൊന്നായി അയാളുടെ കൺമുന്നിലിട്ട് കത്തിച്ചു. തീർന്നില്ല, അയാളുടെ പണിയായുധങ്ങൾ കൊണ്ട് തന്നെ അയാളെ മർദിച്ചവശനാക്കി. 'കലാപം', 'സർവ്വനാശം' എന്നൊക്കെ അർത്ഥം വരുന്ന പോഗ്രോം എന്ന റഷ്യൻ വാക്ക് ലോകത്തിന്റെ നാവിലേക്ക് വന്നു ചേരുന്നത് ഈ കലാപങ്ങൾക്ക് ശേഷമാണ്. റഷ്യയിലും ചുറ്റുഭാഗങ്ങളിലും കലാപങ്ങളും നശീകരണ പ്രവൃത്തികളും ബലാത്സംഗങ്ങളും തുടർന്നുകൊണ്ടേയിരുന്നു. റഷ്യൻ വിപ്ലവത്തിന് ശേഷവും. അങ്ങനെ നിരവധി തവണ ബലാത്സംഗത്തിന് ഇരയായ ജൂതസ്ത്രീകളിൽ മാനിയ എന്നൊരു യുവതിയുമുണ്ടായിരുന്നു. പലവട്ടം ഭേദിക്കപ്പെട്ട മനസ്സിന്റെ, ശരീരത്തിന്റെ, യാതനകൾ, അവയുടെ ബാക്കിപത്രമായി ശേഷിച്ച സിഫിലിസ് രോഗം- അവരുടെ ജീവിതം ഒരു നരകമായി മാറി. ഗർഭധാരണവും പ്രസവവും സിഫിലിസ് രോഗത്തെ സുഖപ്പെടുത്തുമെന്ന് അക്കാലങ്ങളിൽ ഒരു അന്ധവിശ്വാസം നിലനിന്നിരുന്നു. രണ്ട് കുട്ടികളുണ്ടായിരുന്ന അവർ മൂന്നാമതൊരു സന്തതിയെ കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്. വൈകാതെ അവർക്ക് ഛായ പിൻകാസോവ്ന എന്ന് പേരുള്ള ഒരു പെൺകുട്ടി ജനിച്ചു, മാനിയയുടെ അസുഖം ഭേദമായില്ല എന്നു മാത്രം. ഈ പിറവി നടന്നത് 1920-ൽ, യുക്രെയ്‌നിലെ ചെചെയ്‌നിക് പട്ടണത്തിൽ. 56 വർഷങ്ങൾക്ക് ശേഷം ഏതാണ്ട് ഏഴായിരം മൈൽ അകലെ, ശാന്തസമുദ്രത്തിന്റെ അങ്ങേക്കരയിൽ, ബ്രസീലിലെ റിയോ ഡി ജനീറോയിലെ ഹോസ്പിറ്റൽ ലാ ഡാഗോവ എന്ന ആശുപത്രിയിൽ, ഒരു സംഭവം നടന്നു. ഒരു രോഗി, സ്ത്രീയാണവർ, കട്ടിലിൽ കിടക്കുന്നു. എങ്കിലും ഇടയ്ക്കിടെ അവർ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്. തീർത്തും അവശയായ ആ സ്ത്രീയെ തടയാൻ ശ്രമിക്കുന്നു കൂടെയുള്ള നഴ്‌സ്. രോഗി ഒരു നിമിഷം അടങ്ങിക്കിടന്നു, പിന്നെ സർവ്വശക്തിയുമെടുത്ത് എഴുന്നേറ്റ് നഴ്‌സിനെ നോക്കി അലറി. 'നീയെന്റെ കഥാപാത്രത്തെ കൊന്നു'! ശസ്ത്രക്രിയ ചെയ്ത് നീക്കാനാവാത്ത വലിയ ഒരു ഗർഭപാത്ര കാൻസറായിരുന്നു ആ രോഗിയുടെ അസുഖം, അതവരെ അറിയിച്ചിരുന്നില്ല. പെടുന്നനെ ഉണ്ടായ രക്തസ്രാവത്തിന്റെ തുടർച്ചയിലായിരുന്നു ആ അലർച്ച. ജീവൻ നഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ചുള്ള ദുഃഖം ആ രോഗിയ്ക്ക് അധികം അനുഭവിയ്‌ക്കേണ്ടി വന്നില്ല, കൂടെ എപ്പോഴും ഉണ്ടായിരുന്ന ഓൾഗ ബോറല്ലി എന്ന കൂട്ടുകാരിയെ വിട്ട്, ഡിസംബർ 9-ാം തിയതി, അവർ മരിച്ചു, 57 വയസ്സ് തികയുന്നതിന്റെ തലേ നാൾ. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരുടെ ഒരു ടെലിവിഷൻ അഭിമുഖം പുറത്തു വന്നു, പ്രമുഖ ജേർണലിസ്റ്റായ ജൂലിയ ലേണറുമായി ആ വർഷം ഫെബ്രുവരിയിൽ നടന്നതും അതുവരെ പ്രക്ഷേപണം ചെയ്യപ്പെട്ടില്ലാത്തതുമായ ഒന്ന്. അതിൽ അവർ കാണികളെ അറിയിക്കുന്നു: 'ഞാൻ എന്റെ കല്ലറയിൽ നിന്നാണ് സംസാരിക്കുന്നത്.' അഭിമുഖം എടുക്കുന്ന നേരത്തു തന്നെ അവർ ജൂലിയയോട് ഒരു നിബന്ധന വച്ചിരുന്നു, തന്റെ മരണത്തിന് ശേഷം മാത്രമേ ആ അഭിമുഖം പ്രക്ഷേപണം ചെയ്യാവൂ എന്ന്. ജൂലിയ വാക്ക് പാലിച്ചു, അഭിമുഖത്തിന്റെ പ്രക്ഷേപണം നടക്കുമ്പോഴേക്കും, ഡിസംബർ 11 ന് തന്നെ, കാജു സെമിത്തേരി എന്ന് പൊതുവെ അറിയപ്പെടുന്ന സാവോ ഫ്രാൻസിസ്‌കോ സേവ്യർ ജൂത സെമിത്തേരിയിൽ, ആധുനിക ബ്രസീലിയൻ എഴുത്തുകാരിൽ ഏറ്റവും മുൻ നിരയിലുള്ള ക്ലാരിസ് ലിസ്‌പെക്റ്റർ, അന്ത്യവിശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. ലിസ്‌പെക്റ്ററുടെ മരണശേഷം അവരുടെ പല കുറിപ്പുകളും സുഹൃത്തായ ഓൾഗ ബോറെല്ലി കണ്ടെടുത്ത്, ക്രമപ്പെടുത്തി, പ്രസിദ്ധീകരിച്ചു. A Breath of Life, The Discovery of the World എന്നീ നോവലുകളും Beauty and the Beast എന്ന കഥാസമാഹാരവും അങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. എന്നാൽ ജീവിതകാലത്ത് അവസാനം പുറത്തിറങ്ങിയ പുസ്തകം മാകബിയ എന്ന 19 കാരിയുടെ വിഹ്വലതകൾ നിറഞ്ഞ The Hour of the Star എന്ന ചെറുനോവൽ ആയിരുന്നു, അവർ മരിക്കുന്നതിന് രണ്ട് മാസങ്ങൾക്ക് മുമ്പ്. Agua viva (Stream of Life) എന്ന നോവലിൽ നിന്ന് The Hour of the Star എന്ന കൃതിയിലേക്ക് ഞാൻ കടക്കുമ്പോൾ ആദ്യം കാണുന്നത് ശീർഷകങ്ങളുടെ ഒരു നീണ്ട നിരയാണ്. 'നക്ഷത്രത്തിന്റെ നാഴിക' എന്ന പേരു കൂടാതെ It Is All My Fault, As For The Future, Singing The Blues തുടങ്ങി 13 പേരുകൾ കൂടി ലിസ്‌പെക്റ്റർ നമുക്ക് മുന്നിൽ വയ്ക്കുന്നു, ഇതിലേത് പേര്/പേരുകൾ എടുക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് വിട്ടു തന്നിരിക്കുന്നു. തീരുന്നില്ല, ഈ പേരുകൾ വരിവരിയായി നിരത്തി വച്ചാൽ അതൊരു കവിതയായി വേഷം മാറുന്നു, ആ കവിത ഈ നോവലിലെ നായികയുടെ കഥ പറയുന്നു. പുറകെ വായിക്കാം: 'ഒരു 'ശരി'യിൽ നിന്നാണ് ഈ ലോകം ആരംഭിക്കുന്നത്. ഒരു കണിക മറ്റൊരു കണികയോട് പറഞ്ഞു, 'ശരി'; അങ്ങനെ ലോകം പിറന്നു.'(1) നോവൽ തുടങ്ങുകയായി. റോഡ്രിഗോ എസ്.എം. എന്ന ഒരാളാണ് ഈ കഥ പറയുന്നത്. അയാൾ പറയുന്നത് വഴിയിൽ കാണുന്ന അപരിചിതരെ നോക്കി ചിരിക്കുന്ന, മരിയ എന്ന് പേരുള്ള, ടൈപ്പിസ്റ്റ് ആയി ജോലി നോക്കുന്ന, നാല് യുവതികൾക്കൊപ്പം ഒരു മുറി പങ്കിടുന്ന, രാത്രി കിടക്കുന്നതിന് മുമ്പ് ഒരു കോൾഡ് കോഫി കുടിക്കുന്ന. അതിനാൽ നെഞ്ചെരിച്ചിൽ മൂലം പാതിരായ്ക്ക് ഉറക്കം നഷ്ടമാകുന്ന, മാക്കബിയ എന്ന പത്തൊമ്പതുകാരി പെൺകുട്ടിയുടെ കഥയാണ്. മഴ പെയ്യുന്ന ഒരു അപരാഹ്നത്തിൽ അവൾ കണ്ടുമുട്ടുന്ന യുവാവുമായി- അയാളുടെ പേര് തന്തയില്ലാത്തവരുടെ പേരായ ഡി ജിസസ്- നടക്കാനിറങ്ങുന്നു. പിന്നെപ്പിന്നെ, യാത്ര പലവട്ടം ആവർത്തിച്ചു, അയാൾ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തുന്നതുവരെ. മാക്കബിയയുടെ കഥ അവിടെ തീരുന്നില്ല. എന്നാൽ ലിസ്‌പെക്റ്റർ പിന്നീട് പറയുന്നത് ആ കഥയല്ല, പകരം ആ കഥയെ കുറിച്ചാണ്. ആ വാക്കുകൾക്കിടയിലേക്ക് കഥാകാരിയുടെ തന്നെ ജീവിതവഴിയിലെ ചില നിഴലുകൾ നീണ്ടു വരുന്നു. '....രൂപമാണ് ഉള്ളടക്കത്തെ തീരുമാനിക്കുന്നത്'(2) എന്ന ലിസ്‌പെക്റ്റർ നിർവചനത്തിന് ഈ വാക്കുകൾ സാക്ഷിയാകുന്നുമുണ്ട്. നോവൽ എന്ന സാഹിത്യശാഖയുടെ അതിരുകളേതൊക്കെ എന്ന സാമാന്യ ധാരണയെ നിശ്ശിതമായി ചോദ്യം ചെയ്യുന്ന കൃതിയാണിത്. കഥ പറയുന്ന ആളെ കൂടാതെ, നായികയും, കുറച്ച് പേജുകൾ മാത്രം നീളുന്ന ഒരു പുരുഷ സൗഹൃദവും, കൂടെ ജോലി ചെയ്യുന്ന ഒരു യുവതിയും പിന്നെ വ്യഭിചാരിണിയോ കൂട്ടിക്കൊടുപ്പുകാരിയോ, ജോത്സ്യയോ ഒക്കെ ആയ ഒരു സ്ത്രീയും, ഇവരാണ് കഥാപാത്രങ്ങൾ. രണ്ട് കൂടിക്കാഴ്ചകൾ, ഒരു അപകടം, കഴിഞ്ഞു സംഭവങ്ങളുടെ പട്ടിക. അവയ്ക്കപ്പുറവും ഇപ്പുറവുമായി കുറെ സംഭാഷണങ്ങൾ - അതിലധികവും കഥ പറയുന്നയാൾ വായനക്കാരനുമായി നടത്തുന്ന സംവാദങ്ങളും ഏറ്റുപറച്ചിലുകളുമാണ് - കൂടിയാകുമ്പോൾ ഈ നോവലായി. എന്നാൽ അത് മാത്രമോ ഈ സൃഷ്ടിയെന്ന ചോദ്യത്തിനുള്ള ഉത്തരം വലിയ ശബ്ദത്തിൽ 'അല്ല' എന്ന് തന്നെയാണ്. പകരം ഇതിൽ നിറയുന്നത് ശബ്ദമൊട്ടുമില്ലാതെ പുറത്തുവരുന്ന കരച്ചിലാണ്. അല്ലെങ്കിൽ, ഇരുട്ടുമാത്രം നിറഞ്ഞ ഒരു ലോകത്ത് പിറന്ന്, തകർന്നടിഞ്ഞ ഒരു ലോകത്തിൽ ജീവിക്കുന്നതിന്റെ സാധ്യതകളെ കുറിച്ചുള്ള താത്വികമായ ഒരു പരിശോധനയുമാകാം ഈ കൃതി. ഫലിക്കാതെ പോയ ഒരു പ്രതീക്ഷയായിരുന്നു തന്റെ പിറവിയുടെ പിന്നിലെന്ന കാര്യം അവർ തന്റെ എഴുത്തിൽ സൂചിപ്പിക്കുന്നുണ്ടെന്ന്, ആ ചിന്തയുടെ ഭാരവും കുറ്റബോധവും അവരുടെ കൃതികളിൽ തെളിയുന്നുണ്ടെന്ന് പല നിരൂപകരും സൂചിപ്പിച്ചിട്ടുണ്ട്. ഈ കൃതിയിൽ അത് തീർത്തും വെളിവാണ്. കൃതിയിൽ ഒരിടത്ത് '...സാങ്കേതികമായി ഈ കഥയിൽ ഒന്നുമില്ല, ഇത് ശൈലീഭദ്രമല്ല, സാഹിത്യപരമായി ഒരു ദരിദ്ര ജീവിതമാണ് ഈ കഥയുടേത്'(3) എന്നൊരു കുമ്പസാരത്തിനു ശേഷം ഈ കഥയെഴുത്തിനെ കുറിച്ച് ലിസ്‌പെക്റ്റർ എഴുതുന്നുണ്ട്: '...എന്തെഴുതുന്നതിനും അടിസ്ഥാന വസ്തു വാക്കാണ്. അതുകൊണ്ടാണ് ഈ കഥയിൽ വാക്കുകൾ കൂടിച്ചേർന്ന് വാചകങ്ങളായി മാറുന്നതും രഹസ്യമായ ഒരു പൊരുൾ ആ വാക്കുകൾക്കും വാചകങ്ങൾക്കും അപ്പുറത്തേക്ക് പരക്കുന്നതും.'(4) വായനക്കാർക്ക് ആർക്കും എതിരഭിപ്രായം ഉണ്ടാവാനിടയില്ല. അവർ തുടരുന്നു: 'ഈ കൃതി വാക്കുകൾ കൊണ്ടുണ്ടാക്കപ്പെട്ടതല്ല എന്ന് ഞാൻ ആണയിടുന്നു. ഈ കൃതി ശബ്ദമില്ലാത്ത ഒരു ഫോട്ടോയാണ്. ഈ കൃതി നിശബ്ദതയാണ്. ഈ കൃതി ഒരു ചോദ്യമാണ്.'(5) അതെ, വായനയ്‌ക്കൊടുവിൽ വായനക്കാരന് ചുറ്റും നിശബ്ദത തന്നെയാണ്, ആ നിശബ്ദതയ്ക്ക് മുകളിൽ വായ് മൂടപ്പെട്ട ഒരു ചോദ്യചിഹ്നം മായാതെ നിൽക്കുന്നുമുണ്ട്. എല്ലാം വിളിച്ചു പറയുന്നതല്ലല്ലോ സാഹിത്യം. എല്ലാം വിളിച്ചു പറഞ്ഞാൽ അത് സാഹിത്യമാകില്ലല്ലോ. …… (1) All the world began with a yes. One molecule said yes to another molecule and life was born. (2) ... form is what makes content. (3) ...this story has no technique, nor style and it lives from hand to mouth. (4) Yes, but don't forget that to write anything at all my basic material is the word. So that's why this story will be made of words that gather in sentences and from these a secret meaning emanates that goes beyond words and sentences. (5) I swear this book is made without words. It is a mute photograph. This book is a silence. This book is a question.

‘എന്റെ മരണത്തിന് ശേഷം മാത്രമേ അഭിമുഖം പ്രക്ഷേപണം ചെയ്യാവൂ’; മാധ്യമപ്രവർത്തക വാക്ക് പാലിച്ചു!
M
MathrubhumiSource Link
23 days ago