Health Desk Last Updated: 17 April 2026, 07:31 PM IST Representative Image| Photo: Canva.com ഭക്ഷണം കഴിച്ചതിനുശേഷം വയർ വീർത്തതായി തോന്നുന്നുവെന്നും ദഹനം ശരിയാകുന്നില്ലെന്നുമൊക്കെ പരാതിപ്പെടുന്നവരുണ്ട്. മിക്കപ്പോഴും ഇത് കഴിക്കുന്ന ആഹാരത്തിന്റെ പ്രശ്നമായോ, ജീവിതശൈലിയുടെ ഭാഗമായോ ഒക്കെ നിസ്സാരമാക്കുന്നവരുണ്ട്. എന്നാൽ കാലങ്ങളായി വയറു വീർക്കുന്ന പ്രശ്നമുണ്ടെങ്കിൽ അത് വെറും ദഹനസംബന്ധമായ പ്രശ്നമല്ലെന്നും ഗൗരവത്തോടെ കാണണമെന്നും പറയുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി. To advertise here, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സൗരഭ് ഇതേക്കുറിച്ച് പങ്കുവെച്ചത്. ഇതിൽ പ്രധാനമായി അദ്ദേഹം സൂചിപ്പിക്കുന്നത് കുടലും കരളുമായുള്ള ബന്ധമാണ്. കരളിന്റെ ആരോഗ്യവും കുടലിന്റെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒന്നിനെ അവഗണിക്കുന്നത് മറ്റൊന്ന് ഗുരുതരമാവാൻ കാരണമാവുമെന്നും അദ്ദേഹം പറയുന്നു. അതായത് ദഹനപ്രശ്നം അടിക്കടി വരുന്നുവെങ്കിൽ അത് കുടലിന്റെ പ്രശ്നം മാത്രമല്ല കരളിന്റേതാണോ എന്നുകൂടി പരിശോധിക്കണം. ദഹനം സുഗമമാക്കാൻ പ്രോബയോട്ടിക്കുകൾ മികച്ചതാണെന്ന് എപ്പോഴും കാണാറുണ്ട്. എന്നാൽ ഇതിനൊപ്പം പ്രാധാന്യത്തോടെ കണക്കിലെടുക്കേണ്ട മറ്റുരണ്ട് കാര്യങ്ങൾ കൂടിയുണ്ടെന്നും അതിനുശേഷമാണ് സപ്ലിമെന്റുകളിലേക്ക് തിരിയേണ്ടതെന്നും ഡോ.സൗരഭ് പറയുന്നു. നാരുകളടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക, ഭക്ഷണം കഴിക്കുന്ന സമയം കൃത്യമാക്കുക എന്നതാണത്. ദഹനപ്രക്രിയയിൽ നാരുകൾ വലിയ പങ്കാണ് വഹിക്കുന്നത്. ഇവ മലവിസർജനം സുഗമമാക്കാനും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും സഹായിക്കും. ഒപ്പം ഒരു ദിവസത്തിലെ ആദ്യത്തെ ആഹാരം കഴിക്കുന്നതിന്റെ സമയവും എത്രത്തോളം പ്രധാനമാണെന്ന് ഡോ.സൗരഭ് പറയുന്നു. ആദ്യത്തെ ഭക്ഷണമാണ് പിന്നീടുള്ള മണിക്കൂറുകളിലേക്ക് കുടലിനെ സജ്ജമാക്കുന്നത്. ആദ്യത്തെ ഭക്ഷണം വൈകുന്നതും സംസ്കരിച്ച ആഹാരപദാർഥങ്ങൾ കഴിക്കുന്നതുമൊക്കെ ദിവസം മുഴുവനും ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാൻ കാരണമാവും. മലവിസർജനത്തിന്റെ കാര്യത്തിൽ അധികമാരും ശ്രദ്ധിക്കാത്തവയേക്കുറിച്ചും ഡോ.സൗരഭ് പറയുന്നുണ്ട്. പലരും കരുതുന്നത് ദിവസവും മലവിസർജനമുള്ളതാണ് ആരോഗ്യകരം എന്ന്. എന്നാൽ അതിനപ്പുറം മലവിസർജനത്തിനിടെ വേദനയോ, അസ്വസ്ഥതയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ തോന്നുന്നുവെങ്കിൽ ഒരിക്കലും നിസ്സാരമാക്കരുതെന്നാണ് ഡോ.സൗരഭ് പറയുന്നത്. കൂടാതെ ആസിഡ് റിഫ്ലക്ഷൻ സംബന്ധിച്ചുള്ള തെറ്റിദ്ധാരണ എന്താണെന്നും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. പലരും കരുതുന്നത് ശരീരത്തിൽ ആസിഡ് കൂടുന്നതുകൊണ്ടാണ് ആസിഡ് റിഫ്ലക്ഷൻ ഉണ്ടാകുന്നതെന്നാണ്. എന്നാൽ അമിതമായ ആസിഡ് മാത്രമല്ല മറിച്ച് അടിവയറിലുണ്ടാകുന്ന സമ്മർദം, വൈകി ഭക്ഷണം കഴിക്കുന്നത്, കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ആഹാരം കഴിക്കുന്നത്, കഴിച്ചുകഴിഞ്ഞയുടൻ കിടക്കുന്നത് തുടങ്ങിയവയൊക്കെ ആസിഡ് റിഫ്ലക്ഷന് സമാനമായ ലക്ഷണങ്ങൾ കാണിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. അവസാനമായി ഒരിക്കലും നിസ്സാരമാക്കരുതാത്ത ഒരു മുന്നറിയിപ്പും നൽകുന്നുണ്ട്. കരളിന്റെ ആരോഗ്യം നശിക്കുക പെട്ടെന്നല്ല. ജീവിതശൈലിയുടെ ഭാഗമായി ക്രമേണയാണ് അതുണ്ടാവുക. മധുരത്തിന്റെ അമിതോപഭോഗം, അനാരോഗ്യകരമായ എണ്ണ ഉപയോഗിക്കുന്നത് തുടങ്ങിയവ വർഷങ്ങളോളം ഉപയോഗിക്കുന്നത് കരളിന്റെ ആരോഗ്യം തകരാറിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. Content Highlights: Chronic bloating may indicate underlying liver issues, not just digestive trouble., Fiber intake and consistent meal timing are essential for gut health., Published: 17 Apr 2026, 07:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘എപ്പോഴും വയറുവീർക്കുന്ന പ്രശ്നമുണ്ടെങ്കിൽ അത് സാധാരണ കാര്യമല്ല, കരളിന്റെ ആരോഗ്യവും പരിശോധിക്കണം’
M
MathrubhumiSource Link
23 days ago