തിരുവനന്തപുരം: പ്രചാരണത്തിന്റെ തുടക്കത്തിൽ ബി.ജെ.പി. ഡീൽ ആരോപിച്ചാണ് യു.ഡി.എഫും എൽ.ഡി.എഫും കൊമ്പുകോർത്തതെങ്കിൽ, ഇപ്പോൾ ന്യൂനപക്ഷ ധ്രുവീകരണചർച്ചയിലേക്കു വഴിതിരിഞ്ഞ് തിരഞ്ഞെടുപ്പുകളം. To advertise here, സംസ്ഥാനത്തെ 27 ശതമാനം മുസ്‌ലിം ജനസംഖ്യയിലെ വോട്ട് ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ തർക്കം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ 48 മണ്ഡലങ്ങളിലാണ് മുസ്‌ലിംവോട്ടുകൾ നിർണായകം. ഇതിൽ വലിയൊരുവിഭാഗം രാഷ്ട്രീയമായി മുസ്‌ലിംലീഗിനോടു ചേർന്നുനിൽക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയമുഖമായ വെൽഫെയർ പാർട്ടി ഔദ്യോഗികമായി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ, തദ്ദേശ തിരഞ്ഞെടുപ്പിലേതുപോലെ അവരിപ്പോൾ വിവാദചിത്രത്തിലില്ല. മറ്റൊരു നിർണായകശക്തിയായ കാന്തപുരം വിഭാഗമാവട്ടെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഇരുമുന്നണികൾക്കും ബി.ജെ.പി. ഭീഷണി ഉയർത്തുന്ന നേമത്ത് എൽ.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് പ്രഖ്യാപിച്ചതോടെയാണ് സി.പി.എമ്മുമായി ഡീലെന്ന ചർച്ച ചൂടുപിടിച്ചത്. എൽ.ഡി.എഫിനു പുറത്തുള്ള ഒരു പാർട്ടിയെയും പിന്തുണതേടി സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെങ്കിലും എസ്.ഡി.പി.ഐ. വോട്ട് വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മതഭ്രാന്തരുടെ വോട്ട് വേണ്ടെന്ന് ആദ്യം പറഞ്ഞ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാവട്ടെ, ബി.ജെ.പി.ക്കു വിരുദ്ധമായി ആര് വോട്ടുനൽകിയാലും സ്വീകരിക്കുമെന്ന് പിന്നീട് തിരുത്തി. ബി.ജെ.പി.ക്ക് എതിരെന്നപേരിൽ നേമത്തെ എസ്.ഡി.പി.ഐ. നിലപാട് ന്യായീകരിക്കുന്നുണ്ടെങ്കിലും മലപ്പുറത്തെ വേങ്ങര, മങ്കട മണ്ഡലങ്ങളിലെ പിന്തുണ ന്യായീകരിക്കാൻ എൽ.ഡി.എഫ്. വിയർക്കുകയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തും മന്ത്രി പി.എ. മുഹമ്മദ് റിയാസ് മത്സരിക്കുന്ന ബേപ്പൂരും ഇത്തവണ എസ്.ഡി.പി.ഐ.ക്ക് സ്ഥാനാർഥികളില്ല. അതേസമയം, വി.ഡി. സതീശന്റെ പറവൂരിലും പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മലപ്പുറത്തും സ്ഥാനാർഥികളുണ്ട്. ഇതും കൂടിയായതോടെ, സി.പി.എം.-എസ്.ഡി.പി.ഐ. ബാന്ധവമെന്ന ആരോപണത്തിന് ബലമേറി. ബി.ജെ.പി. പ്രതീക്ഷയർപ്പിക്കുന്ന മറ്റൊരു മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ ലീഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്ഥാനാർഥിയെ പിൻവലിച്ചതെന്ന് എസ്.ഡി.പി.ഐ. പറഞ്ഞത് യു.ഡി.എഫിനെ ചോദ്യമുനയിൽ നിർത്തിയിരുന്നു. എന്നാൽ, വി.ഡി. സതീശൻ നിലപാട് മാറ്റിയാലേ യു.ഡി.എഫിനെ പിന്തുണയ്ക്കൂവെന്നാണ് എസ്.ഡി.പി.ഐ.യുടെ വാഗ്ദാനം. തെറ്റായ നിലപാട് മാറുന്നതിന്റെ തുടക്കം – എം.എ. ബേബി എസ്.ഡി.പി.ഐ. വോട്ട് വിവാദത്തിൽ ‘‘ഏത് ദിവ്യനും ഒരു പൂർവകാലമുണ്ടാകാം. ഏത് പാപിക്കും ഒരു ഭാവികാലമുണ്ട്, നന്നാകാൻ അവസരമുണ്ട്.’’ എന്ന പരാമർശവുമായി സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. എറണാകുളം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ ലീഡർ’ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐ. അവരുടേതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ചിലർക്കെതിരായി ഇടതുമുന്നണിക്ക് അനുകൂലമായി വോട്ടുചെയ്യണം എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. അങ്ങനെ തീരുമാനിക്കുന്നവർ ആരാണെങ്കിലും അതുവരെ അവർ പിന്തുടർന്നുപോന്നിരുന്ന തെറ്റായ രാഷ്ട്രീയനിലപാടുകളിൽനിന്ന് മാറാനുള്ള ശ്രമങ്ങളുടെ തുടക്കമായി അതിനെ കാണാം -ബേബി പറഞ്ഞു. Content Highlights: Shift from BJP-deal allegations to minority polarization in the 2026 election cycle., Strategic importance of Muslim votes in 48 constituencies across five northern districts., Controversy surrounding SDPI support for LDF in key constituencies like Nemom and Vengara. Published: 02 Apr 2026, 07:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ഏത് ദിവ്യനും ഒരു പൂർവകാലമുണ്ടാകാം’; എസ്.ഡി.പി.ഐ. തർക്കത്തിൽ കളംതിരിച്ച് രാഷ്ട്രീയക്കളി
M
MathrubhumiSource Link
about 1 month ago