ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘ തല മാറട്ടെ ’ എന്ന പുസ്തകത്തെക്കുറിച്ച്; To advertise here, ക ഥയോ നോവലോ ലേഖനമോ എന്തു തന്നെയായാലും എം.ടിയുടേതല്ലെങ്കിൽ ഒരെഴുത്തല്ല എന്ന തീവ്രവാദ സിദ്ധാന്തവുമായി നടക്കുന്ന കാലത്ത്, പൊന്നാനി എം.ഇ.എസ്. കോളേജിലെ, നനുത്ത ഇരുട്ടൊളിച്ചിരിക്കുന്ന ലൈബ്രറിയിൽവച്ചാണ് ഗ്രേസിട്ടീച്ചറുടെ കഥ വായിക്കുന്നത്. ആദ്യവായനയിൽ തന്നെ അടിമുടി ഉലച്ചുകളഞ്ഞ ആ ഭാഷയ്ക്കു മുമ്പിൽ ഞാനെന്റെ സിദ്ധാന്തം വച്ചു കീഴടങ്ങുകയും ഒരു ആജീവനാന്ത 'ഗ്രേസിയൻ' ആയി സ്വയം പരിണമിക്കുകയും ചെയ്തു. 'പടിയിറങ്ങിപ്പോയ പാർവ്വതി'യിൽ കുതറുകയും 'ദേവീമാഹാത്മ്യ'ത്തിലുറഞ്ഞു പോവുകയും ചെയ്ത് എന്റെ വായനാകാലങ്ങളെ ഞാനാ നിഗൂഢ മാന്ത്രിക ഭാഷയുടെ വശ്യതയിൽ മേയാൻ വിട്ടു. എന്നിട്ടും ഓരോ എഴുത്തിലും അവരെന്നെ അൽഭുതപ്പെടുത്തി! പറഞ്ഞു വരുന്നത് ഗ്രേസിട്ടീച്ചറുടെ ഏറ്റവും പുതിയ പുസ്തകത്തെപ്പറ്റിയാണ്. അടുത്ത കാലത്തിറങ്ങിയ ടീച്ചറുടെ പതിനാറ് കഥകളാണ് ‘തല മാറട്ടെ’ എന്ന പേരിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച സമാഹാരത്തിലുള്ളത്. ഗ്രേസിയുടെ ഭാഷയുടെ നിത്യനവീനമായ കരുത്ത് എടുത്തു കാണിക്കുന്ന കഥകൾ... 'അപ്പോൾ നിനക്ക് മറിയയെ കല്യാണം കഴിക്കാനും അവളുടെ കുഞ്ഞുങ്ങളുടെ അപ്പനാവാനും ആഗ്രഹമില്ലേ?'' ''പിൽക്കാലത്ത് കുരിശിൽ തൂങ്ങുന്ന ഏതെങ്കിലും ഒരു കഥയിൽ അങ്ങനെ ഒരു പ്രലോഭനം ഉണ്ടായേക്കാം'' പിശാചിന്റെ വാക്കുകൾ ഒരു അശ്ലീലമുദ്രയുടെ അകമ്പടിയോടെ പാഞ്ഞുവന്നു. (വീണ്ടും) കഥയേക്കാൾ പ്രധാനമാണ് കഥ പറയുന്ന രീതി. ഒരേ മനുഷ്യരുടെ തന്നെ പലവട്ടം ആവർത്തിച്ച കഥകൾ നൂറ്റാണ്ടുകൾക്കിപ്പുറവും നമ്മളാസ്വദിക്കുന്നത്, കേട്ടത് വീണ്ടും പുതിയൊരു രീതിയിൽ കേൾക്കാനുള്ള ത്വര മനുഷ്യമനസ്സിൽ നിലനിൽക്കുന്നതുകൊണ്ടാണ്. ക്ലാസിക്കുകൾ ഉണ്ടാവുന്നതും ഒരു കഥ മറ്റാർക്കും പറയാൻ കഴിയാത്ത രീതിയിൽ ഒരാൾ പറയുമ്പോഴാണല്ലോ. ഗ്രേസിട്ടീച്ചറുടെ തന്നെ ഒരു കഥാസന്ദർഭം കടമെടുത്തു പറഞ്ഞാൽ, കഥ മാറുന്നില്ല, നോക്കുന്ന കോണിന്റെ അളവു മാറുമ്പോൾ, അതേ കഥ മറ്റൊരു കാഴ്ചയും അനുഭവവുമാകുന്നു! കഥ പറച്ചിലിന് സ്വന്തമായൊരു ശൈലി സൃഷ്ടിച്ചെടുത്ത എഴുത്തുകാരിയാണ് ഗ്രേസി. ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്ന രീതിയിൽ കുറുക്കിയെഴുതുമ്പോഴും പുനർവായനയിലേയ്ക്ക് വലിച്ചടുപ്പിച്ച ഗുരുത്വാകർഷണമുണ്ട് അതിന്. തീർത്തും പ്രവചനാതീതമായൊരിടത്തേയ്ക്ക് കഥയെ നടത്തിക്കൊണ്ടുപോയി, ഒറ്റ കുത്തിലവസാനിപ്പിക്കുന്നിടത്ത് ടീച്ചർ എപ്പോഴും കാണിച്ചിട്ടുള്ള കയ്യടക്കം ഈ കഥകളിലും കാണാം. ''അവൾ തിടുക്കം പൂണ്ട് സ്വന്തം മുഖത്ത് കയ്യോടിച്ചു. സംശയം തീരാതെ ഭർത്താവിന്റെ നേർക്ക് തിരിഞ്ഞു നോക്കി. ഒന്നിനും ഒരു മാറ്റവും വന്നിട്ടില്ലെന്നു ബോധ്യമായപ്പോൾ അവൾ അലറി വിളിച്ചു. ചതി! കൊടും ചതി!'' (തലമാറട്ടെ) 'ആൺ കുഞ്ഞിന്റെ ആത്മാവ് മൗനമവലംബിച്ചു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടതില്ലെന്ന് അവനറിയാമായിരുന്നു.''(വിചാരണ) ജീവിതാകാംക്ഷകളും രതിതൃഷ്ണകളും തുറന്നെഴുതാൻ മടികാണിച്ചിട്ടില്ലാത്ത ടീച്ചറുടെ എഴുത്ത് ഒരിടത്തും നർമത്തിന്റെ മേമ്പൊടിയുപേക്ഷിക്കുന്നില്ല. ''സഹോദരീ! ദൈവം എന്താണ് വിധിച്ചിരിക്കുന്നത് എന്നെനിക്കറിയില്ല! എന്നാൽ എന്റെ അയൽപക്കത്തെ പണിക്കർ ഏതു പ്രശ്നത്തിനും പരിഹാരം ചെയ്യും.'' (പരിഹാര ക്രിയ) പെണ്ണെഴുത്തുകൾ ഉണ്ടാവുന്നത് എന്തുകൊണ്ടാണെന്നൊരു ചോദ്യം ഈയടുത്ത കാലത്തു പോലും ചില വേദികളിൽ നിന്നു കേൾക്കുകയുണ്ടായി. പെണ്ണുങ്ങളെഴുതുന്നതും അവരുടെ സങ്കടങ്ങളെക്കുറിച്ച് ആകുലപ്പെടുന്നതും മാത്രമേ ആ വകുപ്പിൽ വരൂ എന്നൊരു പൊതുധാരണയും ശക്തമായി രംഗത്തുണ്ട്. ഗ്രേസിയുടെ കഥകൾ ഈ അബദ്ധ ധാരണകളെ പൊളിച്ചെഴുതുന്നവയാണ്. എഴുത്ത് ജെൻഡർ ന്യൂട്രലാണ് എന്ന വസ്തുത മനസ്സിലാക്കാൻ തയ്യാറുള്ളവരെ കാത്ത് പുറത്തു നിൽക്കുമ്പോഴും, അനുഭവങ്ങളുടെ ഓരോ പ്രതലത്തിലും ജെൻഡർ ഒരു യാഥാർത്ഥ്യമായി ഉൾച്ചേർന്നിട്ടുണ്ടെന്ന് അറിയുന്നവരാണ്, അല്ലെങ്കിൽ ആവണം എഴുത്തുകാർ. ഗ്രേസി ടീച്ചർ എന്റെ പ്രിയ എഴുത്തുകാരിയാവുന്നതും അതുകൊണ്ടാണ്. അവരെഴുതുമ്പോൾ ആണിനും പെണ്ണിനും ബൈനറിക്കപ്പുറത്തു നിൽക്കുന്നവർക്കും വ്യത്യസ്തമായ അനുഭവ ദൃശ്യങ്ങളാണുള്ളത്. അവയോരോന്നും ജൻഡർ എന്ന സാമൂഹ്യ ബോധത്തിന്റെ നിറം പൂശിയ ചില്ലിലൂടെ മാത്രം വെളിച്ചം കാണുന്നവയും. നിങ്ങൾക്ക് വിയോജിക്കാം, എതിർക്കാം പക്ഷേ അതിനെ നിഷേധിക്കാൻ കഴിയില്ല. ''അയാൾ വലിയൊരു ഒച്ചയായിരുന്നു എന്ന സത്യം എനിക്കു മാത്രമേ അറിയൂ. ഒച്ചകളത്രയും വിടാതെ എന്റെ പിന്നാലെ പാഞ്ഞു വന്നു. ഞാൻ മുട്ടുകുത്തി യാചിച്ചു. ഈ ഒച്ചകളെ തിരിച്ചു വളിക്കൂ! അയാൾ പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ മുഴക്കം എന്നെ വരിഞ്ഞു മുറുക്കി ശ്വാസം മൂട്ടിച്ചു.'' ''പകലുകളേക്കാൾ ഭീകരമായിരുന്നു രാത്രികൾ. കിടന്ന പാടെ അയാളുടെ വായ് കിണർ വട്ടത്തിൽ തുറന്നുവരും. ആഴങ്ങളിൽ നിന്ന് ഏതോ ഗൂഢഭാഷയിലെ വിചിത്ര ശബ്ദങ്ങൾ പുറത്തുവരും. അപ്പോഴാണ് ഭയപ്പെടുത്തുന്ന എന്തോ ഒന്ന് അയാളെ പിന്തുടരുക. ആർത്തുകരഞ്ഞ് അയാൾ കുതിച്ചുപായും. അയാൾ എന്തിനെയാണ് ഭയപ്പെടുന്നതെന്നു ഞാൻ ചോദിച്ചിട്ടുണ്ട്. ഒരു പക്ഷേ, അയാളുടെ പിന്നാലെ പായുന്നത് മൗനമായിരിക്കണം.'' ഈ രംഗം സമാനഹൃദയരായ വായനക്കാരോട് ഇടപെടുന്നുണ്ട്, വാക്കുകളേക്കാൾ അത് സൃഷ്ടിച്ചെടുക്കുന്ന സംവേദനപരിസരത്താൽ. ''അതു പെട്ടെന്നൊന്നും പറഞ്ഞുതീർക്കാൻ കഴിയില്ല. പറഞ്ഞാൽ തന്നെയും നിങ്ങൾക്കത് കൃത്യമായി മനസ്സിലാകണമെന്നുമില്ല'' (ഒച്ച) എഴുത്തുകാരി പറയുന്നത് മുൻ ധാരണകളുടെ കണ്ടീഷനിങ്ങ് മൂലം സംവേദനക്ഷമത നഷ്ടപ്പെട്ട വായനക്കാരോട് കൂടിയാണെന്നു തോന്നും. അനുഭവങ്ങളെ ജൻഡർ സ്വാധീനിക്കുന്നതിന്റെ വ്യത്യസ്തമായ ഒരു ചിത്രം 'മുടി' എന്ന കഥയിലും കാണാം. എന്നെ അൽഭുതപ്പെടുത്തിയത്, ആൺപെൺ എന്ന പൊതു ഭാഷ്യത്തിനപ്പുറത്ത്, ഒരാളിൽ തന്നെ, (ഒരു പെണ്ണിൽ അല്ലെങ്കിൽ ഒരാണിൽ) ഒരു പ്രത്യേക കാലമോ, ചില നിലപാടുകളോ ഉണ്ടാക്കിയെടുക്കുന്ന അനുഭവങ്ങൾ, നമ്മൾ മറ്റുതരത്തിൽ പരിചയപ്പെട്ടിട്ടുള്ള പൊതുവായ ജെൻഡർ പെഴ്‌സ്പക്ടീവിൽ നിന്നു പോലും വ്യത്യസ്തമായേക്കാം എന്നു ടീച്ചർ കാട്ടിത്തരുന്നു എന്നതാണ്. ഈ അറിവ് നമ്മെ ഞെട്ടിക്കും. ചിലപ്പോഴൊക്കെ വല്ലാതെ അസ്വസ്ഥതപ്പെടുത്തും. ''അവളുടെ ഉടലളവുകളിൽ എന്തെങ്കിലും മാറ്റം വന്നെങ്കിലോ എന്നു ഭയന്ന് അവളെ പെറാൻ കൂടി സമ്മതിച്ചില്ല അയാൾ. പക്ഷേ ഉറക്കത്തിലും ഉണർച്ചയിലും അവളുടെ ഗർഭപാത്രം ഒരു ജീവനുവേണ്ടി തുടിച്ചു. മുലകൾ ഇളം ചുണ്ടുകൾക്കു വേണ്ടി തരിച്ചു...' ' അവളുടെ വീട്ടിലെത്തിയ അയാളെ എതിരേറ്റത് മകന്റെ നിർത്താതെയുള്ള കരച്ചിലാണ്. എല്ലും തോലുമായിക്കഴിഞ്ഞ അവളുടെ ശുഷ്‌കിച്ച മുലകൾ കടിച്ചു വലിക്കുന്ന മകനെ കണ്ട് അയാൾ വെറുപ്പോടെ മുഖം തിരിച്ചു...' (മുടി). ''നിന്റെ മുലകൾക്കെന്ത് ചൂട്!'' ചന്ദ്രികയുടെ ഒച്ച തിളച്ചു. ''അത് മുലകളല്ല. അഗ്‌നിപർവ്വതങ്ങളാണ്.'' ദാസൻ അതിശയിച്ചു. ''ശരിക്കും?'' അവൾ നിരാശപ്പെട്ടു. ''എന്താ സംശയം? ചൂട് കൂടിക്കൂടി വന്ന് അത് പൊട്ടിത്തെറിക്കുമ്പോൾ ഞാൻ മരിക്കും.'' (പച്ചമരുന്ന്) മനുഷ്യരുടെ ജീവിതം ഒരൊറ്റക്കഥയല്ല എന്ന്, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളോടൊത്ത് അനുഭവിക്കുന്ന നിറവും മണവും രുചിയും മാറ്റമുള്ള കഥകളുടെ കൂമ്പാരമാണെന്ന് പറഞ്ഞു തരികയാണ് എഴുത്തുകാരി. അതിന്റെ അടരുകളിൽ ഒളിച്ചിരിക്കുന്ന നക്ഷത്രത്തിളക്കം വായനക്കാരെ വിളിക്കും. ആ മിന്നലിൽ കാണാൻ കഴിയുന്നത് ഓരോരുത്തർക്കും അനുഭവിച്ചെടുക്കാം. എഴുത്ത് ഒരു വഴി കാണിക്കലാണ്. ഗ്രേസിയുടെ ഭാഷയ്ക്ക് ചിലയിടങ്ങളിൽ അലൗകികമായ ഒരു കാന്തികശക്തി കൈവരുന്നതിന്റെ നേർസാക്ഷ്യങ്ങൾ കൂടിയാണ് ഈ കഥകൾ! ''അന്നേരം ഇടവഴിയിലൂടെ പതുങ്ങി വന്ന ഇരുട്ട് മുറ്റം നിറഞ്ഞ് പരന്ന് അഭിരാമിയെ തീരെ ഗൗനിക്കാതെ ഉമ്മറത്തേയ്ക്കു കയറി.'' (ചെങ്കുറിഞ്ഞിപ്പൂവ്) ''അരമുള്ള അനേകം കൈകളിൽ ചെറുപ്പക്കാരൻ കുരുങ്ങിപ്പിടഞ്ഞു. കരിനിഴലുകളുടെ കാലുകൾക്ക് ചിറകു മുളയ്ക്കുന്നത് അവനറിഞ്ഞു. കാട്ടുചെമ്പകങ്ങൾ പൂത്ത രൂക്ഷഗന്ധം മൂക്കിലിരച്ചുകയറിയതോടെ അവന് മയക്കം വന്നു'' (ചോരന്നൂർ) ടീച്ചർ എഴുതുമ്പോൾ കണ്ടു പരിചയിച്ച കാഴ്ചകൾക്കു പോലും ഒരു പുതിയ മാനം കൈവരും. എന്നും കാണുന്നവർ പോലും ഇതുവരെ അറിഞ്ഞിട്ടില്ലാത്തതു പറഞ്ഞുതരും. ആ അർത്ഥത്തിൽ ഇവയൊന്നും കഥകളല്ല. അടഞ്ഞു കിടന്ന ഒരു കിളിവാതിൽ തുറന്നു നോക്കുമ്പോൾ കാണുന്ന അൽഭുതക്കാഴ്ചകളാണ്! കഥയും കഥനവും ഇഴുക്കിച്ചേർത്ത്, കരുത്തുറ്റ ഭാഷകൊണ്ട് പ്രതിഭയൊരുക്കുന്ന ശിൽപങ്ങളാണവ! ഒന്നിനുപകരം മറ്റൊന്നില്ലാത്ത വിസ്മയമാതൃകകൾ!

‘ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്ന കുറുക്കിയെഴുത്ത്’; പുനർവായനയിലേയ്ക്ക് വലിച്ചടുപ്പിക്കുന്ന ഗ്രേസി
M
MathrubhumiSource Link
20 days ago