‘കപ്പ കുത്തി മറിക്കുന്നവനെ കൊത്തിയരിഞ്ഞ് കപ്പയ്ക്ക് കറിയായി കൂട്ടും!’

‘കപ്പ കുത്തി മറിക്കുന്നവനെ കൊത്തിയരിഞ്ഞ് കപ്പയ്ക്ക് കറിയായി കൂട്ടും!’

M
MathrubhumiSource Link
തു ടക്കത്തിൽത്തന്നെ ഒരു കാര്യം പറഞ്ഞോട്ടെ. ഇതൊരു സാങ്കല്പിക കഥയാണ്.  ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആരെങ്കിലുമായി ഇതിന് സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രവും! To advertise here, രണ്ടായിരത്തി പന്ത്രണ്ട്, പതിമൂന്ന് കാലഘട്ടമാണ്. കഥ വികസിക്കുന്ന കാട്ടുമൂലയിൽ മൊബൈലിനൊക്കെ റെയ്ഞ്ച് കിട്ടാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. അന്ന് സമയം രാത്രി പത്തരയെങ്കിലും ആയിക്കാണണം. പുറത്ത് നല്ല തണുപ്പുണ്ട്. സത്യത്തിൽ വൈകിട്ട് (പതിവുപോലെ) മൂന്നാലെണ്ണം വീശിക്കൊണ്ട് കയറിക്കിടക്കുകയായിരുന്നു നമ്മുടെ കഥാനായകൻ. അപ്പോഴാണ് പതിവില്ലാതെ മൊബൈൽ ഫോൺ നിർത്താതെ അടിച്ചത്. ഇതാരണപ്പാ പാതിരാത്രിയിൽ ഉറക്കം കെടുത്തുന്ന നാശം എന്ന് ഉള്ളിൽ പ്രാകിക്കൊണ്ടാണ് ഫോൺ എടുത്തത്. ‘സാർ… ഞാൻ റജിയാണ്.’ മറുതലയ്ക്കൽ തികച്ചും പരിചിതമായ ശബ്ദമായിരുന്നു. ആൾ സ്ഥലത്തെ ചെറുകിട രാഷ്ട്രീയക്കാരനാണ്. അത്യാവശ്യം പരോപകാരിയും. വല്ല മരംമുറിക്കേസിലോ കള്ളച്ചാരായം വാറ്റിലോ ആറ്റുമണൽ കടത്തിലോ ഒക്കെ പ്രതിയാകുന്നവരെ ഇറക്കിക്കൊണ്ട് പോകാൻ സ്റ്റേഷനിൽ സ്ഥിരമായി വരുന്ന ആളാണ്. ആളെക്കൊണ്ട് സാറന്മാർക്കും അല്ലറച്ചില്ലറ വരുമാനമൊക്കെ അന്തക്കാലത്ത് ഉണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യവും. ഇനി അഭിനായകനെക്കുറിച്ച് രണ്ട് വാക്ക്. മകന്റെ ഉപരിപഠനാർത്ഥം നടത്തിയ ബാംഗ്ലൂരിലേയ്ക്കുള്ള ഒരു തീവണ്ടിയാത്രയിലാണ് ഞാനയാളെ വീണ്ടും കണ്ടത്. പതിറ്റാണ്ടുകൾക്ക് മുമ്പ് കക്ഷി എന്നോടൊത്ത് കുറച്ചുനാൾ ജോലി ചെയ്തിട്ടുണ്ട്. പഴയ തലമുറയിൽപ്പെടുന്നതും തികച്ചും വംശമറ്റുപോയതുമായ തനി ഫോറസ്റ്റുകാരൻ! എന്നാൽ അയാൾ എന്തൊക്കെ തരികിടകൾ കാണിച്ചാലും ഇരിക്കുന്ന കമ്പ് ‘തത്സമയം’ മുറിക്കില്ലെന്ന് എനിക്കൊരു വിശ്വാസമുണ്ട്. വിശ്വാസം മാത്രമാണേ. അതായത് ഇരുന്നിട്ട് മറ്റൊരിടത്തേയ്ക്ക് ലാവണം മാറുമ്പോൾ പഴയ കൊമ്പും മുറിക്കാൻ മടിക്കില്ല എന്നും അതിനർത്ഥമുണ്ട്! വനംവകുപ്പിൽ ജോയിൻ ചെയ്തപ്പോൾ തികഞ്ഞ ഓണം കേറാമൂലയലൊന്നിലേയ്ക്കായിരുന്നു കക്ഷിയുടെ പോസ്റ്റിംഗ്. അധികം വണ്ടിയും വള്ളവും ഒന്നുമെത്താത്ത ഒറ്റപ്പെട്ട ഒരു കാട്ടുപ്രദേശത്തെ ഫോറസ്റ്റ് സ്റ്റേഷൻ. സാധാരണ സസ്പെൻഷന് ശേഷം തിരിച്ചെടുക്കുന്നവരേയും സർവ്വീസിലെ നിരന്തര പ്രശ്നക്കാരേയും ‘മുകളിൽ’ പിടിയില്ലാത്തവരേയും പതിവായി നിയമിക്കുന്ന ഒരു ‘ഒതുക്കൽ’ സ്ഥലം എന്നും പറയാം. അന്നത്തെ കഥയാണ് അദ്ദേഹം ആദ്യം പറഞ്ഞ് തുടങ്ങിയത്. പോസ്റ്റിംഗ് കിട്ടി പ്രസ്തുത സ്റ്റേഷനിൽ ചാർജ്ജെടുക്കാനായി ഐശ്വര്യത്തോടെ കുളിച്ച് കുറിയിട്ട് അതിരാവിലെ വീട്ടിൽ നിന്നും തിരിച്ച് ഉച്ചയോടെ എത്തുമ്പോൾ വിവരങ്ങൾ ആരാഞ്ഞതിന് ശേഷം വരാന്തയിൽ ചടഞ്ഞിരുന്ന ഫോറസ്റ്ററാണ് ഉള്ളിലേയ്ക്ക് വിരൽ ചൂണ്ടിപ്പറഞ്ഞത്. ‘അകത്ത് ആ കിടക്കുന്നതാണ് ഡെപ്യൂട്ടി റെയ്ഞ്ചർ. സാറിന്റെ മുഖം ഒന്ന് കണ്ടുവച്ചോളൂ. നാളെയാകുമ്പോഴേയ്ക്കും പുള്ളി എണീക്കും!’ അമ്പരപ്പ് മാറാതെ അകത്തേയ്ക്ക് ചെല്ലുമ്പോൾ പാതിശരീരം വാതിലിന് പുറത്തായി ലുങ്കി മാത്രം ഉടുത്ത് വെറുംനിലത്ത് കിടന്ന് കൂർക്കം വലിച്ചുറങ്ങുന്ന ഓഫീസർ. പരിസരത്ത് വിട്ടുമാറാത്ത വാറ്റിന്റെ നല്ല മണം! സല്യൂട്ട് ചെയ്താലും അദ്ദേഹത്തിനത് മനസ്സിലാക്കാനോ സ്വീകരിക്കാനോ പറ്റാത്ത അവസ്ഥയിലായതിനാൽ തിരിച്ചുപോന്നു. ഫോറസ്റ്റർ പറഞ്ഞത് പോലെ പിറ്റേന്നാണ് അദ്ദേഹം ഉയിർത്തെഴുന്നേറ്റത്! അതേ ഡെപ്യൂട്ടി സാറിനൊപ്പം അടുത്തുള്ള പൊലീസ് സ്റ്റേഷനിലെ സാറന്മാരെ പരിചയപ്പെടാൻ ചെന്നപ്പോഴത്തെ കഥയും കൂടി ഇതാ അദ്ദേഹത്തിന്റെ മുഖതാവിൽ നിന്നുതന്നെ കേട്ടുകൊള്ളൂ. ‘കൊടും തണുപ്പുള്ള ഡിസംബർ അവസാനമാണെന്നാണ് ഓർമ. വൈകിട്ട് ഞങ്ങൾ ചെല്ലുമ്പോൾ ആകെ രണ്ട് പൊലീസുകാരാണ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. ഒരു ഏഡ്ഡും ഒരു സാദാ പിസിയും. ലുങ്കിയും ബനിയനും ധരിച്ചിരുന്ന അവർ കുറച്ച് തിരക്കിലുമായിരുന്നു. കാരണം അടുക്കള വശത്തായി സെറ്റുചെയ്തിരുന്ന കലത്തിൽ തിളച്ചുകൊണ്ടിരുന്ന വാഷിൽ നിന്ന് ‘തീത്തൈലം’ അപ്പോൾ ഇറ്റുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ!’ ‘തത്പരകക്ഷിയായ ഡെപ്യൂട്ടിയെക്കണ്ടപ്പോൾ അവർക്കും വലിയ സന്തോഷമായി. കിണറ്റിൽ നിന്നും വെള്ളം കോരാനും പാത്രം കഴുകാനും ഒക്കെ അവർക്ക് കൂട്ടിന് ഒരാളായല്ലോ. പോരാത്തതിന് മേപ്പടി വിഷയത്തിൽ നല്ല എക്സ്പീരിയൻസ് ഉള്ള ആളും. എന്തായാലും പാതിരാത്രി പന്ത്രണ്ടെങ്കിലും കഴിഞ്ഞിട്ടാണ് അന്നത്തെ ആ ‘പരിചയപ്പെടൽ’ അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ചുപോന്നത്!’ ‘അവിടേയും പണിഷ്മെൻറ് ട്രാൻസ്ഫർ കിട്ടി വരുന്ന സ്റ്റേഷൻ ഹൌസ് ഓഫീസറന്മാർ ആഴ്ചയിൽ വല്ലപ്പോഴും മാത്രം വന്നുപോകുന്നതാണ് പതിവെന്ന് പിന്നീടാണ് അറിഞ്ഞത്. പരേഡുമില്ല, പാറാവുമില്ല. കേസ്സുമില്ല, വഴക്കുമില്ല. അങ്ങനെയുള്ള പോലീസ് സ്റ്റേഷനുകൾ നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് ഇന്ന് ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ സാർ...? മറുപടിക്കായി അയാൾ എന്നെ നോക്കി. ഞാനാകട്ടെ കൂകിപ്പായുന്ന തീവണ്ടിയുടെ കാതടപ്പിക്കുന്ന ‘ടട്ട്..ടട്ട്...ടട്ടട..ടട്ടട…’ ശബ്ദത്തിൽ മാത്രം അപ്പോൾ ശ്രദ്ധിക്കുന്നത് പോലെ ഭാവിച്ചു. ഒരു ശ്രോതാവെന്നതിലുപരിയായി എനിക്കൊന്നും അദ്ദേഹത്തോട് പറയാനുമില്ലായിരുന്നു. ‘സാർ...നമ്മുടെ നോട്ടപ്പുള്ളികൾ പഞ്ചായത്ത് മെമ്പറുടെ വീടിന്റെ താഴെയുള്ള കലുങ്കിനടിയിൽ ഏഴ് കന്നാസ് ചാരായം കൊണ്ട് ഒളിപ്പിച്ച് വച്ചിട്ടുണ്ട്. കണ്ടിട്ട് മുപ്പത്തഞ്ച് ലിറ്ററിന്റെ കന്നാസുകളാണെന്ന് തോന്നുന്നു. അല്ലല്ല...അതുറപ്പാണ്. ’ റജിയുടെ ശബ്ദത്തിൽ നിഴലിച്ചിരുന്ന ആത്മവിശ്വാസം അപ്പോഴേയ്ക്കും എന്റെ ഉറക്കം കെടുത്തിയിരുന്നു.’ ‘ആ പന്ന #$@^&*@% - ര് അഞ്ച് പേരുമുണ്ട്. ഇത്തവണ അവന്മാരെ സാറന്മാര് പൊക്കിയാൽ ഇറക്കാനായിട്ട് ഞാൻ നിങ്ങളുടെ പടി ചവിട്ടില്ലെന്ന് ഉറപ്പാണ്. സാധനം നാളെ കൊണ്ട് പോകാനായിരിക്കും ആ $#@*&^&$ - ളുടെ പ്ലാനെന്ന് തോന്നുന്നു. കൊണ്ടുവച്ചിട്ടവന്മാർ ഇവിടെന്ന് പോയിട്ട് പത്ത് പതിനഞ്ച് മിനിട്ടെങ്കിലും കഴിഞ്ഞു.’ അവരെ നിർലോഭം തെറി കൊണ്ട് അഭിഷേകം ചെയ്തുകൊണ്ടാണ് റജി അത് പറഞ്ഞ് തീർത്തത്. ‘സത്യത്തിൽ റജി പറയുന്ന അഞ്ചംഗ സംഘം നമുക്കും ശരിക്കൊരു തലവേദനയായിരുന്നു. അതുകൊണ്ട് തന്നെ അപ്പോൾ റജിയുടെ വാക്കുകളിലെ തിളച്ച് മറിയുന്ന ആത്മരോഷത്തെപ്പറ്റി ഞാൻ കൂടുതൽ ആലോചിച്ചില്ല എന്നതാണ് സത്യം!’ ‘അതിന് രണ്ടാഴ്ച മുമ്പ് റേഞ്ച് ഓഫീസർ ഇൻസ്പെക്ഷന് വന്നപ്പോൾ നിന്റെയൊക്കെ മൂക്കിന്റെ കീഴെ കള്ളവാറ്റ് നടന്നാലും അറിയില്ലെങ്കിൽപ്പിന്നെ വേറെ വല്ല പണിക്കും പൊയ്ക്കൂടേയെന്നാണ് ചോദിച്ചത്. ആരോ എന്തൊക്കെയോ വിളിച്ച് പറഞ്ഞെന്നത് ഉറപ്പാണ്. സത്യത്തിൽ അതിന് മുൻപും നമ്മൾ പല പ്രാവശ്യം അവന്മാരെ വിളിച്ച് നമ്മൾ വിലക്കിയിട്ടുണ്ട്. അപ്പോഴൊക്കെ ‘അയ്യോ സാറന്മാരേ... ഞങ്ങളൊന്നും അറിഞ്ഞതല്ലേ. ഞങ്ങളെയാരോ ഒറ്റിയതാണേ..’ എന്നൊരു ശോകം ലൈനാണ്. എന്തായാലും ഇത്തവണ ഇതങ്ങനെ വിട്ടുകൂടെന്ന് ഞാനുറപ്പിച്ചു.’ ‘എണീറ്റശേഷം കൂട്ടുസ്റ്റാഫായിട്ട് അന്ന് രാത്രി സ്റ്റേഷനിൽ ഉണ്ടായിരുന്ന ജോണിനേയും പ്രകാശിനേയും വിളിച്ചുണർത്തി. (കഥ സാങ്കല്പികമാകുമ്പോൾ അതിൽപ്പറയുന്ന പേരുകളും അങ്ങനെ ആകാതെ തരമില്ലല്ലോ.) ഞങ്ങൾ കൂടിയിരുന്നാലോചിച്ചപ്പോഴാണ് ബുദ്ധി തെളിഞ്ഞത്!’ ആതിരപ്പിള്ളി വെള്ളച്ചാട്ടം | ഫോട്ടോ: മധുരാജ് മാതൃഭൂമി എന്തായാലും റജി പറഞ്ഞത് കള്ളമാകാൻ വഴിയില്ല. പക്ഷേ, അവന്മാർ അനധികൃതായി ഇതിനകം കാട്ടിനുള്ളിൽ കയറുകയും വാറ്റാനുള്ളത് വാറ്റുകയും ചെയ്തിരിക്കുന്നു. ഇനിയിപ്പോൾ അത് മൊത്തത്തിൽ നശിപ്പിച്ചിട്ട് ആർക്കെന്ത് പ്രയോജനം? മഹസ്സർ എഴുതാതെ അത്രയും സാധനം ചുമന്ന് സ്റ്റേഷനിൽ കൊണ്ട് വന്ന് വയ്ക്കുന്നത് ‘മ്മിണി ബല്യ അപകടവും’! അത് എവിടെയെങ്കിലും ഒളിപ്പിച്ച് സമയാസമയം ഉള്ളിലോട്ട് അടിച്ചു കേറ്റിയാൽ കൂമ്പ് വാടിപ്പോകില്ലേ എന്ന കാര്യത്തിന്മേലുള്ള ചർച്ച രണ്ടാമതേ വരുന്നുള്ളൂ. അതിൽ വലിയ അഭിപ്രായ വ്യത്യാസത്തിനും ഇടയുണ്ട്. പിന്നെയുള്ള വഴി കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കുന്നത് പോലെ സംഗതി ഒന്ന് മറിച്ചടിച്ചാലോ എന്നതാണ്. ചെറിയ അദ്ധ്വാനത്തിൽ വലിയ ലാഭവും കൊയ്യാം. അപ്പോഴും റജിയുടെ രൂപം തന്നെയാണ് രക്ഷകനായി മുന്നിൽത്തെളിയുന്നത്! ‘എന്തുതന്നെയായാലും കാര്യങ്ങൾ ഒന്ന് നേരിട്ടുകണ്ട് ഉറപ്പിക്കുന്നതാണല്ലോ അതിന്റെയൊരു ശരി. അങ്ങനെ രാത്രിയിലെ കൊടുംതണുപ്പിനെ വകവയ്ക്കാതെ ഞാനും പ്രകാശും കൂടി എന്റെ ഹീറോ ഹോണ്ട സി ഡി ഹൺട്രഡ് ബൈക്കിൽ അങ്ങോട്ട് തിരിച്ചു. സ്റ്റേഷനിൽ നിന്ന് നാലഞ്ച് കിലോമീറ്ററോളം വരും. ഇന്നത്തെ മാതിരി കാട്ടുപന്നിയൊന്നും കുറുകെ ചാടില്ല എന്നുറപ്പായിരുന്നു. കപ്പ കുത്തി മറിക്കുന്നവനേയും വഴിക്ക് വിലങ്ങനെ ചാടുന്നവനേയും കൊത്തിയരിഞ്ഞ് കപ്പയ്ക്ക് കറിയായി കൂട്ടുമെന്ന് പണ്ടാരാണ്ട് പറഞ്ഞത് മാതിരിയായിരുന്നു അവിടത്തെ കാര്യങ്ങൾ! അതൊക്കെയാണെങ്കിലും കാട്ടാനയെ പേടിക്കാതെ വയ്യ. അതിനും പുറമേ അവിടെ വിഹരിച്ചിരുന്ന ഒരു ചില്ലിക്കൊമ്പൻ അപ്പോൾ നീരിലാണെന്നും കേട്ടിട്ടുണ്ട്. ‘എന്നിരുന്നാലും ഒരു വലിയ ലക്ഷ്യമാണ് അപ്പോൾ മുന്നിലുണ്ടായിരുന്നത്. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്നതിലുപരി ആ പ്രലോഭനത്തിന് മുന്നിൽ തടസ്സങ്ങൾ ‘വഴി മാറി നിന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. അതിനും പുറമേ ധൈര്യത്തിനുള്ള ഒറ്റമൂലി അപ്പോഴും കുറച്ചകത്ത് വറ്റാതെ കിടപ്പുണ്ടായിരുന്നു താനും. എന്റെ മാത്രമല്ല അവന്മാരുടേയും!’ തൊണ്ണൂറുകളുടെ അവസാനത്തിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ അതിരപ്പിള്ളി റബ്ബർ എസ്റ്റേറ്റിൽ ഒന്നര വർഷത്തോളം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നപ്പോൾ അവിടത്തെ രണ്ട് ഫീൽഡ് എക്സിക്യുട്ടീവുമാർ ക്ഷണിച്ചതനുസരിച്ച് ഒരു ദിവസം ഉച്ചതിരിഞ്ഞ് അതിരപ്പള്ളി ‘കുത്തിന്’ (വെള്ളച്ചാട്ടത്തിന്) താഴെ മീൻ പിടിക്കാൻ പോയതാണ് ഞാനപ്പോൾ ഓർത്തുപോയത്. കാട്ടിലൂടെ വഴി തെളിച്ച് നടന്നപ്പോൾ വല്ലാത്ത ആനച്ചൂരടിച്ചും ആനപ്പിണ്ടങ്ങൾ കണ്ടുഭയന്നും ഞാനവരോട് അത് കാട്ടാനയുടേതാണോ എന്ന് തിരക്കിയപ്പോൾ ‘ഛായ് അല്ല… അതിവിടെ ഫോറസ്റ്റിന്റെ കൂപ്പില് പണിക്ക് കൊണ്ടുവന്ന ഏതോ ആനയാണ്. അതിനെ അടുത്തെവിടെയെങ്കിലും തളച്ച് കാണും.’ എന്ന് ഒരാൾ പറഞ്ഞത് ഞാനപ്പടി വിശ്വസിക്കുകയായിരുന്നു. എന്റെ പേടി പെട്ടെന്ന് പോയത് പോലെ തോന്നി. വളരെ സമാധാനത്തിലാണ് പിന്നെ ഞാനവരെ അനുഗമിച്ചത്. എന്തോ മഹാഭാഗ്യത്തിന് അന്ന് കാട്ടാനയെ ഒന്നും വഴിയിൽ കാണേണ്ടി വന്നതുമില്ല. ‘വീശിയടിക്കുന്ന തൂവാനത്തിൽ കുട നിവർത്തി മറഞ്ഞുനിന്ന് കത്തിച്ച സിഗററ്റിൽ നിന്ന് തിരി കൊളുത്തി കുത്തിന് ഒത്ത താഴെയുള്ള പാറകളിലെ കുഴികളിലേയ്ക്കിട്ടാൽ കാതടപ്പിക്കുന്ന ഒരു പൊട്ടലുണ്ട്. അപ്പോൾ പൂക്കുറ്റിപോലെ വെള്ളം പൊങ്ങിത്തെറിക്കും. പിന്നെ അതൊന്നടങ്ങണം.’ ഒന്ന് നിറുത്തിയാണ് അഅയാൾ ബാക്കി പറഞ്ഞതെന്ന് ഞാനോർക്കുന്നു. ‘ചിലപ്പോൾ ഒന്നും കിട്ടിയെന്ന് വരില്ല. അല്ലെങ്കിൽ കുത്തിന് കീഴെ അടിഞ്ഞ് കിടക്കുന്ന കാട്ടുപഴങ്ങൾ തിന്നുകൊഴുത്ത പത്തും ഇരുപതും കിലോയുള്ള ഓരോരുത്തന്മാരായി പൊങ്ങി വരും. ശരിക്കും അതൊരു കാഴ്ചയാണ്. അപ്പോൾത്തന്നെ എന്തിനും പോന്ന നമ്മുടെ ചങ്ക് പിള്ളേർ കൂടെച്ചാടും. പകലായത് കൊണ്ട് വെള്ളം ആർത്തലച്ച് വീഴുന്ന ഒച്ചയിൽ തോട്ട പൊട്ടുന്നതൊന്നും ആരും കേൾക്കുകയുമില്ല!’ അന്നതും വല്ലാത്തൊരു പ്രലോഭനമായിരുന്നു. സത്യത്തിൽ അങ്ങനെയാണ് ആവേശം മൂത്ത് ഞാൻ അവരോടൊപ്പം ഇറങ്ങിത്തിരിച്ചത് തന്നെ. പക്ഷേ പ്രതീക്ഷയ്ക്ക് വിപരീതമായി അവരാരും അന്ന് തോട്ടയിട്ടതുമില്ല, വലിയ മീനുകളെയൊട്ട് പിടിച്ചതുമില്ല. അവസാനം കുറച്ചെണ്ണത്തിനെ വീശുവലയ്ക്കും ചൂണ്ടയ്ക്കും കിട്ടിയത് മാത്രം മിച്ചം! അതിന്റെ കാരണം എന്തെന്ന് ഞാൻ പലവുരു തിരക്കിയെങ്കിലും ആരും കൃത്യമായ മറുപടി പറഞ്ഞതുമില്ല. ഇനിയെങ്ങാനും ബീറ്റിനിറങ്ങിയ വല്ല ഫോറസ്റ്റുകാരുടേയും തലവെട്ടം കണ്ടിട്ടാണോ എന്നാണ് ഞാൻ ന്യായമായും സംശയിച്ചത്. എന്നാലും ആദ്യഅധ്യായങ്ങളിൽ സൂചിപ്പിച്ചത് മാതിരി പ്ലാ പ്ളാൻറേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റുകളിൽ റബ്ബർത്തെകൾ തിന്നാനെത്തുന്ന മ്ലാവിനേയും കാട്ടുപന്നിയേയും ഒക്കെ വെടിവയ്ക്കാനായി ‘ഗണ്ണർ’ എന്ന ഒരു തസ്തിക പോലും നിലവിലുണ്ടായിരുന്ന കാലമാണെന്ന് ഓർക്കണം! അതിരപ്പിള്ളി എസ്റ്റേറ്റിലും വെറ്റിലപ്പാറയിലും ഒക്കെ കൈയ്യിലിരുന്ന് തോട്ട പൊട്ടിയപ്പോൾ വലത് കൈപ്പത്തി ഉൾപ്പടെ അറ്റുപോയ ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ ഒട്ടനവധി സാഹസിക കഥകൾ കേട്ടിട്ടുമുണ്ട്. അത്തരത്തിൽ തോട്ട പൊട്ടി വലത് കൈപ്പത്തി അപ്പാടെ ചിന്നിച്ചിതറിപ്പോയ ഒരു ‘വീരയോദ്ധാവ്’ ചികിത്സകൾക്കുശേഷം ചുണ്ടിലെരിയുന്ന ബീഡിയിൽ നിന്ന് തിരിക്ക് തീ പിടിപ്പിച്ച് ഇടത് കൈകൊണ്ട് തോട്ടയെറിഞ്ഞും പിന്നീട് മീൻ പിടിക്കുമായിരുന്നുവത്രേ! സാധാരണയായി തോട്ടത്തിരി ഏതാണ്ട് അകത്തേയ്ക്ക് മുഴുവനായും കത്തിക്കയറുന്നതിന് തൊട്ടുമുൻപാണ് അത് വെള്ളത്തിലേയ്ക്ക് ഇടുന്നത്. അല്ലെങ്കിൽ ആ പ്രകാശം കണ്ട് മീനുകൾ മാറിക്കളയുമെന്നാണ് അവർ പറഞ്ഞത്. അത് ശരിയാണോയെന്ന് അറിയില്ല. തോട്ടയിടുമ്പോൾ വെള്ളത്തിനടിയിൽ വീണ് പൊട്ടുന്നതും കരയ്ക്കുവച്ച് അല്ലെങ്കിൽ കൈയ്യിലിരുന്ന് പൊട്ടുന്നതും തമ്മിൽ പരിചയിച്ചവർക്ക് അനായാസം വിവേചിച്ചറിയാം. കരയ്ക്കുവച്ച് പൊട്ടുന്നത് കേട്ടാൽ എറിയുന്നവന്റെ കൈപ്പത്തി പോയി എന്നും അവരുറപ്പിക്കും! കൂടുതൽ മീൻ കിട്ടാനായി സാധാരണ ആറ്റിൽ നിശ്ചിതയിടങ്ങളിൽ മുൻകൂർ തീറ്റ ഇട്ടശേഷം പിറ്റേന്ന് രാവിലെ തോട്ടയിടുകയാണ് പതിവ്! അതുപോലെ തോട്ട പൊട്ടിക്കഴിഞ്ഞാൽ മീനുകൾ ചത്തടിയുന്നതും ശേഷിക്കുന്നവ വെള്ളപ്പാത്തിയുടെ അതിമർദത്തിൽ ബാലൻസ് തെറ്റി മലർന്ന് പൊങ്ങുന്നതും ഇനിയും ചിലത് പാതിബോധത്തിൽ നിന്തുന്നതും കാണാം. അപ്പോൾ അവയെപ്പിടിക്കാൻ സമയം കളയാതെ നല്ല നീന്തലുകാർ ഒപ്പം ചാടും. നിലത്തടിഞ്ഞവയേയും പാതിജീവനിൽ നീന്തുന്നവയേയും പിടിച്ചും പെറുക്കിയെടുത്തും അവർ കരയിലെ ഒറ്റാലുകളിലോ വട്ടിയിലോ ഒക്കെ കൊണ്ടിടും. ഒരിക്കൽ വെറ്റിലപ്പാറ ഫാക്ടറിക്കടുത്തുള്ള ചാലക്കുടിപ്പുഴയിൽ നിന്നും പാതിജീവനുള്ള വലിയൊരു മീനിനെ കടിച്ചുപിടിച്ചും മറ്റ് രണ്ടുമൂന്നെണ്ണത്തിനെ കൈയ്യിൽപ്പിടിച്ചും അണ്ടർവെയറിനുള്ളിൽ തിരുകിയും നീന്തിക്കയറിയപ്പോൾ തല അകത്താക്കി കടിച്ചുപിടിച്ചിരുന്ന മീൻ മരണവെപ്രാളത്തിൽ പിടഞ്ഞും പുറംചിറകുകൾ വിടർത്തിയും അയാളുടെ അന്നനാളം കീറിക്കൊണ്ട് വയറ്റിലേയ്ക്കിറങ്ങിപ്പോയ കഥയും ഞാൻ കേട്ടിട്ടുണ്ട്. കൂട്ടുകാരെല്ലാം ചേർന്ന് അയാളെ മഞ്ഞപ്രയിലെ പിഎച്ച്സിയിലേയ്ക്കും അവിടെ നിന്നും അങ്കമാലിയിലെ ആശുപത്രിയിലേയ്ക്കും കൊണ്ടുപോയെങ്കിലും രക്ഷപ്പെട്ടില്ല എന്നും പറഞ്ഞ് കേട്ടു. വീണ്ടും ഉപകഥകളിലേയ്ക്ക് വല്ലാതെ വ്യാപരിച്ചുപോയി. ഇപ്പോൾ അതൊരു ശീലവുമായിരിക്കുന്നു. എന്തായാലും പഴയ കഥയിലേയ്ക്ക് തിരിച്ചുപോകാം. അങ്ങനെ രഹസ്യവിവരം ലഭിച്ചതനുസരിച്ച് അസമയത്ത് ഇരുചക്രവാഹനത്തിൽ യാത്ര തിരിച്ച നമ്മുടെ രണ്ട് സുഹൃത്തുക്കൾ മെമ്പറുടെ വീടിന് കുറച്ചകലെയായി വണ്ടി വച്ചിട്ട് കൃത്യസ്ഥലത്തേയ്ക്ക് നടന്നെത്തി. പെൻടോർച്ച് തെളിച്ച് പരിശോധിച്ചപ്പോൾ സംഗതി നൂറ് ശതമാനവും ശരിയാണ്! ഒരു കന്നാസ് തുറന്ന് മണപ്പിച്ചു. അത് ഓക്കേ. പിന്നെ രണ്ടാമതൊന്ന്. അത് ഡബിൾ ഓക്കേ. മൂന്നാമത്തേതിൽ കൈവിരൽ മുക്കി കത്തിച്ചു. അതെ, അർത്ഥശങ്കയ്ക്കിടയില്ലാത്ത നല്ല സ്വയമ്പൻ സാധനം! കരിപ്പെട്ടിക്ക് പകരം ശർക്കരയാണെങ്കിലും* നിർലോഭമായി ഈസ്റ്റും കാരീഞ്ചപ്പട്ടയും ചേർത്ത് ആറുദിവസമെങ്കിലും മൂപ്പെത്തിച്ച് വാറ്റിയെടുത്തത്! (*ചരക്ക് കൂടുതൽ കിട്ടാനായി ശർക്കരയാണ് വാറ്റുകാർ പതിവായി ഉപയോഗിക്കുന്നത്.) പക്ഷേ, റജി പറഞ്ഞത് മാതിരി അവന്മാർ ഇത്രയും സാധനം അടച്ചുറപ്പൊന്നുമില്ലാതെ നാളെ രാത്രിവരെ വച്ചിട്ട് പോകുമോ എന്നതാണ് ചോദ്യം? അതിനുള്ള സാധ്യത തീരെ കുറവാണ്. അതിരാവിലെയെങ്കിലും അതവിടെ നിന്നും മാറ്റാനാണ് വഴി. അർധരാത്രി വണ്ടിയിൽ കൊണ്ടുപോകുമ്പോൾ ചെക്കിംഗിനോ മറ്റോ നിറുത്തേണ്ടി വന്നാൽ റിസ്കാണെന്നത് കൊണ്ട് വെള്ളകീറിത്തുടങ്ങുമ്പോൾത്തന്നെ സംഗതി സ്ഥലത്തുനിന്ന് മാറ്റിയേക്കും. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സുഹൃത്തുക്കൾ വിളിച്ചതനുസരിച്ച് ആകാംക്ഷയോടെ സ്റ്റേഷനിൽ കാത്തിരുന്ന ജോൺ തന്റെ പഴയ മാർക്ക് ഫോർ അമ്പാസിഡർ കാറുമായെത്തി. അവർ മൂവരുടേയും ശ്രമഫലമായി മുപ്പത്തഞ്ച് ലിറ്ററിന്റെ അഞ്ച് കന്നാസുകൾ താമസംവിനാ സുന്ദരിയായ ‘അംബിയുടെ’ ആലില വയറിനുള്ളിൽ സ്ഥാനം പിടിച്ചു. ചരക്കുമായി സമയം കളയാതെ ജോൺ തിരികെ ലാവണത്തിലേയ്ക്ക്! രംഗപടം വീണ്ടും ഉയരുന്നത് ആ കട്ടിംഗിന് മുകളിലെ മെമ്പറുടെ വീടിന്റെ വാതിൽക്കൽ വനംവകുപ്പിലെ ഇരുവർ സംഘം മുട്ടിവിളിക്കുന്നതോടെയാണ്. തട്ടിയപാടെ തട്ടാത്തപാടെ വിളി കാത്തിരുന്ന മാതിരിയും എന്നാൽ വല്ലാത്ത ഉറക്കച്ചടവിലും പുറത്തിറങ്ങിയ മെമ്പറോട് അവർ കാര്യങ്ങൾ വിവരിക്കുന്നു. തുടർന്ന് ആ വീട്ടിലെ തന്നെ മറ്റൊരു മുറിയിൽ നല്ല ‘പിടുത്തത്തിൽ’ കിടന്നുറങ്ങുകയായിരുന്ന മെമ്പറുടെ ഭർത്താവിനെ അവർ തന്നെ വിളിച്ചുണർത്തുന്നു. അഴിഞ്ഞു പോയിരുന്ന ലുങ്കി വാരിച്ചുറ്റിയും കുടുക്കുകൾ ഇടാത്ത ഷർട്ടുമണിഞ്ഞ് അയാൾ അസ്വാരസ്യത്തോടെ പുറത്തേയ്ക്കെത്തി. പ്രൈമറി വിദ്യാഭ്യാസം പോലും കഴിയാത്ത മെമ്പറുടെ രണ്ട് പെൺകിടാങ്ങളും അപ്പോഴും നല്ല ഉറക്കത്തിൽ തന്നെയാണ്. കാട്ടിനുള്ളിൽ ഒളിപ്പിച്ച കോട ഉദ്യോഗസ്ഥന്മാർ നശിപ്പിക്കുന്നു ഉദ്യോഗസ്ഥരോടൊപ്പം കലുങ്കിനടിയിൽ വച്ചിരുന്ന മുപ്പത്തഞ്ച് ലിറ്ററിന്റെ രണ്ട് കന്നാസ് ചാരായം ടോർച്ചിന്റെ വെളിച്ചത്തിൽ കണ്ടുബോധ്യപ്പെട്ട മെമ്പർ സാക്ഷികളായി സ്വന്തം പാർട്ടിക്കാരായ രണ്ട് പേരെക്കൂടി രാത്രിക്ക് രാത്രി അവിടേയ്ക്ക് വിളിച്ചുവരുത്തി. അപ്പോൾ വാറ്റിയതും അവിടെ കൊണ്ടുവച്ചതും ആരാണെന്നൊക്കെ ഞങ്ങൾക്ക് കൃത്യമായ വിവരം ഉണ്ടെന്ന് ഗീർവീണം വിട്ട് നിൽക്കുകയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ. കാരണം പിറ്റേന്ന് അതൊക്കെ പലവിധ കഥകളായി കവലയിൽ പാട്ടാകണമല്ലോ. എന്തായാലും അവസാനം ഇലയ്ക്കും മുള്ളിനും കേടില്ലാതെ സംഗതി അവസാനിപ്പിക്കാൻ കഴിയില്ലേ എന്ന മെമ്പറുടെ അഭ്യർഥന പ്രകാരം ചാരായം നിലത്തൊഴിച്ച് കളഞ്ഞും കന്നാസുകൾ രണ്ടും വെട്ടിക്കീറി സ്ഥലത്തിട്ട് തീവച്ച് നശിപ്പിച്ചും ക്ഷുഭിതരായിരുന്ന വനംവകുപ്പുകാർ ‘പേപ്പറെഴുതാതെയും’ തത്ക്കാലത്തേയ്ക്ക് നടപടികളെടുക്കാതെയും പിൻവാങ്ങുന്നതാണ് സീൻ! പ്രതീക്ഷിച്ചതുപോലെ അടിയും ജഗപൊകയും ഒന്നും ഉണ്ടായിക്കാണാത്തതിൽ കഠിനമായ നിരാശയോടെ അവിടെയെത്തിയ മെമ്പറുടെ പാർട്ടിക്കാർ പിരിഞ്ഞ് പോകുന്നതാണ് നമ്മൾ തുടർന്ന് കാണുന്നത്. ശേഷം സ്വന്തം വാർഡിലെ കുറച്ച് തരികിടകൾക്ക് വേണ്ടിയാണെങ്കിലും നാളെ ജാമ്യത്തിനായി ആളും അർഥവും അന്വേഷിച്ചിറങ്ങേണ്ടല്ലോ എന്ന് സമാശ്വസിച്ച് ബഹു. മെമ്പർ കണവനോടൊപ്പം സ്ഥലത്തുനിന്നും നിഷ്ക്രമിക്കുകയും ചെയ്തു. പക്ഷേ, അന്ന് വെളുക്കുവോളം നമ്മുടെ മൂന്ന് സുഹൃത്തുക്കളും കൂടി ‘അംബിയുടെ’ വയറ്റിൽ നിന്നും ചരക്കെടുത്ത് എവിടെ ഒളിപ്പിക്കുമെന്ന ചിന്തയിലായിരുന്നു. പിറ്റേന്ന് ബാക്കിയുള്ളവരെത്തി കാര്യങ്ങൾ പുറത്തറിഞ്ഞാൽ ആകെ ചൊറയാകാനും മതി! അസൂയക്കും കണ്ണുകടിക്കും മരുന്നില്ല എന്നാണല്ലോ. എന്തായാലും റജി തന്നെ പറഞ്ഞ് വിട്ട ഒരു വിശ്വസ്തൻ വെള്ളകീറുന്നതിന് മുൻപ് അവരുടെ അടുക്കലെത്തി. കന്നാസൊന്നിന് സഹായവിലയായി പ്രഖ്യാപിച്ച 1500 രൂഫാ നിരക്കിൽ 5 എണ്ണത്തിന് 7500 ക. രൊക്കം കൈപ്പറ്റിയും ചരക്ക് അപ്പാടെ അയാളുടെ വണ്ടിയിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തും കഴിഞ്ഞിട്ടാണ് ആ സുഹൃത്തുക്കൾ ഉറങ്ങാൻ കിടന്നത്! ഇനി ബാക്കിയുള്ളവർ വന്നാൽത്തന്നെ നൈറ്റ് പട്രോളിംഗിന് പോയിരുന്നെന്ന് പറയാവുന്നതേ ഉള്ളൂ. പിറ്റേന്ന് പകൽ ഉണ്ടുറങ്ങി കടന്നുപോയി. വൈകിട്ട് കവലയിൽ ആരോ തല്ലുണ്ടാക്കിയെന്ന വിവരമറിഞ്ഞ് ധൃതിവച്ച് പോകുന്ന പോലീസുകാരെയാണ് അവർ പിന്നെ കാണുന്നത്! ആകാംക്ഷ സഹിയാഞ്ഞ് പിന്നാലെ വിവരം അന്വേഷിച്ചുപോയ നമ്മുടെ സുഹൃത്തുക്കൾ കണ്ടത് മദ്യപിച്ച് മദോന്മത്തരായ വാറ്റുകാരുടെ കൂട്ടത്തല്ലായിരുന്നു! അന്വേഷിച്ചപ്പോൾ കാരണം ഇതാണ്. തലേന്ന് രാത്രി രഹസ്യവിവരം കിട്ടിയതനുസരിച്ച് ഫോറസ്റ്റുകാരെത്തി മെമ്പറുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിൽ ചാരായം കണ്ടെത്തി ചൊരിച്ചുകളഞ്ഞ് രണ്ട് കന്നാസുകളും വെട്ടിപ്പൊളിച്ച് തീയിട്ടു എന്നത് വരെ എല്ലാം ഓക്കെയാണ്. പക്ഷേ, മണിക്കൂറുകൾക്ക് മുൻപ് കലുങ്കിനടിയിൽ കൊണ്ടടുക്കിയ ബാക്കി അഞ്ച് കന്നാസുകൾ എവിടെപ്പോയി എന്നതാണ് ചോദ്യം? ആകെ രണ്ട് കന്നാസേ കലുങ്കിനടിയിൽ ഉണ്ടായിരുന്നുള്ളൂവെന്ന് മെമ്പറും കണവനും ആണയിട്ടു പറഞ്ഞു. അപ്പോൾ സഹപ്രവർത്തകരെ ചതിച്ച് അതടിച്ചുമാറ്റിയ കൊടുംചതിയൻ കൂട്ടത്തിലാരാണ് എന്നതായി തർക്കവിഷയം! അശനിപാതം പോലെ വന്നുഭവിച്ച വലിയ നഷ്ടത്തിന് ആ ‘വാറ്റ് ചങ്കുകളിൽ’ ഓരോരുത്തരും അപരന്മാരെ തെറി പറയുന്നതിൽ വരെയെത്തി കാര്യങ്ങൾ. അവരുടെ സാമാന്യയുക്തിയ്ക്ക് ചിന്തിച്ച് നോക്കിയപ്പോൾ അഞ്ച് കന്നാസ് നിറയെ ചാരായം രായ്ക്കുരാമാനം ചുമന്ന് മാറ്റിയിട്ട് അവരിലൊരു സാമദ്രോഹിയാണ് ഫോറസ്റ്റുകാരെ വിളിച്ച് വരുത്തിയിരിക്കുന്നതെന്നുറപ്പാണ്. അല്ലാതെ പാതിരാത്രി ‘ഫിറ്റായി’ സ്റ്റേഷനിൽ കിടന്നുറങ്ങുന്ന അവരെങ്ങനെ അതറിയാനാണ്? പ്രതീക്ഷിക്കാത്ത ആ തിരിച്ചടിക്ക് കാരണം കണ്ടെത്തുന്നതിനായി ചാരായ ഷാപ്പിൽ തട്ടിക്കൂട്ടിയ ‘ചിന്തൻ ബൈഠക്കോ, പോളിറ്റ് ബ്യൂറോയോ’ ഒക്കെയാണ് അവസാനം കൂട്ടുകാർ തമ്മിലുള്ള വാക്കേറ്റത്തിലും തമ്മിൽത്തല്ലിലും എത്തി നിൽക്കുന്നത്! എന്തായാലും അതോടെ അവിടെ രണ്ട് കാര്യങ്ങൾ സംഭവിച്ചു എന്ന് പറയാം. ഒന്നാമത് ആരാണ് സ്ഥലത്തെ സ്ഥിരം വാറ്റുകാരെന്ന് പൊതുജനങ്ങൾക്കും പോലീസിനും അർത്ഥശങ്കയ്ക്കിടയല്ലാതെ അന്ന് ഒന്നുകൂടി വെളിപ്പെട്ടു. രണ്ടാമത്തേത് പല തവണ ഗുണദോഷിച്ചിട്ടും ഭീഷണിപ്പെടുത്തിയിട്ടും വനത്തിനകത്ത് അനസ്യൂതം കള്ളവാറ്റ് നടത്തിക്കൊണ്ടിരുന്ന ആ അയ്വർ സംഘം എന്നെന്നേയ്ക്കുമായി അടിച്ചു പിരിഞ്ച്...! ച്ഛഗട.. ഛഗട...! നമ്മുടെ വനംവകുപ്പുകാരായ മൂവർ സംഘത്തിനും അതുകൊണ്ട് പ്രകടമായ ചില നേട്ടങ്ങൾ ഉണ്ടായി എന്നതും പറയണമല്ലോ. അതിലൊന്നാമത്തേത് തലേന്നത്തെ സംഭവം അവരിൽ മാത്രം ഒതുങ്ങിയ ഒരു രഹസ്യമായതിനാൽ വലിയ ശാരീരികാദ്ധ്വാനം കൂടാതെ അന്നത്തെ നാണയവിനിമയ നിരക്കിൽ അത്യാവശ്യം ചെലവ് കാശ് മൂവർക്കും തരപ്പെട്ടു എന്നതാണ്. മറ്റൊന്ന് മേലിൽ പരിശോധനയ്ക്കായി എത്തുന്ന റെയ്ഞ്ചറുടെ മുന്നിൽ കള്ളവാറ്റുകാർക്ക് ഒത്താശ ചെയ്തു എന്ന ആരോപണമേറ്റ് തലയും ചൊറിഞ്ഞ് നിൽക്കണ്ടല്ലോ എന്നതും! പറയുമ്പോൾ ഇതുവരെ എല്ലാം വളരെ ശരിയാണ്. കഥയാകട്ടെ ശുഭപര്യവസായിയും. എന്നിരുന്നാലും ആ കഥനത്തിൽ എവിടെയോ എന്തോ ഒരു അപൂർണതയുണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല!

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കപ്പ കുത്തി മറിക്കുന്നവനെ കൊത്തിയരിഞ്ഞ് കപ്പയ്ക്ക് കറിയായി… | Boolokam