ആശങ്കകൾ ചർച്ചചെയ്ത് കരിപ്പൂരിൽ യോഗം To advertise here, കരിപ്പൂർ : കേന്ദ്ര വാണിജ്യ കാര്യമന്ത്രാലയത്തിനു കീഴിലുള്ള അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് എക്‌സ്‌പോർട്ട് ഡിവലപ്‌മെന്റ് അതോറിറ്റി (അപ്പേഡ), കേരള എക്സ്‌പോർട്ടേഴ്‌സ് ഫോറവുമായി ചേർന്ന് കരിപ്പൂർ എയർകാർഗോ കോംപ്ലക്‌സിൽ കാർഗോ നീക്കവും കയറ്റുമതി വ്യവസായവും എന്ന വിഷയത്തിൽ ചർച്ച നടത്തി. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ, കയറ്റുമതിചെയ്ത സാധനങ്ങൾ വിതരണംചെയ്യാൻവൈകിയും കേടായും ഉണ്ടായ നഷ്ടങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ പ്രത്യേകസഹായമുണ്ടാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എക്‌സ്‌പോർട്ടേഴ്സ് ഫോറം സെക്രട്ടറി സി.ടി. മുൻഷീദ് അലി ആമുഖമായി കയറ്റുമതിക്കാരുടെ ആശങ്കകൾ പങ്കുവെച്ചു. ഫെബ്രുവരിയിൽ കയറ്റുമതി ചെയ്ത പല ചരക്കുകളും മാർച്ചിൽ മാത്രമാണ് വിതരണത്തിന് എത്തിക്കാൻ കഴിഞ്ഞതെന്ന് ഫോറം പ്രസിഡന്റ് കെ.എം. ഹമീദലി പറഞ്ഞു. തിരിച്ചെത്തിക്കുന്ന പഴം-പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് ഓപ്പൺ മാർക്കറ്റിൽ വിൽക്കേണ്ട സാഹചര്യം ഉണ്ടാവുന്നുണ്ടെന്ന് വോയേജർ എക്‌സ്‌പോർട്ട് പ്രതിനിധി വിനീഷ് കുമാർ പറഞ്ഞു. മറ്റു രാഷ്ട്രങ്ങളിൽ കയറ്റുമതിക്കു നികുതി ഒഴിവാക്കിയിരിക്കെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കയറ്റുമതിക്കു നികുതി ചുമത്തുന്നത് നമ്മുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണികളിൽനിന്ന് ഉയർന്ന വില കാരണം തള്ളിപ്പോകാനിടയാക്കുമെന്ന് എലൈറ്റ് ഗ്രൂപ്പിന്റെ മുഹമ്മദ് ഷംസീൽ പറഞ്ഞു. ചർച്ചയിലെ നിർദേശങ്ങൾ മന്ത്രാലയത്തിനു റിപ്പോർട്ട് ചെയ്യുമെന്ന് അപ്പേഡ റീജണൽ ഹെഡ് സിമി ഉണ്ണികൃഷ്ണൻ അറിയിച്ചു. എയർകാർഗോ കോംപ്ലക്‌സ് ഹെഡ് വിവേക് പാലി, അപ്പേഡ ബിസിനസ് ഡിവലപ്‌മെന്റ് ഓഫീസർ ഗായത്രി, കെ.ബി. എക്‌സ്‌പോർട്ടേഴ്‌സിന്റെ ഇ.കെ. ഫൈജാസ്, എക്‌സൽ കാർഗോ ഉടമ കെ.ടി. ഉമൈർ, കോഴിക്കോടൻസിന്റെ ജാഫർ മണലോടി, കന്നോലി കോർപറേഷന്റെ രൂപേഷ് കന്നോലി, കെ.എസ്.ഐ.ഇ. അസി. മാനേജർ കെ. അബ്ദുൽ അസീസ്, വിവിധ എയർലൈൻ പ്രതിനിധികളായ എം. രാകേഷ് (എയർ ഇന്ത്യ), ബിജോയ് ഇ.ജോസ് (ഇൻഡിഗോ), ത്വൽഹ (എയർ അറേബ്യ), എം. ബിബിഷ് (ഒമാൻ എയർ) എന്നിവരും പങ്കെടുത്തു.
