'ദി വസവും മരണം ആകാശത്തുനിന്ന് പെയ്തുകൊണ്ടിരിക്കും. ഇതൊരിക്കലും ന്യായമായ പോരാട്ടം ആയിരിക്കണമെന്നില്ല; ന്യായമായ പോരാട്ടവുമല്ല. ഞങ്ങൾ വേട്ട തുടങ്ങിയിട്ടേയുള്ളൂ, അവർ വീണുകിടക്കുമ്പോൾ ഞങ്ങൾ അവരെ അടിച്ചിടും. അത് അങ്ങനെത്തന്നെ ആയിരിക്കണം.'- ഇറാനുമായുള്ള യുദ്ധം തുടങ്ങിയശേഷം പെന്റഗണിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞത് ഇങ്ങനെയാണ്. ഗൗരവമുള്ള ഒരു രാഷ്ട്ര തന്ത്രജ്ഞന്റെ ഭാഷയ്ക്ക് പകരം ഏറെ രൗദ്രതയോടേയും യുദ്ധോത്സുകതയോടെയുമുള്ള വാക്കുകളാണ് ഹെഗ്സെത്ത് ഉപയോഗിച്ചത്. To advertise here, ഫോക്സ് ന്യൂസി ന്റെ മുൻ അവതാകനായ ഹെഗ്സെത്ത് ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിന്റെ കമാൻഡറാണ്. ഇറാനിൽ ഡൊണാൾഡ് ട്രംപ് തുടങ്ങിയ യുദ്ധത്തിന്റെ മുഖമായി മാറിയ നാൽപ്പത്തഞ്ചുകാരൻ. മാർച്ച് മുതൽ പ്രതിരോധ സെക്രട്ടറി 'വാർ സെക്രട്ടറി' ആയതോടെ ഹെഗ്സെത്തിന്റെ ഭീഷണികളും വെല്ലുവിളികളും ലോകം കേൾക്കാൻ തുടങ്ങി. യുഎസിന്റെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പ്രതിരോധ സെക്രട്ടറിയാണ് ഹെഗ്സെത്ത്. ആ റോളിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കുമ്പോൾ ഡൊണാൾഡ് ട്രംപ് ചില കണക്കുകൂട്ടലുകൾ നടത്തിയിരുന്നു. ട്രംപിന്റെ ആശയങ്ങളോട് അടുത്തുനിൽക്കുന്ന, നിർദേശങ്ങൾ വളരെ വേഗത്തിൽ നടപ്പാക്കാൻ കഴിയുന്ന ഒരു വ്യക്തി. ക്രിസ്ത്യൻ ദേശീയവാദം, ട്രാൻസ് വ്യക്തികളോടുള്ള വിദ്വേഷം, അമേരിക്കൻ സൈനികരുടെ ജീവനോടുള്ള നിസംഗത, സ്ത്രീകളോടുള്ള മോശം പെരുമാറ്റം എന്നിവയെല്ലാം അമേരിക്കയുടെ ഉന്നതസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ ഹെഗ്സെത്തിൽ ആരോപിക്കപ്പെട്ടതാണ്. ബരാക്ക് ഒബാമ ഭരണകൂടത്തിലെ മുൻ ഗ്ലോബൽ എൻഗേജ്മെന്റ് ഡയറക്ടറും ഗ്ലോബൽ സിറ്റുവേഷൻ റൂം എന്ന പബ്ലിക് അഫയേഴ്‌സ് ഏജൻസിയുടെ പ്രസിഡന്റുമായ ബ്രെറ്റ് ബ്രൂൺ, ഹെഗ്സെത്തിനെ വിലയിരുത്തുന്നത് ഒരു വാർത്താ അവതാരകനിൽനിന്ന് പുറത്തുകടക്കാത്ത പ്രതിരോധ സെക്രട്ടറി എന്നാണ്. 'ഇപ്പോൾ പെന്റഗണിൽനിന്ന് അമേരിക്കക്കാർ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഹെഗ്സെത്ത് പറയുന്നത്. അദ്ദേഹം അതിന് അനുയോജ്യനല്ല. അദ്ദേഹത്തിന്റെ ധൈര്യവും പ്രകടനവും ജനങ്ങൾക്ക് ആവശ്യമില്ല. അമേരിക്കൻ സൈന്യം ശക്തവും സ്ഥിരതയുള്ളതുമായ കരങ്ങളിലാണോ എന്നാണ് അവർക്ക് അറിയേണ്ടത്. അദ്ദേഹത്തിന്റെ ആദ്യത്തെ യുദ്ധ വാർത്താസമ്മേളനങ്ങളിൽ നമ്മൾ കണ്ടത് പഴയ ഫോക്‌സ് വ്യക്തിത്വത്തിൽനിന്ന് പുറത്തുവരാനും ഒരു രാജ്യത്തിന്റെ സൈന്യത്തിന്റെ നേതാവെന്ന നിലയിലേക്ക് മാറാനുമുള്ള കഴിവില്ലായ്മയാണ്.'- ബ്രെറ്റ് ബൂൺ ചൂണ്ടിക്കാണിക്കുന്നു. ബിരുദപഠനകാലത്ത് തന്നെ വംശീയവാദി മിനസോട്ടയിലെ മിനപോളിസിൽ 1980-ലാണ് ഹെഗ്സെത്തിന്റെ ജനനം. അച്ഛൻ ബ്രയാൻ ബാസ്‌ക്കറ്റ്ബോൾ പരിശീലകനായിരുന്നു. അമ്മ പെനലോപ് എക്സിക്യൂട്ടീവ് ബിസിനസ് കോച്ചും. പ്രിൻസറ്റൺ സർവകലാശാലയിൽ പൊളിറ്റിക്സ് പഠിച്ച ഹെഗ്സെത്ത് അക്കാലത്ത് തന്നെ വംശീയവാദിയായിരുന്നു. ട്രാൻസ് വ്യക്തികളോടുള്ള തന്റെ വിവേചനവും തുറന്നുകാണിച്ചു. ആ സമയങ്ങളിൽ അവിടത്തെ കൺസർവേറ്റീവ് വിദ്യാർഥികളുടെ മാഗസിനായ 'ദ പ്രിൻസ്റ്റൺ ടോറി'യുടെ പബ്ലിഷറും എഡിറ്ററുമായി പ്രവർത്തിച്ചു. 2001-ൽ 'മോൺസ്റ്റേഴ്സ് ബോൾ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഹാലി ബെറിക്ക് മികച്ച നടിക്കുള്ള ഓസ്‌കർ പുരസ്‌കാരം നൽകിയതിനെ മാഗസിൻ വിമർശിച്ചു. ഹാലി ബെറി കറുത്ത വർഗക്കാരിയായതായിരുന്നു കാരണം. സ്വവർഗ വിവാഹ പ്രഖ്യാപനങ്ങൾ അച്ചടിക്കുമെന്ന് വ്യക്തമാക്കിയ ന്യൂയോർക്ക് ടൈംസി നേയും മാഗസിൻ വിമർശിച്ചു. സ്വവർഗരതി അധാർമികമാണെന്ന് ചൂണ്ടിക്കാട്ടി പ്രിൻസ്റ്റൺ ടോറി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. ഇതിന് മറുപടിയായി പ്രിൻസ്റ്റണിലെ വിദ്യാർഥി പ്രതിനിധി നിന ലാങ്സാം തന്റെ പ്രതിഷേധം അറിയിച്ച് ഹെഗ്സെത്തിന് ഇ-മെയിൽ അയക്കുകയും ചെയ്തു. പ്രിൻസ്റ്റൺ വിട്ടതിനുശേഷം ഹെഗ്സെത്ത് യുഎസ് ആർമി നാഷണൽ ഗാർഡിൽ ഇൻഫന്ററി ഓഫീസറായി ചേർന്നു. ക്യൂബയിലെ ഗ്വണ്ടാനാമോ തടങ്കൽ പാളയത്തിലും ഇറാഖ് യുദ്ധത്തിലും പ്രവർത്തിച്ചു. ഇറാഖിൽ തന്റെ കമാൻഡിന് കീഴിലുള്ള സൈനികർക്ക് യുദ്ധനിയമങ്ങൾ അവഗണിക്കാൻ താൻ നിർദേശം നൽകിയിരുന്നതായി അദ്ദേഹം പിന്നീട് ഒരു പുസ്തകത്തിൽ വെളിപ്പെടുത്തി. പിന്നീട് 'കൺസേൺഡ് വെറ്ററൻസ് ഫോർ അമേരിക്ക' എന്ന കൺസർവേറ്റീവ് പ്രചാരണ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവായി ഹെഗ്സെത്ത് മാറി. എന്നാൽ 2016 ൽ സാമ്പത്തിക ക്രമക്കേടുകൾ, ലൈംഗിക ദുരുപയോഗം, മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങളെത്തുടർന്ന് അദ്ദേഹം പുറത്തായി. ഇതിനിടയിൽ 2014-ലാണ് ഹെഗ്സെത്ത് ഫോക്സ് ന്യൂസി ൽ അവതാരകനായെത്തുന്നത്. ആ സമയത്താണ് ഡൊണാൾഡ് ട്രംപുമായുള്ള അഭിമുഖങ്ങൾ നടത്തുന്നത്. ട്രംപിന്റെ നയങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ അഭിമുഖങ്ങളെല്ലാം. ഇതോടെ 2024-ൽ ട്രംപ് വിജയിച്ചതോടെ പ്രതിരോധ സെക്രട്ടറിയായി ഹെഗ്സെത്ത് നാമനിർദേശം ചെയ്യപ്പെട്ടു. എന്നാൽ, സെനറ്റർമാർ ഹെഗ്സെത്തിനെതിരെ രംഗത്തെത്തി. സേനയിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളെക്കുറിച്ച് നിന്ദ്യമായ പരാമർശങ്ങൾ, ഡ്യൂട്ടിയിലായിരിക്കുമ്പോൾ മദ്യപിച്ചെന്ന ആരോപണങ്ങൾ, ലൈംഗികാതിക്രമം, മോശം പെരുമാറ്റം, പ്രതിരോധ സെക്രട്ടറിയാകാനുള്ള അനുഭവപരിചയമില്ലായ്മ എന്നിവയെല്ലാം സെനറ്റർമാർ ചോദ്യം ചെയ്തു. ഒടുവിൽ 50-50 ആയി പിരിഞ്ഞതോടെ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വോട്ട് നിർണായകമായി. അങ്ങനെ 2025-ൽ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി ഹെഗ്സെത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഹെഗ്‌സെത്തിന്റെ കൈയിലെ ടാറ്റൂ | Photo: X/ Secretary of Defense അമ്മയുടെ വിവാദമായ ഇ-മെയിൽ 2018-ൽ ഹെഗ്സെത്തിന്റെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ അമ്മ പെനെലോപ്പ് തന്നെ രംഗത്തെത്തി. 'നീ സ്ത്രീകളെ ചൂഷണം ചെയ്യുന്നവനും കള്ളം പറഞ്ഞ് വഞ്ചിക്കുന്നവനും അധികാരത്തിനും അഹന്തയ്ക്കുമായി സ്ത്രീകളെ ഉപയോഗിക്കുന്നവനുമാണ്. അങ്ങനെയുള്ള ഒരു പുരുഷനേയും ഞാൻ ബഹുമാനിക്കുന്നില്ല. നിന്റെ അമ്മ എന്ന നിലയിൽ ഈ സങ്കടം നിറഞ്ഞ സത്യം പറയാൻ എനിക്ക് വേദനയും നാണക്കേടുമുണ്ട്. പക്ഷേ ഇതാണ് സത്യം.' ഹെഗ്സെത്തിന് അയച്ച ഇ-മെയിലിൽ അമ്മ പറയുന്നു. തന്റെ രണ്ടാം ഭാര്യയായിരുന്ന സാമന്ത ഡീറുങ്ങുമായുള്ള ഹെഗ്സെത്തിന്റെ വിവാഹമോചന സമയത്താണ് അമ്മ ഈ മെയിൽ അയക്കുന്നത്. അതിനുശേഷം 2019-ൽ ഹെഗ്സെക്ക് ജെന്നിഫർ റൗച്ചെറ്റിനെ വിവാഹം ചെയ്തു. ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി നാമനിർദേശം ചെയ്യപ്പെട്ടപ്പോൾ അമ്മ പഴയ വാക്കുകൾ തിരുത്തുകയും ചെയ്തു. അന്ന് ദേഷ്യത്തിൽ പറഞ്ഞതാണെന്നും യുഎസിന്റെ സൈന്യത്തെ നയിക്കാൻ തന്റെ മകൻ യോഗ്യനാണെന്നും 2024-ൽ ന്യൂയോർക്ക് ടൈംസി ന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. തന്റെ മകന് ഇപ്പോൾ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം നല്ല ഭർത്താവും അച്ഛനും മകനുമാണെന്നും പെനലോപ് കൂട്ടിച്ചേർത്തു. ഹെഗ്സെത്തിന്റെ ടാറ്റൂകൾ നെഞ്ചിൽ ജെറൂസലേം ക്രോസും കൈയിൽ 'ദൈവം ഇച്ഛിക്കുന്നു' എന്ന് അർത്ഥം വരുന്ന ലാറ്റിൻ വാക്കായ ഡ്യൂസ് വാൾട്ട് എന്നും ഹെഗ്സെത്ത് പച്ച കുത്തിയിട്ടുണ്ട്. ജെറൂസലേം മുസ്ലിം നിയന്ത്രണത്തിൽനിന്ന് പിടിച്ചെടുക്കാൻ യൂറോപ്യൻമാർ നടത്തിയ കുരിശുയുദ്ധവുമായി ബന്ധപ്പെട്ടതാണിത്. അടുത്തിടെ കൈയിൽ 'കാഫിർ' എന്ന് അറബിയിലും പച്ചകുത്തി. ഇത് ഹെഗ്സെത്തിന്റെ ഇസ്ലാമോഫോബിയയാണ് തുറന്നുകാട്ടുന്നതെന്ന തരത്തിൽ വലിയ വിവാദങ്ങളുണ്ടായി. 2021-ൽ ജോ ബൈഡന്റെ സെക്യൂരിറ്റി ഡ്യൂട്ടിയിൽ നിന്ന് നാഷണൽ ഗാർഡായിരുന്ന ഹെഗ്സെത്തിനെ മാറ്റിനിർത്തിയതും ഈ ടാറ്റൂകളാണ്. കുരിശുയുദ്ധത്തെ പരാമർശിച്ച് തന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ജനാധിപത്യം മാത്രം മതിയാകില്ലെന്നും ഒരിക്കൽ ഹെഗ്സെത്ത് പറഞ്ഞു. 'നമ്മുടെ ഡിഎൻഎയിൽ ഇത് ഒരു ക്രിസ്ത്യൻ രാജ്യമായി തുടരുന്നു, നമുക്ക് അത് നിലനിർത്താൻ കഴിയണം' എന്ന് അദ്ദേഹം അടുത്തിടെ നടന്ന നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റിൽ പറഞ്ഞു. 'നമ്മൾ സ്വാതന്ത്ര്യത്തിന്റെ ആയുധപ്പുരയാൽ സജ്ജരായ യോദ്ധാക്കൾ മാത്രമല്ല, ആത്യന്തികമായി വിശ്വാസത്തിന്റെ ആയുധപ്പുരയാൽ സജ്ജരാണ്' എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ ജനാധിപത്യത്തിന്റെ ആയുധപ്പുരയാക്കണമെന്ന ഫ്രാങ്ക്‌ളിൻ ഡി. റൂസ്വെൽറ്റിന്റെ ആശയത്തെ തന്റെ മതപരമായ ലോകവീക്ഷണമാക്കി ഹെഗ്സെത്ത് മാറ്റിയെടുത്തു. പെന്റഗണിന്റെ പ്രതിച്ഛായ മാറ്റാനും ഹെഗ്സെത്ത് ശ്രമിച്ചുവെന്നും ആരോപണമുണ്ട്. 'വിശ്വാസത്തിന്റെ യോദ്ധാക്കൾ' എന്ന അദ്ദേഹത്തിന്റെ എക്സ് പോസ്റ്റും വിവാദമായി. അമേരിക്കയെ ഒരു ക്രിസ്ത്യൻ തിയോക്രസിയുടെ ഭരണകൂടമാക്കാനാഗ്രഹിക്കുന്ന ക്രിസ്ത്യൻ ദേശീയവാദിയായ തന്റെ പാസ്റ്റർ ഡഗ് വിൽസണെ ഫെബ്രുവരിയിൽ അമേരിക്കൻ സൈന്യത്തെ അഭിസംബോധന ചെയ്യാൻ ഹെഗ്‌സെത്ത് ക്ഷണിച്ചു. മതനിരപേക്ഷ സൈന്യത്തിൽനിന്ന് ഇതിനെതിരെ ഒരുപാട് പരാതികളുയർന്നു. സൈനികരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനയായ മിലിട്ടറി റിലീജിയസ് ഫ്രീഡം ഫൗണ്ടേഷനും തങ്ങൾക്ക് പരാതികൾ ലഭിച്ചുവെന്ന് പറയുന്നു.

‘കാഫിർ’ ടാറ്റൂ, സ്ത്രീകളെ ചൂഷണം ചെയ്യുന്നവനെന്ന് അമ്മ; അമേരിക്കയുടെ വിവാദ വാർ സെക്രട്ടറി
M
MathrubhumiSource Link
about 2 months ago