മലപ്പുറം : തടിയും മുളയും ഉപയോഗിച്ച്് ഓല കൊണ്ടുണ്ടാക്കിയ ഷെഡ്. അലങ്കാരത്തിനായി പ്രകൃതിസൗഹൃദപാത്രങ്ങളും മൺകൂജയും. ഒപ്പം മഷി ചില്ല് കുപ്പിയിലോ സ്റ്റീൽ കുപ്പിയിലോ സൂക്ഷിക്കാനുള്ള മാതൃകയും കാണാം. പറഞ്ഞുവരുന്നത് സിവിൽ സ്റ്റേഷനിൽ കളക്ടറുടെ ചേംബറിനു മുന്നിൽ ഒരുക്കിയ മാതൃകാ ഹരിത പോളിങ് ബൂത്തിനെക്കുറിച്ചാണ്. To advertise here, ‘പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് ’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷനും ജില്ലാ ഭരണകൂടവും ചേർന്നാണ് ഇതൊരുക്കിയത്. ഹരിതചട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനായി സൗജന്യ ലഘുലേഖയും ഇവിടെയുണ്ട്. പ്രചാരണത്തിനുപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ കോട്ടൺ, പനമ്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാകണമെന്ന നിർദേശത്തിന്റെ മാതൃകയാണിത്. ബൂത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ജനറൽ ഒബ്‌സർവർ രാജേന്ദ്രകുമാർ, കളക്ടർ ഡോ. വിനയ് ഗോയൽ എന്നിവർ ചേർന്നു നിർവഹിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒബ്‌സർവർമാർ, സബ് കളക്ടർമാരായ ദിലീപ് കെ. കൈനിക്കര, സാക്ഷി മോഹൻ, എ.ഡി.എം. സി.എസ്. രാജേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കോഡിനേറ്ററുമായ എ. ആതിര, അസിസ്റ്റന്റ് കോഡിനേറ്റർമാരായ അമൽ പ്രസാദ്, ആർ.ജി. രാഗി, ടെക്‌നിക്കൽ കൺസൾട്ടന്റ് വിനീത്, പ്രോഗ്രാം ഓഫീസർ സിറാജുദീൻ എന്നിവർ പങ്കെടുത്തു.
