ഞാ ൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിതുരയിൽ കറന്റ് വരുന്നത്. അതുവരെ മണ്ണെണ്ണവിളക്കായിരുന്നു ശരണം. പാഠപുസ്തകങ്ങൾക്കൊപ്പം തന്നെ ഞങ്ങളുടെ ഗ്രാമത്തിലെ ഏക ഗ്രന്ഥാലയമായ മഹാത്മാഗാന്ധി വായനശാലയിലെ പുസ്തകങ്ങളും വായനയ്ക്കായി മത്സരിച്ച കാലം. ഈ ലോകത്തേക്കുള്ള വാതിൽ തുറന്നുതന്നത് പുസ്തകങ്ങളായിരുന്നു. എന്റെ ചെറുപ്രായത്തിൽ ഞാൻ കാണുന്ന ജീവിതങ്ങൾക്കും മനസ്സിനുമപ്പുറത്തെ വലിയൊരു ലോകവും മനുഷ്യരും സംഘർഷങ്ങളും സങ്കീർണതകളും പുസ്തകങ്ങൾ കാണിച്ചുതന്നു. നിലവിളക്കിനുമുന്നിലിരുന്ന് നാമം ജപിക്കുന്നതുപോലെ തന്നെ ആ പുസ്തകങ്ങളിലെ ഓരോ വാക്കുകളും വരികളും എനിക്ക് മറ്റൊരുതരത്തിലുള്ള നാമജപം തന്നെയായിരുന്നു. ഞാനറിയാത്ത ഏതൊക്കെയോ നാട്ടിലുള്ള എഴുത്തുകാർ എന്റേതുകൂടിയായി. എന്റെ ചിന്തകളിൽ, സ്വപ്നങ്ങളിൽ, കാഴ്ചപ്പാടുകളിൽ അവർ നിരന്തരം വാക്കുകളായും മുഹൂർത്തങ്ങളായും ഇടപെട്ടുകൊണ്ടേയിരുന്നു. വേഡ്സ്വർത്തിന്റെ ഡാഫഡിൽസ് എന്ന കവിത ഓർക്കുകയാണ്. ക്ലാസിൽ ടീച്ചർ കവിത പഠിപ്പിക്കുമ്പോൾ ഈ പൂവ് എന്റെ ഗ്രാമത്തിൽ ഞാൻ കണ്ടുപരിചയിച്ച ഒരു പൂക്കളുമായും മനസ്സിൽ സാദൃശ്യത്തിലെത്തുന്നില്ല. ഞാൻ ടീച്ചറോട് ചോദിച്ചു ഈ പൂവ് എങ്ങനെയിരിക്കും കാണാൻ? ടീച്ചർ പറഞ്ഞു: അതൊരു മഞ്ഞപ്പൂവാണെന്നറിയാം. പാശ്ചാത്യനാടുകളിലാണ് കാണുക. ഡാഫോഡിൽസിനെക്കുറിച്ചുള്ള കവിയുടെ വർണനകളിൽ അഭിരമിച്ച് അതൊരു വിശിഷ്ടപുഷ്പമായി എന്റെ മനസ്സിൽ നിലനിന്നുപോന്നു. കാലം ഏറെ കഴിഞ്ഞ് അമേരിക്കയിൽ എത്തിയപ്പോൾ വസന്തത്തിൽ ഡാഫോഡിൽസ് നാടാകെ പൂത്തുനിൽക്കുന്നത് ഞാൻ കണ്ടു. കണ്ണെത്താദൂരത്തോളം പൂത്തുനിൽക്കുന്ന ഒരു മഞ്ഞപ്പാടംതന്നെ എനിക്കു കാണാനായി. ഞാനപ്പോൾ ഓർത്തതുമുഴുവൻ ആ അധ്യാപികയെയായിരുന്നു. അമേരിക്കയിലൊക്കെ ഉണ്ടാവുന്ന ഒരു പൂവാണ് എന്ന് പറഞ്ഞ ടീച്ചർ ബാക്കിയെല്ലാം ഞങ്ങളുടെ ഭാവനയ്ക്ക് വിട്ടുതരികയായിരുന്നു. കണ്ണെത്താദൂരത്തോളം ഭൂമിയെ പുതച്ചുനിൽക്കുന്ന ഡാഫോഡിൽസ് അന്നെന്നെ കൊണ്ടുപോയത് വിതുരയിലെ ആ ക്ലാസ്മുറിയിലേക്കായിരുന്നു. അതുപോലെ തന്നെ അമേരിക്കയിൽ എത്തിയതുകൊണ്ടുമാത്രം സാധ്യമായ ഒന്നായിരുന്നു ഞാൻ വായിച്ച, ആരാധിച്ച എഴുത്തുകാരിൽ ഭൂരിഭാഗം പേരെയും ഇവിടെയുള്ള ഒട്ടുമിക്ക അത്ഭുതങ്ങളും കാണിച്ചുകൊടുക്കാനും അവരെ വീട്ടിൽ താമസിപ്പിച്ച് സൽക്കരിക്കാനും സാധിച്ചു എന്നുള്ളത്. അതിനുള്ള സാഹചര്യം സൃഷ്ടിച്ചത് ഫൊക്കാനയായിരുന്നു. മാവേലിക്കര രാമചന്ദ്രൻ, ഏവൂർ പരമേശ്വരൻ, ടാറ്റാപുരം സുകുമാരൻ, ചെമ്മനം ചാക്കോ, സുകുമാർ, വേളൂർ കൃഷ്ണൻ കുട്ടി, ടി, പത്മനാഭൻ, തോപ്പിൽ ഭാസി, കടമ്മനിട്ട, സാനുമാഷ്, ഒ.എൻ.വി, എം.ടി, സുഗതച്ചേച്ചി... അക്ഷരഗോപുരങ്ങളുമായുള്ള ബന്ധങ്ങളുടെ നീണ്ടനിര അവസാനിക്കുന്നില്ല... അവരിൽ പലരുമായും ദീർഘകാലബന്ധം തുടർന്നു. എം.ടി ആത്മമിത്രവുമായി. To advertise here, ഫൊക്കാന-ഫെഡറേഷൻ ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്ക. യു.എസ്സിലുള്ള എല്ലാ മലയാളി അസോസിയേഷനുകളുടെയും കൂട്ടായ്മ. ഫൊക്കാനയുടെ വാർഷികാഘോഷങ്ങൾ ഓരോ വർഷവും ഓരോ സ്റ്റേറ്റിൽ വെച്ചാണ് നടത്തുക. ഞങ്ങളുടെ വാഷിങ്ടൺ മെട്രോ ഏരിയയിൽ വെച്ച് നടത്തിയ ഫൊക്കാന സമ്മേളനം എനിക്ക് സമ്മാനിച്ചത് ജീവിതമുടനീളമുള്ള വലിയ സൗഹൃദബന്ധങ്ങളായിരുന്നു. അന്ന് നടത്തിയ സാഹിത്യസമ്മേളനത്തിന്റെ ചുമതല ഡോ. എം.വി പിള്ളയ്ക്കായിരുന്നു. പ്രശസ്തനായ ഓങ്കോളോജിസ്റ്റാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സഹോദരിയാണ് മല്ലികാസുകുമാരൻ. മോഹമല്ലികയെ അതിനുമുമ്പ് വിമൻസ് കോളേജിൽ നിന്നും പരിചയമുണ്ട്. ഫൊക്കാനയുടെ കലാപരിപാടികളുടെ മേൽനോട്ടമായിരുന്നു എനിക്ക്. അംഗങ്ങളെല്ലാവരും ചേർന്ന്ഫണ്ട് സ്വരൂപിച്ചുകൊണ്ടാണ് പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതിഥികളായ എഴുത്തുകാരെ പതിവുപോലെ ഞങ്ങൾ സൗകര്യമുള്ള വീടുകളിൽ താമസിപ്പിക്കുകയായിരുന്നു ചെയ്തത്. മുൻപ് ഞങ്ങൾ ഹാസസാഹിത്യസമ്മേളനം നടത്തിയപ്പോഴും അതിഥികളെ വീടുകളിലായിരുന്നു താമസിപ്പിച്ചത്. എം.ടി, ഒ.എൻ.വി കുറുപ്പ്, സുഗതകുമാരി, വിഷ്ണുനാരായണൻ നമ്പൂതിരി-ഇവരായിരുന്നു ഫൊക്കാന സാഹിത്യസമ്മേളനത്തിലെ ഹൈലൈറ്റ്. എം.ടി തന്റെ സുഹൃത്തുക്കളായ മദൻമോഹനന്റെയും അമ്മുവിന്റെയും കൂടെയായിരുന്നു താമസിച്ചത്. ഒ.എൻ.വിയെ ഞങ്ങളുടെ കൂടെ താമസമാക്കി, സുഗതകുമാരിയെ ഡോ. എം.വി പിള്ളയാണ് ആതിഥ്യമരുളിയത്. സുഗതകുമാരി ഫൊക്കാനയിൽ പങ്കെടുക്കാൻ സമയം കണ്ടെത്തിയതിനു പിന്നിൽ മറ്റൊരു വലിയ ഉദ്യമം കൂടി ഉണ്ടായിരുന്നു. വിഷ്ണുനാരായണൻ നമ്പൂതിരിയും ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിൽ പഠിച്ച പന്ത്രണ്ടിലധികം പേർ വാഷിങ്ടൺ ഡിസിയിൽത്തന്നെയുണ്ടായിരുന്നു. ഹൃദയകുമാരി ടീച്ചർ റിട്ടയർ ചെയ്തതിനുശേഷവും പൂർവവിദ്യാർഥികളെ ബന്ധപ്പെടാൻ ശ്രമിക്കുമായിരുന്നു. പൂർവവിദ്യാർഥികൾ ഒത്തൊരുമിച്ച് നിന്ന് കോളേജിനായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ടീച്ചർ എപ്പോഴും ഓർമപ്പെടുത്തിക്കൊണ്ടേയിരുന്നു. അങ്ങനെ ഒരിക്കൽ ഞങ്ങൾ ഒരു മീറ്റിങ് നടത്തി. നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും, ടീച്ചറോട് എന്തെല്ലാം പറയണം എന്നൊക്കെ ഒരു തീരുമാനത്തിലെത്തണമല്ലോ. അപ്പോൾ കൂട്ടത്തിലൊരാൾ മറ്റൊരു നിർദ്ദേശം മുന്നോട്ടുവെച്ചു. കോളേജിന് നമുക്ക് സഹായം ചെയ്യാം, പക്ഷേ സുഗതകുമാരി മറ്റൊരു പ്രധാന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കുമായി, തിരുവനന്തപുരം മനോരോഗാശുപത്രിയിൽ നിന്നും ഇറങ്ങുന്ന, കുടുംബം ഉപേക്ഷിച്ച സ്ത്രീകൾക്കായി സുഗതകുമാരി ഒരു അഭയകേന്ദ്രം ഒരുക്കുന്ന പരിശ്രമത്തിലാണ്. അവർക്ക് എന്തുസഹായമാണ് നൽകാൻ കഴിയുക? വിമൻസ് കോളേജിലേക്കുള്ള സഹായം നമുക്ക് പരിഗണിക്കാം, പക്ഷേ പ്രഥമ പരിഗണന അഭയയ്ക്ക് നൽകാം. എനിക്ക് അതൊരു വലിയ കാര്യമായി തോന്നി. ഫൊക്കാനയുടെ പരിപാടിക്കായി സുഗതകുമാരി വരുമ്പോൾ ഇതേപ്പറ്റി കൂടുതൽ ചോദിച്ചുമനസ്സിലാക്കാം എന്ന ധാരണയിൽ ഞങ്ങൾ പിരിഞ്ഞു. സുഗതകുമാരി എന്ന കവിയെ മാത്രമേ എനിക്കതുവരെ പരിചയമുണ്ടായിരുന്നുള്ളൂ. അവരുടെ മറ്റൊരു സന്നദ്ധമനസ്സ് കണ്ടപ്പോൾ എനിക്ക് ആരാധന കൂടി. ആ ആരാധനവളർന്ന് ഒരു സഹോദരിയുടെ അടുപ്പം അവരുമായി വന്നുചേർന്നു. എനിക്കവർ സുഗതച്ചേച്ചിയായി. ഒ.ൻ.വി എഴുതിയ സിനിമാഗാനങ്ങളെ കോർത്തിണക്കി ഒരു ഗാനമേള. പാടുന്നത് യു.എസ്സിലുള്ള മലയാളികളായ പാട്ടുകാർ. പിന്നെ നോവലുകളെക്കുറിച്ചുള്ള സെമിനാർ, കവിതകളെക്കുറിച്ചുള്ള അവലോകനം... അങ്ങനെ അക്കാദമിക പരിവേഷമുള്ള പരിപാടികളായിരുന്നു എം.വി പിള്ള ഒരുക്കിയത്. അന്ന് ഞങ്ങളെയാകെ അമ്പരപ്പിച്ചുകൊണ്ട് ഒരു അമേരിക്കൻ മലയാളി യുവതി വേദിയിലേക്ക് വന്നു. എം.ടിയുടെ വാരിക്കുഴി എന്ന കൃതിയെക്കുറിച്ചുള്ള അവലോകനമായിരുന്നു അവൾ നടത്തിയത്. എം.ടി വേദിയിൽ മൗനമായി വാരിക്കുഴിയെക്കുറിച്ച് കേട്ടിരിക്കുകയാണ്. അതിഗംഭീരമായി കൃതിയക്കുറിച്ച് വിശകലനം ചെയ്ത ആ യുവതി സിതാര ഗിർമേ ആയിരുന്നു. എം.ടിയുടെ മൂത്ത മകൾ! കേരളത്തിലെ സിതാര വി. എം.ടിയുടെ പാപ്പ. സിതാരയുടെ അമ്മ പ്രമീളാ നായർ വിവർത്തനം ചെയ്ത വാരിക്കുഴിയായിരുന്നു അവൾ അവതരിപ്പിച്ചത്. അന്ന് വിവർത്തകയുടെ പേര് വി.എം പ്രമീള എന്നായിരുന്നു. സിതാരയുടെ അക്കാദമിക മികവ് കേട്ട് സദസ്സാകെ നിശബ്ദമായി ഇരിക്കുകയായിരുന്നു. സിതാരയുടെ ഭർത്താവ് സഞ്ജയ് ഗിർമേ സദസ്സിൽ ഇരിക്കുന്നുണ്ടായിരുന്നു. എം.ടി എന്ന പ്രതിഭയെ വായിച്ചറിയാമെന്നല്ലാതെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ എനിക്ക് അപരിചിതമായിരുന്നു. സിതാരയെയും ആദ്യമായി കാണുകയായിരുന്നു. ഫൊക്കാനയുടെ ആഘോഷം മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയായിരുന്നു. പരിപാടികൾ കഴിഞ്ഞപ്പോഴാണ് മറ്റൊരു കാര്യം അറിയുന്നത്. എം.ടിയുടെ അറുപതാം പിറന്നാൾ ആണ്. ഞങ്ങൾ കുറച്ചു സംഘാടകർ അത് ചെറിയ രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ചു. എം.ടിയെയും സംഘത്തെയും കൂട്ടി ഞങ്ങൾ നയാഗ്ര വെള്ളച്ചാട്ടം കാണിക്കാൻ തീരുമാനിച്ചു. വലിയൊരു വാനിൽ വൺഡേ ട്രിപ്പിനുപോകുന്ന കുടുംബം പോലെയായിരുന്നു ആ യാത്ര. സുഗതകുമാരി കവിതകൾ ഈണത്തിൽ ചൊല്ലി. ജീവിതത്തിലെ പലപല അനുഭവങ്ങളും അവർ പങ്കുവെച്ചു. പയ്യെപ്പയ്യേ ഒരു കവിയുടെ ഉടുപ്പിൽ നിന്നും അവർ ഊർന്നിറങ്ങി സുഗതചേച്ചിയായി മാറി. ദശാബ്ദങ്ങളോളം നീണ്ടുനിന്ന ബന്ധമായി അതു പടർന്നു. അപ്പോഴും എം.ടിയുടെ ലോകം ഏകാന്തതയായിരുന്നു. മുഖാമുഖം വരുമ്പോൾ അദ്ദേഹം ഒരു ചിരിയിൽ ഒതുക്കി. അന്ന് ഞങ്ങൾ ഒരു മലയാളിസുഹൃത്തിന്റെ വീട്ടിലായിരുന്നു താമസിച്ചത്. ചേച്ചിയുടെ ജീവരക്തമായ അഭയ കെട്ടിപ്പടുക്കാനുള്ള യജ്ഞത്തിലായിരുന്നു അവർ. ഫണ്ടിങ് വലിയൊരു പ്രശ്നമായി നിൽക്കുന്നുണ്ടായിരുന്നു. അതിഥിയായി വിളിക്കുന്ന ഓരോരുത്തരോടും സുഗതചേച്ചി അഭയയുടെ ആവശ്യത്തെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. നയാഗ്ര ഫാൾസും കണ്ടുകൊണ്ട് എം.ടിക്കൊപ്പം പായസമൊക്കെ കഴിച്ചാണ് ഞങ്ങൾ തിരിച്ചുവന്നത്. വളരെ സന്തോഷത്തോടെയാണ് ആ വലിയ എഴുത്തുകാരെ ഞങ്ങൾ തിരികെ യാത്രയാക്കിയത്. ഓരോ വാർഷികാഘോഷങ്ങൾ കഴിഞ്ഞാലും കുറച്ചുദിവസത്തേക്ക് എന്തൊക്കെയോ നഷ്ടബോധങ്ങൾ നമ്മളെ അലട്ടിക്കൊണ്ടേയിരിക്കും. നാട്ടിലായിരുന്നെങ്കിൽ എന്തെല്ലാം കാര്യങ്ങളുടെ ഭാഗമാകാൻ പറ്റുമായിരുന്നു എന്നോർത്തുപോകും. അത്തരം സങ്കടങ്ങൾക്കൊക്കെ വളരെ കുറഞ്ഞ ആയുസ്സേ ഉണ്ടാവുകയുള്ളൂ. നിത്യത്തിരക്കുകൾ അവ്വിധത്തിലാണ് നമ്മെ ചുറ്റിപ്പിണഞ്ഞിരിക്കുന്നത്. മദൻമോഹനും അമ്മുവും വളരെ തിരക്കുള്ള ഡോക്ടർമാരാണ്. രാവുംപകലുമെന്നോണം ജോലി ചെയ്യുന്നവർ. ഒരുദിവസം അമ്മു അപ്രതീക്ഷിതമായി എന്നെ വിളിക്കുന്നു. എം.ടി വന്നിട്ടുണ്ട്. അവർക്ക് ഒഴിച്ചുകൂടാനാവാത്ത കേസുകൾ അറ്റൻഡ് ചെയ്യേണ്ടതുണ്ട്. എം.ടിയെ ഒരുദിവസത്തേക്ക് ഹോസ്റ്റ് ചെയ്യാൻ പറ്റുമോ എന്നാണ് അവരുടെ അഭ്യർഥന. എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. ഞാനദ്ദേഹത്തെ വേഗം തന്നെ പ്രഭാതഭക്ഷണത്തിനായി ക്ഷണിച്ചു. ഒപ്പം തന്നെ ഞങ്ങളുടെ ചുറ്റും താമസിക്കുന്ന സാഹിത്യകുതുകികളായ മലയാളികളെയും ക്ഷണിച്ചു. അദ്ദേഹത്തിന് മുഷിപ്പ് തോന്നരുതല്ലോ. പുട്ടും കടലയുമായിരുന്നു പ്രാതലിന് നൽകിയത്. ഇവിടെ വന്നാൽ അക്കാലത്തെ മലയാളി അതിഥികൾ വിഷമിച്ചിരുന്നത് ഭക്ഷണത്തിനായിരുന്നു. ഇന്നത്തെ കുട്ടികൾ ഭക്ഷണത്തിന്റെ കാര്യത്തിലും ഗ്ലോബലി അഡാപ്റ്റഡ് ആണ്. അവർക്കിതൊന്നും ഒരു പ്രശ്നമുള്ള കാര്യമല്ല. പക്ഷേ ഒരേ രീതിയിൽ ശീലിച്ചുവന്നവർക്ക് ഹോട്ടലുകളിലെ അമേരിക്കൻ ഭക്ഷണം ഒരു നേരത്തിലധികം കഴിക്കാൻ പറ്റിയെന്നു വരില്ല. 'അസ്സലായിട്ടുണ്ട് പുട്ടും കടലയും' എം.ടി പാതി പുഞ്ചിരി വരുത്തി പറഞ്ഞു. ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ നിർണായകമായ പല സന്ദർഭങ്ങൾക്കും ഞാൻ മുന്നിട്ടിറങ്ങിയത് ആ സൗഹൃദത്തിന്റെ ബലത്തിലായിരുന്നു. പിറ്റെ ദിവസം ഞാൻ ലീവെടുത്തു. അദ്ദേഹത്തോട് ചോദിച്ചു: എം.ടി എന്തുചെയ്യണം? ലൈബ്രറി ഓഫ് കോൺഗ്രസ് കാണണോ, അതോ വേറെയെവിടെയെങ്കിലും പോകണോ? സെനറ്റിൽ ജോലി ചെയ്യുന്നതുകൊണ്ട് എനിക്ക് ലൈബ്രറി ഓഫ് കോൺഗ്രസ്സിനകത്ത് കടക്കാനുള്ള അനുവാദമുണ്ട്. ലൈബ്രറി ഓഫ് കോൺഗ്രസ് റഫറൻസ് ലൈബ്രറിയാണ്. പുസ്തകം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ അയച്ചുകൊടുത്ത് നമ്മുടെ ഊഴമെത്തുമ്പോൾ അവർ നമുക്ക് പുസ്തകം തരികയാണ് പതിവ്. അവിടെയിരുന്ന് വായിക്കുകയോ, എഴുതിയെടുക്കുകയോ ചെയ്തിട്ട് അവിടെത്തന്നെ തിരിച്ചുകൊടുക്കണം. വീട്ടിൽ കൊണ്ടുപോകാൻ പറ്റില്ല. ലോകത്തെവിടെയും ഏതുഭാഷയിലും പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ഒരു കോപ്പി ലൈബ്രറി ഓഫ് കോൺഗ്രസ്സിൽ ഉണ്ടായിരിക്കണമെന്നാണ് നിയമം. പുസ്തകങ്ങളുടെ ബാഹുല്യത്താൽ ഇപ്പോൾ ഡിജിറ്റൽ കോപ്പികളാണ് സൂക്ഷിക്കുന്നത്. ഇവിടെ വന്ന എല്ലാ സാഹിത്യകാരന്മാരെയും ലൈബ്രറി ഓഫ് കോൺഗ്രസ്സിന്റെ അകത്തേക്ക് ഞാൻ കൊണ്ടുപോയിട്ടുണ്ട്. തോപ്പിൽ ഭാസി വന്നപ്പോഴായിരുന്നു അദ്ദേഹം തന്റെ സ്വന്തം പുസ്തകം കണ്ട് ആർദ്രനായത്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഇരിക്കുന്ന ഷെൽഫ് കാണിച്ചപ്പോൾ, അതിൽ പാഞ്ചാലി എന്ന തലക്കെട്ട് വ്യക്തമായി കണ്ടപ്പോൾ, അദ്ദേഹത്തിന്റെ കണ്ണ് നനഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. അതിനടുത്തായി വെതർകണ്ടീഷനിങ് ചെയ്ത ചില്ലുകൂട്ടിൽ നമ്മുടെ താളിയോല ഗ്രന്ഥങ്ങളാണ് ഇരിക്കുന്നത്. അദ്ദേഹം അതിലേക്കുതന്നെ നോക്കിനിൽക്കുകയാണ്. അദ്ദേഹം പറഞ്ഞു: വത്സലയ്ക്കറിയാമോ, പാഞ്ചാലി എഴുന്ന കാലത്ത് റഫറൻസിനായി ഇല്ലങ്ങളായ ഇല്ലങ്ങൾ മുഴുവൻ ഞാൻ കയറിയിറങ്ങി. സഹകരണമൊന്നും ലഭിച്ചില്ലായിരുന്നു. ആ ഗ്രന്ഥങ്ങൾ ഇതാ ഇങ്ങ് അമേരിക്കയിൽ കണ്ണാടിക്കൂട്ടിനകത്ത് സൂക്ഷിച്ചിരിക്കുന്നു. 'തൊട്ടടുത്തതാ എന്റെ പാഞ്ചാലിയും!' തോപ്പിൽ ഭാസി മാത്രമല്ല, പല എഴുത്തുകാർക്കും തങ്ങളുടെ പുസ്തകം ഇത്രയും ഭംഗിയായിട്ടും ഭദ്രമായിട്ടും സൂക്ഷിച്ചുവെച്ചിരിക്കുന്നത് അത്ഭുതമായിരുന്നു. എം.ടി നേരത്തേ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ടിരുന്നതിനാൽ വീണ്ടും സമയം കളയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. വേറെയെവിടെ പോകും എന്നായി അദ്ദേഹം. ഞാനദ്ദേഹത്തോട് പറഞ്ഞു; എം.ടിക്ക് ഇഷ്ടമാകുന്ന ഒരു സ്ഥലമുണ്ട്. നദികളുടെ സംഗമസ്ഥലമാണ്. പൊട്ടോമക് നദി ഷെനാൻദോ നദിയിൽ ലയിച്ചുചേരുന്ന ഹാർപേഴ്സ്‌ഫെറിയുടെ കരയിൽ പോകാം. അതിമനോഹരമായ കാഴ്ചയാണത്. ഞങ്ങൾ അദ്ദേഹത്തെ അവിടെ കൊണ്ടുപോയി. അമേരിക്കൻ കറുത്തവർഗക്കാർക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ആദ്യമായി വർണവിവേചനത്തിനെതിരേ സമരം നടന്ന സ്ഥലമാണ്. ബ്രൗൺ എന്ന സായ്പ്പിന്റെ നേതൃത്വത്തിലായിരുന്നു സമരം. ചരിത്രപ്രാധാന്യം കൂടിയുള്ള സ്ഥലമായിരുന്നതിനാൽ എനിക്ക് വലിയ ഉത്സാഹമായിരുന്നു. ഇതൊന്നും ഞാനദ്ദേഹത്തോട് പറഞ്ഞില്ലായിരുന്നു. പക്ഷേ ഹാർപേഴ്സ് ഫെറിയിലെത്തിയപ്പോൾ ആ ചരിത്രം മുഴുവൻ എം.ടി ഞങ്ങളോട് പറയാൻതുടങ്ങി! പിന്നെ അദ്ദേഹം പറഞ്ഞു: എനിക്ക് ബ്രൗണിനെക്കുറിച്ച് എഴുതണം. ലഭ്യമായ പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം ഞാൻ സംഘടിപ്പിച്ചുകൊടുത്തു. അതേപ്പറ്റി എഴുതിയോ എന്ന് ഞാൻ അന്വേഷിക്കാൻ ശ്രമിച്ചില്ല. അമ്മു പറഞ്ഞത് പ്രകാരം അന്ന് വൈകിട്ട് എം.ടിയെ സിതാരയുടെ വീട്ടിൽ കൊണ്ടുവിടണമായിരുന്നു. ഞാനും ശേഖറും കൂടി എം.ടിയെയുംകൂട്ടി യാത്ര തിരിച്ചു. അവൾ താമസിക്കുന്നത് ന്യൂജഴ്‌സിയിലായിരുന്നു. വാഷിങ്ടണിൽ നിന്നും മൂന്നുമണിക്കൂർ യാത്രയുണ്ട്. സിതാര ഓഫീസിൽ നിന്നും വന്നുകയറിയതേയുണ്ടായിരുന്നുള്ളൂ. ഔപചാരികതയോടെ അവൾ ഞങ്ങളെ അകത്തേക്കിരുത്തി. ഒട്ടും അപരിചിതത്വം കാണിക്കാതെ സിതാര എന്നോട് ഇടപഴകി. യാത്രയ്ക്കിടെ ഞങ്ങൾ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. അതറിഞ്ഞ ഉടൻ തന്നെ അവൾ ഉപ്പുമാവ് ഉണ്ടാക്കാനായി തിടുക്കപ്പെട്ടു. സിതാരയ്‌ക്കൊപ്പം അടുക്കളയിൽ കയറി ഉപ്പുമാവുണ്ടാക്കാൻ ഞാനും സഹായിച്ചു. അന്നുതൊട്ട് ഇന്നേവരെ ഒന്നിച്ചുള്ള പാകം ചെയ്യൽ ഞങ്ങളുടെ ഹരമാണ്. എം.ടിയെ സിതാരയുടെ വീട്ടിലാക്കി ഞങ്ങൾ തിരികെ പോന്നു. പക്ഷേ പിറ്റെ ദിവസം അദ്ദേഹം എന്നെ വിളിച്ചു. അദ്ദേഹം പറഞ്ഞകാര്യം ഞാൻ മരിക്കുന്നതുവരെ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന് കൊടുത്ത വാക്ക് തികച്ചും ആത്മാർഥമായി പുലർത്തിപ്പോരുന്നു. എം.ടി പറഞ്ഞു: 'സിതാരയ്ക്ക് വത്സലയെ വളരെ ഇഷ്ടമായി. വത്സല ഇടയ്‌ക്കൊന്ന് സിതാരയെ വിളിക്കണം. വിശേഷങ്ങൾ അന്വേഷിക്കണം. അവൾക്ക് വേണ്ടപ്പെട്ടവരായി ഇവിടെ അങ്ങനെയാരുമില്ല.' ഞാൻ വല്ലാതെയായി. സിത്താര ഗിർമെ എംടിക്കൊപ്പം. (ഫയൽ ചിത്രം) ഒരച്ഛന്റെ മനസ്സ് എം.ടി അങ്ങനേതന്നെ വാക്കുകളായി എന്റെ മുമ്പിലേക്ക് തുറന്നുവെക്കുകയാണ്. തീർച്ചയായും ഞാൻ വിളിക്കാം എം.ടി എന്നുപറഞ്ഞ് ഞാൻ സംഭാഷണം അവസാനിപ്പിച്ചെങ്കിലും ഞാൻ അദ്ദേഹത്തിന്റെ ചിന്തകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. സിതാരയോട് വളരെ കുറച്ചുസമയം മാത്രമേ ഞാനപ്പോൾ സംസാരിച്ചുള്ളൂവെങ്കിലും അവൾ ഒരു self assured ആണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ പ്രകടമായിരുന്നു. സിതാര അന്ന് ജോൺസൺ ആൻഡ് ജോൺസണിന്റെ നെറ്റ് വർക്ക് കമ്യൂണിക്കേഷൻ ഡയറക്ടറാണ്. വളരെ മനോഹരമായൊരു ആഡംബരഗൃഹം സ്വന്തമായുണ്ട്. ജീവിതപങ്കാളി സഞ്ജയ് ഗിർമേയും മകൻ കിരണും വളരെ സ്നേഹത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. സിതാര ഇവിടെ ഒറ്റയ്ക്കാണെന്നത് എം.ടിയുടെ ഒരു ആകുലതമാത്രമായിരുന്നു. അവളുടെ ലോകം വളരെ വിശാലമായിരുന്നു. പക്ഷേ ഞാൻ സിതാരയെ ഇടയ്ക്കിടെ വിളിച്ചു. അവൾ തിരിച്ചും. ഞങ്ങൾ അങ്ങോട്ടുപോയി താമസിച്ചു, സിതാര ഞങ്ങളുടെ വീട്ടിലേക്കും വന്നു. ഒന്നിച്ചു പാചകം ചെയ്തും സിനിമകൾ കണ്ടും പുസ്തകങ്ങൾ കൈമാറിയും ജീവിതത്തിലെ പല സങ്കീർണനിമിഷങ്ങളും വിശേഷങ്ങളും പരസ്പരം പങ്കുവെച്ചും ആ സൗഹൃദം ദൃഢമായി. എം.ടിയോട് ഞാൻ വിശേഷങ്ങൾ പങ്കുവെച്ചു. എം.ടിക്കും അതൊരു ആശ്വാസമായിരുന്നു. ഞങ്ങൾ വളരെ പെട്ടെന്നാണ് സുഹൃത്തുക്കളായത്. സിനിമയും പുസ്തകവുമായിരുന്നു ഞങ്ങളുടെ പൊതുസുഹൃത്തുക്കൾ. സിതാര വളരെ ഭംഗിയായി വീടൊരുക്കുന്നയാളാണ്. അതിമനോഹരമായി പൂന്തോട്ടമൊരുക്കും. എല്ലാറ്റിലും ഒരു സൗന്ദര്യാത്മകത കാണാമായിരുന്നു അവളുടെ വീട്ടിൽ. മറ്റൊന്നാണ് പാചകത്തിലെ ഞങ്ങളുടെ താൽപര്യം. ഞങ്ങൾ വളരെ പെട്ടെന്ന് തന്നെ സുഹൃത്തുക്കളായത് എം.ടിക്ക് സന്തോഷം തരുന്ന ഒന്നായിരുന്നു. സോണിയ ന്യൂയോർക്കിൽ കോളേജിൽ പഠിക്കുമ്പോൾ അവളെ കൊണ്ടുവിടാൻ പോകുമ്പോഴും തിരിച്ചുവരുമ്പോഴും സിതാരയുടെയടുക്കലായിരുന്നു ഞങ്ങൾ താമസിക്കുക. എന്റെ കറിവേപ്പിലക്കുഞ്ഞുങ്ങളിൽ ഒന്ന് വളർന്നുവലുതായി അവളുടെയടുക്കൽ കൂടുതൽ പുഷ്ടിയോടെ ഇരിപ്പുണ്ട്. അതിന്റെ കുഞ്ഞുങ്ങളെ സിതാരയും ഉദാരമായി സംഭാവന ചെയ്തുകൊണ്ടേയിരിക്കുന്നു. എം.ടി വിളിക്കുമ്പോൾ വിശേഷങ്ങൾക്കിടയിൽ ആവർത്തിച്ചു: വത്സല, സിതാരയുമായി എപ്പോഴും ബന്ധം സൂക്ഷിക്കണം. അവൾക്ക് ഇവിടെ കൂടുതൽ ബന്ധങ്ങളൊന്നുമില്ലല്ലോ. ഇത്രയും കാലം വേർപെട്ട് ഇരുന്ന അച്ഛന് മകളെ കിട്ടിയ ഊർജം കാണാമായിരുന്നു ആ വാക്കുകളിൽ. പക്ഷേ, മകൾ എന്നതിനപ്പുറം വളർന്ന സിതാരയെ എം.ടിയ്ക്കറിയുമായിരുന്നോ എന്നെനിക്കറിയില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മകൾക്ക് കൂടുതൽ ബന്ധങ്ങൾ ഇവിടെയില്ല എന്നാണ് ചിന്തിച്ചത്. എം.ടിയുടെ മകളായ സിതാരയെ കേരളത്തിനു മാത്രമേ പരിചയമുണ്ടാവുകയുള്ളൂ. പക്ഷേ ലോകകോർപ്പറേറ്റ് കമ്പനികൾക്ക് സിതാര ഗിർമേ എന്നത് ഗർജിക്കുന്ന ഒരു പേരാണ്. വലിയൊരു ആഗോളഭീമൻ കമ്പനിയുടെ നാഡീഞരമ്പാണ് സിതാര. ഇതെഴുതുമ്പോൾ സ്വന്തം കമ്പനിയിൽ നിന്നും റിട്ടയർമെന്റ് വേണമെന്ന് ഒറ്റക്കാലിൽ നിന്നു ശഠിച്ചിട്ടും കോർപ്പറേറ്റ്് അനുവദിക്കാതെ മറ്റൊരു കമ്പനി രൂപീകരിച്ച് അതിന്റെ വൈസ് പ്രസിഡണ്ടാക്കി ഇരുത്തിയിരിക്കുകയാണ് സിതാരയെ. സിതാര ഗിർമേ എന്റെ സുഹൃത്താണെന്ന് പറയുമ്പോൾ കോർപ്പറേറ്റുകളിൽ ജോലി ചെയ്യുന്ന യുവാക്കളായ എന്റെ ബന്ധുക്കൾ എന്നെ കണ്ണുമിഴിച്ചാണ് നോക്കാറുള്ളത്. 'റിയലി?' എന്നാണ് ഇപ്പോഴും അവരുടെ പ്രതികരണം. സിതാരയുടെ സ്വഭാവം ഏറെക്കുറേ എം.ടിയുടേതുപോലെയാണ്. എല്ലാം തുറന്നുപറയും, പ്രകടിപ്പിക്കും. തമാശകൾ പറയുമെങ്കിലും ആള് വളരെ പ്രൊഫസോറിയൽ ആയിട്ടാണ് തോന്നുക. ഞങ്ങളുടെ സംഭാഷണത്തിൽ കുടുംബവും ഭൂതകാലവുമൊക്കെ സ്വാഭാവികമായും കടന്നുവരാറുണ്ട്. അച്ഛനൊപ്പം പോയ സിനിമാ ഷൂട്ടിങ്ങുകൾ, ഹോട്ടലുകൾ, വീട്ടിലെ സത്ക്കാരങ്ങൾ, പ്രമുഖരായ ആളുകൾ... ഇതേപ്പറ്റിയൊക്കെ സന്ദർഭാനുസരണം സിതാര പറയുമായിരുന്നു. നിർമാല്യം സിനിമയ്ക്കായുള്ള ദേവീ വിഗ്രഹം നടക്കാവിലെ വീട്ടിൽ ശില്പി വന്നാണ് ഉണ്ടാക്കിയതെന്ന് സിതാര പറഞ്ഞതോർക്കുകയാണ്. എം.ടിയുടെ ജീവിതത്തിന്റെ, രക്തത്തിന്റെ, പങ്കാണ് താനെന്ന ദൃഢത ആ മുഖത്ത് എപ്പോഴും പ്രകടമായിരുന്നു. സിതാരയിലെ എം.ടി അത്രയും വ്യക്തതയുള്ള ഒന്നായിരുന്നു. പ്രവാസജീവിതത്തിലെ ഒറ്റപ്പെടൽ ഏറെയും അനുഭവിക്കേണ്ടിവരിക കുട്ടികൾക്കാണ്. കിരൺ ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം. സിതാരയ്ക്കും സഞ്ജയ്ക്കും ജോലിക്കുപോകണം. ശേഖർ റിട്ടയർ ചെയ്തിരിക്കുകയാണ്. എനിക്കുമാത്രമേ പോകാനുള്ളൂ. സിതാരയ്ക്ക് കിരണിനെ ഒറ്റയ്ക്ക് വിട്ടിട്ട് പോകാൻ പറ്റില്ല. പ്രതിസന്ധിയിലാണ് എന്നെ വിളിക്കുന്നത്. ഞാൻ പറഞ്ഞു, ഇങ്ങോട്ടുവിട്ടോളൂ, ഇവിടെയിരിക്കട്ടെ. ശേഖർ പോയി കിരണിനെ കൂട്ടിയിട്ട് വന്നു. കേരളാ അസോസിയേഷന്റെ പരിപാടി നടന്നുകൊണ്ടിരിക്കുകയാണ്. ഞാൻ കിരണിനെയും കൂട്ടിയിട്ട് പോയി. സുഹൃത്തുക്കളൊക്കെ ഇതാരാണ് കുട്ടി എന്നുചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: ഇത് കിരൺ. എം.ടിയുടെ കൊച്ചുമകൻ. കേട്ടവർ കേട്ടവർ ഔ! എന്നു പറഞ്ഞ് അതിശയത്തോടെ അവനെ നോക്കി കുശലം പറഞ്ഞു. എല്ലാവരും വന്ന് എം.ടിയുടെ കൊച്ചുമകൻ എന്നു പറയുന്നു, പിന്നാലെ ഔ! എന്നുപറയുന്നു. അവന് നല്ല തമാശയായി. തിരികെ സിതാരയുടെ അടുത്തെത്തിയപ്പോൾ അതുപോലെ അഭിനയിച്ചുകാണിച്ചുകൊടുത്തു. കിരൺ ഇപ്പോൾ ഒരു കോർപ്പറേറ്റ് കമ്പനിയിൽ മികച്ച പൊസിഷനിൽ ജോലി ചെയ്യുകയാണ്. ന്യൂജഴ്സിയിൽ നിന്നും അവർ മാറി ആഷ് വിൽ എന്ന സ്ഥലത്താണ് താമസമാക്കിയിരിക്കുന്നത്. എം.ടി അമേരിക്കയിൽ വരുമ്പോൾ ഞങ്ങളുടെ വീട് സന്ദർശിക്കാതെ പോവുക എന്നത് സാധ്യമല്ലാത്തവിധം ഒരു സഹോദരിയായി ഞാനദ്ദേഹത്തിന് മാറിയിരുന്നു. മക്കളുടെയും ശേഖറിന്റെയും നല്ല സുഹൃത്തായിരുന്നു അദ്ദേഹം. ഒരിക്കൽ എം.ടി വീട്ടിൽ വന്നപ്പോൾ വീടാകെ ഒരു ഷൂട്ടിങ് പ്രോപ്പർട്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. വീടിന്റെ എല്ലാ അരികിലും മൂലയിലും കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങളിലേക്ക് അദ്ദേഹം സൂക്ഷിച്ചുനോക്കി. അതിന്റെ കിടപ്പ് കണ്ടാലറിയാമായിരുന്നു എനിക്ക് സംഭവിച്ച വലിയ നഷ്ടം. അദ്ദേഹം എന്നോട് കുറച്ച് ഗൗരവത്തോടെ ചോദിച്ചു: 'എന്താണ് ചെയ്തുവെച്ചത്?' ഞാൻ ജാള്യതയോടെ പറഞ്ഞു: 'എം.ടീ.. ഒരബദ്ധം പറ്റി.' ഒരു അമേരിക്കൻ ഡ്രീംസ് എന്നെ നിരാശപ്പെടുത്തി. ഒരു നിർമാതാവിന്റെ വിശ്വാസം നഷ്ടപ്പെട്ട വലിയൊരു അനുഭവം ബാക്കി കിടപ്പുണ്ട്. അത് പിന്നാലെ പറയാം. എം.ടി ആ പ്രോപ്പർട്ടികളിലേക്ക് നോക്കി മൗനമായി കുറച്ചുനേരം ഇരുന്നു. ഞാൻ വിഷയം മാറ്റാനായി മറ്റു പല കാര്യങ്ങളും പറഞ്ഞുതുടങ്ങി. വീട്ടുവിശേഷങ്ങൾ പരസ്്പരം പറയുന്നതിനിടയിൽ എം.ടിയിൽ നിന്നും ഞാൻ ഒരു പേരുകൂടി കേട്ടു- അശ്വതി. (തുടരും)

‘കേരളത്തിന് എം.ടിയുടെ മകൾ മാത്രം, കോർപ്പറേറ്റ് കമ്പനികൾക്ക് സിതാര ഗിർമേ ഗർജിക്കുന്ന പേരാണ്’
M
MathrubhumiSource Link
about 1 month ago