‘ജെൻസീ കുട്ടികൾ നമ്മൾകരുതുന്നതുപോലെ സ്‌പോയിൽഡ് അല്ല,സിംപ്‌ളി പ്രിവിലേജ്ഡ് ആണ് ! അത് അവരുടെ തെറ്റല്ല’

‘ജെൻസീ കുട്ടികൾ നമ്മൾകരുതുന്നതുപോലെ സ്‌പോയിൽഡ് അല്ല,സിംപ്‌ളി പ്രിവിലേജ്ഡ് ആണ് ! അത് അവരുടെ തെറ്റല്ല’

M
MathrubhumiSource Link
ഒ രു സുഹൃത്തിന്റെ വാട്സാപ്പ് സ്റ്റാറ്റസിലാണ് ഞാനാ വീഡിയോ ആദ്യം കണ്ടത്. ഇന്നത്തെ കാലത്ത് വാട്സാപ്പ് സ്റ്റാറ്റസ് എന്നത് ഒരു ചെറിയ തീയേറ്ററാണ്. ഒരാളുടെ സന്തോഷം, മറ്റൊരാളുടെ ഡയറ്റ് പ്ലാൻ, മറ്റൊരാളുടെ വിദേശയാത്ര, ചിലപ്പോഴൊക്കെ ഫിലോസഫി... ഇടയ്ക്ക് ഇങ്ങനെ ഒരു ജീവിതപാഠവും. ഇതിന് സ്റ്റാറ്റസ് എന്ന് പേരിട്ടത് എന്തിനാണോ എന്തോ. മറ്റുള്ളവരുടെ ജീവിതനില കാണിച്ച് നമ്മുടെ ''സ്റ്റാറ്റസ്'' താഴ്ത്താനോ മറ്റോ ആണോ. എങ്കിലും, ആ ദിവസം കണ്ടത് ഒരു ചെറു വീഡിയോ ആയിരുന്നെങ്കിലും അതിന്റെ ഉള്ളടക്കത്തിന് വലിയൊരു പുസ്തകത്തെക്കാൾ കനമുണ്ടായിരുന്നു. മാതാപിതാക്കളും രണ്ട് മക്കളുമുള്ള ഒരു കുടുംബം. അമ്മയാണ് ലീഡർ. അച്ഛനും രണ്ട് മക്കളും ഒരേ വരിയിൽ. ഒരു കളിച്ചുവടുവെയ്പ് കളി. എന്നാൽ അതൊരു കളി എന്നതിലുപരി, ജീവിതത്തിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പോലെയായിരുന്നു. ബാങ്കിൽ കിട്ടുന്ന സ്റ്റേറ്റ്‌മെന്റ് പോലെ അല്ല; ഇവിടെ ''ബാലൻസ്'' ആയി അവശേഷിക്കുന്നത് പണമല്ല, അനുഭവങ്ങളാണ്. അമ്മയാണ് ലീഡർ. അച്ഛനും രണ്ടുമക്കളുമാണ് കളിക്കുന്നത്. മൂന്നുപേരും ഒരേവരിയിൽ നിൽക്കുന്നു. ഇത് പ്രിയപ്പെട്ടവർ തമ്മിലുള്ള ജീവിതാനുഭവങ്ങളുടെയും സ്നേഹത്തിന്റെയും ഒരു ആവിഷ്‌കാരമാണ്. To advertise here, അമ്മ പറയുന്നു: 'എട്ടു വയസ്സിനു താഴെ സൈക്കിൾ ഉണ്ടായിരുന്നവർ ഒരു ചുവട് മുന്നോട്ട് വെക്കുക.' രണ്ട് മക്കളും ഒരോ ചുവടു മുന്നോട്ട്. അച്ഛൻ മാത്രം നിന്നേടത്തുതന്നെ നിൽക്കുന്നു. അമ്മ വീണ്ടും 'എല്ലാ ആഘോഷങ്ങൾക്കും പുതിയ ഡ്രസ്സ് കിട്ടിയിട്ടുള്ളവർ ഒരു ചുവട് മുന്നോട്ട് വെക്കുക.' രണ്ട് മക്കളും ഒരോ ചുവടു മുന്നോട്ട്.' അച്ഛൻ മാത്രം നിന്നേടത്തുതന്നെ നിൽക്കുന്നു. മക്കൾ സങ്കടത്തോടെ പിന്നോട്ട് തിരിഞ്ഞ് അച്ഛനെ നോക്കുന്നു. 'എല്ലാ ദിവസവും നിങ്ങളെ നിങ്ങളുടെ അമ്മ സ്‌കൂളിൽ കൊണ്ടു വിട്ടിട്ടുണ്ടെങ്കിൽ ഒരു ചുവട് മുന്നോട്ട് വെക്കുക.' രണ്ട് മക്കളും ഒരോ ചുവടു മുന്നോട്ട്. അച്ഛൻ മാത്രം നിന്നേടത്തുതന്നെ നിൽക്കുന്നു. മക്കൾ സങ്കടത്തോടെ പിന്നോട്ട് തിരിഞ്ഞ് അച്ഛനെ നോക്കുന്നു. 'ഒരു നേരമെങ്കിലും പട്ടിണി കിടന്നിട്ടില്ലെങ്കിൽ ഒരു ചുവട് മുന്നോട്ട് വെക്കുക.' രണ്ട് മക്കളും ഒരോ ചുവട് മുന്നോട്ട്. അച്ഛൻ മാത്രം നിന്നേടത്തുതന്നെ നിൽക്കുന്നു. 'നിങ്ങളുടെ വീടിന്റെ അവസ്ഥ ആലോചിച്ച് വീട്ടുകാരെ സഹായിക്കാൻ പത്തു വയസ്സിനു മുന്നേ ജോലിക്ക് പോയിട്ടുണ്ടെങ്കിൽ ഒരു ചുവട് മുന്നോട്ട് വെക്കുക.' അച്ഛൻ മാത്രം ഒരു ചുവട് മുന്നോട്ടുവെയ്ക്കുന്നു. മക്കൾ രണ്ടുപേരും നിന്നിടത്തുതന്നെ നിൽക്കുന്നു. വീഡിയോയുടെ അവസാനം, നമ്മൾ കാണുന്നത് മൂന്നുപേരും അയാളെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്ന വൈകാരികമായ നിമിഷമാണ്. അത് ഒരു ഹഗ് മാത്രമല്ല; അതൊരു റിയലൈസേഷൻ ആണ്. 'നമ്മൾ എവിടെ നിന്ന് വന്നവരാണ്' എന്ന തിരിച്ചറിവ്. ഇന്നത്തെ ജെൻസി പിള്ളേരുടെ മിക്ക മാതാപിതാക്കൾക്കും കഷ്ടപ്പാടിന്റെ ഒരു ഭൂതകാലമുണ്ടായിരുന്നിരിക്കും. വീഡിയോ കളിയിൽ കണ്ടതുപോലെ സൈക്കിളില്ല, പുതിയ വസ്ത്രങ്ങളില്ല. നല്ല ഭക്ഷണമില്ല. മാത്രമല്ല ചെറിയ പ്രായത്തിലേ വീടിന്റെ ഭാരം ചുമലിൽ ഏറ്റേണ്ടി വന്നിട്ടുണ്ടാകാം. അവരുടെ ബാല്യവും കൗമാരവും ഒക്കെ നഷ്ടപ്പെട്ടിട്ടുണ്ടാകാം. സോ വാട്ട്. അവർക്ക് അവരുടെ മക്കളെ കാണുമ്പോൾ തങ്ങളുടെ ഭൂതകാലം ഓർമ്മവരും. തങ്ങളുടെ ബാല്യത്തിലെ കഷ്ടപ്പാടുകളൊന്നും മക്കൾക്ക് ഉണ്ടാകരുത് എന്ന് 70ലെയും 80ലെയും കിഡ്‌സ് മാതാപിതാക്കൾക്ക് വലിയ ആഗ്രഹം. അവർ അതിന് അനുസരിച്ച് തന്നെ മക്കളെ വളർത്തുന്നു. ഇത്രയും ഓക്കെ. നല്ലത് തന്നെ. തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് ചിലർക്ക് മക്കളോട് പറഞ്ഞേ പറ്റൂ. ചിലർക്കോ അത് പറയാൻ പറ്റുന്നില്ല. അത് അവരുടെ മനസ്സിൽ ഒരു പഴയ മുറിവ് പോലെ കിടക്കുന്നു. ''ഞങ്ങൾ അനുഭവിച്ചത് കുട്ടികൾക്ക് അറിയേണ്ടതില്ല'' എന്നൊരു സൈലന്റ് പോളിസി. മറുവശത്ത്, ''ഞങ്ങൾ എങ്ങനെ ഇവിടെ വരെ എത്തിയെന്നു അവർ അറിയണം'' എന്നൊരു ലൗഡ് പോളിസി വേറൊരു വശത്ത്. ഇരുവരും ശരിയാണ്. പക്ഷേ, ഒരു ചെറിയ പ്രശ്‌നമുണ്ട്, പറയണോ വേണ്ടയോ എന്നതല്ല പ്രധാനപ്പെട്ടത്. എപ്പോൾ പറയണം എന്നതാണ് കളിയിലെ യഥാർഥ ട്വിസ്റ്റ്. നമ്മൾ പലപ്പോഴും ഇത് തെറ്റായ സമയത്താണ് ഉപയോഗിക്കുന്നത്. ഒരു കുട്ടി ചെറിയൊരു തെറ്റ് ചെയ്തു. മൊബൈൽ അധികം ഉപയോഗിച്ചു. പണമോ ഭക്ഷണമോ വേസ്റ്റ് ചെയ്തു, ക്ലാസ്സിൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞു. അപ്പോൾ നമ്മൾ ''ഞങ്ങളുടെ കാലത്ത്...' എന്നു തുടങ്ങുന്ന ഡിസ്‌കവറി ചാനൽ ഡോക്ക്യുമെന്ററി തുടങ്ങും! അവർക്ക് ഇത് ആ സമയത്ത് കേൾക്കുമ്പോൾ ഒരു മോട്ടിവേഷണൽ സ്പീച്ചായല്ല മറിച്ച് ടോർച്ചർ സെഷനായിട്ടാണ് തോന്നുക. ''ഞാൻ ഇപ്പോൾ ചെയ്തത് ചെറിയൊരു മിസ്റ്റേക്ക്. ഇത് എങ്ങനെ പെട്ടെന്ന് വലിയ ഒരു ഹിസ്റ്ററി ലെസൺ ആയി?'' ഇങ്ങനെ അവർ സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ല. നമ്മളാ ചരിത്രം വിളമ്പുന്നത് ഒരു കറക്ഷനു വേണ്ടി ആണ് എന്ന പിള്ളേർക്ക് തോന്നില്ല. മറിച്ച് അവർക്ക് ഇതൊരു പണിഷ്‌മെന്റ് പോലെ തോന്നും. നമ്മൾ പൊന്നുപോലെ സൂക്ഷിക്കുന്ന, കഷ്ടപ്പാട് നിറഞ്ഞ നമ്മുടെ  പരിപാവനമായ ഭൂതകാലത്തെ ഇങ്ങനെ കണ്ടാൽ മതിയോ നമ്മുടെ പിള്ളേർ. മാതാപിതാക്കളുടെ കമ്യൂണിക്കേഷൻ ക്രാഷ് കൊണ്ട് സംഭവിക്കുന്നതാണ് ഇത്. കാരണം പിള്ളാരുടെ ലോകം വെരി ഡിഫറന്റ് ആണ്. അവരുടെ റെഫറൻസ് പോയിന്റുകളും വളരെ വ്യത്യസ്തമാണ്. നമ്മളുടെ കഷ്ടപ്പാട് നിറഞ്ഞ ഭൂതകാലം അവർക്ക് ''ഹിസ്റ്ററി'' ആണ്. ഇവിടെ ആണ് നമ്മൾക്ക് തെറ്റുപറ്റുന്നത്. നമ്മൾ കഥ പറയുന്നു, പക്ഷേ അവരുമായി കണക്ട് ചെയ്യിക്കുന്നില്ല. നമ്മൾ എക്‌സ്പീരിയൻസ് പറയുന്നുണ്ട്, പക്ഷേ ഇമോഷൻ കൈമാറുന്നില്ല. അതുകൊണ്ട്, കഥ പറയുന്നത് മാത്രം പോരാ. അത് കാണിക്കണം. അനുഭവിപ്പിക്കണം. അതാണ് ആ വീഡിയോ ചെയ്തത്. അത് ഒരു ലെക്ചർ ആയിരുന്നില്ല. അത് ഒരു എക്‌സ്പീരിയൻസ് ആയിരുന്നു. ഇന്ന് കുട്ടികളോട് നമ്മൾ നമ്മുടെ കഷ്ടപ്പാടുകളേക്കുറിച്ച് എന്ത് പറഞ്ഞാലും അതിൽ പലതും അവർക്ക് ''ഡൗൺലോഡ് ആകില്ല. കാരണം അവരുടെ മനസിൽ സ്റ്റോറേജ് സ്‌പേസ് ഏതാണ്ട് ഫുൾ ആണ്. അവിടെ ഗെയിമുകളും റീലുകളും മീമുകളും ആണ്. അതുകൊണ്ട് നമ്മൾ ഫോർമാറ്റ് മാറ്റണം. കുട്ടികളോട് പറയേണ്ടത്: ''ഞങ്ങൾ പട്ടിണി കിടന്നു'' എന്നല്ല, പകരം, ''നിങ്ങൾക്ക് ഒരുദിവസം ഫോൺ ഇല്ലാതെ ഇരിക്കാമോ?'' എന്ന് ചോദിക്കണം. അത് അവർക്ക് കൂടുതൽ പെയിൻഫുൾ ആണ്! ഒരു ദിവസം വൈഫൈ ഓഫാക്കി ഇരിക്കാൻ പറഞ്ഞാൽ, അവർക്ക് നമ്മുടെ കുട്ടിക്കാലത്തെക്കുറിച്ച് നന്നായി മനസ്സിലാകും. ഞങ്ങളുടെ കുട്ടിക്കാലത്ത് സ്‌കൂളിൽ പോകാൻ ആകെ ഒരു വസ്ത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുന്നതിന് പകരം നിങ്ങൾക്ക് ഒരു വീക്ക് സെയിം ഡ്രസ് ധരിക്കാമോ? എന്ന് ചോദിച്ചുനോക്കൂ. അതൊരു ചലഞ്ച് ആക്കി മാറ്റിയാൽ, അത് ഒരു ലെസൺ ആവും. ഇന്നത്തെ കുട്ടികളെ എംപതി പഠിപ്പിക്കാൻ, ഹിസ്റ്ററി പറഞ്ഞുകൊണ്ടിരുന്നാൽ പോരാ. സിമുലേഷൻ നൽകണം. ഇന്നത്തെ കുട്ടികൾ ഒരിക്കലും നമ്മൾ കരുതുന്നതുപോലെ സ്‌പോയിൽഡ് അല്ല. അവർ സിംപ്‌ളി പ്രിവിലേജ്ഡ് ആണ്. അത് അവരുടെ തെറ്റല്ല. അത് നമ്മുടെ സക്‌സസ് ആണ്. പക്ഷേ, പ്രിവിലേജ് അറിയാതെ പോകുന്നത് ഒരു പ്രോബ്ലം തന്നെ ആണ്. കാരണം അപ്രീസിയേഷൻ ഇല്ലാത്തിടത്ത് ഗ്രാറ്റിറ്റ്യൂഡ് ഉണ്ടാകില്ല. ഗ്രാറ്റിറ്റ്യൂഡ് ഇല്ലാത്തിടത്ത് സന്തോഷം നിലനിൽക്കില്ല. അതിനാൽ, കുട്ടികളിൽ കുറ്റബോധം ഉണ്ടാക്കിവെയ്‌ക്കേണ്ടതില്ല. ''ഞങ്ങൾ വളരെ കഷ്ടപ്പെട്ടു, പക്ഷേ നിങ്ങൾ വെറുതെ എൻജോയ് ചെയ്യുന്നു'' എന്ന മക്കളോടുള്ള സമീപനം തെറ്റാണ്. പകരം: ''ഞങ്ങൾ കഷ്ടപ്പെട്ടു, അതുകൊണ്ട് നിങ്ങൾക്ക് ഇത് ലഭിച്ചു''എന്ന അഭിമാന ബോധം ആണ് അവർക്ക് നൽകേണ്ടത്. അത് കുട്ടികളിൽ ഒരു ഉത്തരവാദിത്തം ഉണ്ടാക്കും. വീഡിയോയിലെ ആ ഹഗ്, അത് ഒരു ഇമോഷണൽ ക്ലൈമാക്‌സ് മാത്രമല്ല. അത് ഒരു കമ്യൂണിക്കേഷൻ സക്‌സസ് ആണ്. ഒരു അച്ഛൻ തന്റെ ഭൂതകാല ജീവിതം എന്താണ് എന്ന് ഹിസ്റ്ററി കണക്കേ പറഞ്ഞില്ല. ഒരു കളിയിലൂടെ അത് കാണിച്ചുകൊടുത്തു. അതുകൊണ്ട് കുട്ടികൾക്ക് മനസ്സിലായി. അല്ലാതെ നമ്മൾ നമ്മുടെ കഷ്ടപ്പാടുകളെ ഒരു ആയുധം പോലെ ആക്കി ഉപയോഗിച്ചാൽ ശരിയാകില്ല. ''ഞാൻ എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയത്. എന്നിട്ട് നീ ഇതാണ് ചെയ്യുന്നത്?'' ഇത് കേൾക്കുമ്പോൾ കുട്ടിയിൽ വരുന്ന ഫീലിംഗ് ഗിൽറ്റും ഇറിറ്റേഷനുമാണ്. അതുകൊണ്ടുള്ള റിസൾട്ട്. അവർ നിങ്ങൾ പറയുന്നത് കേൾക്കില്ല. അവർ എമേഷണലി ക്ലോസ് ആവില്ല. കാരണം, അവർക്ക് തോന്നുന്നത് ''എന്റെ തെറ്റ് ഫിക്‌സ് ചെയ്യാൻ വേണ്ടിയാണ് അച്ഛൻ/അമ്മ തന്റെ ജീവിതം ഉപയോഗിക്കുന്നത് എന്നായിരിക്കും. മാതാപിക്കൾ തങ്ങളനുഭവിച്ച കഷ്ടപ്പാടുകൾ മക്കളോട് പറയാനുള്ള ഏറ്റവും നല്ല സമയം: ശാന്തമായ സന്ദർഭങ്ങളിൽ, മക്കളുമായി കണക്ഷൻ ഉള്ള സമയങ്ങളിൽ ഒക്കെയാണ്. അതിന് ജീവിതത്തിൽ ഇങ്ങനെയുള്ള സമയമൊക്കെ എപ്പോ വരാനാണ് അല്ലേ. അല്ലെങ്കിൽ മക്കളിൽ നിന്ന് അത്തരമൊരു ചോദ്യം വരണം. ഉദാഹരണം, ഒരു ദിവസം കുടംബവുമായി ചായ കുടിച്ച് ഇരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു യാത്രക്കിടെ, അല്ലെങ്കിൽ കുട്ടി തന്നെ ഇങ്ങനെ ചോദിക്കുമ്പോൾ: ''അച്ഛാ, നിങ്ങളുടെ ചൈൽഡ് ഹുഡ് എങ്ങനെയായിരുന്നു, ഇതുപോലെ ത്രില്ലിംഗ് ആയിരുന്നോ?'' അപ്പോൾ പറയുന്ന കഥ കുട്ടികളുടെ ഹാർട്ടിൽ കയറും. കാരണം അപ്പോൾ അത് ലെക്ചർ അല്ല... കൺവർസേഷൻ ആണ്. ഇന്നത്തെക്കാലത്ത് കുട്ടികളുടെ ഓർമയിൽ നിൽക്കുന്നത് അഡ്വൈസ് അല്ല സ്റ്റോറീസ് ആണ്. പക്ഷേ സ്റ്റോറീസ് പറയുന്ന സമയത്ത് ലിസണർ അത് കേൾക്കാൻ സന്നദ്ധനായിരിക്കണം. കഥ പറയുമ്പോൾ കംപെയർ ചെയ്യരുത് ''ഞാൻ അങ്ങനെ ആയിരുന്നു… പക്ഷേ നീ ഇങ്ങനെ...’' ഈ മട്ട് ആകരുത്. കുറ്റപ്പെടുത്തുകയുമരുത്. ''നീ സ്‌പോയിൽഡ് ആണ്.'’ ഈ രീതി വേണ്ട. കണക്ട് ചെയ്യാൻ പരമാവധി ശ്രദ്ധിക്കണം ''അത് കൊണ്ടാണ് ഞാൻ ഇങ്ങനെ ചിന്തിക്കുന്നത്...’' എന്ന രീതിയിൽ 'നിന്റെയോക്കെ ഈ പ്രായത്തിൽ ഞാൻ ചുമട് എടുക്കാൻ പോകുവയായിരുന്നു... നീ ഫോൺ പിടിച്ചു ഇരിക്കുന്നു! എന്ന മട്ടിൽ കുട്ടികളുടോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ''നിന്റെയൊക്കെ പ്രായത്തിൽ ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്ത് പണം സമ്പാദിക്കുകയായിരുന്നു, അതുകൊണ്ട് പണത്തിന്റെ വാല്യു എനിക്ക് വേഗം മനസ്സിലായി. അതുകൊണ്ടാണ് ഞാൻ ചില കാര്യങ്ങളിൽ സ്ട്രിക്ട് ആയിരിക്കുന്നത്. എന്ന് പറഞ്ഞ് നോക്കൂ. വ്യത്യാസം കാണുന്നുണ്ടോ? ആദ്യത്തേതിൽ ബ്ലെയിം, രണ്ടാമത്തേതിൽ എക്‌സ്പ്ലനേഷൻ. കുട്ടികൾ നമ്മുടെ കഷ്ടപ്പാട് നിറഞ്ഞ പാസ്റ്റ് അറിയേണ്ടത് ആവശ്യമാണ്. പക്ഷേ, അത് അവരുടെ മേൽ ഒരു ഭാരം ആകരുത്. അതൊരു പാലം ആയിരിക്കണം, നമ്മളും അവരും തമ്മിലുള്ള പാലം. നമ്മുടെ കഷ്ടപ്പാടിനെ ഒരു ഇമോഷണൽ ബ്ലാക്ക് മെയിൽ ടൂൾ ആക്കാതെ, ഒരു അണ്ടർസ്റ്റാൻഡിംഗ് ടൂൾ ആക്കിയാൽ മക്കളും മാതാപിതാക്കളും തമ്മിലുള്ള ഡിസ്റ്റൻസ് കുറയ്ക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ജെൻസീ കുട്ടികൾ നമ്മൾകരുതുന്നതുപോലെ സ്‌പോയിൽഡ് അല്ല,സിംപ്‌ള… | Boolokam