ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ ആരും കാണാത്ത യുദ്ധങ്ങൾ ’ എന്ന പുസ്തകത്തിൽനിന്ന്; To advertise here, I n the end, we only regret the chances we didn't take, the relationships we were afraid to have, and the decisions we waited too long to make. -Lewis Carroll വിവാഹേതരബന്ധമാണ് സംഭവം. പറയുന്നത് നാൽപ്പതുവയസ്സുള്ള ഒരു സ്ത്രീയാണ്. ഭർത്താവും രണ്ടു മക്കളുമുണ്ട്, അവർ നാട്ടിലാണ്. ഈ സ്ത്രീ ജോലി ചെയ്യുന്നത് കാനഡയിലാണ്. ഭർത്താവിന് നാട്ടിൽ ജോലിയുണ്ട്. യാതൊരുവിധ ദുശ്ശീലങ്ങളോ പറയത്തക്ക മറ്റു കുഴപ്പങ്ങളോ ഇല്ലാത്ത ഒരാൾ. മക്കളുടെ കാര്യമെല്ലാം ഭംഗിയായിത്തന്നെ ഭർത്താവ് നോക്കുന്നുണ്ട്. കാനഡയിലേക്കു പോകാൻ അയാൾക്ക് താത്പര്യമില്ല. ചില കടങ്ങൾ വീട്ടാനും മക്കളുടെ നല്ല ഭാവിയെയും കരുതി കുറച്ചു വർഷങ്ങൾക്കൂടി ഈ സ്ത്രീക്ക് കാനഡയിൽ ജോലിയെടുക്കേണ്ടതുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഒരു മലയാളിസുഹൃത്തുമായി ഈ സ്ത്രീ പ്രണയത്തിലായി. അയാളെ മറക്കാനോ ഉപേക്ഷിക്കാനോ ആവാത്തവിധം അവളുടെ പ്രണയം ശക്തമായിരുന്നു. നല്ലൊരു ഭർത്താവുണ്ടായിട്ടും എന്തുകൊണ്ടാണ് മറ്റൊരാളിലേക്ക് ആകൃഷ്ടയായത് എന്നു ചോദിച്ചാൽ ഈ 'നല്ല ഭർത്താവ്' എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്നൊരു മറുചോദ്യം ചോദിക്കേണ്ടിവരും. ഇമോഷണലി അവൈലബിൾ ആവുക എന്നൊരു സംഗതിയുണ്ട്. ഒരു സ്ത്രീയുടെ ബേസിക് നീഡുകളിൽ മുന്നിൽത്തന്നെ ഉണ്ടാകും അത്. വിദേശത്ത് ഒറ്റയ്ക്ക് ജോലി ചെയുമ്പോൾ, നിസ്സാരമെന്നു തോന്നുന്ന ചില പരിഭവങ്ങൾ പറയുമ്പോൾ, 'വലിച്ചുനീട്ടാതെ കാര്യം പറ' എന്നാണ് മറുപടി കിട്ടുന്നതെങ്കിൽ നമുക്കെതിരെ ഒരു വാതിൽ ഉറക്കെ കൊട്ടിയടയ്ക്കുന്ന ഫീലാണ്. രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ ആദ്യത്തേതിനെക്കാൾ വേദനയുണ്ടായി. ചില സ്റ്റിച്ചുകൾ ഉണങ്ങാൻ സമയമെടുത്തു. എല്ലാവരും വന്ന് കുട്ടിയുടെ തൂക്കത്തെയും ആരോഗ്യത്തെയും കുറിച്ച് ചോദിക്കുന്നു, കുഞ്ഞിന് സമ്മാനങ്ങൾ നൽകുന്നു. നിവർന്നിരുന്ന് പാലുകൊടുക്കുമ്പോൾ ഭയങ്കര വേദന എന്നു പറഞ്ഞപ്പോൾ 'ആദ്യപ്രസവത്തിന് ഇത്രേം പ്രശ്നം ഉണ്ടായിരുന്നില്ലല്ലോ' എന്ന് ഭർത്താവ് തമാശയായി പറഞ്ഞതും ആ സ്ത്രീയുടെ ഹൃദയം രണ്ടായി പിളർന്നു. പലയാവർത്തി അവഗണിക്കപ്പെട്ട, നിസ്സാരവത്കരിക്കപ്പെട്ട അവളുടെ സങ്കടങ്ങളുടെ തോണിയിൽ ഒറ്റയ്ക്ക് തുഴയുമ്പോഴാണ് അവൾ ഈ പുതിയ സ്നേഹത്തിന്റെ തുരുത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. അയാളും വിവാഹിതനാണ്. നിരന്തരം പരാതികളും കുറ്റപ്പെടുത്തലുകളും കേട്ട് മടുത്തുപോയ ഒരു ദാമ്പത്യമാണ് അയാളുടേതും. കാണിച്ചുജീവിക്കുന്ന സോഷ്യൽ മീഡിയ ദാമ്പത്യത്തെക്കാൾ, ജീവിച്ചുകാണിക്കുന്ന സാധാരണ ദാമ്പത്യജീവിതത്തോട് കൂടുതൽ ആകർഷണമുള്ള അയാൾക്ക് തന്റെ ഭാര്യ ആഗ്രഹിക്കുന്നപോലുള്ള വസ്ത്രങ്ങൾ അണിയാൻ, അവളുടെ ഒപ്പം റീലുകളിൽ അഭിനയിക്കാൻ, കുറേക്കൂടി മോഡേൺ ആകാൻ സാധിക്കുന്നില്ലായിരുന്നു. പലതവണ ശ്രമിച്ചു, അതെല്ലാം പാവകളിപോലെ അവസാനിക്കുന്നുവെന്ന് അയാൾതന്നെ മനസ്സിലാക്കി. ജീവിതത്തിന്റെ ഏതോ ഒരു കോണിൽ അവരുടെ നരച്ച ജീവിതങ്ങൾ പരസ്പരം കണ്ടുമുട്ടി. അയാളെ അയാളായി സ്വീകരിക്കുന്ന ഒരു സ്ത്രീയെയും, അവൾക്ക് ഇമോഷണലി അവൈലബിൾ ആകുന്ന ഒരു പുരുഷനെയും അവർ അവരിൽ കണ്ടെത്തി. സുന്ദരമായ സൗഹൃദമായിട്ടായിരുന്നു ആ ബന്ധം തുടങ്ങിയത്. പതിയേ സൗഹൃദം അതിന്റെ സ്വാഭാവികമായ പരിണാമങ്ങളിലേക്കു കടന്നു. മനസ്സുകൾ തമ്മിൽ പൂർണ്ണമായും അടുത്ത അവർക്കിടയിലുണ്ടായിരുന്ന ശരീരത്തിന്റെ അകലം പതിയേ ഇല്ലാതായി. കുറ്റബോധം ചെറുതായി തലപൊക്കി നോക്കിയെങ്കിലും പുറമേനിന്നും കൊട്ടിയടയ്ക്കപ്പെട്ട വാതിലിൽ ശ്വാസംമുട്ടി ചാരിനിൽക്കുന്ന ആത്മാവിന് ജീവൻ നിലനിർത്താൻ, തുറന്നിട്ട ചെറിയ ജാലകത്തിലൂടെ വരുന്ന ഇളംകാറ്റ് അനിവാര്യമാണെന്ന് അവൾ സ്വയം ആശ്വസിച്ചു. അയാളുടെ സങ്കടങ്ങൾ അവളുടെ സങ്കടങ്ങളായി മാറി, അവളുടെ സന്തോഷങ്ങളിൽ അയാൾ സന്തോഷം കണ്ടെത്തി. പുസ്തകത്തിന്റെ കവർ പേജ് പിന്നീടാണതു സംഭവിച്ചത്. അവളുടെ കിഡ്നി മാറ്റിവെക്കേണ്ട രോഗാവസ്ഥയിലേക്ക് ജീവിതം അവളെ തള്ളിയിട്ടു. നാട്ടിലേക്ക് അവൾ വണ്ടികയറി. യാത്രയാക്കാൻ അയാൾ വന്നിരുന്നു. എല്ലാം ശരിയാകുമെന്നും പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവരണമെന്നും ആശംസകൾ നൽകി അവർ പരസ്പരം ആലിംഗനം ചെയ്തു. എല്ലാ ദിവസവും സാധിക്കുമെങ്കിൽ വിളിക്കണം, മെസേജ് ചെയ്യണമെന്ന് പരസ്പരം ഓർമ്മിപ്പിച്ചുകൊണ്ടാണ് അവർ അന്ന് പിരിഞ്ഞത്. പക്ഷേ, സംഭവിച്ചത് തീരേ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അവൾ നാട്ടിലെത്തിയതിനു ശേഷം അയാളുടെ മെസേജോ, വിളികളോ ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ ബ്ലൂ ടിക്കായിരുന്ന മെസേജുകൾ പിന്നീട് നിറമില്ലാത്ത ഡബിൾ ടിക്കുകളായി മാറി, ഒടുവിൽ അവൾ വീണ്ടും ഒറ്റയ്ക്കായി എന്നോർമ്മിപ്പിക്കുംവിധം സിംഗിൾ ടിക്കും. മറക്കണമോ അതോ കാത്തിരിക്കണമോ എന്ന രണ്ടു ചിന്തകളുടെ വാളറ്റങ്ങളുടെ നടുവിൽ അവളുടെ ആത്മാവ് പതിയേ രണ്ടായി പിളർന്നു. അയാളുടെ അവഗണനയെ ഒരു ശാപമായി അവൾ കണക്കാക്കി. 'മരണംവരെ ഇയാൾ മാത്രം' എന്ന വിവാഹദിവസത്തെ വാഗ്ദാനം തെറ്റിച്ചതിലുള്ള ശിക്ഷ തമ്പുരാൻ നൽകിയതാണെന്നുപോലും അവൾ ചിന്തിച്ചു. തനിക്കുവേണ്ടി ആശുപത്രിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന, ഡോണറെ അന്വേഷിക്കുന്ന, ഡോണർക്കു വേണ്ടിയുള്ള പൈസയ്ക്കു വേണ്ടി അലയുന്ന ഭർത്താവിനെ അവൾ കണ്മുന്നിൽ കാണുന്നുണ്ടായിരുന്നു. ഒടുവിൽ ഭർത്താവിന്റെ അടുത്ത സുഹൃത്ത് തന്നെയാണ് കിഡ്നി ഡോണെറ്റ് ചെയ്തത്. രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം അവൾ വീട്ടിലെത്തി. ഇനി കാനഡയിലേക്കില്ലെന്നും നാട്ടിൽത്തന്നെ ജോലി നോക്കാമെന്നുമുള്ള തീരുമാനത്തിലേക്ക് അവളും കുടുംബവും എത്തിച്ചേർന്നു. തണൽ നൽകുന്ന മരമായി അയാൾ അടുത്തുണ്ടല്ലോ എന്ന ചിന്തയെ കൂട്ടുപിടിച്ച് അവൾ ഭർത്താവിനെ സ്നേഹിക്കാനാരംഭിച്ചു. മാസങ്ങൾ കടന്നുപോയി. മെയിൽ ബോക്സിൽ വന്നിട്ടുള്ള ഇന്റർവ്യൂ മെയിലുകൾക്കിടയിൽ ആ പേര് അവൾ ശ്രദ്ധിച്ചു. താൻ മറക്കാനാഗ്രഹിച്ച വ്യക്തിയുടെ ഭാര്യയുടെ പേരായിരുന്നു മെയിൽ ഐഡിയിൽ. അവരുടെ ദാമ്പത്യജീവിതം ഡിവോഴ്സിലേക്ക് എത്തിച്ചേരാൻ പോകുന്നുവത്രേ. അതിനു കാരണമായി അയാളുടെ ഭാര്യ ചൂണ്ടിക്കാണിച്ചത് അവളെയായിരുന്നു. ആ സ്ത്രീയുടെ ഭർത്താവുമായി അവൾക്കുണ്ടായിരുന്ന അവിഹിതബന്ധം ആ സ്ത്രീ കണ്ടെത്തി. കത്തിനൊടുവിൽ എഴുതപ്പെട്ട ഒരു വരിയിലാണ് അവൾ നടുങ്ങിപ്പോയത്. 'സ്വന്തം കിഡ്നി തരാൻ മാത്രം അയാൾ നിങ്ങളെ സ്നേഹിച്ചു.' ഡോണർ, പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത അടുത്ത സുഹൃത്താണെന്നൊക്കെ ഭർത്താവ് നുണ പറഞ്ഞതായിരുന്നു. ഇന്ന് അവളുടെ ശരീരത്തിന്റെ ഭാഗമായി, ജീവന്റെ കൂട്ടായി അതാ അയാൾ അവൾക്കുള്ളിലുണ്ട്. 'അവൾ ആരെയാണ് സ്നേഹിക്കേണ്ടത്? ആർക്കൊപ്പമാണ് ജീവിക്കേണ്ടത്? ആരാണ് അവളെ കൂടുതൽ സ്നേഹിക്കുന്നത്?' സൈക്കോളജിസ്റ്റായ സുഹൃത്ത് ഒരു കേസ് ഡിസ്‌കസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിളിച്ചപ്പോഴാണ് ഞാൻ ഈ കഥ കേൾക്കുന്നത്. അവരുടെ അനുവാദത്തോടെ, സ്വകാര്യതയെ മാനിക്കുന്ന മാറ്റങ്ങളോടെയാണ് നിങ്ങളോട് ഈ കഥ പങ്കുവെച്ചത്. നിങ്ങളുടെ ഭർത്താവ് മറ്റൊരു സ്ത്രീക്ക് കിഡ്നി ദാനം ചെയ്യാൻ മാത്രം അവളെ സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞാൽ എന്തുചെയ്യും? എന്തുകൊണ്ടായിരിക്കും അയാൾ അങ്ങനെ ചെയ്തത് എന്നാലോചിക്കുമ്പോൾ എന്തുത്തരമാണ് കിട്ടുന്നത്? ഈ കഥയിൽ ആരൊക്കെയാണ് ശരി? ആരൊക്കെയാണ് തെറ്റുകാർ? അതോ ശരിതെറ്റുകൾ ഇല്ലേ? മനുഷ്യനോളം കോംപ്ലെക്സായ ഒരു ജീവി വേറേ ഉണ്ടോ? ഈ ഭൂമിയിൽ എനിക്കൊട്ടും പിടിത്തം കിട്ടാത്ത മനുഷ്യൻ ഞാൻതന്നെയാണ്. സ്വയം പിടിത്തം കിട്ടാത്ത രണ്ടു മനുഷ്യർ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒന്നാണോ വിവാഹം? നല്ല വിവാഹജീവിതം ഒരു ലോട്ടറിയാണെന്ന് ഡിവോഴ്സിൽ എത്തിയ ഒരു സുഹൃത്ത് പറഞ്ഞുതന്നു. ലോട്ടറിക്ക് ഒരു പ്രത്യേകതയില്ലേ? അത് ഒരാൾക്കേ അടിക്കൂ, ടിക്കറ്റ് എടുത്തവരോ ലക്ഷക്കണക്കിനും. കാതൽ എന്ന സിനിമ മനുഷ്യമനസ്സുകളിലേക്ക് തീ കോരിയിട്ടത് ഒരൊറ്റ സീനിലാണ്. അപ്പനോട് വർഷങ്ങളായിട്ട് സംസാരിക്കാത്ത ഹോമോസെക്ഷ്വൽ ആയിട്ടുള്ള, ഡിവോഴ്സിൽ എത്തിനിൽക്കുന്ന മകൻ അന്നു രാത്രി അയാളുടെ അരികിൽ ചെന്ന് സംസാരിക്കുന്നുണ്ട്: 'എന്റെ എല്ലാ കാര്യങ്ങളും ചാച്ചൻ മനസ്സിലാക്കിട്ടുണ്ട്, പക്ഷേ, ഈ കാര്യം വന്നപ്പോ ചാച്ചന് പറ്റിയില്ല, ചാച്ചൻ എന്നല്ല ആർക്കും പറ്റിയില്ല, ഞാൻ എന്തു തെറ്റുചെയ്തിട്ടാ?' 'നിനക്കല്ലടാ, എനിക്കാടാ തെറ്റുപറ്റിയത്' എന്നു പറഞ്ഞ് എൺപതുകളിലെത്തിയ ആ പിതാവ് മകനെ കെട്ടിപ്പിടിച്ച് കരയുന്നുണ്ട്. പൂർണ്ണസമ്മതമോ പൂർണ്ണബോധ്യമോ ഇല്ലാതെ വിവാഹത്തിലേക്കോ, ഒരു ബന്ധത്തിലേക്കുമോ കടക്കാതിരിക്കുക എന്നതാണ് ചെയ്യാൻ പറ്റാവുന്ന ഒരു കാര്യം. പൂർണ്ണസമ്മതം പിന്നെയും എളുപ്പമുള്ള കാര്യമാണ്. പക്ഷേ, പൂർണ്ണബോധ്യം? ഓഫീസിലെ സുഹൃത്ത് വിവാഹം കഴിച്ചിട്ട് നാലുമാസം മാത്രമേ ആയിട്ടുള്ളൂ. ഇനിയുള്ള വരികൾ അവനുമായി ഒരു മണിക്കൂറോളം സംസാരിച്ചതിനു ശേഷം എഴുതുന്നതാണ്. 'ജോപ്പാ, ഞങ്ങൾ രണ്ടാളും പാതിമനസ്സോടുകൂടിയാണ് ഈ വിവാഹത്തിലേക്കു കടന്നത്. പെണ്ണുകാണാൻ ചെന്നപ്പോൾ അവൾ എന്നോടു പറഞ്ഞ ഒരു കാര്യമുണ്ട്, 'വിവാഹത്തിനു മുമ്പ് ജോലിക്കു പോകാൻ വീട്ടുകാർ സമ്മതിച്ചില്ല. വിവാഹം കഴിഞ്ഞാൽ നീ എന്തു വേണേൽ ആയിക്കോളൂ എന്നൊരു ഉറപ്പ് നൽകിയിട്ടുണ്ട്. ഒരു ജോലിക്കാരിയാകാനാണ് ഞാൻ വിവാഹം കഴിക്കുന്നത്.' എന്റെ ഈ സുഹൃത്തിന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് വിവാഹം നടക്കുന്നത്. അവൻ വിവാഹം കഴിച്ചത് അച്ഛനും അമ്മയ്ക്കും മനസ്സമാധാനം കിട്ടാനാണ്. അവനിങ്ങനെ നിന്നുപോയാൽ ഒരു പെൺകുട്ടിയെ കിട്ടുക ബുദ്ധിമുട്ടാകും എന്ന ചിന്ത നിരന്തരം അവനിൽ കുത്തിനിറച്ചപ്പോൾ വീട്ടുകാർക്കു വേണ്ടി മാത്രമാണ് അവൻ കല്യാണം കഴിച്ചത്. ഇഷ്ടമൊക്കെ തനിയേ വന്നോളുമെന്നാണ് മാതാപിതാക്കൾ അവനെ ഉപദേശിച്ചത്. നാലു മാസങ്ങൾക്കിപ്പുറം അവൻ മനസ്സിലാക്കിയ വലിയ സത്യം മറ്റൊന്നാണ്. 'അവൾ വിവാഹം കഴിച്ചത് അക്ഷരാർത്ഥത്തിൽ ഒരു ജോലിക്കു വേണ്ടി മാത്രമായിരുന്നു. പതിയപ്പതിയേ ഇഷ്ടപ്പെട്ടുതുടങ്ങുമെന്നത് വെറും വിശ്വാസം മാത്രമായിരുന്നു. അവൾ ഒരു ജോലി കണ്ടെത്തി ബാംഗ്ലൂരിലാണ്, ഞാൻ ഇവിടെ നാട്ടിലും. ഞങ്ങൾക്കിടയിൽ സ്നേഹമില്ല, വല്ലപ്പോഴും ഒരുമിച്ച് താമസിക്കും, ഒരു പിജിയിൽ താമസിക്കുന്ന രണ്ടാളുകൾപോലെ.' ഒരിക്കലും പരസ്പരം കൂട്ടിമുട്ടാത്ത റെയിൽവേപാളങ്ങൾ കണക്ക്, വിവാഹമെന്ന 'തീ'വണ്ടിയെ അവർ വലിച്ചുകൊണ്ടുപോകുന്നു. തൃശ്ശൂർ ഭാഗത്ത് ഒരു ടോക് ഷോയിലേക്ക് കടക്കാൻ ഒരുങ്ങുകയായിരുന്നു. സംഘാടകരിൽ ഒരാൾ വന്ന് കാതിൽ പറഞ്ഞു: 'സാറേ ഇന്ന് സംസാരിക്കുമ്പോൾ ഈ അമ്മായിയമ്മ മരുമോൾ യുദ്ധത്തിനിടയിൽ പെട്ടുപോകുന്ന ആണുങ്ങളെക്കുറിച്ച് ഒന്ന് സംസാരിക്കണം. എന്റെ അമ്മ പള്ളിയിലെ വലിയൊരു ഭക്തിപ്രസ്ഥാനമാണ്, പ്രായത്തിന്റേതായ ചില കുഴപ്പങ്ങളുണ്ടെങ്കിലും പാവമാണ്. വൈഫ് ചെറുപ്പമാണ്, അവൾക്ക് അവളുടേതായ ആഗ്രഹങ്ങളൊക്കെ ഉണ്ടല്ലോ. വൈഫിന്റെയും അമ്മയുടെയും ഇടയിൽപ്പെട്ടുപോകുന്നത് ഞങ്ങളീ പാവം ആണുങ്ങളാണ്. സാറ് പറ, ഞങ്ങൾ ആർക്കൊപ്പം നിൽക്കണം?' ഒരു ചെടി വേരോടെ പറിച്ചു വേറേ ഒരിടത്ത് നട്ടാൽ അതിന് പുതിയ മണ്ണിൽ വേരുപിടിക്കാൻ ആഴ്ചകളുടെ സാവകാശം വേണം. അങ്ങനെയെങ്കിൽ ഇരുപത്തിയഞ്ചോളം വർഷം താമസിച്ച കുടുംബത്തിൽനിന്ന്, സാഹചര്യങ്ങളിൽനിന്ന് വേരോടെ പിഴുതെടുക്കപ്പെട്ട ഒരു സ്ത്രീ പുതിയൊരു കുടുംബത്തിൽ വേരുപിടിക്കാൻ ചിലപ്പോൾ വർഷങ്ങൾ എടുത്തതെന്നുവരാം. ആരുടെയൊക്കെ മുമ്പിലാണ് അവൾ സ്വന്തം ഇമേജിനെ മാറ്റി പ്രതിഷ്ഠിക്കേണ്ടത്? അമ്മായിയമ്മ, അമ്മായിയപ്പൻ, ഭർത്താവിന്റെ അനിയൻ, അനിയത്തി, പുതിയ അയൽപക്കക്കാർ. അമ്മായിയമ്മയെ അമ്മയെപ്പോലെ കാണണം എന്നൊക്കെ പറയാൻ എളുപ്പമാണ്. മറുവശത്ത്, വളർത്തി വലുതാക്കിയ അമ്മയുടെ സ്നേഹത്തിനും വീടും കുടുംബവും ഉപേക്ഷിച്ചുവന്ന പെൺകുട്ടിയുടെ ഏകാന്തതയ്ക്കും നടുവിൽപ്പെട്ട് ശ്വാസംമുട്ടുന്ന ഭർത്താക്കന്മാർ. ഒരു കുടുംബം മുഴുവൻ വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ മാത്രമേ അവിടെ സമാധാനമുണ്ടാകൂവെന്നു തോന്നുന്നു. നമ്മൾ ആർക്കൊപ്പം നിൽക്കണം എന്നതല്ല, 'ഒപ്പം' നിൽക്കണം എന്നതാണ്. എന്റെ ഓഫീസിലെ സുഹൃത്ത് യൂസഫ്, അവന്റെ സുഹൃത്തിനെക്കുറിച്ച് പറഞ്ഞതാണ് ഇനി ഞാൻ പറയാൻ പോകുന്ന കഥ. കോപ്പി റൈറ്റർ എന്നതാണ് അവന്റെ ജോലി. അവനൊരു കുഴപ്പമുണ്ട്. ആള് ബഹുമിടുക്കനാണ്. പക്ഷേ, ജോലിയുടെ ഡെഡ്ലൈനുകൾ കടന്നാൽ അവൻ സ്റ്റക്കാകും. പതിനൊന്നിന് തീർക്കേണ്ട ജോലി പതിനൊന്നിന് തീർന്നില്ലെങ്കിൽ അവന്റെ വിരലുകൾ പിന്നീട് അനങ്ങില്ല. സുഹൃത്തുക്കളാരെങ്കിലും വന്ന് ബാക്കി തീർക്കാൻ സഹായിക്കും. ഇത്തരം സാഹചര്യങ്ങൾ വല്ലപ്പോഴുമേ ഉണ്ടാകൂ. അവൻ തന്റെ അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. അവരുടെ വിവാഹത്തിന് തടസ്സമായി നിന്നത് കുടുംബങ്ങളുടെ സ്റ്റാറ്റസിലുള്ള വ്യത്യാസമായിരുന്നു. ഇവൻ താരതമ്യേന ചെറിയ കുടുംബത്തിൽപ്പെട്ടൊരാളായിരുന്നു. അവരാകട്ടെ റിയൽ എസ്റ്റേറ്റ് ബിസിനസ്സൊക്കെയുള്ള സാമ്പത്തികമായി വളരെ ഉന്നതിയിൽ നിൽക്കുന്ന കുടുംബവും. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അവർ പ്രണയം ഉപേക്ഷിച്ചു. ആദ്യം നടന്നത് അവളുടെ വിവാഹമാണ്, വൈകാതെ ഇവന്റെയും നടന്നു. വിവാഹം കഴിഞ്ഞ് മൂന്നാം മാസം അവളുടെ വിവാഹം ഡിവോഴ്സിലെത്തി. അയാൾ ലഹരിക്കടിമയായിരുന്നു. ഇവന്റെ വിവാഹം കുഴപ്പമില്ലാതെ മുന്നോട്ടുപോയി, അവൾ ഗർഭിണിയായി. ഏകദേശം നാലാംമാസമാണ് അവൾക്ക് ഹൃദയവുമായി ബന്ധപ്പെട്ട് വലിയൊരു അസുഖം വന്നത്. രക്തക്കുഴലുകളിൽ ഒന്നിന്ന് എന്തോ തകരാർ. കുട്ടിയെ അബോർട് ചെയ്തില്ലെങ്കിൽ അതവളുടെ മരണത്തിൽപ്പോലും കലാശിക്കുമെന്ന് ഡോക്ടർസ് പറഞ്ഞു. ഇങ്ങനെ ഒരു രോഗം മറച്ചുപിടിച്ചാണ് ഈ വിവാഹം നടത്തിയതെന്ന് ഇവന്റെ കുടുംബം ആരോപിച്ചു. പക്ഷേ, നേരത്തേ ഇങ്ങനെ ഒരു അസുഖം ഉണ്ടായിരുന്നില്ലെന്ന് അവളും കുടുംബവും ആണയിട്ടു പറഞ്ഞു. അവൾക്ക് ഇനി ഒരു കുഞ്ഞിനെ വഹിക്കാൻ സാധ്യതയില്ലെന്നും കൂടി ഡോക്ടർസ് പറഞ്ഞപ്പോൾ ഈ ബന്ധം ഒഴിയാൻ അവർ തീരുമാനിച്ചു. വിവാഹം നടന്നിട്ട് വെറും ആറു മാസമേ ആയിട്ടുള്ളൂ. പിരിയാൻ തോന്നാത്തവിധം അവർ അടുത്തിട്ടുമില്ല. ഭാവിയിൽ ഒരു കുഞ്ഞിനെ ജന്മം നൽകാൻ സാധിക്കാത്ത ഒരാളോടൊപ്പം എന്തിന് അവന്റെ ജീവിതംകൂടി അവസാനിപ്പിക്കണം എന്ന ചിന്തയിലായി അവനും കുടുംബവും. ഗർഭം അലസിപ്പിക്കാനുള്ള മരുന്നുമായി അവൻ അവളുടെ അടുത്തേക്കു ചെല്ലുമ്പോൾ അവൾ നിസ്‌കരിക്കുകയായിരുന്നു. മരുന്നുകുപ്പി അവൾക്ക് കൈമാറിയപ്പോൾ അവന് പ്രത്യേകിച്ച് ഒന്നുംതന്നെ തോന്നിയില്ല. അവൾ ചുണ്ടോടടുപ്പിച്ച ആ മരുന്നുകുപ്പിയിലേക്ക് അവളുടെ കണ്ണീരു വീഴുന്നത് അവൻ കണ്ടു. പണ്ട് പ്രണയത്തിലായിരുന്ന ആ പെൺകുട്ടി ഈ വാർത്തയെല്ലാം അറിഞ്ഞ് ഇവനെ കാണാൻ വന്നിരുന്നു. അവരുടെ കുടുംബം അവനുമായുള്ള രണ്ടാം വിവാഹത്തിന് സമ്മതിച്ചുവത്രേ. രണ്ടു കുടുംബങ്ങളും ചർച്ച ചെയ്ത് ഒരു ധാരണയിലെത്തി. പക്ഷേ, അവന്റെ തീരുമാനം പൊടുന്നനെ മാറി. അവൻ വിവാഹം കഴിച്ച കുട്ടിയെ ഉപേക്ഷിക്കാൻ തയ്യാറായില്ല. അത് എന്തുകൊണ്ടാണെന്ന് അവനു പറയാൻ കഴിയുന്നില്ല. ഉപേക്ഷിക്കാൻ 99 കാരണങ്ങൾ ഉണ്ടായിട്ടും ഉപേക്ഷിക്കാതിരിക്കാൻ അവൻ കണ്ടെത്തിയ ഒരു കാരണം അവന്റെ കുടുംബത്തിനും കണ്ടെത്താനായില്ല. ജീവിതം ചിലപ്പോഴൊക്കെ മനുഷ്യനു രക്ഷപ്പെടാൻ ചില എമെർജൻസി എക്സിറ്റുകൾ കാണിച്ചുതരും. അതൊന്ന് തുറക്കേണ്ട ബാധ്യത മാത്രമേ ഒരാൾക്കുള്ളൂ. എന്നിട്ടും ചിലർ അത് തുറക്കാതെ മറ്റൊരാൾക്ക് കൂട്ടിരിക്കുന്നത് എന്തുകൊണ്ടാകും? അവളുടെ സർജറി കഴിഞ്ഞു. അൺകോൺഷ്യസ് ആയ അവളെ മെല്ലെ പേരുചൊല്ലി വിളിക്കണം എന്നാണ് ഡോക്ടർ അവനോടു പറഞ്ഞത്. തട്ടിവിളിക്കരുത്, പതിയേ ചെവിയിൽ അവളുടെ പേരുചൊല്ലി മെല്ലെ വിളിക്കുക. പതിയേ ആ സ്വരം അവളുടെ ഓർമ്മകളിലേക്ക് ഇറങ്ങിച്ചെന്ന് വിളി കേൾക്കണം എന്നതാണ് പ്രോസസ്സ്. അവൾ വിളി കേൾക്കുന്നു. അവന്റെ വസ്ത്രത്തിലേക്ക് ചോര ഛർദ്ദിച്ചാണ് അവൾ ഉണർന്നത്. അവളുടെ ശരീരവും മനസ്സും പൂർണ്ണമായും ഉണരുന്നതുവരെ അവൻ അവളോടൊപ്പം നിൽക്കുന്നു. ഓപ്പറേഷന് ആവശ്യമായ തുക കണ്ടെത്താൻ അവൻ അക്ഷരാർഥത്തിൽ സുഹൃത്തുക്കളോടും ബന്ധുക്കളോടും നാട്ടുകാരോടും തെണ്ടുന്നു. 'തെണ്ടുന്നു' എന്ന് പ്രയോഗിക്കാൻ കാരണം, അവനും അടുത്ത സുഹൃത്തുക്കളും അവൾക്കു വേണ്ടി, സിഗ്‌നലുകളിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾക്കരികിൽ ചെന്ന് ബക്കറ്റ് നീട്ടിയിട്ടുണ്ട്. അവരുടെ ജീവിതം മുമ്പോട്ടുപോയി, അദ്ഭുതമെന്നോണം അവർക്ക് രണ്ടു കുട്ടികൾ ജനിച്ചു. കഴിഞ്ഞ ദിവസം യൂസഫ് അവനെ കണ്ടിരുന്നു. ഒരുമിച്ച് രണ്ടു മീൽസ് ഓർഡർ ചെയ്ത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ചോറിലേക്കു ചാറൊഴിക്കുന്ന ലാഘവത്തോടെ അവൻ പറഞ്ഞു, ''അവൾക്ക് അടുത്ത രക്തക്കുഴലിൽ പ്രശ്നം തുടങ്ങിയിട്ടുണ്ട്, സീസൺ 2. ഇനിയങ്ങോട്ട് നല്ല തിരക്കായിരിക്കും.'' ഈ കഥ മുഴുവൻ അയാളിൽനിന്നും കേൾക്കാൻ, പുള്ളിക്കാരനെ നേരിൽ കാണാൻ അവസരം കിട്ടുമോ എന്ന് യൂസഫിനോടു ചോദിച്ചപ്പോൾ 'അവൻ അവളുടെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിൽത്തന്നെയാണ്' എന്ന മറുപടിയാണ് കിട്ടിയത്. എന്തായിരുന്നു അവനെ എമർജൻസി ഡോർ തുറക്കാൻ പ്രേരിപ്പിക്കാതിരുന്ന ആ ഒരു കാരണം? സ്നേഹമാണോ? അതങ്ങനെ പെട്ടെന്നുണ്ടാകുമോ? സിംപതിയാണോ? ആണെങ്കിൽ ഇത്രയും ആത്മാർത്ഥതയോടെ, എല്ലാ ഭാരവും പേറി കൂടെ നിൽക്കാൻ വെറും സിംപതികൊണ്ടാകുമോ? അയാൾക്ക് സ്നേഹം തോന്നിയതുകൊണ്ടാകില്ല, അയാൾ ഒരുപക്ഷേ, സ്നേഹമായി മാറിക്കാണും. ഇത് എഴുതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് എന്റെ വിവാഹം ഉറപ്പിച്ചത്. ഓഗസ്റ്റ് 17, 2025 രാവിലെ പന്ത്രണ്ടുമണിക്കാണ് വിവാഹം. ഈ പുസ്തകം ഇറങ്ങി, നിങ്ങളുടെ കൈയിയിലെത്തി, ഈ അധ്യായം വായിക്കുമ്പോൾ ചിലപ്പോൾ എന്റെ വിവാഹം കഴിഞ്ഞ് മൂന്നോ നാലോ മാസങ്ങൾ ആയിട്ടുണ്ടാകും; ചിലപ്പോൾ വർഷങ്ങൾ. എനിക്കറിയില്ലല്ലോ, നിങ്ങൾ എപ്പോഴാണ് ഈ വരികളെ കണ്ടുമുട്ടിയതെന്ന്. എനിക്ക് സ്വയം നൽകാനുള്ള ആശംസ ഇത്രമാത്രമാണ്. ഞാൻ എഴുതിയ വരികൾ... എനിക്ക് ഉപകാരപ്പെടട്ടേ; ഒരുപക്ഷേ, നിങ്ങൾക്കും. 'ഞാൻ സ്നേഹമായി മാറട്ടേ, ഒരുപക്ഷേ, നിങ്ങളും...'

‘ഞങ്ങൾ ആർക്കൊപ്പം നിൽക്കണം? വൈഫിന്റെയോ അമ്മയുടെയോ? ഇടയിൽപ്പെട്ടു പോകുന്നത് പാവം ആണുങ്ങളാണ്’
M
MathrubhumiSource Link
about 1 month ago