ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാനിരിക്കെ പുതിയ വിവാദത്തിന് തുടക്കമിട്ട് കർണാടകയിലെ എംഎൽഎമാർ. മത്സരങ്ങൾ കാണാൻ എംഎൽഎമാർക്ക് ഫ്രീ ടിക്കറ്റുകൾ അനുവദിക്കണമെന്നും ഇരിക്കാൻ സാധാരണക്കാർക്കൊപ്പം അല്ലാത്ത ഇരിപ്പിടങ്ങൾ അനുവദിക്കണം എന്നുമാണ് എംഎൽഎമാരുടെ വാദം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെ 2026-ലെ ഐപിഎൽ സീസൺ ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് പുതിയ വിവാദം. To advertise here, പ്രതിപക്ഷ നേതാവ് ഈ വിഷയം സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും ടിക്കറ്റുകൾ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്പീക്കറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഹുൻഗുണ്ടിൽനിന്നുള്ള എംഎൽഎ വിജയാനന്ദ് കാശപ്പനവർ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിൽ നിന്നും എല്ലാവിധത്തിലുള്ള ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടും കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) എംഎൽഎമാരെയും മന്ത്രിമാരെയും ബഹുമാനിക്കുന്നില്ലെന്നും വിജയാനന്ദ് ആരോപിച്ചു. എംഎൽഎമാർ വിഐപികളാണെന്നും അവർക്ക് 'ക്യൂവിൽ നിൽക്കാൻ കഴിയില്ല' എന്നും, അതുകൊണ്ടുതന്നെ ഓരോ എംഎൽഎമാർക്കും ഐപിഎല്ലിന്റെ അഞ്ച് ടിക്കറ്റുകൾ വീതം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നൽകണമെന്നും സഭയിൽ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. എംഎൽഎമാർക്കായി പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുള്ളതായി വിജയാനന്ദ് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. 'ഈ മാസം 28-ന് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാൻ പോകുകയാണ്. പക്ഷേ, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ എംഎൽഎമാർക്കും മന്ത്രിമാർക്കും അവരുടെ കുടുംബങ്ങൾക്കും ടിക്കറ്റ് നൽകുന്നില്ല. അവർ സർക്കാരിൽ നിന്ന് എല്ലാ സൗകര്യങ്ങളും കൈപ്പറ്റുന്നുണ്ട്. സുരക്ഷ ഉൾപ്പെടെ എല്ലാം അവർക്ക് ലഭിക്കുന്നു. സർക്കാരിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുമ്പോഴും അവർ എംഎൽഎമാരെ ബഹുമാനിക്കുന്നില്ല.' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ടിക്കറ്റുകളുടെ ഓൺലൈൻ വിൽപനയിൽ കരിഞ്ചന്ത നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'അതുകൊണ്ട് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് സഭയിൽ ഈ വിഷയം ഉന്നയിച്ചു. ഞാൻ അതിനെ പിന്തുണയ്ക്കുകയും എംഎൽഎമാർക്ക് കുറഞ്ഞത് അഞ്ച് ടിക്കറ്റുകൾ നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ സ്പീക്കറോട് അഭ്യർത്ഥിക്കുകയും ചെയ്തു.' അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങൾ വിഐപികളാണ്. ഞങ്ങൾക്ക് ക്യൂവിൽ പോയി നിൽക്കാൻ കഴിയില്ല. കഴിഞ്ഞ തവണ പോയപ്പോൾ ഞങ്ങൾക്ക് ക്യൂവിൽ നിൽക്കേണ്ടി വന്നു. അവർ ഞങ്ങളെ പൊതുജനങ്ങളോടൊപ്പം ഗാലറിയിലേക്കാണ് അയയ്ക്കുന്നത്. ഇത് അനുവദിക്കാനാവില്ല. കെഎസ്‌സിഎ ആരെയും കേൾക്കില്ല. അവർ അത്രത്തോളം വലുതായിരിക്കുന്നു. അവർ പണം സമ്പാദിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. ഇത് തുടരാൻ കഴിയില്ല.' വിജയാനന്ദ് വിമർശിച്ചു. നേരത്തെ, കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് (ബിജെപി) ആർ. അശോകും കെഎസ്‌സിഎയെ ലക്ഷ്യം വെച്ചിരുന്നു. 'പ്രതിമാസം വെറും 1,600 രൂപ എന്ന നിരക്കിൽ 16.32 ഏക്കർ ഭൂമിയാണ് ഞങ്ങൾ അവർക്ക് നൽകിയത്. എന്നാൽ അവർ ടിക്കറ്റുകൾക്കായി നമ്മളിൽ നിന്ന് ആയിരക്കണക്കിന് രൂപ ഈടാക്കുന്നു. കോടിക്കണക്കിന് രൂപ കൈവശമുള്ള അവർ നമ്മളെ കൊള്ളയടിക്കുകയാണ്.' അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഇങ്ങനെയുള്ളവർക്കായി മറ്റൊരു സ്റ്റേഡിയം കൂടി നിർമ്മിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും അവരെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം സഭയിൽ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഈ പരാതികളോട് പ്രതികരിച്ച സ്പീക്കർ യു.ടി. ഖാദർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. 'എംഎൽഎമാർ ഉന്നയിക്കുന്ന ഈ വിഷയത്തിൽ സർക്കാർ കെഎസ്‌സിഎയുമായി ചർച്ച നടത്തണം. ചിലപ്പോൾ അവർ എംഎൽഎമാർക്ക് ഒരു ടിക്കറ്റ് മാത്രമാണ് നൽകുന്നത്. എംഎൽഎമാർ പോകുമ്പോൾ അവർക്കും കുടുംബത്തിനുമായി കുറഞ്ഞത് നാല് ടിക്കറ്റുകൾ നൽകണമെന്ന് അവരെ അറിയിക്കണം.' ഖാദർ പറഞ്ഞു. വിഷയം കെഎസ്‌സിഎ അധികൃതരുമായി സംസാരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സഭയ്ക്ക് ഉറപ്പ് നൽകി. 'ഞാൻ നിങ്ങളുടെ പേര് ഉപയോഗിച്ച് തന്നെ സർക്കാരിന് വേണ്ടി കെഎസ്‌സിഎ പ്രസിഡന്റുമായി സംസാരിക്കുകയും ഇത് പരിഹരിക്കുകയും ചെയ്യും. ഞാനും അവിടുത്തെ അംഗമാണ്. ചോദിക്കാൻ എംഎൽഎമാർക്ക് എല്ലാ അവകാശവുമുണ്ട്; അവർക്ക് ആ ആനുകൂല്യം ലഭിക്കണം,' അദ്ദേഹം പറഞ്ഞു. ഒപ്പം 'ഇത് 'സാമ്രാട്ട്' അശോകിന്റെ അഭ്യർത്ഥനയാണെന്ന് ഞാൻ അവരോട് തീർച്ചയായും പറയും' എന്ന് അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു. Content Highlights: Legislators demand a minimum of 5 IPL tickets from KSCA. MLAs claim VIP status exempts them from public queues. Allegations of black marketeering and poor treatment by KSCA. Opposition and Government unite to pressure the cricket association. KSCA accused of failing to provide adequate benefits despite state land subsidies. Published: 26 Mar 2026, 09:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ഞങ്ങൾ വിഐപികളാണ്, ക്യൂവിൽ നിൽക്കേണ്ടവരല്ല’; IPL ടിക്കറ്റുകൾ ഫ്രീയായി നൽകണമെന്ന് കർണാടക എംഎൽഎമാർ
M
MathrubhumiSource Link
about 1 month ago