കേരളത്തിലെ ആദ്യത്തെ ടെക് നഗരമെന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശം ഉൾപ്പെടുന്ന കഴക്കൂട്ടം മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യുന്ന പ്രധാന വിഷയം ശബരിമലക്കേസ് ആവുന്നത് യാദൃച്ഛികമല്ല. ആദ്യകാലത്ത് കോൺഗ്രസിന്റെയും പിന്നീട് സി.പി.എമ്മിന്റെയും ശക്തികേന്ദ്രമായിരുന്ന കഴക്കൂട്ടം മണ്ഡലം അടുത്തകാലത്താണ് ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലമായി മാറിയത്. To advertise here, കടകംപള്ളി സുരേന്ദ്രൻ വിജയിച്ച കഴിഞ്ഞ രണ്ട് നിയമസഭാതിരഞ്ഞെടുപ്പിലും രണ്ടാംസ്ഥാനത്തെത്തിയത് ബി.െജ.പി.യായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ഒന്നാമതെത്തിയത് ബി.ജെ.പി.യായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സാഹചര്യത്തിൽ എൽ.ഡി.എഫിനുവേണ്ടി സിറ്റിങ് എം.എൽ.എ. കടകംപള്ളി സുരേന്ദ്രനും യു.ഡി.എഫിനുവേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദും എൻ.ഡി.എ.യ്ക്കുവേണ്ടി മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും കഴക്കൂട്ടത്ത് എത്തുമ്പോൾ മത്സരം ത്രികോണമാകുന്നത് സ്വാഭാവികമാണ്. അരങ്ങിലും അണിയറയിലും ശബരിമലതന്നെയാണ് ചർച്ച. മറ്റിടങ്ങളിൽ യു.ഡി.എഫ്. ആണ് ശബരിമല സ്വർണക്കൊള്ള പ്രചാരണായുധമാക്കുന്നതെങ്കിൽ കഴക്കൂട്ടത്ത് ഈ വിഷയം കത്തിക്കുന്നത് ബി.ജെ.പി.യാണ്. ശബരിമല വിനോദസഞ്ചാരകേന്ദ്രമാക്കിയതും പൊറോട്ടയും ബീഫും നൽകി യുവതികളെ മലകയറ്റി ആചാരലംഘനത്തിന് ശ്രമിച്ചതുമൊക്കെ അവരുടെ അനൗൺസ്‌മെന്റ് വാഹനങ്ങളിൽനിന്നുമുയരുന്നു. സ്വർണക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ചിത്രവും എസ്.ഐ.ടി.യുടെ ചോദ്യംചെയ്യലുമൊക്കെ പ്രചാരണത്തിൽ നിറഞ്ഞു. എന്നാൽ, ദേവസ്വം ബോർഡിൽ അന്ന് ദേവസ്വംവകുപ്പ് മന്ത്രിയായിരുന്ന തനിക്ക് നേരിട്ടൊന്നും ചെയ്യാനില്ലെന്നാണ് ഈ ആരോപണങ്ങൾക്കുള്ള കടകംപള്ളിയുടെ മറുപടി. ശബരിമല യുവതീപ്രവേശനത്തിനുള്ള സുപ്രീംകോടതിവിധിയും തുടർന്നുള്ള സമരങ്ങളും സംഘർഷവുമൊക്കെ തിളച്ചുമറിഞ്ഞ കാലത്ത് കഴക്കൂട്ടം എം.എൽ.എ.യും ദേവസ്വം മന്ത്രിയുമായിരുന്നു കടകംപള്ളി. എന്നിട്ടും 2021-ലെ അഗ്നിപരീക്ഷ വിജയിച്ച് കഴക്കൂട്ടം നിലനിർത്താനായി. അതിനാൽ, ഈ പ്രതിസന്ധിഘട്ടവും കടക്കാനാവുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. സ്ത്രീകളടക്കമുള്ള വോട്ടർമാരിൽ ശബരിമല ഒരു വികാരമായി പടർന്നാലുള്ള അടിയൊഴുക്കിലാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. റോഡും ശബരിമല ഇടത്താവളവും ടെക്‌നോപാർക്കിൽ തദ്ദേശീയർക്ക് തൊഴിൽ ഉറപ്പാക്കിയതുമൊക്കെ വികസനനേട്ടങ്ങളായി എൽ.ഡി.എഫ്. ഉയർത്തിക്കാട്ടുന്നു. രൂക്ഷമായ കുടിവെള്ളപ്രശ്നവും സൈബർ സിറ്റിയായിട്ടും കഴക്കൂട്ടത്ത് വികസനം മുരടിച്ചതും ശ്രീകാര്യം മേൽപ്പാലം പൂർത്തിയാവാത്തതുമൊക്കെയാണ് മണ്ഡലത്തിലെ മറ്റു ചർച്ചാവിഷയങ്ങൾ. മാറിമറിഞ്ഞ രാഷ്ട്രീയഗണിതം തിരുവനന്തപുരം കോർപ്പറേഷനിലെ 28 വാർഡുകൾ ചേർന്നതാണ് കഴക്കൂട്ടം. ഇതിൽ 14 വാർഡുകൾ നേടി തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പി. മുന്നേറ്റമുണ്ടാക്കി. പക്ഷേ, പത്തിടത്ത് വിജയിച്ച എൽ.ഡി.എഫിനാണ് വോട്ടുകളിൽ മുൻതൂക്കം. 42,691 വോട്ടാണ് അവർ നേടിയത്. വാർഡുകളിൽ മേൽക്കൈയുള്ള ബി.ജെ.പി. 40582 വോട്ടുമായി രണ്ടാംസ്ഥാനത്തുണ്ട്. 29,855 വോട്ടുമായി മൂന്നാമതാണ് യു.ഡി.എഫ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഒന്നാം സ്ഥാനമൊക്കെ ബി.ജെ.പി.യുടെ കണക്കുകൂട്ടലുകൾക്ക് നിറം പകർന്നിട്ടുണ്ട്. ഹിന്ദുവോട്ടർമാരാണ് മണ്ഡലത്തിൽ ഭൂരിപക്ഷമെങ്കിലും ക്രിസ്ത്യൻ, മുസ്‌ലിം വോട്ടുകളും നിർണായകമാണ്. ടെക്നോപാർക്കും മറ്റു ഒട്ടേറെ ഐ.ടി. സ്ഥാപനങ്ങളുമൊക്കെയായി കഴക്കൂട്ടം തലസ്ഥാനത്തെ ഉപഗ്രഹനഗരമായി മാറിക്കഴിഞ്ഞു. ഐ.ടി. സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലേറെ പേർ ജോലിയെടുക്കുന്നു. ഇവരിൽ മറ്റുസ്ഥലങ്ങളിൽനിന്നെത്തി സ്ഥിരതാമസമാക്കിയവരുമുണ്ട്. ഇതൊക്കെക്കൊണ്ടുതന്നെ കഴക്കൂട്ടം മണ്ഡലത്തിന്റെ രാഷ്ട്രീയസ്വഭാവം വ്യക്തമല്ല. Content Highlights: Kazhakoottam is witnessing a fierce triangular contest in the 2026 election cycle., Sabarimala remains a central emotional and political issue for the BJP campaign., LDF emphasizes development projects like Technopark and infrastructure improvements., Demographic shifts and the influence of IT professionals make the constituency's political outcome unpredictable., The 2026 election follows a trend where the BJP has established itself as a key player alongside traditional fronts. Published: 06 Apr 2026, 10:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ടെക്നഗര’ത്തിൽ ചർച്ചയായി ശബരിമല;21-ലും 16-ലും രണ്ടാമതെത്തിയത് BJP; കഴക്കൂട്ടത്തുനിന്നാര് സഭയിലേക്ക്?
M
MathrubhumiSource Link
about 1 month ago