‘തിരുത്തപ്പെടാത്ത റെക്കോർഡ്, ആക്ഷനുമുണ്ട്’; മോഹൻലാൽ നായകൻ, പ്രിയദർശന്റെ 100-ാം സിനിമ പ്രഖ്യാപിച്ചു

‘തിരുത്തപ്പെടാത്ത റെക്കോർഡ്, ആക്ഷനുമുണ്ട്’; മോഹൻലാൽ നായകൻ, പ്രിയദർശന്റെ 100-ാം സിനിമ പ്രഖ്യാപിച്ചു

M
MathrubhumiSource Link
പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന നൂറാമത്തെ സിനിമ പ്രഖ്യാപിച്ചു. സംവിധായകൻ പലവട്ടം വെളിപ്പെടുത്തിയതുപോലെ, മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ നായകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ബിനു ജോർജ് അലക്‌സാണ്ടർ സഹനിർമാതാവാണ്. ആശിർവാദിന്റെ 38-ാമത്തെ ചിത്രമാണിത്. To advertise here, 'നൂറാമത്തെ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യുന്നു. എന്റെ നൂറാമത്തെ സിനിമയായതുകൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല. അങ്ങനെയൊരു റെക്കോർഡോടുകൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്', ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ പ്രിയദർശൻ പറഞ്ഞു. മോഹൻലാലും പ്രിയദർശനും ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ഒരുമിച്ചുള്ള വീഡിയോയിലാണ് പ്രഖ്യാപനം. 'സിനിമ നല്ലതോ ചീത്തയോ എന്ന് ജനങ്ങൾ തീരുമാനിക്കും. സിനിമ എന്താണെന്ന് അറിയാൻ താത്പര്യമുള്ളവർക്കുവേണ്ടി രണ്ടുവാക്ക് ഞാൻ പറയാം. ഇതൊരു ഫീൽഗുഡ് എന്റർടെയ്‌നർ വിത്ത് മ്യൂസിക് ആൻഡ് ഡ്രാമ ആയിരിക്കും', സിനിമയെക്കുറിച്ച് പ്രിയദർശൻ സൂചിപ്പിച്ചു. ഉടനേ, ‘ആക്ഷൻ ഇല്ലേ’ എന്നായി മോഹൻലാൽ. ആക്ഷൻ ഇല്ലാതിരിക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു പ്രിയദർശന്റെ മറുപടി. അതുകൂടെ ചേർത്തുപറയണ്ടേയെന്ന് ആന്റണി പെരുമ്പാവൂർ ചോദിച്ചപ്പോൾ, ഒരു മോഹൻലാൽ സിനിമയിൽനിന്ന് സ്വാഭാവികമായും ആരാധകരും കുടുംബപ്രേക്ഷകരും ആക്ഷൻ പ്രതീക്ഷിക്കില്ലേ എന്നായി പ്രിയദർശൻ. 'കുടുംബങ്ങളും കുട്ടികളും ഫാൻസിനും ദഹിക്കുന്ന സിനിമ ചെയ്യണമെന്നാണ് എന്റെ മനസിലുള്ള ആഗ്രഹം. ആ ആഗ്രഹം വെച്ചാണ് സിനിമ ചെയ്യാനായി ഇറങ്ങുന്നത്', പ്രിയദർശൻ കൂട്ടിച്ചേർത്തു. 'സുഹൃത്തെന്ന നിലയിലും നടനെന്ന നിലയിൽ വലിയ അനുഗ്രഹമാണിത്. ഇത് വ്യാഴവട്ടക്കാലത്തിൽ ഒരിക്കൽ പോലും സംഭവിക്കുന്നതല്ല', മോഹൻലാൽ പറഞ്ഞു. ‘മറ്റൊരു ഭാഷയിലും ഇങ്ങനെ സംഭവിച്ചിട്ടില്ലേ’ എന്ന മോഹൻലാലിന്റെ ചോദ്യത്തിന്, ചിരഞ്ജീവിയുടെ നൂറാമത്തെ സിനിമ സംവിധാനംചെയ്തത് കെ. ബാലചന്ദ്രൻ ആണെന്ന് പ്രിയദർശൻ ഓർമിപ്പിച്ചു. എന്നാൽ, കെ. ബാലചന്ദ്രന്റെ നൂറാമത്തെ സിനിമ ചിരഞ്ജീവിയെ വെച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പ്രിയൻ തുടങ്ങിയ സിനിമയിലെ നായകൻ ഞാനാണ്. നൂറാമത്തെ സിനിമയിലെ നായകനും ഞാനാണ്', എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ, 'ഞാൻ എഴുതി തുടങ്ങിയ സിനിമയിലെ നായകനും ലാലാണ്', എന്ന് പ്രിയദർശൻ ഓർമിപ്പിച്ചു. 2026-ൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ഇരുവർക്കുമൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത് ഭാഗ്യമാണെന്ന് ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും അഭിപ്രായപ്പെട്ടു. 'കൊറോണ പേപ്പേഴ്‌സ്' ആണ് പ്രിയദർശന്റെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. മോഹൻലാൽ നായകനായി പ്രിയദർശൻ ഒടുവിൽ സംവിധാനംചെയ്തത് 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ആയിരുന്നു. ബോളിവുഡിൽ അക്ഷയ് കുമാർ നായകനായ 'ഭൂത് ബംഗ്ലാ'യാണ് പ്രിയദർശന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സെയ്ഫ് അലിഖാനും അക്ഷയ് കുമാറും പ്രധാനവേഷത്തിലെത്തുന്ന പ്രിയദർശൻ ചിത്രം 'ഹയ്‌വാൻ' ഷൂട്ടിങ് പുരോഗമിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ മലയാളത്തിൽ ഒരുക്കിയ 'ഒപ്പം' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് 'ഹയ്‌വാൻ'. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച വേഷം ഹിന്ദിയിൽ അവതരിപ്പിക്കുന്ന സെയ്ഫ് അലിഖാൻ ആണെന്നാണ് സൂചന. സമുദ്രക്കനിയുടെ വേഷത്തിലാണ് അക്ഷയ് കുമാർ. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. 'പൂച്ചക്കൊരു മൂക്കുത്തി'യാണ് പ്രിയദർശൻ സംവിധാനംചെയ്ത ആദ്യചിത്രം. മോഹൻലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. പ്രിയദർശൻ തിരക്കഥയെഴുതിയ ആദ്യചിത്രമായ 'സിന്ദൂര സന്ധ്യയ്ക്ക് മൗനം' എന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാനവേഷം അവതരിപ്പിച്ചിരുന്നു. ഇരുവരുടേയും കൂട്ടുകെട്ടിലൊരുങ്ങിയ 'ബോയിങ് ബോയിങ്', 'ഹലോ മൈ ഡിയർ റോങ് നമ്പർ', 'താളവട്ടം', 'വെള്ളാനകളുടെ നാട്', 'ചിത്രം', 'വന്ദനം', 'അക്കരെ അക്കരെ അക്കരെ', 'കിലുക്കം', 'മിഥുനം', 'കാലാപാനി', 'കാക്കക്കുയിൽ', 'കിളിച്ചുണ്ടൻ മാമ്പഴം' എന്നിവ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളായാണ് പരിഗണിക്കപ്പെടുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘തിരുത്തപ്പെടാത്ത റെക്കോർഡ്, ആക്ഷനുമുണ്ട്’; മോഹൻലാൽ നായകൻ,… | Boolokam