പ്രവീണ്‍ കൃഷ്ണൻ/ജോര്‍ഹട്ട് Last Updated: 30 Mar 2026, 01:01 pm IST ഗൗരവ് ഗൊഗോയ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ |ഫോട്ടോ:സാബുസ്‌കറിയാച്ചൻ നി യമസഭാ തിരഞ്ഞെടുപ്പിൽ അസമിൽ കോൺഗ്രസിന്റെ മുഖമാണ് യുവനേതാവായ ഗൗരവ് ഗൊഗോയ്. അസം പിസിസി അധ്യക്ഷനായ ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് കോൺഗ്രസ് നിർണായകമായ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഗൗരവ് ഗൊഗോയിയും നേർക്കുനേർ ഏറ്റുമുട്ടലിന്റെ സ്വഭാവത്തിലേക്ക് തിരഞ്ഞെടുപ്പ് ചിത്രം നീങ്ങുകയാണ്. ജോർഹട്ടിൽനിന്നുള്ള ലോക്സഭാംഗവും ലോക്സഭയിലെ പ്രതിപക്ഷ ഉപനേതാവുമായ ഗൗരവ് ഗൊഗോയി ജോർഹട്ടിൽനിന്ന് തന്നെയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. അസം മുൻ മുഖ്യമന്ത്രിയും അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയിയുടെ മകനായ ഗൗരവ് ഗൊഗോയി അസമിലെ തിരഞ്ഞെടുപ്പിനേക്കുറിച്ച് മാതൃഭൂമിയുമായി സംവദിച്ചു. സംസാരത്തിനിടെ കേരളത്തിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങളും ഗൗരവ് ഗൊഗോയ് ചോദിച്ചു To advertise here, ജോർഹട്ടിന് തൊട്ടടുത്താണ് അപ്പർ അസമിലെ തിതാബാർ നിയമസഭ മണ്ഡലം. ഗൊഗോയി കുടുംബത്തിന് വൈകാരികമായി ഏറെ അടുപ്പമുള്ള പ്രദേശം. തരുൺ ഗൊഗോയി തിതാബാറിൽനിന്ന് 2001 മുതൽ നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പെട്ടിരുന്നു. തരുൺ ഗൊഗോയിയുടെ കുടുംബവേരുകളും ഇവിടെയാണ്. വലിയതോതിൽ ബന്ധമുള്ള തിതാബാർ മണ്ഡലത്തിലായിരുന്നു ശനിയാഴ്ച ഗൗരവ് ഗൊഗോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. കോൺഗ്രസ് വലിയ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന അപ്പർ അസമിൽ രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളുടെ എത്തിച്ച് ശക്തമായ പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. പ്രചാരണത്തിനിടെ ഗൗരവ് ഗൊഗോയ് |ഫോട്ടോ:സാബുസ്‌കറിയാച്ചൻ കേരളത്തിലേത് പോലെ സമയം തെറ്റി കടന്നുവരുന്ന മഴയാണ് അസമിലും. കേരളത്തിന് സമാനമായ പച്ചപ്പാണ് ഈ മേഖലയിൽ. പറമ്പുകൾക്കിടയിൽ വീടുകൾ. ഇടക്ക് പ്രത്യക്ഷപ്പെടുന്ന തേയിലത്തോട്ടങ്ങൾ മാത്രമണ് ഏക വ്യത്യാസം. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ചാറ്റൽമഴയെ വകവെക്കാതെ തുറന്ന വാഹനത്തിൽ ഗൗരവിന്റെ പ്രചാരണം. വഴിയിൽ വീടുകൾക്ക് മുന്നിൽ സ്ത്രീകളു കുട്ടികളും കാത്തുനിൽക്കുന്നു. അവരോട് കൈവീശി ചില ചെറുസ്വീകരണങ്ങളിൽ പ്രസംഗിച്ച് ഗൗരവ് പ്രചാരണ യാത്ര തുടരുന്നു. പ്രധാന സംഗമവേദികളിൽ നല്ല ആൾക്കൂട്ടമുണ്ട്. ? അസമിലെ പ്രചാരണം പാതിവഴി പിന്നിടുമ്പോൾ എന്തു തോന്നുന്നു കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വരും. സംശയമില്ല. അസമിലെ ജനങ്ങൾ ബിജെപിയെ വെറുത്തുകഴിഞ്ഞു. ഭയവും വിഭജനവും ഇല്ലാത്ത എല്ലാവർക്കും വികസനത്തിന്റെ സദ്ഫലങ്ങൾ ഉറപ്പാക്കുന്ന അസമാണ് കോൺഗ്രസ് മുന്നോട്ടു വെക്കുന്നത്. കഴിഞ്ഞ തിരഞ്ഞെുപ്പ് പോലെയല്ല. ഇത്തവണ ഞങ്ങളുടെ സഖ്യം ശക്തമാണ്. എല്ലാ കാര്യങ്ങളും ആലോചിച്ച് ഉറപ്പിച്ച് നല്ല തയ്യാറെടുപ്പോടെയാണ് ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ? ഭൂപൻ കുമാർ ബോറ, പ്രദ്യുത് ബൊർദൊലോയി അടക്കം നിരവധി കോൺഗസ് നേതാക്കൾ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ടത് പാർട്ടി സംഘടന സംവിധാനത്തെ ബാധിച്ചിട്ടുണ്ടോ ഒരു തരത്തിലും ബാധിച്ചിട്ടില്ല. കോൺഗ്രസിൽനിന്ന് നേതാക്കൾ പോകുക മാത്രമല്ല ഉണ്ടായിട്ടുളളത്. ബി.ജെ.പിയിൽനിന്നടക്കം മുൻമന്ത്രി ഉൾപ്പടെ കോൺഗ്രസിലേക്ക് വന്നിട്ടുണ്ട്. നോക്കൂ, എത്ര നേതാക്കളാണ് ബി.ജെ.പിയിൽനിന്ന് അടുത്ത കാലത്ത് മറ്റ് പാർട്ടികളിലേക്ക് ചേക്കേറിയത് പ്രചാരണത്തിനിടെ ഗൗരവ് ഗൊഗോയ് |ഫോട്ടോ:സാബുസ്‌കറിയാച്ചൻ ? നേതാക്കളെ അടർത്തിമാറ്റി കോൺഗ്രസിനെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുന്ന തന്ത്രം കുറച്ചുകാലമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പയറ്റുന്നുണ്ടല്ലോ ഹിമന്ത ബിശ്വ ശർമ്മ നേതൃത്വം നൽകുന്നത് വിവിധ സ്വാർത്ഥ താത്പര്യക്കാരുടേയും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവരുടേയും അഴിമതിക്കാരുടേയും ഒരു സംഘത്തെയാണ്. അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ് ഹിമന്തയും അദ്ദേഹത്തിന്റെ അടുപ്പക്കാരും. പഴയകാല ബി.ജെ.പി നേതാക്കളെയെല്ലാം ആസൂത്രിതമായി ഹിമന്ത തഴയുകയും ഒതുക്കുകയും ചെയ്തു. മുമ്പ് കോൺഗ്രസ് ഭരണകാലത്ത് പാർട്ടിനയങ്ങൾക്ക് വിരുദ്ധമായി നീങ്ങുകയും തെറ്റായ മാർഗ്ഗങ്ങൾ അവലംബിച്ച് പാർട്ടിക്ക് ദുഷ്പേര് ഉണ്ടാക്കുകയും ചെയ്തവരാണ് ഹിമന്തക്ക് ഒപ്പം ചേർന്നിരിക്കുന്നത്. ഞാൻ പറഞ്ഞല്ലോ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലല്ല. കോൺഗ്രസും ഹിമന്തയുടെ കോൺഗ്രസും തമ്മിലാണ്. ആശയങ്ങളിൽ അടിയുറച്ച് തരുൺ ഗൊഗോയിയുടെ ഭരണകാലത്തെ ജനോപകാര പ്രദമായ നടപടികൾ മുന്നോട്ടുവെച്ചാണ് കോൺഗ്രസ് ജനങ്ങളെ സമീപിക്കുന്നത്. ഹിമന്ത ബിശ്വ ശർമ്മ അഴിമതിക്കാരുടെ സംഘവുമായി നീങ്ങുന്നു. ? ഹിമന്തയുടെ തന്ത്രപരമായ നീക്കങ്ങൾ അടുത്ത കാലത്ത് ബി.ജെ.പിയുടെ വളർച്ചക്ക് കാരണമായിട്ടില്ലേ അധികാരമില്ലാതെ ഹിമന്തക്ക് ഒരു നിമിഷം മുന്നോട്ടുപോകാൻ കഴിയില്ല. നിരവധി കേസുകളാണ് ഹിമന്തക്ക് എതിരേയുള്ളത്. അധികാരം നഷ്ടപ്പെട്ടാൽ ആദ്യം ബി.ജെ.പി വിടുക ഹിമന്തയായിരിക്കും. നോക്കിക്കോളൂ. തനിക്കൊപ്പമുള്ളവരുമായി ഹിമന്ത അടുത്ത ലാവണം തേടും. സംസ്ഥാനത്ത് ബി.ജെ.പി ഇത്തവണ തോൽക്കുമെന്നതിൽ ഞങ്ങൾക്ക് സംശയമില്ല. ? വർഗ്ഗീയ ധ്രുവീകരണം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ ധ്രുവീകരണശ്രമം ഇക്കുറി ജനങ്ങൾ തള്ളിക്കളയും. ഇത്തരം കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാവില്ല. ഹിമന്ത പറയുന്നതും ചെയ്യുന്നതും വ്യത്യസ്തമാണ്. ഒരു ഭാഗത്ത് ന്യുനപക്ഷങ്ങൾക്കെതിരെ തെറ്റായപ്രചാരണം അഴിച്ചുവിടുന്നു. എന്നാൽ തന്റെ നേട്ടങ്ങൾക്കുവേണ്ടി ഏത് പാർട്ടിയുമായും ഹിമന്ത സഖ്യമുണ്ടാക്കും. എ.ഐ.യു.ഡി.എഫ് നേതാവ് ബദറുദ്ദീൻ അജ്മലുമായി തനിക്ക് അടുത്ത സഹകരണമുണ്ടെന്ന് ഹിമന്ത തന്നെ പറഞ്ഞിട്ടുണ്ടല്ലോ. രാജ്യസഭ തിരഞ്ഞെടുപ്പിൽ എ.ഐ.യു.ഡി.എഫിന്റെ വോട്ടുകൂടി നേടിയല്ലേ എൻ.ഡി.എയുടെ ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിച്ചത്. എ.ഐ.യു.ഡി.എഫിൽനിന്ന് ചില നേതാക്കൾ എൻ.ഡി.എ സഖ്യ കക്ഷികളിൽ ചേർന്നിട്ടുണ്ടല്ലോ. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഹിമന്തയുടേയും ബി.ജെ.പിയുടേയും നീക്കങ്ങൾ ഇനി വിജയിക്കില്ല. ? പാവപ്പെട്ട സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി തിരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമെന്ന് ബി.ജെ.പി നേതാക്കൾ കരുതുന്നുണ്ടല്ലോ കേന്ദ്രത്തിൽ യു.പി.എ ഭരിക്കുമ്പോഴും അസമിൽ കോൺഗ്രസ് ഭരിക്കുമ്പോഴും സ്ത്രീകൾക്ക് ക്ഷേമപദ്ധതികൾ നടപ്പാക്കുകയും ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു വ്യത്യാസമുണ്ട്. ബി.ജെ.പി സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതിനൊപ്പം ചില വ്യവസ്ഥകളും ഭീഷണിയും മുന്നോട്ട് വെക്കുന്നുണ്ട്. ആനുകൂല്യങ്ങൾ ലഭിക്കുന്നവർ ബി.ജെ.പിക്ക് വോട്ട് ചെയ്യണം, അവരുടെ പാർട്ടി പരിപാടികളിൽ പങ്കെടുക്കണം എന്നതൊക്കെയാണ് അത്. തയ്യാറാകാത്തവരെ ആനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കും. കോൺഗ്രസ് ഇത്തരം ഒരു നിബന്ധനകളും സമ്മർദ്ദങ്ങളും ആനുകൂല്യങ്ങളുടെ പേരിൽ മുന്നോട്ടുവെച്ചിട്ടില്ല. സംസ്ഥാനത്തെ സ്ത്രീകൾ ഈ വ്യത്യാസം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. ഇത്തരം തന്ത്രങ്ങളേയും ഭീഷണികളേയും അവർ അംഗീകരിക്കില്ല. തിരഞ്ഞെടുപ്പിൽ സത്രീ വോട്ടർമാർ ഇതിന് മറുപടി നൽകും ? തിരഞ്ഞടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പ്രധാന വിഷയങ്ങൾ പരിഹരിക്കേണ്ടതായ നിരവധി വിഷയങ്ങൾ അസമിലുണ്ട്. തൊഴിലില്ലായ്മയാണ് പ്രധാനം, സംസ്ഥാനത്ത് ആവശ്യമായ തൊഴിലവസരങ്ങളില്ലാത്തതിനാൽ യുവാക്കൾക്ക് തൊഴിൽ തേടി മറ്റ് സംസ്ഥാനറങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ്. അതിന് മാറ്റം വരുത്തണം. പിന്നെ സംസ്ഥാനത്തിന്റെ പൊതുവികസനം. പാവപ്പെട്ടവരുടേയും ആദിവാസികളുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ട്. ആദാവാസികൾക്ക് അവരുടെ ഭൂമിയിൽ അവകാശം ലഭ്യമാക്കണം. ആദിവാസികളുടേ 12,000 ഏക്കറോളം ഭൂമിയാണ് ഹിമന്ത ബിശ്വ ശർമ്മ സർക്കാർ കോർപ്പറേറ്റകൾക്ക് നൽകിയത്. ഇതിനൊക്കെ പരിഹാരം കാണണം

‘തോറ്റാൽ ആദ്യം ബിജെപി വിടുന്നത് ഹിമന്ത ആയിരിക്കും,അസമിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലല്ല’
M
MathrubhumiSource Link
about 1 month ago