കുമ്പനാട് : കുടിവെള്ളം കിട്ടാത്ത കാര്യം പറയുന്പോൾ 'ദാ, ഇപ്പോ ശരിയാക്കിത്തരാം...’ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ സ്ഥിരം മറുപടി. To advertise here, പക്ഷേ, മില്ലേനിയം കോളനിയിൽ രണ്ടുവർഷത്തിനുശേഷമാണ് കുടിവെള്ളമെത്തിയത്. ട്രഷറിക്ക് സമീപമുള്ള മില്ലേനിയം റോഡിൽ താമസിക്കുന്ന 40 കുടുംബങ്ങളാണ് പൈപ്പിൽ വെള്ളമെത്താതായതോടെ രണ്ടുവർഷത്തോളം ദുരിത ജീവിതമനുഭവക്കേണ്ടിവന്നത്. കോളനി നിവാസികളുടെ ദുരിത ജീവിതം ‘മാതൃഭൂമി’ വാർത്തയാക്കിയിരുന്നു. ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ ഇ. ജമീലിന്റെ നിർദേശപ്രകാരം ടി.കെ. റോഡിലൂടെ പോകുന്ന പ്രധാന പൈപ്പ് കോളനിയിലേക്കുള്ള പൈപ്പുമായി ബന്ധിപ്പിക്കുകയായിരുന്നു. ഇതിനുവേണ്ടി കുമ്പനാട്- ആറാട്ടുപുഴ റോഡിൽ ട്രഷറിക്കുസമീപംവരെ പുതുതായി പൈപ്പുകൾ സ്ഥാപിച്ചു. കുടിവെള്ളമില്ലാതെ ജനം നട്ടം തിരിയുമ്പോഴും അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുടിക്കാനോ, കുളിക്കാനോപോലും ഒരിറ്റു വെള്ളമില്ലാതെ കഷ്ടപ്പെട്ട കോളനിക്കാർ പരാതിപ്പെടാത്ത ഓഫീസുകളില്ല. വീട്ടാവശ്യത്തിന് അടക്കം വെള്ളം വില കൊടുത്തു വാങ്ങുകയായിരുന്നു ഈ രണ്ടുവർഷവും. വണ്ടിയിൽ എത്തുന്ന വെള്ളം സംഭരിക്കാൻ എല്ലാ വീട്ടുകാരും വലിയ ടാങ്കുകൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ആഴ്ചയിൽ രണ്ട് ടാങ്കർ വെള്ളം വാങ്ങാൻ 1800 രൂപയോളം ഓരോ കുടുംബവും ചെലവിടുന്നുണ്ടായിരുന്നു. കോളനിയിൽ പലയിടത്തും കിണറുകളും മറ്റും ഉണ്ടെങ്കിലും വെള്ളത്തിന് മഞ്ഞ നിറമായതിനാൽ കുടിക്കാൻ കഴിയില്ല. കിണറ്റിൽനിന്നുള്ള വെള്ളം സംഭരിച്ചുവെയ്ക്കുന്ന ടാങ്കിനുപോലും മഞ്ഞനിറമാണ്. ഒരു ടാങ്ക് വെള്ളം സംഭരിച്ച് ഒരാഴ്ച കഴിഞ്ഞാൽ മാത്രമേ വെള്ളത്തിലെ ചെളി അടിയുകയുള്ളൂ. ഈ വെള്ളം ഉപയോഗിച്ചാണ് പാത്രം കഴുകുന്നതും തുണി അലക്കുന്നതും കുളിക്കുന്നതും. ഈ വെള്ളത്തിൽ കുളിക്കുന്നതിനാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. നല്ല വെള്ളം കിട്ടുന്ന ഭാഗങ്ങളിൽപോയാണ് പലരും കുടിവെള്ളം കൊണ്ടുവന്നിരുന്നത്. ചില വീട്ടുകാർ മഴവെള്ളം പിടിച്ചുവെച്ചാണ് കുടിവെള്ളമായി ഉപയോഗിച്ചിരുന്നത്. ടി.കെ. റോഡിൽ കുമ്പനാട് ടൗണിൽകൂടിയുള്ള പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടിയാണ് ഇവിടേക്കുള്ള ജലവിതരണം നിർത്തിവെച്ചത്. മില്ലേനിയം റോഡിലെ താമസക്കാർക്കെല്ലാം ജൽജീവൻ കണക്ഷൻ നൽകുകയും ചെയ്തു. പ്രധാന പൈപ്പുകളിൽ ജലവിതരണം തുടങ്ങിയിട്ടും ഇവിടെ മാത്രം കുടിവെള്ളം എത്തിയിരുന്നില്ല. ജലവിതരണം പുനഃസ്ഥാപിച്ചതോടെ വാർഡ് മെമ്പർ തോമസ് ജേക്കബും മില്ലേനിയം കോളനി നിവാസികളും സന്തോഷത്തിലാണ്.
