മട്ടാഞ്ചേരി: നാലര പതിറ്റാണ്ടുമുൻപ് ഈ ലോകത്തുനിന്ന് വിടവാങ്ങിയ ഒരു പാട്ടുകാരനെ ഓർത്തിരിക്കുകയും, അദ്ദേഹത്തിന്റെ പാട്ടുകൾ പിന്നെയും പിന്നെയും പാടുകയും, അതെല്ലാം ഹൃദയത്തിൽ സൂക്ഷിക്കുകയുമാണ് കൊച്ചിക്കാർ. മെഹ്ബൂബ് എന്ന ആ ജനകീയ പാട്ടുകാരനെ കൊച്ചി അത്രമേൽ സ്നേഹിക്കുന്നു. അദ്ദേഹം മറഞ്ഞിട്ട് ബുധനാഴ്ച 45 വർഷം പൂർത്തിയാകുകയാണ്. കൊച്ചിയുടെ പ്രിയപ്പെട്ട പാട്ടുകാരന്റെ ജന്മശതാബ്ദി വർഷം കൂടിയാണിത്. ഭായ് എന്നാണ് മെഹ്ബൂബിനെ ജനം വിളിച്ചിരുന്നത്. നാട്ടുകാരുടെയെല്ലാം സുഹൃത്തായിരുന്നു മെഹ്ബൂബ് ഭായ്. പണവും പ്രശസ്തിയും ആഗ്രഹിക്കാതെ നാട്ടുകാർക്കിടയിലിരുന്ന് പാടാൻ മോഹിച്ചയാൾ... തന്നെ തേടി ചലച്ചിത്ര സംഗീതസംവിധായകർ വരുമ്പോൾ, അവർക്കൊപ്പം പോകാൻ മടിച്ച് ഒളിച്ചിരുന്ന ഭായിയെ പഴമക്കാർ ഓർക്കുന്നുണ്ട്. അതാണ് ഭായ്. നാട്ടിലെ കല്യാണ വീടുകളിലും പാട്ടുകൂട്ടങ്ങളിലുമൊക്കെ കയറിച്ചെന്ന് നാട്ടുകാർക്ക് ഒപ്പമിരുന്ന പാടാൻമാത്രം ഇഷ്ടപ്പെട്ടിരുന്നയാൾ. ഒരു മെഹ്ഫിലിലോ, കല്യാണസദസ്സിലോ പാടുമ്പോഴുള്ള സുഖം സിനിമയിൽ പാടിയാൽ കിട്ടില്ലെന്ന് പറഞ്ഞിരുന്നയാൾ... ഭായിയില്ലാതെ കൊച്ചിക്ക് സംഗീതചരിത്രമില്ല. To advertise here, പട്ടിണിയുടെ കയ്പ് നിറഞ്ഞ ബാല്യം 1926-ൽ ഫോർട്ട്കൊച്ചി പട്ടാളത്ത് ജാതിക്കവളപ്പിൽ ഹുസൈൻ ഖാന്റെയും ഖാലാജാന്റെയും രണ്ടാമത്തെ മകനായി പിറന്ന മെഹബൂബ് ഖാൻ പട്ടിണിയോട് മല്ലടിച്ചാണ് വളർന്നത്. ബാല്യത്തിൽത്തന്നെ പിതാവ് മരിച്ചു. കുട്ടികളുടെ പട്ടിണിമാറ്റാൻ മാതാവ് ഖാലാജാൻ കല്യാണ വീടുകളിൽ ഡോൾകൊട്ടി പാടാൻ പോയിരുന്നു. പലപ്പോഴും കൂടെ മെഹബൂബിനെയും കൂട്ടി. ഈ യാത്രകളാണ് മെഹ്ബൂബിനെ സംഗീതവുമായി അടുപ്പിച്ചത്. പിന്നീട് ഫോർട്ട്കൊച്ചിയിലെ ബ്രിട്ടീഷ് പട്ടാളക്യാമ്പിൽ ഷൂ പോളിഷ് ചെയ്യുന്ന ജോലിയായി. ഇക്കാലത്താണ് പട്ടാള ബാരക്കിലെ പാട്ടുകാരനായി മാറിയത്. അവിടെവെച്ചാണ് ഹിന്ദുസ്ഥാനി സംഗീതവുമായി ഇഴുകിച്ചേർന്നത്. ദാരിദ്ര്യത്തോടൊപ്പം അദ്ദേഹത്തോട് കൂട്ടുചേർന്നതാണ് സംഗീതം. പട്ടിണിയുടെ വഴിയിൽനിന്ന് സംഗീതത്തിന്റെ മായാപ്രബഞ്ചത്തിലേക്ക് വളർന്ന മെഹ്ബൂബ് ഭായിയുടെ കഥ പുതിയ തലമുറയ്ക്കും അറിയാം. കൊച്ചിക്കാരൻ സിനിമയിലേക്ക്... 1951-ൽ ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ച ജീവിതനൗക എന്ന ചിത്രത്തിലൂടെയാണ് മെഹ്ബൂബിനെ മലയാളികൾ അറിഞ്ഞുതുടങ്ങിയത്. പി. ലീലയോടൊപ്പം പാടിയ ‘വരൂ... നായികേ...’ എന്ന ഗാനവും ‘ആകാലേ ആരും കൈവിടും... ’ എന്ന ഗാനവും മലയാളികൾക്കിഷ്ടമായി. പിന്നെ ഹിറ്റുപാട്ടുകളുടെ വരവായിരുന്നു. മാനെന്നും വിളിക്കില്ല, പണ്ട് പണ്ട് പണ്ട് നിന്നെ കണ്ടനാളിലാ, നയാപ്പൈസയില്ല, മിടുക്കി മിടുക്കി, കണ്ടംബെച്ചൊരു കോട്ടാണ്. ഇങ്ങനെ നിരവധി പാട്ടുകൾ... പത്തുവർഷക്കാലമാണ് അദ്ദേഹം സിനിമാലോകത്ത് നിറഞ്ഞുനിന്നത്. ഒന്നാന്തരം പാട്ടുകാരനായിരുന്നുവെങ്കിലും ഹാസ്യച്ചുവയുള്ള പാട്ടുകളാണ് സിനിമാലോകം അദ്ദേഹത്തിനായി നൽകിയത്. പക്ഷേ, സ്വന്തം ശൈലിയിലൂടെ ആ പാട്ടുകളെയൊക്കെ അദ്ദേഹം മനോഹരമാക്കി. സിനിമയുടെ പകിട്ട് അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. മദ്രാസിലെ സ്റ്റുഡിയോയിൽ പാടിയശേഷം ആരാത്രിയിൽതന്നെ തിരിച്ച് അദ്ദേഹം കൊച്ചിയിലെത്തുമായിരുന്നു, നാട്ടുകാർക്കൊപ്പം കൂടാൻ.. സിനിമാസംഗീതത്തെ പണം സമ്പാദിക്കാനുള്ള മാർഗമായി അദ്ദേഹം കണ്ടില്ല. പിന്നീട് ദാരിദ്ര്യത്തോടൊപ്പം രോഗവും അദ്ദേഹത്തെ തളച്ചു. കാക്കനാടുള്ള ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന മെഹ്ബൂബ് 1981 ഏപ്രിൽ 22-നാണ് മരിച്ചത്. അപ്പോഴേക്കും കൊച്ചിക്കാർ അദ്ദേഹത്തിന്റെ അനശ്വരമായ പാട്ടുകളെല്ലാം മനഃപാഠമാക്കിയിരുന്നു. പുതിയ തലമുറയ്ക്കും മെഹ്ബൂബ് പാട്ടുകൾ കാണാപ്പാഠം... അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ‘മെഹ്ബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര’ എന്ന പേരിൽ ഒരു സംഗീതസംഘംതന്നെ കൊച്ചിയിലുണ്ട്. ബുധനാഴ്ച അവരുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടിയും ഗാനാഞ്ജലിയുമൊരുക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ചിന് ഫോർട്ട്കൊച്ചി സിറിൾസ് ഹാളിലാണ് പരിപാടി. ഭായ് പാട്ടുകളുമായ് ബിസ്മില്ല അബു മെഹ്ബൂബ് ഭായിയുടെ പാട്ടുകൾ അതേശൈലിയിൽ പാടുക എന്നത് കൊച്ചിയുടെ ഒരു ശീലമാണ്. ഭായിയുടെ കാലത്ത് അദ്ദേഹത്തോടൊപ്പം പാടിയിരുന്ന പലരും പിൽക്കാലത്ത് അതേ ശൈലി അനുകരിക്കാറുണ്ടായിരുന്നു. മെഹ്ബൂബിനൊപ്പം നടക്കുകയും അദ്ദേഹത്തോടൊപ്പം പാടുകയുമൊക്കെ ചെയ്തിരുന്ന ഒരു പാട്ടുകാരനാണ് ബിസ്മില്ല അബു എന്നറിയപ്പെടുന്ന പാട്ടുകാരൻ അബൂക്ക. അദ്ദേഹത്തിന് ഇപ്പോൾ 86 വയസ്സുണ്ട്. മെഹ്ബൂബ് പതിവായി പാടിയിരുന്ന പാട്ടുകളെല്ലാം അബൂക്കയ്ക്ക് ഹൃദിസ്ഥമാണ്. അദ്ദേഹം ഇപ്പോഴും കിട്ടുന്ന വേദികളിലൊക്കെ മെഹ്ബൂബ് ശൈലിയിൽതന്നെ ആ പാട്ടുകൾ പാടുന്നു. പ്രായം അതിനൊരു തടസ്സമാകുന്നില്ല. 17-ാം വയസ്സിലാണ് മെഹ്ബൂബിനെ പരിചയപ്പെടുന്നതെന്ന് അബൂക്ക പറയുന്നു. കല്യാണവീടുകളായിരുന്നു അബൂക്കയുടെയും പാട്ടുകേന്ദ്രങ്ങൾ. അക്കാലത്ത് എട്ടണയാണ് വീടുകളിൽ പാടുമ്പോൾ കിട്ടിയിരുന്നതെന്നും അദ്ദേഹം ഓർക്കുന്നു. ആ ശൈലി ഞാൻ അടുത്തുനിന്ന് കണ്ട് മനസ്സിലാക്കിയതാണ്. അദ്ദേഹത്തിന്റെ പാട്ടിന്റെ സൗന്ദര്യം ആ ശൈലിയാണ്. അബൂക്ക പറയുന്നു. Content Highlights: Honoring the 45th death anniversary of the legendary Malayalam singer Mehboob. Celebrating his birth centenary year and his deep-rooted connection to Kochi's culture. Highlighting his unique musical style and his preference for community gatherings over film fame. Tracing his journey from poverty in Fort Kochi to becoming a household name in Malayalam cinema. Legacy kept alive by the Mehboob Memorial Orchestra and artists like Bismilla Abu Published: 22 Apr 2026, 08:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘നയാപ്പൈസയില്ല, മാനെന്നും വിളിക്കില്ല...’; ഹിറ്റ് ഗാനങ്ങളുടെ ഗായകൻ മെഹ്ബൂബ് ഓർമകൾക്ക് 45
M
MathrubhumiSource Link
18 days ago