‘നുണകളുടെ കൂമ്പാരം, രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയ ശവംതീനികൾ’- രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

‘നുണകളുടെ കൂമ്പാരം, രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയ ശവംതീനികൾ’- രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

M
MathrubhumiSource Link
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് കാർഡിലെ അവകാശവാദങ്ങളെല്ലാം നുണകളുടെ കൂമ്പാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടുക്കിയിൽ മാധ്യമങ്ങളോട് സംസാരിക്കകയായിരുന്നു അദ്ദേഹം. പ്രോഗ്രസ് റിപ്പോർട്ടിൽ നേരത്തെയുണ്ടായിരുന്ന 38 പേജ് 24 പേജായി കുറഞ്ഞു. പത്ത് വർഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകൾ പണിതത്. അഞ്ച് ലക്ഷം വീടുകൾ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു. എന്നിട്ടാണ് പത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ പണിതെന്നു പറയുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ അഞ്ച് വർഷം കൊണ്ട് 4,43,000 വീടുകൾ പൂർത്തിയാക്കുകയും അൻപതിനായിരം വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ആ അൻപതിനായിരം കൂടി ഇവരുടെ അഞ്ച് ലക്ഷത്തിൽ ഉൾപ്പെടുത്തി. യഥാർത്ഥത്തിൽ ഈ സർക്കാർ പത്ത് വർഷം കൊണ്ട് നാലരലക്ഷം വീടും ഉമ്മൻ ചാണ്ടി സർക്കാർ അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകളുമാണ് പണിതത്. പത്ത് വർഷം കൊണ്ടാണ് നാലര ലക്ഷം വീടുകൾ നിർമ്മിച്ചതെന്ന യാഥാർത്ഥം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാർഡ് ഇറക്കിയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. To advertise here, സാമൂഹിക സുരക്ഷാ പെൻഷൻ 1600 രൂപയിൽ നിന്നും 2500 രൂപയാക്കുമെന്നതായിരുന്നു 2021-ലെ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നിട്ട് നാലേമുക്കാൽ വർഷം ഒരു ചില്ലിക്കാശ് കൂട്ടിക്കൊടുത്തില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തൊട്ടു മുൻപ് 400 രൂപ കൂട്ടി. ഇവർ പറഞ്ഞ 2500 രൂപ എവിടെ പോയി. ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. 1600 രൂപ 2000 രൂപയാക്കാമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിൽ വന്നവർ നാലേമുക്കാൽ വർഷവും ഒരു ചില്ലിക്കാശ് പോലും കൂട്ടാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ 2000 ആക്കി. അപ്പോഴും 2500 ആക്കിയില്ല. റബറിന് 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. ആരോഗ്യരംഗത്ത് കാരുണ്യപദ്ധതി ഉൾപ്പെടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച എല്ലാ പദ്ധതികളും കടമാക്കി. ഹൃദ്യവും ആശ്വാസകിരണവും ഇല്ലാതായി. ആരോഗ്യരംഗത്ത് നേരത്തെയുണ്ടായിരുന്ന പദ്ധതികൾ പോലും ഇല്ലാതാക്കി ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മത്സ്യ തൊഴിലാളികളെ സംരക്ഷിച്ചെന്നതാണ് അടുത്ത അവകാശവാദം. ഉമ്മൻ ചണ്ടി സർക്കാരിന്റെ കാലത്ത് മണ്ണെണ്ണയ്ക്ക് 40 രൂപ മാർക്കറ്റിൽ ഉണ്ടായിരുന്നപ്പോൾ 25 രൂപ സബ്സിഡി നൽകി. ഇപ്പോൾ മാർക്കറ്റ് വില 110 രൂപയായിട്ടും ഒരു രൂപ സബ്സിഡി കൂട്ടിയില്ലെന്നു മാത്രമല്ല 25 രൂപ പോലും നൽകുന്നില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി മേഖലയ്ക്ക് പന്തീരായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് അവരെ കബളിപ്പിച്ചു. ഇടുക്കി ജില്ലയിലെ മുഴുവൻ ഭൂ പ്രശ്നങ്ങളും പരിഹരിച്ചെന്ന് പ്രോഗ്രസ് കാർഡിൽ എഴുതി വച്ചിരിക്കുന്നതും പച്ചക്കള്ളമാണ്. ഇടുക്കിയിലെ ഏത് പ്രശ്നമാണ് പരിഹരിച്ചത്? പട്ടയ പ്രശ്നങ്ങളെല്ലാം പഴയതു പോലെ നിലനിൽക്കുകയാണ്. സി.എച്ച്.ആർ വിഷയവും പട്ടയ കേസും കോടതിയിൽ നിലനിക്കുകയാണ്. സി.എച്ച്.ആർ പോലും വനഭൂമിയാക്കി മാറ്റിയിട്ട് ഡീ നോട്ടിഫൈ ചെയ്യുമെന്ന് പറഞ്ഞ വാക്കും പാലിച്ചില്ല. കുത്തക പാട്ടവും നൽകുന്നില്ല. വ്യാപകമായ ഭൂ പ്രശ്നങ്ങൾ ഇടുക്കിയിൽ നിലനിൽക്കുമ്പോഴാണ് പ്രോഗ്രസ് കാർഡിൽ എല്ലാ പരിഹരിച്ചെന്ന നുണ എഴുതി വച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. വിഴിഞ്ഞം തുറമുഖം കൊണ്ടു വന്നത് അവരാണെന്നതാണ് മറ്റൊരു അവകാശവാദം. ഉമ്മൻ ചാണ്ടിയുടെ കാലത്ത് തുറമുഖത്തിന്റെ മുഴുവൻ അനുമതികളും വാങ്ങി സ്ഥലം ഏറ്റെടുത്ത്, കല്ലിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി കൗണ്ട് ഡൗൺ ആരംഭിച്ചതാണ്. അന്ന് വിഴിഞ്ഞം പദ്ധതി 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. ഇപ്പോൾ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ പിണറായി വിജയന് നാണമില്ലേ? കടൽക്കൊള്ളയെന്ന് ദേശാഭിമാനി വിശേഷിപ്പിച്ച പദ്ധതിയാണ് സ്വന്തം നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. ഗെയ്ൽ പൈപ്പ് ലൈനാണ് മറ്റൊരു അവകാശവാദം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പൈപ്പ് ലൈൻ ഇട്ടപ്പോൾ ഭൂമിയ്ക്കടിയിൽ ഒളിപ്പിച്ചു വച്ച ബോംബാണെന്ന് പ്രസംഗിച്ച ആളാണ് ഇന്നത്തെ വ്യവസായ മന്ത്രി പി. രാജീവ്. എന്നിട്ടാണ് ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയുടെ അവകാശവാദം ഏറ്റെടുക്കുന്നത്. കള്ളങ്ങളും നുണകളും നിറച്ചതാണ് പ്രോഗ്രസ് റിപ്പോർട്ട്. എല്ലാ വകുപ്പുകളും തകർത്ത് തരിപ്പണമാക്കി. 9 സർവകലാശാലകളിൽ വി.സിമാരും നിരവധി കോളജുകളിൽ പ്രിൻസിപ്പൽമാരുമില്ല. കാലഹരണപ്പെട്ട കോഴ്സുകൾ പഠിക്കാൻ കുട്ടികളില്ല. പിന്നെ എന്ത് ഉന്നതവിദ്യാഭ്യാസ രംഗമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിജയകരമായി നടത്തിയിരുന്ന നെല്ല് സംഭരണം ഈ സർക്കാരിന്റെ കാലത്ത് പൂർണമായും പാളി. എവിടെയാണ് നാളികേരം സംഭരിച്ചത്? എല്ലാ കാർഷിക വിളകളുടെയും വില ഇടിഞ്ഞ് കർഷകർ സങ്കടത്തിലാണ്. സർക്കാർ പ്രഖ്യാപിച്ച ഒരു കാർഷിക പാക്കേജുകളും നടപ്പിലാക്കിയില്ല. കള്ളങ്ങൾ കെട്ടിവച്ചിരിക്കുന്ന നുണയുടെ കൂമ്പാരമാണ് പ്രോഗ്രസ് റിപ്പോർട്ട്. എൽ.ഡി.എഫ് സർക്കാരിന് എതിരായി അവതരിപ്പിച്ച കുറ്റപത്രം ജനങ്ങളുടെ കോടതിയിലുണ്ട്. അത് ജനങ്ങൾ വിചാരണ ചെയ്ത് ഈ മാസം ഒൻപതിന് അവർ തന്നെ ശിക്ഷ വിധിക്കും. മുഖ്യമന്ത്രിയുടെ നിലവാരത്തിന് യോജിച്ച മറുപടിയല്ല അദ്ദേഹം പറയുന്നത്. കോൺഗ്രസ് പ്രഖ്യാപിച്ച പദ്ധതികളെല്ലാം രാജസ്ഥാനിലും തെലങ്കാനയിലും കർണാടകത്തിലും നടപ്പാക്കിയിട്ടുണ്ട്. അധികാരത്തിൽ വന്ന് നൂറ് ദിവസത്തിനുള്ളിൽ പ്രഖ്യാപനങ്ങൾ നടപ്പിലാക്കിയ പാർട്ടിയാണ് കോൺഗ്രസ്. അതാണ് പിണറായി വിജയനുള്ള മറുപടി. വയനാട്ടിൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സി.പി.എം കള്ളത്തരം പ്രചരിപ്പിക്കുകയാണ്. പൈസ അടിച്ചു മാറ്റിയെന്നാണ് പറഞ്ഞത്. വയനാടുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടാണ് കെ.പി.സി.സി അധ്യക്ഷൻ ഹാജരാക്കിയത്. അതോടെ പച്ചക്കള്ളങ്ങളുടെ ചീട്ട് കൊട്ടാരം വീണു. ശരിക്കും ശവംതൂക്കികൾ ആരാണ്? പയ്യന്നൂരിലെ രക്തസാക്ഷിയുടെ ഫണ്ടും അഭിമന്യുവിന്റെയും തിരുവനന്തപുരത്തെ വിഷ്ണുവിന്റെയും രക്തസാക്ഷി ഫണ്ടുകളും ഉൾപ്പെടെ പാർട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്ത കുട്ടികളുടെ പേരിൽ പിരിവ് നടത്തിയിട്ട് അത് അടിച്ചുമാറ്റിയ സി.പി.എമ്മാണ് ശവംതൂക്കികൾ. ശവം തൂക്കികളല്ല, ശവംതീനികൾ. നാൻ പെറ്റ മകനെ, എൻ റാസാവെ എന്ന് അഭിമന്യൂവിന്റെ അമ്മ ചങ്ക് പൊട്ടി കരഞ്ഞത് മാർക്കറ്റ് ചെയ്ത പാർട്ടിയാണ് സി.പി.എം. എന്നിട്ടാണ് അഭിമന്യുവിനെ കൊന്ന എസ്.ഡി.പി.ഐയുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ആ അമ്മയുടെ കാൽക്കൽ വീണ് മാപ്പ് ചോദിച്ചിട്ട് പിണറായി വിജയൻ രാഷ്ട്രീയം പറയട്ടെയെന്നും വി.ഡി സതീശൻ പറഞ്ഞു. എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്ന് പറയാൻ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന് വല്ല കാര്യവുമുണ്ടോ. എസ്.ഡി.പി.ഐ തീവ്രവാദ സംഘടനയാണെന്നു പറയുന്ന 24-ാം പാർട്ടി കോൺഗ്രസിലെ ഖണ്ഡിക പിണറായി വിജയൻ വായിച്ചിട്ടില്ല. എം.എ ബേബി അത് പിണറായി വിജയന് അയച്ച് കൊടുക്കണം. പിണറായി വിജയന് എന്ത് പാർട്ടി കോൺഗ്രസ്? എന്ത് എം.എ ബേബി? എന്ത് പോളിറ്റ് ബ്യൂറോ? പിണറായി തീരുമാനിക്കും. പാർട്ടിയിലെ വിദൂഷകർ ചേർന്ന് അത് നടപ്പാക്കുന്ന പാർട്ടിയാണ് സി.പി.എം. എസ്.ഡി.പി.ഐ പിന്തുണച്ചാൽ എന്ത് ചെയ്യുമെന്നാണ് എം.വി ഗോവിന്ദനും പിണറായി വിജയനും ചോദിച്ചത്. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നാല് വോട്ടിന് വേണ്ടി അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എസ്.ഡി.പി.ഐയുമായും പി.ഡി.പിയുമായും ആർ.എസ്.എസുമായും ബന്ധമാകാമെന്നാണ് പറയുന്നത്. പേരാമ്പ്രയിലെ സ്ഥാനാർത്ഥിക്കെതിരെ വർഗീയ പ്രചരണം നടത്തിയതും വടകരയിൽ കാഫിർ സ്‌ക്രീൻ ഷോട്ട് ഇറക്കിയതും സി.പി.എമ്മാണ്. വർഗീയ കാർഡ് ഇറക്കി കളിക്കുന്നത് സി.പി.എമ്മാണ്- അദ്ദേഹം വിമർശിച്ചു. യു.ഡി.എഫിലെ കാര്യം തീരുമാനിക്കാൻ ബി.ജെ.പി പ്രസിഡന്റ് ആരാണ്? ഇന്നലെ വരെ കച്ചവടമായിരുന്നു. മൂന്നു തവണ രാജ്യസഭ അംഗമായത് ഏത് പാർട്ടിയിൽ നിന്നാണെന്ന് പോലും രാജീവ് ചന്ദ്രശേഖറിന് അറിയില്ല. ആകാശത്ത് നിന്നും നൂലിൽ കേരളത്തിൽ കെട്ടിയിറക്കിയ ആൾ ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. മുഖ്യമന്ത്രിയുമായി നടത്തിയ യോഗത്തിൽ അവ്യക്തത ഉണ്ടായതോടെ ലീഗ് സ്വന്തമായി സ്ഥലം വാങ്ങാൻ തീരുമാനിച്ചു. കോൺഗ്രസ് കുറച്ചുകൂടി കാത്തിരുന്നു. തരുമെന്നാണ് വിചാരിച്ചത്. പക്ഷെ തന്നില്ല. അതുകൊണ്ടാണ് സ്ഥലം വാങ്ങിയത്. വാങ്ങി പുട്ടടിക്കുന്നത് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും ശീലമാണ്. രക്സാക്ഷികളുടെ ഫണ്ട് വരെ അടിച്ചുമാറ്റി. ചെയ്യാത്ത ജോലിക്ക് മകളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങി പുട്ടടിച്ചതും മുഖ്യമന്ത്രിയാണ്. പഴയ കഥയൊന്നും എന്നെക്കൊണ്ട് പറയിക്കരുത്. എസ്.എൻ.സി ലാവലിന്റെ പണം വന്നത് എവിടെ പോയി? എവിടേക്കാണ് അടിച്ചു മാറ്റിയത്. അത് പിണറായി പുട്ടടിച്ചതാണ്. പൊതുപ്രവർത്തകർ സൂക്ഷ്മതയോടെ സംസാരിക്കണം. വൈകാരികതയോടെ സംസാരിക്കരുത്. പൊളിറ്റിക്കലി ഇൻകറക്ടായ പ്രസ്താവനയാണ് ഇടുക്കി ഡി.സി.സി അധ്യക്ഷന്റേത്. അങ്ങനെ പറയാൻ പാടില്ല. പറയുമ്പോൾ ശ്രദ്ധിക്കണം. സി.പി.എമ്മിനെ പോലെയല്ല, ഞങ്ങൾക്ക് കൃത്യമായ നിലപാടുണ്ട്. Content Highlights: Allegation that the 2026 LDF progress report contains misleading claims regarding housing and infrastructure., Critique of the government's failure to meet social security pension promises., Accusations of political opportunism regarding SDPI and communal issues., Refutation of LDF claims on projects like Vizhinjam and GAIL., Strong stance against alleged misappropriation of martyr funds. Published: 06 Apr 2026, 04:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നുണകളുടെ കൂമ്പാരം, രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയ ശവംതീനി… | Boolokam