സുൽത്താൻബത്തേരി: ആദ്യം നിശ്ചയിച്ച വേദിയിൽ ഉപവാസമിരിക്കാൻ പോലീസ് അനുമതി നൽകാത്തതിനെത്തുടർന്ന് ബത്തേരി സ്വതന്ത്രമൈതാനിയിൽ ഉപവാസമിരുന്ന് ആത്മഹത്യചെയ്ത എൻ.എം. വിജയന്റെ കുടുംബം. പ്രിയങ്കഗാന്ധി എം.പി. തങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചില്ലെന്നും എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയിൽ കുറ്റക്കാരായവരെ മാറ്റിനിർത്തുമെന്ന വാക്കുപാലിക്കാതെയാണ് കേസിൽ പ്രതിചേർക്കപ്പെട്ട ഐ.സി. ബാലകൃഷ്ണനെ സ്ഥാനാർഥിയാക്കിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉപവാസം. To advertise here, 'നീതിക്കായി ഉപവാസം' എന്ന മുദ്രാവാക്യവുമായി മകൻ വിജേഷും മരുമകൾ പദ്മജയും മൂന്ന് മക്കളുമാണ് സ്വതന്ത്രമൈതാനിയിൽ ചൊവ്വാഴ്ച രാവിലെ 11-ഓടെ ഉപവാസം തുടങ്ങിയത്. പത്തോടെ ഗാന്ധി സ്‌ക്വയറിന് സമീപം പന്തലിട്ടെങ്കിലും ഇവിടെ ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പോലീസ് പന്തൽ പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് പന്തൽ പൊളിച്ചുനീക്കി. സ്വതന്ത്രമൈതാനിയിൽ സി.പി.എം. തിരഞ്ഞെടുപ്പ് പരിപാടിക്ക് നഗരസഭയിൽ ബുക്ക് ചെയ്തിരുന്നതിനാൽ ഉപവാസം ഇവിടേക്ക് മാറ്റുകയായിരുന്നു. പ്രിയങ്കാഗാന്ധി പങ്കെടുക്കുന്ന യു.ഡി.എഫിന്റെ റോഡ് ഷോ ഉള്ളതിനാൽ ടൗണിൽ കനത്ത പോലീസ് സന്നാഹം ഉണ്ടായിരുന്നു. എന്നാൽ, റോഡ് ഷോയ്ക്ക് ശേഷം കാറിലെത്തിയ പ്രിയങ്ക ചുങ്കത്തെ പ്രത്യേകവേദിയിൽ പ്രസംഗിക്കുകയാണ് ചെയ്തത്. 12-ഓടെ അസംപ്ഷൻ ജങ്ഷനിൽ തുടങ്ങിയ റോഡ് ഷോ സ്വതന്ത്രമൈതാനിക്ക് സമീപമെത്തിയപ്പോഴേക്കും അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ പോലീസ് പ്രത്യേക കരുതലെടുത്തു. മൈതാനിക്ക് മുന്നിലെ റോഡിൽ മഹാരാഷ്ട്ര പോലീസ് സംഘത്തെ കൊണ്ടുവന്ന ബസ് പാർക്ക് ചെയ്തിട്ടു. ഇരുവശവും പോലീസും നിരന്നു. റോഡ് ഷോ സ്വതന്ത്രമൈതാനിക്ക് സമീപത്തെത്തിയപ്പോൾ യു.ഡി.എഫ്. പ്രവർത്തകർ അല്പനേരം മുദ്രാവാക്യം വിളികളും കൂവലുമായി നിന്നു. നേതാക്കൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഒന്നരയോടെ പ്രിയങ്കഗാന്ധി കാറിൽ ഇതുവഴി കടന്നുപോയി. രണ്ടോടെ ഇവർ ഉപവാസം അവസാനിപ്പിച്ചു. ഡി.സി.സി. ട്രഷററായിരുന്ന എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യാപ്രേരണാ കേസിലും സഹകരണബാങ്കിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ടുള്ള വിജിലൻസ് കേസിലും ഐ.സി. ബാലകൃഷ്ണൻ ഒന്നാം പ്രതിയാണ്. ഇവരെ തിരഞ്ഞെടുപ്പിൽനിന്ന് മാറ്റിനിർത്തുമെന്ന് പ്രിയങ്കാഗാന്ധി എം.പി. ഉൾപ്പെടെ പറഞ്ഞിരുന്നു. എന്നാൽ, വാക്കുപാലിക്കാത്തതിനാലാണ് കുടുംബം സത്യാഗ്രഹമിരുന്നത്. എൻ.എം. വിജയന്റെ ആത്മഹത്യ: അധികാരത്തിൽഎത്തിയാൽ കേസ് പുനരന്വേഷിക്കും -യു.ഡി.എഫ്. സുൽത്താൻബത്തേരി: ഡി.സി.സി. ട്രഷററായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യ യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ പുനരന്വേഷിക്കുമെന്നും ആത്മഹത്യക്ക് പിന്നിൽ കുടുംബപ്രശ്‌നങ്ങളാണെന്ന് വിജയൻ മരണത്തിനുമുൻപ് മൂത്തമകൻ വിജേഷിന് എഴുതിയ കത്തിൽ വ്യക്തമായ സൂചനയുണ്ടെന്നും യു.ഡി.എഫ്. നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പോലീസ് കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കിയ കത്തിൽ ഐ.സി. ബാലകൃഷ്ണനെക്കുറിച്ച് പരാമർശമില്ലെന്നും മറിച്ച് മരുമകളെക്കുറിച്ചാണെന്നും നേതാക്കൾ പറഞ്ഞു. മരുമകൾ പത്മജയെ വീട്ടിൽ വിളിക്കുന്ന പപ്പ എന്നപേരിൽ പരാമർശിക്കുന്ന ഭാഗം തിരുത്തിയനിലയിലാണ് കത്തിൽ കാണുന്നത്. ഇത് ആര് തിരുത്തിയെന്നത് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണം. തങ്ങൾ കൊലക്കുറ്റത്തിന് പ്രതിചേർക്കപ്പെടുമെന്ന ആശങ്കയും സി.പി.എമ്മിന്റെ സ്വാധീനവുമാണ് ഐ.സി. ബാലകൃഷ്ണനെതിരേ ദുരാരോപണം ഉന്നയിക്കാൻ പത്മജയെ പ്രേരിപ്പിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. കത്തിന്റെ അടിസ്ഥാനത്തിൽ വിജയന്റെ മരണത്തിന് ഒരുവർഷം മുൻപുമുതൽ പദ്മജയ്ക്ക് വിജയനോടും മാനസികവെല്ലുവിളി നേരിടുന്ന ഇളയമകനോടുമുള്ള പെരുമാറ്റത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്താൻ പോലീസ് തയ്യാറാകണം. സ്വന്തം മകനും പേരക്കുട്ടികളും വീട്ടിൽ സ്വസ്ഥമായി ജീവിക്കണമെങ്കിൽ താനും ഇളയമകനും മരിക്കണമെന്ന വിജയന്റെ കത്തിലെ പരാമർശങ്ങളെക്കുറിച്ചും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണം. യഥാർഥപ്രതികളെ രക്ഷിക്കാൻ നിരപരാധികളായ കോൺഗ്രസ് നേതാക്കളെ സി.പി.എം. നേതൃത്വത്തിന്റെ നിർദേശപ്രകാരം കേസിൽ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി സ്വീകരിക്കണം. വിജയന്റെ സഹോദരങ്ങളുടെ മൊഴിയെടുക്കാൻ പോലീസ് തയ്യാറായിരുന്നെങ്കിൽ യാഥാർഥ്യം പുറത്തുവരുമായിരുന്നു. പണത്തോടുള്ള ആർത്തിമൂലം സി.പി.എം. പ്രലോഭനത്തിന്റെ ഭാഗമായാണ് അവർ രംഗത്തുവന്നിരുന്നതെന്നും നേതാക്കൾ ആരോപിച്ചു. പ്രിയങ്കാഗാന്ധിയെപ്പോലും രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കാൻ സി.പി.എമ്മിന്റെ ഒത്താശയോടെയാണ് ഇന്നത്തെ ഉപവാസസമരംപോലും നടത്തുന്നത്. സ്വതന്ത്രമൈതാനി പണമടച്ച് നഗരസഭയിൽനിന്ന് സിപി.എം. ഏരിയാസെക്രട്ടറി പാർട്ടി പരിപാടിക്കായി ബുക്ക് ചെയ്ത വേദിയിലാണ് വിജയന്റെ മകനും മരുമകളും സത്യാഗ്രഹമിരിക്കുന്നത്. ഇവിടെ സി.പി.എം. നേതാക്കളുടെ സാന്നിധ്യവും ഇവർ സി.പി.എമ്മിന്റെ കൈയിലെ ചട്ടുകമായി മാറിയെന്നതിന്റെ തെളിവാണ്. എൻ.എം. വിജയന്റെ നിലവിലുണ്ടായിരുന്ന സാമ്പത്തികബാധ്യതകൾ പാർട്ടി ഏറ്റെടുത്ത് പരിഹരിച്ചിട്ടുണ്ട്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ആകുന്നതിനുമുൻപ് അർബൻ ബാങ്കിൽനിന്ന് എൻ.എം. വിജയൻ എടുത്ത വായ്പയാണ് പുതുക്കിവന്നത്. ഇത് പാർട്ടി തിരിച്ചടച്ച് വസ്തുവിന്റെ ആധാരവും കുടുംബത്തിന് നൽകിയതാണ്. ബാധ്യതകൾ തീർക്കാൻ തന്റെപേരിലുള്ള വസ്തു 86 ലക്ഷം രൂപയ്ക്ക് വിൽക്കാൻ വിജയൻ തീരുമാനിച്ചിരുന്നു. അന്ന് വിൽക്കാൻ സമ്മതിക്കാതിരുന്ന ഭൂമി ഇപ്പോൾ 55 ലക്ഷം രൂപയ്ക്കാണ് വിറ്റത്. അന്ന് സമ്മതിച്ചിരുന്നെങ്കിൽ വിജയൻ ആത്മഹത്യചെയ്യില്ലായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. നേതാക്കളായ ടി. മുഹമ്മദ്, ഡി.പി. രാജശേഖരൻ, കെ.ഇ. വിനയൻ, മാടക്കര അബ്ദുള്ള, പി.പി. അയൂബ് തുടങ്ങിയവർ പങ്കെടുത്തു. Content Highlights: Family of N.M. Vijayan staged a hunger strike demanding justice in the 2026 election context., Protest centered on allegations against I.C. Balakrishnan regarding abetment to suicide., UDF leaders claim the suicide was linked to family issues and demand a forensic inquiry into the suicide note., Political controversy erupts over venue booking and alleged CPM influence in the protest. Published: 08 Apr 2026, 07:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘പ്രിയങ്ക വാക്കുപാലിച്ചില്ല’; ഉപവാസവുമായി എൻ.എം. വിജയന്റെ കുടുംബം; കേസ് പുനരന്വേഷിക്കുമെന്ന് യുഡിഎഫ്
M
MathrubhumiSource Link
about 1 month ago