പത്തനംതിട്ട: പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ട വിഷയത്തിൽ മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് താനെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്ന് അറിയില്ലെന്നും സുകുമാരൻ നായർ പിതൃതുല്യനെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. To advertise here, പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കെട്ടിപ്പടുത്തത് ആർ. ബാലകൃഷ്ണപിള്ളയാണ്. 64 വർഷം കൊണ്ട് 300 കോടിയുടെ ആസ്തി യൂണിയനുണ്ട്. അത് കൈക്കലാക്കുന്നതിന്റെ ഭാഗമാണ് തന്നെ പുറത്താക്കിയതെന്നും മന്ത്രി പറഞ്ഞു. "മതേതര വിശ്വാസിയായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. എല്ലാ സമുദായക്കാരും എനിക്ക് ഒരുപോലെയാണ്. കരയോഗത്തിലെ അംഗമായതിനാൽ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എന്നെ തിരഞ്ഞെടുത്തതാണ്. വളഞ്ഞ വഴിയിൽ കൂടി വന്നയാളല്ല, വോട്ട് ഇട്ട് തിരഞ്ഞെടുത്തതാണ്. സുകുമാരൻ നായർ ജീവിച്ചിരിക്കുന്ന കാലത്തോളം അദ്ദേഹത്തിനൊപ്പം നിൽക്കണമെന്നാണ് പിതാവ് മരിക്കും മുമ്പ് എനിക്ക് തന്നെ ഉപദേശം. അതുപോലെത്തന്നെ എൻഎസ്എസിന്റെ ഔദ്യോഗിക വിഭാഗത്തിൽ ആര് ഇരുന്നാലും അവരെ എതിർക്കരുതെന്നും പറഞ്ഞിട്ടുണ്ട്. അച്ഛന് കൊടുത്ത വാക്കാണ്, അത് പാലിക്കും. സുകുമാരൻ നായർ പിതൃതുല്യനായ ആളാണ്. അദ്ദേഹത്തെ എതിർക്കില്ല. സാറേ എന്ന് വിളിച്ചയാളെ അമ്മാവാ എന്ന് വിളിക്കില്ല. രണ്ടുദിവസം മുമ്പുവരെ എന്നോട് വളരെ അടപ്പമുണ്ടായിരുന്നു അദ്ദഹത്തിന്. വെള്ളാപ്പള്ളി നടേശൻ എന്നെ അതിരൂക്ഷമായി വിമർശിച്ചത് സുകുമാരൻ നായരുടെ ആളായതുകൊണ്ടാണ്. അല്ലാതെ വ്യക്തിവിരോധം കൊണ്ടല്ല. പത്മ കഫെ എന്നൊരു അഴിമതിയില്ല. കണക്കെടുത്ത് പരിശോധിച്ചു നോക്കാം. കെഎസ്ആർടിസി, വനംവകുപ്പ്, സിനിമ, സ്പോർട്സ് തുടങ്ങിയ വകുപ്പുകളിൽ കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്ത ഗണേഷ് കുമാർ പണം എടുത്തു എന്ന് പറഞ്ഞാൽ ആ പറഞ്ഞവന് എന്തോ തലക്ക് അസുഖമുണ്ട്. എനിക്ക് പണത്തിന്റെ ആവശ്യമുണ്ടോ? 50 രൂപയുണ്ടെങ്കിൽ അതുകൊണ്ട് ജീവിക്കാൻ എനിക്കറിയാം. കോടിക്കണക്കിന് രൂപ കണ്ടു വളർന്നവനാണ് ഞാൻ. പ്രീഡിഗ്രിക്ക് പഠിക്കുമ്പം എസി കാർ ഓടിച്ചവനാണ്. സിനിമാ നടനായിരുന്ന കാലത്ത് ഇവിടത്തെ സൂപ്പർ സ്റ്റാറുകൾക്ക് ബെൻസ് കാർ ഇല്ലാത്ത സമയത്ത് ബെൻസ് കാറിൽ യാത്ര ചെയ്തിരുന്നയാളാണ് ഞാൻ. ഞാൻ കൈക്കൂലി വാങ്ങിക്കില്ലെന്ന് എന്റെ മുഖ്യമന്ത്രിക്കും മുന്നണിക്കും പ്രതിപക്ഷ നേതാവിനും അറിയാം. സത്യപ്രതിജ്ഞ എന്താണോ ചെയ്തത് അതിൽ നിന്ന് ചലിക്കില്ല. നക്കാപ്പിച്ച വാങ്ങിച്ച് ജീവിക്കേണ്ട ഗതിവന്നാൽ അന്ന് രാഷ്ട്രീയം മതിയാക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്" - മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് കരയോഗം രജിസ്ട്രാർ ശശിധരൻനായർ ഭരണസമിതി പിരിച്ചുവിട്ടത്. യൂണിയൻ പ്രസിഡന്റിന്റേത് ഏകാധിപത്യ പ്രവണതകളാണെന്നു ചൂണ്ടിക്കാട്ടി 11 ഭരണസമിതി അംഗങ്ങൾ കഴിഞ്ഞയാഴ്ച രാജിസമർപ്പിച്ചിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് സമിതി പിരിച്ചുവിട്ട് താത്‌കാലിക സമിതിക്ക് ഭരണച്ചുമതല നൽകിയത്. പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് 'പത്മാ കഫെ' തുടങ്ങുന്നതിലെ സാമ്പത്തിക ക്രമക്കേടുകളെപ്പറ്റി ഏറെനാളായി വിവാദം പുകയുകയായിരുന്നു. Content Highlights: Minister KB Ganesh Kumar denies corruption allegations regarding the Padma Cafe project., Claims his removal from the NSS Union is politically motivated to seize union assets., Reaffirms respect for Sukumaran Nair as a father figure despite the conflict., Asserts his integrity as a politician and public servant., Addresses the dissolution of the Pathanapuram NSS Union administrative committee. Published: 14 Mar 2026, 11:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘പ്രീഡിഗ്രി കാലത്ത് എസി കാർ ഓടിച്ചവനാണ് ഞാൻ, കൈക്കൂലി വാങ്ങില്ലെന്ന് മുഖ്യമന്ത്രിക്കറിയാം’
M
MathrubhumiSource Link
about 2 months ago