കണ്ണൂർ: സി.പി.എം. വിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.ഗോവിന്ദന് മറുപടിയുമായി സിപിഎം. പാർട്ടിക്കെതിരേ പച്ച നുണ പടച്ചുവിടുകയാണ് ടി.കെ ഗോവിന്ദൻ ചെയ്തതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി.കെ ശ്യാമളയെ സ്ഥാനാർഥിയായി നിശ്ചയിച്ച തീരുമാനത്തെ അങ്ങേയറ്റം നീചമായ വിധത്തിലാണ് ടി.കെ. ഗോവിന്ദൻ മാഷ് പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത്. സിപിഎമ്മിൽ ഏതെങ്കിലും വ്യക്തിയല്ല സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടല്ല സ്ഥാനാർഥി നിർണയം ഉണ്ടാകുന്നത്. പാർട്ടി കൂട്ടായി ചർച്ച ചെയ്താണ് സ്ഥാനാർഥിനിർണയമുൾപ്പെടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. To advertise here, പാർട്ടി മുന്നോട്ടുവെക്കുന്ന സംഘടനാപരമായ നടപടിക്രമങ്ങൾ പൂർണമായും പാലിച്ചാണ് പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ സംബന്ധിച്ച് വിവിധ തലങ്ങളിൽ സ്ഥാനാർഥിയാകാൻ വേണ്ടി യോഗ്യതയുള്ള നിരവധിപേരുണ്ട്. അഞ്ചുലക്ഷത്തിലധികം അംഗങ്ങളുള്ള പാർട്ടിയാണ്. ചുരുക്കം ചിലർക്ക് മാത്രമേ ജനപ്രതിനിധിയായിട്ട് മാറാൻ സാധിക്കൂ. സ്ഥാനാർഥിയാകാത്ത പലരും ഇപ്പോൾ സ്ഥാനാർഥിയായി നിശ്ചയിച്ചവരേക്കാൾ മികച്ചവരാണ്. കണ്ണൂർ ജില്ലയിലും വ്യത്യസ്ത മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. പല നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ അവരുടെ ബന്ധുത്വം പരിഗണിച്ചല്ല അവർ സ്ഥാനാർഥിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അവരിൽ പലരും പാർട്ടിയുടെ വിവിധ തലങ്ങളിൽ ചുമതല നിർവഹിക്കുന്നവരായിരിക്കും. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാർട്ടിക്ക് നൽകുന്ന സംഭാവന, പ്രവർത്തനങ്ങൾ, ചുമതലകൾ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് പി.കെ. ശ്യാമളും സ്ഥാനാർഥിയായതെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. പി.കെ. ശ്യാമള ടീച്ചർ പത്ത് നാൽപ്പത് വർഷക്കാലം കമ്മ്യൂണിസ്റ്റ് പൊതുജീവിതമുള്ള നേതാവാണ്. എസ്എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം എന്നീ ചുതലകൾ നിർവഹിച്ചിരുന്നതായും രാഗേഷ് ചൂണ്ടിക്കാട്ടി. ഒരു സജീവ പാർട്ടി പ്രവർത്തകയെ ആണ് ഗോവിന്ദൻ മാഷ് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം വീട്ടിൽ ഒതുങ്ങിനിൽക്കാതെ പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ രണ്ട് വനിതാ സ്ഥാനാർഥികൾ ഉണ്ടാവണമെന്ന് പാർട്ടി നിശ്ചയിച്ചു. അങ്ങനെ ആലോചിക്കുമ്പോൾ ജില്ലയിൽ നിന്ന് സ്വാഭാവികമായും ഉയർന്നുവരേണ്ട പേരുതന്നെയാണ് ശ്യാമള ടീച്ചറുടേത്. ആ പാർട്ടി നേതാവിനെയാണ് പാർട്ടി പരിഗണിച്ചത്. ടി.കെ ഗോവിന്ദന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ആരും പറഞ്ഞിട്ടില്ലെന്നും രാഗേഷ് കൂട്ടിച്ചേർത്തു. ടി.കെ. ഗോവിന്ദൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് വേണ്ടി വിടുപണി ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മൂന്നുതവണ എം.എൽ.എ. ആയശേഷം നാലാമതായി ഭാര്യയെ എം.എൽ.എ. ആക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുന്നത് രാജ്യത്തെ സ്നേഹിക്കാനല്ലെന്നും അഴിമതിയാണെന്നുമാണ് നേരത്തേ സി.പി.എം. വിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.ഗോവിന്ദൻ പറഞ്ഞത്. നാലാമതും താനായിരിക്കണം എം.എൽ.എ. എന്നതിനാലാണ് എം.വി.ഗോവിന്ദൻ ഭാര്യയെ സ്ഥാനാർഥിയാക്കിയത്. പാർട്ടിയെ ആകെ നയിക്കുന്ന ആളല്ലേ എം.വി.ഗോവിന്ദൻ. അദ്ദേഹമെന്തിനാണ് തന്റെ ഭാര്യയെ വാശിപിടിച്ച് എം.എൽ.എ. ആക്കുന്നതെന്നും ടി.കെ.ഗോവിന്ദൻ പത്രസമ്മേളനത്തിൽ ചോദിച്ചു. തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കും. കോൺഗ്രസ് ഉൾപ്പെടെ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. അവർ പിന്തുണയ്ക്കാൻ തയ്യാറായാൽ സ്വീകരിക്കും. വർഗീയശക്തികളുടേത് ഒഴികെ ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. Content Highlights: KK Ragesh rejects allegations against PK Shyamala's candidacy., Clarification that CPM candidate selection is a collective party decision, not individual., Defense of PK Shyamala's long-standing political career and contributions., Accusation against TK Govindan for supporting opposition interests. Published: 17 Mar 2026, 12:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ബന്ധുത്വം മാനദണ്ഡമല്ല’; ശ്യാമളയെ സ്ഥാനാർഥിയാക്കിയതിന്റെ കാരണം പറഞ്ഞ് രാഗേഷ്; ടി.കെ ഗോവിന്ദന് മറുപടി
M
MathrubhumiSource Link
about 2 months ago