നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനംചെയ്യുന്ന രാഷ്ട്രീയ സിനിമ 'പ്രതിഛായ' റിലീസിനൊരുങ്ങുകയാണ്. വ്യാഴാഴ്ച ചിത്രം പ്രദർശനത്തിനെത്തും. രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഫാമിലി ഡ്രാമ എന്നാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഉമ്മൻചാണ്ടി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സോളാർ കേസാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യംചെയ്യുന്ന നിവിൻ പോളിയും ഷറഫുദ്ദീനും. To advertise here, ഇടത് സഹയാത്രികനായി അറിയപ്പെടുന്ന സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയനിലപാട് പറയാൻവേണ്ടിയെടുത്ത സിനിമയല്ല 'പ്രതിഛായ' എന്നാണ് ഇരുവരും വ്യക്തമാക്കുന്നത്. ധ്യാൻ ശ്രീനിവാസനും അജു വർഗീസും അവതാരകരായെത്തി ചിത്രത്തിന് പ്രൊമോഷന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുവരും അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്. എല്ലാ രാഷ്ട്രീയക്കാർക്കും കുടുംബമുണ്ടെന്നും ആ ആശയമാണ് ചിത്രം പറയാൻ ഉദ്ദേശിക്കുന്നതെന്നും നടന്മാർ വ്യക്തമാക്കി. 'പശ്ചാത്തലം രാഷ്ട്രീയമാണെങ്കിലും, രാഷ്ട്രീയനിലപാട് പറയാനുള്ള സിനിമയല്ല 'പ്രതിഛായ'. എല്ലാ രാഷ്ട്രീയക്കാർക്കും ഒരു കുടുംബമുണ്ട്. അതാണ് സിനിമ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത്', എന്നായിരുന്നു ധ്യാനിന്റേയും അജുവിന്റേയും ചോദ്യത്തിന് മറുപടിയായി നിവിൻ പോളിയുടെ മറുപടി. 'ഉണ്ണി സർ ഈ സിനിമ ചെയ്യുന്നത് ശരിക്കും ഇന്ററസ്റ്റിങ്ങാണ്. ഉണ്ണി സാറിന്റെ രാഷ്ട്രീയംവെച്ച് ഇങ്ങനെയൊരു സിനിമ അദ്ദേഹം ചെയ്യാൻ സാധ്യതയില്ലാത്തതാണ്. സംവിധായകൻ എന്ന നിലയിൽ മാത്രമാണ് അദ്ദേഹം സിനിമയെ സമീപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയമല്ല സിനിമയിൽ വ്യക്തമാക്കുന്നത്. പറയേണ്ട കഥയായതുകൊണ്ട് പറഞ്ഞതായാണ് എനിക്ക് തോന്നിയത്. ചിത്രത്തിൽ ഒരു വിഷയം സംസാരിക്കുന്നുണ്ട്, അത് നമുക്ക് എല്ലാവർക്കും അറിയുന്നതുതന്നെയാണ്. ഉണ്ണി സാറിന്റെ ചിത്രമായതുകൊണ്ട് ഇത് പ്രൊപ്പഗാൻഡ പടമാവില്ല', ഷറഫുദ്ദീൻ പറഞ്ഞു. 'സാറിന്റെ രാഷ്ട്രീയനിലപാടും സിനിമയും വേറെ തന്നെയാണ് നിൽക്കുന്നത്', നിവിൻ കൂട്ടിച്ചേർത്തു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി. ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. വൻതാരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഷറഫുദ്ധീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കളാകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. Content Highlights: Lead actors clarify that Prathichaya is a family drama, not a political propaganda film. B. Unnikrishnan's personal political stance does not influence the film's narrative. The film explores the personal lives and families behind political figures. The movie features a massive star cast including Nivin Pauly, Sharafudheen, and Ann Augustine Published: 23 Mar 2026, 09:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം പറയുന്ന ചിത്രമല്ല പ്രതിഛായ’; വ്യക്തമാക്കി നിവിനും ഷറഫുദ്ദീനും
M
MathrubhumiSource Link
about 2 months ago